UPDATES

യാത്ര

വഴിതെറ്റി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ അകപ്പെട്ട ഒരു ഏകാന്ത സഞ്ചാരിയുടെ അനുഭവങ്ങള്‍- ഭാഗം 2

ദേവിയുടെ അനുഗ്രഹമോ അതോ പുരാതന ശാസ്ത്ര വിദ്യയോ ഏതായാലും 12 മാസവും മുടക്കമില്ലാതെ ഈ ക്ഷേത്രത്തില്‍ വെള്ളമുണ്ട്

ഒന്നാം ഭാഗം: വഴി തെറ്റി രാജസ്ഥാന്‍ ഗ്രാമങ്ങളിലൂടെ; ഒരു സോളോ ബൈക്ക് റൈഡറുടെ അനുഭവങ്ങള്‍

രജപുത്ര വംശജനായ ചമ്മന്‍ ഭായ് പറഞ്ഞു കേട്ടപ്പോള്‍ അവരുടെ ഈ കുലക്ഷേത്രം (ചാമുണ്ടാ മാതാ ക്ഷേത്രം) ഒന്ന് സന്ദര്‍ശിക്കാത്ത മടക്കയാത്ര എനിക്ക് ബുദ്ധിമുട്ടായി തോന്നി. മുന്‍ പോസ്റ്റുകളില്‍ പറഞ്ഞിരുന്ന ഗ്രാമത്തില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരമുണ്ട്. നാട്ടിലെ മലയാറ്റൂര്‍ മലയുടെ അത്രയും വരില്ലെങ്കിലും തരക്കേടില്ലാത്ത ഉയരത്തില്‍ ഒരു മല മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രാജസ്ഥാന്‍ ജില്ല ജോധ്പുരില്‍ മെഹ്റണ്‍ഗ്ര ഫോര്‍ട്ടിന് പിന്നില്‍ 1460-ല്‍ അന്നത്തെ രാജാവ് ‘റാവ് ജോധ’ ആണത്രെ ഇത് പണികഴിപ്പിച്ചത്. ജല ലഭ്യത രാജസ്ഥാന്‍ എന്നും നേരിടുന്ന ഒന്നായിരുന്നല്ലോ. അതിനൊരു പരിഹാരമെന്നോണമാണ് ഈ ക്ഷേത്രം പണിതത്. ദേവിയുടെ അനുഗ്രഹമോ അതോ പുരാതന ശാസ്ത്ര വിദ്യയോ ഏതായാലും 12 മാസവും മുടക്കമില്ലാതെ ഇവിടെ വെള്ളമുണ്ട്.

രാത്രി എട്ടര മണിയോടെയാണ് താഴ്‌വാരത്ത് എത്തിയത്. തങ്ങാന്‍ ഹോട്ടലുകള്‍ ഒന്നും ഇല്ല, പക്ഷെ ക്ഷേത്ര ദര്‍ശനം ലക്ഷ്യമാക്കി വരുന്നവര്‍ക്ക് ഇവിടെ ക്ഷേത്രം വക വിശാലമായ ഡോര്‍മേറ്ററി സൗജന്യമായി ലഭ്യമാണ്. തലയിണക്കും മെത്തക്കുമായി 50 രൂപ കെട്ടിവക്കണം. ഇത് തിരിച്ചു ലഭിക്കും. ശൗചാലയം, കുളിമുറി ഇവയും സൗജന്യം തന്നെ. ചൂടുവെള്ളത്തില്‍ കുളി ശീലമാണെങ്കില്‍ 5 രൂപക്ക് ഒരു ബക്കറ്റ് ലഭിക്കും. തട്ടുകടകളെക്കാള്‍ കുറച്ചു കൂടി മെച്ചമാണ് ഇവിടുള്ള ഭക്ഷണശാലകള്‍, കഴിച്ച ഭക്ഷണം മുഴുവന്‍ സുപരിചിതമായതല്ല, എന്നിരുന്നാലും നിരാശപ്പെടുത്തില്ല.


കിടക്കാന്‍ പദ്ധതി കൂട്ടി അങ്ങനെ ഇരിക്കുമ്പോഴാണ് ഇത്തിരി ദൂരത്തായി ഒരു കുഞ്ഞി പാമ്പിന്‍ കുഞ്ഞിനെ കണ്ടത്; ഞാന്‍ തൊട്ടടുത്ത് ചെന്നിട്ടും ലവലേശം കൂസാതെ അവന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ഇദ്ദേഹം ഇവിടുത്തെ ഒരംഗമാണെന്ന് പിന്നില്‍ നിന്നും ഒരു മാര്‍വാടി പറഞ്ഞു. ഇതു വരെയും ആരെയും ദംശിച്ചിട്ടുമില്ല. പേടിക്കണ്ട, അതൊന്നും ചെയ്യില്ല എന്ന് വേറൊരാള്‍, ധൈര്യം പിന്നെ നമ്മുടെ കൂടിപ്പിറപ്പണല്ലോ. കയ്യിലെടുക്കാന്‍ മുതിര്‍ന്ന എന്നോട് ചിറ്റമ്മ നയം കാട്ടി അദ്ദേഹം പിന്തിരിഞ്ഞു.

ഉറങ്ങി എണീറ്റ് കുളിയും തേവാരവും ഒക്കെ കഴിച്ചു മലകയറ്റം പ്ലാന്‍ ചെയ്തു. മുന്‍പ് പറഞ്ഞത് പോലെ ശാരീരികമായ പോരായ്മ ഉള്ളതിനാല്‍ നടന്നു കയറാന്‍ സാധിക്കാതെ 230 രൂപ നല്‍കി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ളതായ റോപ് വേയില്‍ കയറി എന്റെ ഇരിപ്പിടം ഉറപ്പിച്ചു. കുറച്ചു മിനിറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആകാശക്കാഴ്ച നന്നേ രസമുളവാക്കുന്നത് തന്നെയായിരുന്നു. ശബരിമലയില്‍ എന്നോണം വനത്തിനുള്ളിലാണ് ക്ഷേത്രം; അവിടെ ധാരാളം സ്റ്റാളുകളും കണ്ടു. അവിടെ വാടിവാളും തോക്കും എന്നുവേണ്ട ഒരു പ്രാദേശിക യുദ്ധത്തിന് വേണ്ടുന്ന എല്ലാ മാരകമായ ആയുധങ്ങളും വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു.


500 മീറ്ററോളം നടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു മയിലുകളും വനരന്മാരും എണ്ണിയാല്‍ തീരാത്തത്ര ഉണ്ട്. വരുന്ന തീര്‍ത്ഥാടകര്‍ സാമാന്യം നല്ല രീതിയില്‍ ഇവയ്ക്ക് ഭക്ഷണം നല്‍കി വരുന്നു. കൊടുത്തില്ലേല്‍ തട്ടിപ്പറിക്കുന്ന കാഴ്ചയും അന്യമായിരുന്നില്ല. പാറ തുരന്ന് തുരങ്കംമുണ്ടാക്കി അതിന്റെ അറ്റത്തയാണ് പ്രതിഷ്ഠ. ആധുനിക രീതിയില്‍ ശീതികരിക്കപ്പെട്ടതാണ് ശ്രീകോവില്‍. ക്യാമറ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ ചെറിയ ഒരു വിഷമം ഉണ്ടായി. അവിടുത്തെ കാഴ്ചകള്‍ മനസ്സില്‍ കുറിച്ച് പുറത്തേക്ക് നടന്നു.
എല്ലാം കണ്ടു, കേട്ടു. കാത്തിരിക്കുന്ന ചികിത്സാ വിധികളും തുടന്ന് ദൈവം ആയുസ്സും ആരോഗ്യവും അവസരവും തന്നാല്‍ മുന്നോട്ട് പോവാനുള്ള യാത്രകളെ സ്വപ്നം കണ്ടുകൊണ്ട് ഞാന്‍ അഹമ്മദാബാദ് ലക്ഷ്യമാക്കി ഡ്രൈവിംഗ് തുടര്‍ന്നു..

ചാമുണ്ടാ മാതാ ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍

ചാമുണ്ടാ മാതാ ക്ഷേത്രം

By Road: Chamunda Mata Temple is located at the outskirt of Jodhpur city in Mehrangarh Fort. One can easily reach here by bus or taxi.
By Rail: Chamunda Mata Temple is well connected through nearest Jodhpur Railway station to major cities railway stations like Delhi, Agra, Mumbai, Chennai, Bikaner, Jodhpur, Jaipur, Ahmedabad.
By Air: Chamunda Mata Temple can be reach through nearest Jodhpur Airport (6 km) which is well connected with regular domestic flights to Delhi, Mumbai.

അവസാനിച്ചു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിനു ബാലസുബ്രഹ്മണ്യം

വിനു ബാലസുബ്രഹ്മണ്യം

പാലക്കാട് സ്വദേശിയായ വിനു ബാലസുബ്രഹ്മണ്യം സോളോ ബൈക്ക് റൈഡറാണ്. ബൈക്കിലും അല്ലാതെയും ഇതുവരെ ഒന്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യയെ പൂര്‍ണ്ണമായി ഒറ്റയ്ക്ക് കണ്ടു തീര്‍ക്കുവാന്‍ യാത്ര തുടരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍