UPDATES

സിനിമാ വാര്‍ത്തകള്‍

ഗംഗ ഒരു മണ്ടന്‍, മരിച്ചുപോയി, ഈ അംഗീകാരം വിനായകനു കിട്ടിയതാണ്

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല, കാരണം ഞാന്‍ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര നടനുള്ള പുരസ്‌കാരം ലഭിച്ച വിനായകനോടും മാധ്യമപ്രവര്‍ത്തകര്‍ ആ സ്ഥിരം ചോദ്യം തന്നെ ചോദിച്ചു;

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

മറുപടി കുറച്ച് നാടകീയമായിരുന്നു…

തലയൊന്നു വെട്ടിച്ച്, ഒന്നമര്‍ത്തി മൂളി, പൊടുന്നനെ ചാനല്‍ മൈക്കിലേക്ക് വായ അടുപ്പിച്ചുകൊണ്ട് ;

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല…

പറഞ്ഞശേഷം പിന്നിലേക്ക് തല വലിക്കുമ്പോള്‍ വിനായകന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്ന മറുപടി ആ ചിരിയുമായി കൂട്ടിവച്ചു വായിച്ചാല്‍ പലതും മനസിലാകും. അയ്യോ അവാര്‍ഡോ, സിനിമയില്‍ അഭിനയിക്കണമെന്നുപോലും വിചാരിച്ചിട്ടില്ലായിരുന്നു ഞാനെന്ന ചിണുങ്ങല്‍ ആയിരുന്നില്ല, ഒരു തരം പരിഹാസം. എന്തിനോടുള്ള പരിഹാസം എന്നതിനു വിനായകന്‍ തന്നെ മറുപടി പറയുന്നുണ്ട്.

വ്യവസ്ഥയില്‍ എനിക്കു താത്പര്യമില്ല, അതുകൊണ്ട് തന്നെ…

താന്‍ എന്തുകൊണ്ട് അവാര്‍ഡ് പ്രതീക്ഷിച്ചില്ല എന്ന് ഇത്രയും സത്യസന്ധമായി മറ്റാരും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല. വലിയൊരു രാഷ്ട്രീയമാണ് ആ വ്യക്തമാക്കലിലൂടെ വിനായകന്‍ ഉയര്‍ത്തിയത്. അതെത്ര പേര്‍ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല.

വ്യവസ്ഥയില്‍ താത്പര്യമില്ലാത്തൊരാള്‍ എന്ന നിലയില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കാറില്ലെന്നു വിനായകന്‍ ആവര്‍ത്തിക്കുമ്പോള്‍, അയാളുടെ ജീവിതം കുറച്ചെങ്കിലും അറിയാവുന്നൊരാള്‍ക്ക് ആ വാക്കുകളിലെ സത്യസന്ധത തിരിച്ചറിയാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല.

അതെ, കറുത്തവനാണ് വിനായകന്‍

ഒന്നിലും താത്പര്യവും വിശ്വാസവും ഇല്ലാത്തൊരാള്‍, ഞാനെന്റെ ജീവിതം ജീവിക്കുന്നു. ഒരു ജനാധിപത്യരാജ്യത്ത് നിന്നുകൊണ്ട് ഞാന്‍ ഫൈറ്റ് ചെയ്യുന്നു, ഐ കാന്‍ ഡു- വിനായകന്‍ അയാളുടെ സ്ഥായിയായ അലസതയോടെ പറയുമ്പോള്‍, ഒരുപക്ഷേ അതിലൊരു അഹങ്കാരത്തിന്റെ ചുവയുണ്ടോയെന്നു തോന്നിയാല്‍ പോലും ഇങ്ങനെ പ്രതികരിക്കാന്‍ ധൈര്യം കാണിക്കാന്‍ ഒരാര്‍ട്ടിസ്റ്റും ഇവിടെ ധൈര്യപ്പെട്ടിട്ടില്ല എന്നതാണ് ചിന്തിക്കേണ്ടത്.

എനിക്ക് പൊരുതാന്‍ കഴിയും, നേടാന്‍ കഴിയും ആ വിശ്വാസമാണ് എന്റെ ജീവിതം എന്നു വിനായകന്‍ പറയുന്നതിനു പിന്നാലെ തന്റെ ജീവിതത്തെ കുറിച്ച് ഒറ്റവാക്കില്‍ വ്യക്തമാക്കുന്നുകൂടിയുണ്ട്. ഈ അവാര്‍ഡ് ഇരട്ടിമധുരമായി ഫീല്‍ ചെയ്യുന്നുണ്ടോ എന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോള്‍, വിനായകന്‍ പറയുന്നത് ഇങ്ങനെയാണ്-

ഇല്ല, എനിക്കൊരിക്കലും മധുരം ഉണ്ടായിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ, ഞാന്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇരുപതുകൊല്ലത്തില്‍ ഇന്നാണതു തുടങ്ങിയത്. ഇനിയത് മധുരത്തില്‍ എത്തണം.

കേള്‍ക്കുമ്പോള്‍ ഒരു തമാശ എന്നു തോന്നാമെങ്കിലും ജീവിതത്തിലും സിനിമയിലും ഇത്രയും നാള്‍ അയാള്‍ മധുരം നുണയാതെ കയ്പ്പും ചവര്‍പ്പും അനുഭവിച്ചു തന്നെയാണു പിന്നിട്ടതെന്നു മനസിലാക്കിയെടുക്കാന്‍ എത്രപേര്‍ക്ക് കഴിയുമെന്ന് അറിയില്ല.

വിനായകന്‍ എന്നു മുതലാണ് ആഘോഷിക്കപ്പെടാന്‍ തുടങ്ങിയത്. കമ്മിട്ടപാടത്തിലെ ഗംഗയെ കണ്ടതുമുതല്‍. ഗംഗ വിനായകനാണെന്നു പറഞ്ഞു, അതല്ല വിനായകന്‍ തന്നെയാണു ഗംഗയെന്നും പറഞ്ഞു. വിനായകനെ സോഷ്യല്‍ മീഡിയ കൊണ്ടാടിയതും അങ്ങനെയായിരുന്നു. ഗംഗയും വിനായകനും ഒരാശയം തന്നെയാക്കി പ്രചാരണം നടത്തി സോഷ്യല്‍ മീഡിയ. പക്ഷേ പ്രചാരണങ്ങളെയും താരതമ്യം ചെയ്യലുകളെയും വിനായകന്‍ തീര്‍ത്തും നിരാകരിക്കുന്നു-

ഈ അംഗീകാരം ഗംഗയ്ക്ക് കിട്ടിയതല്ല, വിനായകനു കിട്ടിയതാണ്, അയാള്‍ വ്യക്തമാക്കുന്നു.

ഗംഗയേയും വിനായകനെയും ഒരുമിച്ചുകണ്ടവരോട് അയാള്‍ വീണ്ടും പറയുന്നു-

ഗംഗയും വിനായകനും ഒന്നല്ല. ഗംഗ ഒരു മണ്ടന്‍, മരിച്ചു പോയി. ഞാനൊരിക്കലും ഗംഗയാകില്ല. ആരും ആകണ്ട…

ഒരിക്കല്‍ കൂടി വിനായകനോട് ഇഷ്ടം തോന്നുന്നത്  ഈ തുറന്നു പറച്ചിലുകള്‍ കേള്‍ക്കുമ്പോഴാണ്. ഒരുപക്ഷേ അയാള്‍ക്ക് അവാര്‍ഡ് കിട്ടിയിരുന്നില്ല എന്നു വിചാരിക്കുക, വിനായകന്‍ ഒരിക്കലും ബോധംകെട്ടു വീഴുകയോ നിരാശയോടെ ചാനലുകള്‍ക്കു മുന്നില്‍ വന്നിരുന്നു പ്രതികരിക്കുകയോ ചെയ്യില്ല. എന്നത്തെയും പോലെ ഈ ദിവസും കടന്നുപോകും, അത്രതന്നെ, അതാണയാളുടെ ജീവിതവ്യവസ്ഥ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍