UPDATES

സിനിമ

കൊറിയന്‍ പടം കോപ്പി അടിച്ചാലും വേണ്ടില്ല; ഒരു നല്ല പടം തരൂ, ന്യൂ ജനറേഷന്‍കാരേ!

Avatar

എന്‍.രവി ശങ്കര്‍

വിക്രമാദിത്യന്റെ വീരസാഹസങ്ങള്‍ സിനിമ തുടങ്ങുന്നതിനു മുന്നേ തന്നെ അനുഭവിച്ചു. കൂടെ വന്ന സുഹൃത്ത്‌ ‘ഐ ആം ടോണി’ കാണാന്‍ അടുത്ത തിയേറ്ററിലേക്ക് പോയി. തിക്കി തിരക്കി ക്യൂവില്‍ നിന്നപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു, അടുത്ത തിയേറ്ററിലും വിക്രമനാണ് കളിക്കുന്നതെന്ന്. അങ്ങോട്ടോടി ചെല്ലുമ്പോള്‍ അവിടെ ‘ഐ ആം ടോണി’ കാണാനായി സുഹൃത്തിരിക്കുന്നു. പടം മാറി എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഉറക്കെ വിലപിച്ചു. ആര് കേള്‍ക്കാന്‍? പടമിട്ടു. ടോണിയെ കുടിയൊഴിപ്പിച്ച വിക്രമന്‍ കളി തുടങ്ങി. സുഹൃത്തിന്റെ വിലാപം ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ  ആര്‍പ്പുവിളിയില്‍ മുങ്ങിപ്പോയി.

ഒരു കാര്യം ഉറപ്പായി. ദുല്‍ഖര്‍ ആണ് താരം. തൊട്ടപ്പുറത്ത് ചെറുക്കന്റെ വാപ്പച്ചിയുടെ മംഗ്ലീഷ് പടം മുടന്തിക്കൊണ്ടിരിക്കുന്നു. 15-25 പ്രായത്തിലുള്ള കമ്മലും സ്പൈക്കുമുള്ള പിള്ളേര്‍ മൊത്തം ഇപ്പുറത്തും. ഇക്കണക്കിനു ഇക്കൊല്ലം തന്നെ കുറെ താരങ്ങള്‍ പെന്‍ഷനാവും. ഇവര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും മനസ്സിലാവുന്നത് പടം സൂപ്പര്‍ ആണെന്നാണ്‌. ദുല്‍ഖറിന്റെ ഇടി പ്രയോഗങ്ങളെ കുറിച്ചും ഗൌരവ പൂര്‍ണമായ ചര്‍ച്ചകള്‍ ചില മുടിമന്നന്മാര്‍ നടത്തുന്നുണ്ടായിരുന്നു.

നമുക്ക് നമ്മുടെ വഴി. കേരളം ഇതുവരെ നേടിയെടുത്തിട്ടുള്ള ബൗദ്ധികപുരോഗതിയെ വെല്ലുവിളിക്കുന്ന ഇത്രയും അബദ്ധ ജടിലമായ ഒരു മലയാള പടം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ന്യൂ ജനറേഷന്‍ പിള്ളേര്‍ എത്രയെത്ര നല്ല പടങ്ങള്‍ ഇവര്‍ക്ക്  കാണിച്ചു കൊടുത്തു! എന്നാലും, ഇവര്‍ ആ പഴയ രീതികള്‍ തന്നെ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കും. സാമാന്യ ബുദ്ധിക്കു നിരക്കുന്ന എന്തെങ്കിലും അംശം വേണ്ടേ ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ചേര്‍ന്നെടുക്കുന്ന ഒരു പടത്തില്‍?

സിനിമയുടെ തുടക്കം അല്പം പറഞ്ഞാല്‍ ഈ ബുദ്ധിശൂന്യത മനസ്സിലാകും. നാട്ടുകാരും പോലീസും അറിയുന്ന ഒരു കള്ളന്‍ താന്‍ ഒരു പോലീസുകാരന്‍ ആണെന്ന് ഭാവിച്ച് ഒരു അസ്സല്‍ പോലീസുകാരന്റെ കാമുകിയായിരുന്ന പോലീസുകാരിയെ വളച്ച് കല്യാണം കഴിക്കുന്നു. ഇത്രയും പോലീസുകാരാല്‍ ചുറ്റപ്പെട്ട ഈ കള്ളന്‍, പോലീസുകാരന്‍ അല്ല എന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. എങ്ങനെയുണ്ട്? ഈ അത്ഭുത സംഭവത്തിന്റെ ബാക്കിപത്രമാണ് സിനിമ മൊത്തം. ഈ കള്ളന്‍ പോലീസുകാരന്റെ മകനായി ആദിത്യനും (ദുല്‍ഖര്‍) അസ്സല്‍ പോലീസുകാരന്റെ മകനായി വിക്രമനും (ഉണ്ണി മുകുന്ദന്‍) ഭൂജാതരാവുന്നു. പിന്നെ, ഇവര്‍ തമ്മിലുള്ള സ്നേഹവും മത്സരവുമാണ് പടം. മത്സരം രണ്ടു രീതിയില്‍ നടക്കുന്നു. ഒന്ന് – ഇവരുടെ കളിത്തോഴി ആരെ പ്രണയിക്കും? രണ്ട് – ഇവരില്‍ ആര് SI ആവും?

(ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട്. ഇവര്‍ രണ്ടുപേരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആവാന്‍ മത്സരിക്കുന്നില്ല. മൂന്നില്‍ രണ്ടുപേര്‍ ഇന്‍ഫോസിസിലും ബാക്കി വിപ്രോയിലും പണിയെടുക്കുന്ന ഒരു നാട്ടില്‍ ഇത് ഒരു നേട്ടം തന്നെയാണ്.)

ഇതേ പോലെ മറ്റൊരു അത്ഭുത സംഭവവും പിന്നീട് നടക്കുന്നു. നാട് വിട്ടു പോയ ദുല്‍ഖര്‍ ലോകേഷ് എന്ന നിവിന്‍ പോളിയെ കണ്ടുമുട്ടുന്നു. (നിവിനെ കണ്ടതും അവന്റെ ഫാന്‍സ് അസോസിയേഷന്‍കാരുടെ ബഹളം വേറെ.)  നിവിന്‍ IAS പരീക്ഷയ്ക്ക് പഠിക്കുകയാണ് ദില്ലിയില്‍. അവിടെ ചെറുങ്ങനെയുള്ള ജോലികള്‍ ചെയ്തു തുടങ്ങിയ ദുല്‍ഖര്‍ താമസിയാതെ IAS എന്ന ആ അത്ഭുത പരീക്ഷ ലോകേഷിനോടൊപ്പം എഴുതുന്നു. ലോകേഷ് IAS ആകുന്നു. ദുല്‍ഖര്‍IPS ഉം. അങ്ങനെ കള്ളന്റെ മകന്‍ പോലീസ് മേധാവിയാകുന്നു. പോലീസുകാരന്റെ മകനോ? വെറും SI. (ഇതിനെയാണ് കാവ്യനീതി എന്ന് പറയുന്നത്.) ഇവര്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിയ പെണ്ണിനെ സ്വാഭാവികമായും IPS നു കിട്ടുന്നു. പാവം വിക്രമന്‍ SI ആദിത്യന്‍ IPS നെ സല്യൂട്ട് ചെയ്യുന്നു.

ഇപ്പോള്‍ മനസ്സിലായില്ലേ പടച്ചോന്‍ എന്തൊക്കെ പരീക്ഷണങ്ങളിലൂടെയാണ് നമ്മെ കടത്തിക്കൊണ്ടു പോകുന്നതെന്ന്? വിടാകൊണ്ടന്‍ കൊടാകൊണ്ടന്‍ എന്ന ഒരു പ്രേംനസീര്‍ പടം പണ്ട് കണ്ടത് ഓര്‍മ്മ വരുന്നു. ഏതാണ്ട് അതുപോലെയാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഡബിള്‍ റോളായിരുന്നെങ്കില്‍ സംഗതി ഒന്ന് കൂടി കസറിയേനെ!

കഥ തന്നെ ഇങ്ങനെ ആയിരിക്കെ മറ്റു സാങ്കേതിക കാര്യങ്ങള്‍ മുറയ്ക്ക് നടന്നോട്ടെ എന്ന് ലാല്‍ ജോസ് കരുതിക്കാണണം. പിന്നെ, ലോക സമാധാനം ഉണ്ടാക്കാനായി ഗോളാന്തര യാത്രയിലുമായല്ലോ. ഇതിനിടയില്‍ സംഗീതം എന്ന പേരില്‍ എന്തോ ഒരു കമ്പി വലിക്കല്‍ നടന്നു പോകുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആളാണ്‌ ഇത് ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. സിനിമ ആയതു കൊണ്ട് കാമറ ഒഴിവാക്കാന്‍ പറ്റിയിട്ടില്ല. 70കളില്‍ മലയാള സിനിമ എങ്ങനെ ആയിരുന്നോ ആ അവസ്ഥയിലേക്ക് നമ്മളെ വലിച്ചു കൊണ്ടുപോവുകയാണ്‌ ലാല്‍ ജോസും സംഘവും. എന്തെങ്കിലും തിരക്കഥ തട്ടിക്കൂട്ടി ഉണ്ടാക്കി നൂറ്റിയമ്പത് തികയ്ക്കാനുള്ള തിരക്കാണോ എന്നറിയില്ല.

പെഡിഗ്രി ഉള്ള പാവം ടോണിക്കുതിരകള്‍! വിക്രമാദിത്യന്‍ പോലുള്ള പൊയ്ക്കുതിരകള്‍ ആണ് വിജയിക്കുന്നത്. കൊറിയന്‍ പടം കോപ്പി അടിച്ചാലും വേണ്ടില്ല, എന്തെങ്കിലും നല്ല പടം ഉണ്ടാക്കൂ, എന്‍റെ ന്യൂ ജനറേഷന്‍കാരേ!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍