UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വികാസ്പുരി കൊലപാതകം: നടക്കുന്നത് മതവികാരമുണര്‍ത്തി നേട്ടം കൊയ്യാനുള്ള ശ്രമം

Avatar

ടീം അഴിമുഖം 

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ സമ്പന്നരും ഇടത്തരക്കാരും താമസിക്കുന്ന സ്ഥലമാണ് ന്യൂകൃഷ്ണ പാര്‍ക്ക്. അവിടെയാണ് ഹോളിയുടെ തലേന്ന് ആള്‍ക്കൂട്ടം പങ്കജ് നാരംഗ് എന്ന ദന്തിസ്റ്റിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പിടികൂടി. എന്നാല്‍ കാര്യങ്ങള്‍ അപ്പാടെ മാറുന്നതാണ് പിന്നീട് കണ്ടത്. ശനിയാഴ്ച ആയതോടെ സംഭവത്തിന് വര്‍ഗീയനിറം കൈവന്നു. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ തങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന അഭ്യര്‍ഥനയിലായിരുന്നു മരിച്ച ഡോക്ടറുടെ കുടുംബം.

 

സംഭവം നടന്ന സ്ഥലത്ത് ആദ്യം എത്തിയ പ്രമുഖരില്‍ പ്രധാനി ഹിന്ദു സേനാ തലവന്‍ വിഷ്ണു ഗുപ്തയായിരുന്നു. കേരള ഹൗസിലെ ബീഫ് വിവാദത്തിലും തുടര്‍ന്ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലും ഉള്‍പ്പെട്ട് അറസ്റ്റിലായ ആളാണ് ഗുപ്ത. വികാസ്പുരിയിലെത്തിയ ഗുപ്ത ചെയ്തത് സംഭവത്തിന് വര്‍ഗീയനിറം നല്‍കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പ്രതികളെന്നും അടുത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ ബംഗ്ലാദേശികള്‍ ആണെന്നുമായിരുന്നു അയാളുടെ ആരോപണം.

 

ഇതിനു പിന്നാലെ ആം ആദ്മി സര്‍ക്കാരിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ഇത്തരം സമ്പന്ന കോളനികള്‍ക്കു ചുറ്റും ചേരികള്‍ സൃഷ്ടിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും നേരത്തെ കോണ്‍ഗ്രസും ഇപ്പോള്‍ കെജ്‌രിവാള്‍ സര്‍ക്കാരുമാണ് ഇതിന് ഉത്തരവാദികളെന്നുമായിരുന്നു അവരുടെ ആരോപണം. ഒരു പ്രദേശത്ത് വിഭജനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള ആരോപണങ്ങള്‍ തന്നെയായിരുന്നു ഇത്. ന്യൂകൃഷ്ണ പാര്‍ക്കിലൂടെയാണ് പലപ്പോഴും ചേരികളില്‍ താമസിക്കുന്നവര്‍ അടുത്തുള്ള മെട്രോ സ്‌റ്റേഷനിലേക്ക് പോകുന്നത്. റോഡ് ആരുടേയും കുത്തകയല്ല, അത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ളതുമാണ്.

 

ബി.ജെ.പി സംഭവത്തിന് സാമുദായിക നിറം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് സംഭവസ്ഥലത്തെത്തിയ പല ആം ആദ്മി പാര്‍ട്ടി നേതാക്കളും ആരോപിച്ചു. തുടക്കത്തില്‍ അവര്‍ നാരംഗിന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയ നേതാക്കളെ കാണേണ്ടതില്ലെന്നും സംഭവം രാഷ്ട്രീയവത്ക്കരിക്കാന്‍ പാടില്ലെന്നുമുള്ള നിലപാടിലായിരുന്നു കുടുംബം. ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്ക്ക് അവര്‍ രാവിലെ സന്ദര്‍ശനാനുമതി നല്‍കിയെങ്കിലും ഉച്ചകഴിഞ്ഞെത്തിയ തിലക് നഗര്‍ എം.എല്‍.എയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ജര്‍ണയില്‍ സിംഗും അനുയായികളുമായി കൂടിക്കാഴ്ചയ്ക്ക് അവര്‍ വിസമ്മതിച്ചു. ജര്‍ണയില്‍ സിംഗ് പുറത്തിറങ്ങിയതോടെ ജനക്കൂട്ടം ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. അടുത്തുള്ള ഇന്ദിരാ ക്യാമ്പ്-4-ല്‍ താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിംഗ് ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു അവരുടെ ആരോപണം.

 

 

കൊലപാതകത്തിന് പിന്നില്‍ യാതൊരു വിധത്തിലുള്ള സാമുദായിക പ്രശ്‌നങ്ങളുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടും ഹിന്ദുത്വ സംഘടനകള്‍ ഇതിനു പിന്നില്‍ ബംഗ്ലാദേശികള്‍ ഉണ്ടെന്ന ആരോപണമാണ് ഇപ്പോഴും ഉയര്‍ത്തുന്നത്. കേസിനായി പ്രത്യേക കോടതി തന്നെ രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാത്രിയോടെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രി സത്യേന്ദ്ര ജയിന്‍, മുതിര്‍ന്ന നേതാവ് ദിലീപ് പാണ്ഡെ തുടങ്ങിയവര്‍ നാരംഗിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. എതിര്‍ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹവുമുണ്ടായിരുന്നു. ജെ.എന്‍.യുവിലെ എ.ബി.വി.പി നേതാവ് സൗരഭ് ശര്‍മയും നാരംഗിന്റെ കുടുംബത്തെ കാണാനെത്തി. അടുത്തുള്ള ചേരിയില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ആരും താമസിക്കുന്നില്ലെന്ന് പട്ടേല്‍ നഗര്‍ എസ്.ഡി.എം വിവേക് കുമാര്‍ പിന്നീട് വെളിപ്പെടുത്തി.

 

എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ യാതൊരു വിധത്തിലുള്ള സാമുദായിക കാര്യങ്ങളും ഇല്ലെന്നറിഞ്ഞിട്ടും ഇതിനെ മുതലെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നാരംഗ് ഒരു ഹിന്ദു ആയതുകൊണ്ടാണ് ആം ആദ്മി സര്‍ക്കാര്‍ ഈ കൊലപാതകത്തെ കുറിച്ച് മൗനം പാലിക്കുന്നതെന്നാണ് ഗുപ്തയുടെ ആരോപണം. ഒരു മുസ്ലീം കൊല്ലപ്പെട്ടാല്‍ അതിന് വലിയ പ്രാധാന്യം ലഭിക്കുന്നു. വലിയ സാമ്പത്തിക സഹായവും അവരുടെ കുടുംബത്തിന് ലഭിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ഒരു ഹിന്ദു സഹോദരനെ ഈ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികള്‍ കൊലപ്പെടുത്തിയാല്‍ അവര്‍ ശ്രദ്ധിക്കുകയേയില്ല- ഗുപ്ത പറഞ്ഞു. കെജ്‌രിവാള്‍ കുടുംബത്തെ സന്ദര്‍ശിക്കാത്തതിന് സതീഷ് ഉപാധ്യായയും ആരോപണമുയര്‍ത്തി. ദാദ്രിയില്‍ വിലക്കു ലംഘിച്ച് ചെന്ന കെജ്‌രിവാള്‍ എന്തുകൊണ്ടാണ് ഡോ. നാരംഗിന്റെ കുടുംബത്തെ കാണാന്‍ അഞ്ചു മിനിറ്റ് ചെലവഴിക്കാത്തത് എന്നായിരുന്നു ഉപാധ്യായയുടെ ട്വീറ്റ്. എന്നാല്‍ ഇപ്പോള്‍ അവിടെ പോകരുതെന്ന് സുഹൃത്തുക്കളും നാരംഗിന്റെ അയല്‍വാസികളും അറിയിച്ചതുകൊണ്ടാണ് താന്‍ പോകാതിരുന്നതെന്നും ബി.ജെ.പിയും ആര്‍.എസ്.എസും ഈ കാര്യത്തെ വര്‍ഗീയവത്ക്കരിക്കുന്നത് ശരിയല്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

 

എന്തായാലും ഡോ. നാരംഗിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമായി വളര്‍ത്തിയെടുക്കാന്‍ തന്നെയാണ് ഹിന്ദുത്വ സംഘടനകളുടെ ശ്രമം. കൊലപാതകത്തെ തുടര്‍ന്ന് പിടിയിലായ ഒമ്പതു പേരില്‍ അഞ്ചു പേര്‍ ഹിന്ദുക്കളാണെന്നും ഇതില്‍ സാമുദായിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും അറിയിച്ച ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഹിന്ദുത്വ സംഘടനകളുടെ രൂക്ഷമായ ആക്രമണത്തിനാണ് ഇരയായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍