UPDATES

സിനിമ

അതെ, കറുത്തവനാണ് വിനായകന്‍

വിനായകനു ശ്രദ്ധിക്കാം; അവനവനില്‍ നിന്നും കുടിയിറക്കപ്പെടാതിരിക്കാന്‍…

മറൈന്‍ ഡ്രൈവിലെ അശോക ഫ്ലാറ്റില്‍വച്ച് മലയാളത്തിലെ പ്രശസ്തനായ യുവസംവിധായകന്‍ മഹാരാജാസ് കോളേജ് അനുഭവങ്ങള്‍ പറയുകയായിരുന്നു;

അന്നു ഞങ്ങള്‍ (ഈ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഇപ്പോള്‍ സംവിധായകരും ഛായാഗ്രാഹകരുമായെല്ലാം നിറഞ്ഞു നില്‍ക്കുന്നവര്‍) മഹരാജാസില്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍. രാഷ്ട്രീയവും സിനിമയുമൊക്കെയായി കാമ്പസില്‍ സജീവം. ഒരു ദിവസം പെണ്‍കുട്ടികളടക്കമുള്ള ഒരു കൂട്ടത്തിനു നടുവില്‍ കറുത്തു മെലിഞ്ഞ ഒരുത്തന്‍ ബ്രേക്ക് ഡാന്‍സ് സറ്റെപ്പ് കാണിക്കുന്നു. എല്ലാവരും കൈയടിച്ച് അവനെ പ്രോത്സാഹിപ്പിക്കുന്നു. സ്വഭാവികമായൊരു അസൂയ ഞങ്ങളിലുണ്ടായി. പ്രീഡിഗ്രിക്കാരനായ ഏതെങ്കിലും പയ്യനായിരിക്കുമെന്നാണ് കരുതിയത്. പിന്നീടും അവന്റെ പ്രകടനങ്ങള്‍ കാണേണ്ടി വന്നു. അങ്ങനെയൊരു ദിവസമാണ് ആ സത്യം ഞങ്ങള്‍ അറിഞ്ഞത്. ആ പയ്യന്‍ കോളേജില്‍ പഠിക്കുന്നവനല്ല. പുറത്തു നിന്നും വരുന്നതാണ്. കോളേജിലെ പിള്ളേരെ ഡാന്‍സ് പഠിപ്പിക്കാന്‍. അത്രമാത്രം കേട്ടാല്‍ മതിയായിരുന്നു. പെണ്‍കുട്ടികള്‍ക്കു നടുവില്‍ കിടന്നു ഡാന്‍സ് കളിച്ചു കയ്യടി വാങ്ങിച്ച് അവന്‍ ഞങ്ങളുടെ രക്തയോട്ടം കൂറെ കൂട്ടിയതാണ്. ഇനിയവനെ അതിനനുവദിക്കരുതെന്ന ഉറച്ച തീരുമാനത്തില്‍ അന്നു മഹാരാജിസിന്റെ മതില്‍ക്കെട്ടിനകത്ത് ഓടിച്ചിട്ട് തല്ലി. അന്നവന്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല. വിജഗീഷുക്കളെ പോലെ നടന്ന നീങ്ങിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അപ്പോള്‍ ഒരു വാര്‍ത്ത കിട്ടി- ആ പയ്യന്‍ ഉദയാ കോളനിയിലേതാണ്? ഉദായ കോളനിയിലേത് എന്ന സൂചനയില്‍ എല്ലാമുണ്ട്. പിന്നീട് കുറച്ചു ദിവസം ഞങ്ങള്‍ കോളേജില്‍ കയറാതെ നടന്നു; പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. പിന്നീട് ആ പയ്യനെ വര്‍ഷങ്ങള്‍ കഴിഞ്ഞു കണ്ടു. കാണുക മാത്രമല്ല, ഒരുമിച്ചു വര്‍ക്ക് ചെയ്തു, നല്ല കൂട്ടുകാരായി… അതായിരുന്നു വിനായകന്‍.

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു ഇടതുവശത്തായി ഒന്നുരണ്ടു കടകളുണ്ട്. സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ രാത്രി യാത്രികളില്‍ ഏതോ ഒന്നിലാണ് വിനായകനെ ആദ്യമായി നേരില്‍ കാണുന്നത്. അന്നയാള്‍ ഇത്ര പ്രശസ്തനായിട്ടില്ല. മാന്ത്രികത്തിലെയും മറ്റും മൈക്കിള്‍ ജാക്‌സണ്‍ നൃത്തച്ചുവടുകളില്‍ നിന്നു തന്നെ ആ രൂപം മനസില്‍ കയറിയിരുന്നതുകൊണ്ടാണ് തിരിച്ചറിഞ്ഞത്. ആരെയും ഗൗനിക്കാതെ, അവിടെയുണ്ടായിരുന്ന ആരോടെല്ലാമോ ചെറിയ ചില വാക്കുകളില്‍ സംസാരമൊതുക്കി സിഗരറ്റും വാങ്ങി തിരികെ പോയി. ബസ് സ്റ്റാന്‍ഡിനു പിന്നിലുള്ള റെയില്‍വേ ട്രാക്ക് കടന്നാല്‍ ഉദയ കോളനിയാണെന്നും അവിടെയാണു വിനായകന്റെ വീടെന്നും അന്നാണ് അറിയുന്നത്. ഉദയാ കോളനിയെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. എറണാകുളത്ത് എത്തിയ സമയത്ത് പലയിടങ്ങളിലെയും സംസാരത്തിനിടയില്‍ ഉദയാ കോളനിയിലെ പിള്ളേര്‍ – എന്ന ഭയപ്പെടുത്തലായിരുന്നു ആ കോളനിയെ അടയാളപ്പെടുത്തിയിരുന്നത്.

വിനായകന്‍ എന്ന നടന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് എനിക്കറിയാവുന്നപോലെ, അതിലേറെ, കൂടുതല്‍ വസ്തുതാപരമായി പലതും അറിയാവുന്നവരുണ്ട്. കമ്മട്ടിപാടത്തിലെ ഗംഗ ഒരു സാങ്കല്‍പ്പികസൃഷ്ടിയല്ലെന്നും അതു വിനായകന്‍ കണ്ടറിഞ്ഞ ജീവിതം തന്നെയാണെന്നും പറയുന്നവരോട് യോജിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന കലാകാരന്മായി തീര്‍ന്ന പലരുടെയും പിന്നിട്ടവഴികളിലെ ജീവിതച്ചൂട് വായിച്ചും പറഞ്ഞും അറിഞ്ഞിട്ടുണ്ട്. പക്ഷേ അവരില്‍ നിന്നുമെല്ലാം മാറി വിനായകന് അയാളുടേതായ ഒരു സ്‌പേസ് ഉണ്ട്. അതയാളുടെ നാടും ജീവിതവും സമ്മാനിച്ചതാണ്.

വിനായകനെ കറുത്തവനും വിരൂപനുമായി മാത്രം കണ്ടാണ് സിനിമ സ്വീകരിച്ചു തുടങ്ങിയത്. പ്രേക്ഷകര്‍ അയാളെ ആദ്യം ആസ്വദിച്ചതും അയാളുടെ രൂപത്താല്‍ പ്രതി മാത്രമായിരുന്നു. അയാളുടെ കഥാപാത്രങ്ങളെ ഇരുകൈവിരലുകളിലും കൂട്ടിച്ചേര്‍ത്ത് എണ്ണിയാല്‍, ക്വട്ടേഷന്‍ അംഗമോ അതല്ലെങ്കില്‍ നായകന്റെ കൂട്ടുകാരില്‍ പരിഹസിക്കപ്പെടാന്‍ മാത്രമായി വശം ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ഒരുവനോ ആയുള്ള വേഷങ്ങളായിരിക്കും കൂടുതല്‍. ഒരുപക്ഷേ കമ്മട്ടിപ്പാടം എന്ന സിനിമ ഇറങ്ങിയിരുന്നില്ല എന്നു വിചാരിക്കുക; വിനായകന്‍ ഇതേ കഥാപാത്രങ്ങളായി തന്നെ മുന്നോട്ടു പോകുമായിരുന്നു. അയാള്‍ ഇപ്പോഴെന്നപോലെ സോഷ്യല്‍ മീഡിയയിലും നായകവത്കരിക്കപ്പെടുകയില്ലായിരുന്നു.

അതിനൊരു കാരണം അയാളുടെ തൊലിയുടെ നിറവും രൂപവും തന്നെയാണ്. തമിഴില്‍ നായകന്‍ കറുത്തിരുന്നാല്‍ കൂടുതല്‍ നല്ലതാണ്. അതു ദ്രാവിഡന്റെ സ്വത്വബോധത്തില്‍ നിന്നുണ്ടാകുന്ന വികാരമാണ്. അവിടെ നായികയുടെ തൊലിമാത്രം വെളുത്തിരുന്നാല്‍ മതി. പക്ഷേ മലയാളത്തില്‍ കറുത്തവന് തമാശക്കാരന്റെയോ അല്ലെങ്കില്‍ ഗുണ്ടയുടെയോ വേഷങ്ങളാണു ചേരുക. ബുദ്ധിമാനായ ശ്രീനിവാസന്‍ സ്വന്തം ‘കുറവുകള്‍’ തന്ത്രപരമായി വിറ്റു തന്റേതായ മാര്‍ക്കറ്റ് ഉണ്ടാക്കിയെടുത്തു. കലാഭവന്‍ മണിയെ പോലുള്ളവര്‍ക്കു പക്ഷേ അങ്ങനെയൊരു മാര്‍ക്കറ്റ് കിട്ടിയില്ല. മണിയുടെ കറുപ്പ് അയാള്‍ക്ക് ഒരു കോമാളിയായി സിനിമയില്‍ സജീവത ഉണ്ടാക്കി കൊടുത്തു. പിന്നീടയാള്‍ നായകനായി. അവിടെയും രക്ഷയായത് കറുത്തവന്റെ സ്വത്വം. മണി അവിടെ നിന്നും സവര്‍ണനായ നായകനാകാന്‍ ശ്രമം നടത്തി. അതിലയാള്‍ക്കു പിഴച്ചു; തിലകനെ നമ്പൂതിരായി കാണുമ്പോള്‍ മലയാളിക്കുണ്ടാകുന്ന ഒരസ്‌കിത പോലെ. മണിക്ക് നായകനേക്കാള്‍ ഗാഭീര്യം വില്ലനാകുമ്പോള്‍ കിട്ടുമെന്നു പറഞ്ഞു നടന്നതില്‍ അതേ അസ്‌കിത ഉണ്ടായിരുന്നു. സത്യന്‍ കറുത്തതായിരുന്നില്ലേ എന്നു ചോദിക്കരുത്. പെരിയാറ്റിലൂടെ ഒരുപാട് വെള്ളം ഒഴികിപോയതിനുശേഷമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്.

വീണ്ടും വിനായകനിലേക്ക് വരാം. എത്രനാള്‍ വിനായകന്‍… വിനായകന്‍ എന്നു നമ്മള്‍ ആര്‍ത്തുവിളിക്കും? അതേറെയൊന്നും പോകില്ലെന്നു പറയുമ്പോള്‍ നെറ്റി ചുളിക്കണ്ട. കാരണം, അയാളെ ഗംഗയെ പോലെ മറ്റൊരു കഥാപാത്രമായി സൃഷ്ടിച്ചെടുക്കാന്‍ ചങ്കൂറ്റമുള്ള രാജീവ് രവിമാര്‍ മലയാള സിനിമയില്‍ ഒന്നില്‍ക്കൂടുതല്‍ ഇല്ല. എങ്കിലും ഇപ്പോള്‍ അയാള്‍ക്കൊരു മാര്‍ക്കറ്റുണ്ട്. ഏതെങ്കിലും മാനേജ്‌മെന്റ് വിദഗ്ദരുടെ സഹായത്തോടെ അയാളത് സൃഷ്ടിച്ചെടുത്തതല്ല. അതിലൊരു ജെനുവിനിറ്റി ഉണ്ട്.

മനോരമയ്ക്കു മാധ്യമപ്രവര്‍ത്തനം മാത്രമല്ല, അതിലേറെ ബിസിനസും അറിയാം. ഏഷ്യാനെറ്റിനു തോന്നാഞ്ഞ ബുദ്ധി വനിതയ്ക്കു തോന്നിതയത് അതുകൊണ്ടാണ്. പരസ്യക്കാരെ മാത്രം വിചാറിച്ച് അവാര്‍ഡ് നിശ, ഏഷ്യാനെറ്റ് പതിവു ചേരുവയില്‍ പുതുക്കിയവതരിച്ചപ്പോള്‍ വനിത പരസ്യക്കാരേയും പ്രേക്ഷകരേയും സോഷ്യല്‍മീഡിയാക്കാരെയും ഒരുപോലെ കൈയിലെടുത്തുകൊണ്ട് അവരുടെ അവാര്‍ഡ് നിശ എന്ന സ്‌പോണ്‍സര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ചെങ്കില്‍ അതിലവര്‍ ചേര്‍ത്ത പ്രധാന എസന്‍സ് വിനായകനു നല്‍കിയ പ്രത്യേക ജൂറി അവാര്‍ഡ് തന്നെയായിരുന്നു. ആളെണ്ണം നോക്കി അരിയിടുന്ന കലവറക്കാരണല്ലോ ഈ ചാനല്‍ അവാര്‍ഡു കമ്മിറ്റിക്കാര്‍. ആ കൂട്ടത്തില്‍ ഇത്തിരി ബുദ്ധികൂടും കോട്ടയത്തുകാര്‍ക്ക്…

അവാര്‍ഡ് കൊടുത്തതുകൊണ്ടു മാത്രം വനിത അടങ്ങിയോ? വിനായകന് അവാര്‍ഡ് കൊടുത്ത കാര്യം മനോരമ ന്യൂസ് കാണാത്തവരെയും മനോരമ പത്രം വായിക്കാത്തവരെയും കൂടി അറിയിക്കണമല്ലോ എന്നോര്‍ത്ത് വനിതയുടെ കവര്‍ പേജിലും അയാളെ ഉള്‍പ്പെടുത്തി. വിനായകന്‍ അങ്ങനെയൊന്നിനു നിന്നുകൊടുത്തല്ലോ! പക്ഷേ വനിത അവിടെയൊരുകാര്യം മറന്നു. വിനായകന്‍ എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നു, ചര്‍ച്ച ചെയ്യപ്പെടുന്നു എന്നു വനിതയ്‌ക്കോ മനോരമയ്‌ക്കോ മനസിലായിട്ടില്ല.

വിനായകന്‍ എന്ന മനുഷ്യനെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതെന്നും അയാള്‍ എന്തിനെയെല്ലാമാണു പ്രതിനിധീകരിക്കുന്നത്, എന്തിനോടെല്ലാമാണ് എതിരിടുന്നതെന്ന് എന്നൊന്നും മനോരമയ്‌ക്കോ വനിതയ്‌ക്കോ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും തങ്ങളുടെയുള്ളിലെ ചില ബോധ്യങ്ങള്‍ അവരെക്കൊണ്ട് അറിഞ്ഞ കാര്യങ്ങളെല്ലാം മറന്നുകളയാന്‍ പ്രേരിപ്പിച്ചു.

കാണാന്‍ ഭംഗിയുള്ളവനെയൊക്കെ സിനിമാനടനെ പോലെ എന്നു പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. സിനിമാനടന്‍ എന്നാല്‍ സര്‍വം തികഞ്ഞവരല്ലെന്നും സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരല്ലെന്നും പ്രേക്ഷകരും സിനിമാക്കാരും വരെ തിരിച്ചറിഞ്ഞിട്ടും മനോരമയ്ക്ക് നേരം വെളുത്തിട്ടില്ല. വെളുപ്പും ‘മുഖസൗന്ദര്യ’വുമൊക്കെ തന്നെയാണു സിനിമാക്കാരെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നതെന്ന ബോധ്യങ്ങളാണ് അവരെപ്പോലുള്ളവരെ ഇപ്പോഴും നയിക്കുന്നത്.

വിനായകന്റെ മുഖത്ത് ഫോട്ടോഷോപ്പിലെ ടൂളുകൊണ്ട് നടത്തിയ ടച്ചപ്പ് ഒന്നുകൂടി വെളിപ്പിച്ചെടുത്തത് ആ ബോധ്യങ്ങളാണ്. അവരില്‍ നിന്നും അതു മാറുമെന്നും വിചാരിക്കരുത്. കാരണം കാറ്ററിഞ്ഞു തൂറ്റാന്‍ കഴിവുള്ളതുകൊണ്ടാണു മനോരമയും വനിതയുമൊക്കെ പ്രചാരത്തില്‍ ഇന്നും ഒന്നാമതായി നില്‍ക്കുന്നത്. അവരോട് മനുഷ്യന്റെ രാഷ്ട്രീയം പറഞ്ഞിട്ടു കാര്യമില്ല.

പക്ഷേ വിനായകനു ശ്രദ്ധിക്കാം; അവനവനില്‍ നിന്നും കുടിയിറക്കപ്പെടാതിരിക്കാന്‍…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍