UPDATES

സിനിമ

ഉപ്പില്ലാത്ത വീട്ടിലേക്ക് ജിലേബിയുമായി വരരുത്; വിനായകന്‍ പഠിപ്പിക്കുന്ന മാധ്യമധര്‍മം

നമ്മുടെ കുറെ കാപട്യങ്ങളെയും ശീലങ്ങളെയും കൂടിയാണ് വിനായകന്‍ തകര്‍ത്തത്.

വിനായകന്‍, അയാളെ കുറിച്ച് വീണ്ടും വീണ്ടും എഴുതുകയും പറയുകയും വേണ്ടി വരുന്നു; അവിശ്വസനീയമാം വിധമാണ് ആ മനുഷ്യന്‍ സ്വീകാര്യനായിരിക്കുന്നത്. അയാള്‍ പറയുന്ന ഓരോ വാക്കിലും രാഷ്ട്രീയമാണ്, പഠിച്ചു പറയുന്നതല്ല, അറിഞ്ഞു പറയുന്നതാണ്. അനുഭവങ്ങളുടെ മൂശയില്‍ നിന്നും എത്ര ഭംഗിയോടെയാണു വിനായകന്‍ ഓരോ വാചകങ്ങളും രൂപപ്പെടുത്തുന്നത്. മലയാള സിനിമയില്‍ ഇത്ര മികവോടെ രാഷ്ട്രീയം പറഞ്ഞവരില്ല, പറയുന്നവരുമില്ല. അതു തന്നെയാണു വിനായകനുമേല്‍ ഉണ്ടായിരിക്കുന്ന ഹൈപ്പിനു കാരണവും.

വിനായകന്‍ ഒരു നടന്‍ എന്ന വൃത്തത്തില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. അല്ലെങ്കില്‍ ആരാണയാളെ ഇപ്പോള്‍ ഒരു നടനെന്നു ചുരുക്കുന്നത്. പാലത്തിനടിയിലെ ഇരുട്ടുമൂടിയ ജീവിതങ്ങളെക്കുറിച്ച് പറയാന്‍ ഒരു നടനു കഴിയില്ല. ഞാനൊരു പുലയനാണെന്ന് ഇത്ര അഭിമാനത്തോടെ പറയാനും വെറുമൊരു നടന്‍ മാത്രമായ വ്യക്തിക്കു കഴിയില്ല.

ഒരുപക്ഷേ അയാള്‍ സ്വയം വ്യക്തമാകാന്‍ വിസമ്മതിച്ചിരുന്നതുകൊണ്ടാവാം  നമുക്കിപ്പോഴും വിനായകനുമേല്‍ അവ്യക്തതയുണ്ട്. അയാള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നത് പൊതുവ്യവസ്ഥിതിയുടെ പുറത്തു കയറി നിന്നാണു നോക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു പിഴച്ചതും അവിടെയാണ്. അവര്‍ ചെയ്തു ശീലിച്ച കുറെ കാര്യങ്ങളുണ്ട്. അതുപക്ഷേ വിനായകന്‍ തകര്‍ത്തു. ചാനല്‍ കാമറകള്‍ക്കു മുന്നില്‍ അഭിനയിച്ചില്ല. പത്രക്കാരരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിനീതനായില്ല. പകരം എതിര്‍ത്തു, പരിഹസിച്ചു. പലതും പഠിപ്പിച്ചു. ഒരുവേള അതയാളുടെ അഹങ്കാരമാണെന്നു പലരു തെറ്റിദ്ധിരിച്ചു, ചിലര്‍ വിവരക്കേടെന്നും. പക്ഷേ ആരായിരുന്നു അവിടെ ശരിയെന്നു വിനായകന്‍ തന്നെ വ്യക്തമാക്കി തന്നു.


കടപ്പാട്: മീഡിയാ വണ്‍

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മറ്റുള്ളവരെ താളംചവിട്ടിപ്പിക്കുന്ന മാധ്യമങ്ങളെ വിനായകന്‍ പഠിപ്പിച്ച ധാര്‍മികതയായിരുന്നു അവാര്‍ഡ് പ്രഖ്യാപന ദിവസത്തെ അയാളുടെ വക്കുകള്‍. അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞപ്പോള്‍ കാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ പറയരുതെന്ന ആ താക്കീത് മാധ്യമപ്രവര്‍ത്തകര്‍ ഒരു പാഠമായി എടുക്കണം. മരിച്ചു കിടക്കുന്നവന്റെ മുന്നിലും വിശന്നിരിക്കുന്നവന്റെ മുന്നിലും ഫ്രെയിമുകള്‍ സൃഷ്ടിക്കാന്‍ പരവേശം കാട്ടുന്നവര്‍ ഇനിയെങ്കിലും അവനവന്റെ ആവശ്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഏര്‍പ്പാട് ഉപേക്ഷിക്കാന്‍ വിനായകന്റെ ചെയ്തി കാരണമാകുമെന്നു കരുതാം.

ഏഷ്യാനെറ്റിലെ അഭിമുഖത്തിനിടയില്‍ വിനായകന്‍ പറയുന്നുണ്ട്, എന്റെ വീടിനു മുന്നില്‍ വെളിക്കിരിക്കുന്നവനോട് സംസ്‌കൃതമോ ബുദ്ധിജീവിഭാഷയോ അല്ല പറയേണ്ടത്, വിനായകന്റെതായ ഭാഷയാണ്. അതുകൊണ്ടേ കാര്യമുള്ളൂ. തന്റെ നിലപാടുകള്‍ക്കുമേല്‍ കയറിയിരുന്ന് വെളിക്കിറങ്ങാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകരോടും അയാള്‍ വിനയത്തിന്റെയോ വിധേയത്വത്തിന്റെയോ ഭാഷ ഉപയോഗിച്ചില്ല, വിനായകന്റെ ഭാഷ പ്രയോഗിച്ചു. അയാള്‍ക്കതേ അറിയൂ.


കടപ്പാട്: മനോരമ ന്യൂസ്

അവിടെ വിനായകന്‍ പരിഹസിച്ചത് മാധ്യപ്രവര്‍ത്തകരെ മാത്രമല്ല, അവര്‍ വാങ്ങിക്കൊണ്ടു വരുന്ന ലഡുവും ജിലേബിയും വാങ്ങി വീട്ടുകാരെ മുഴുവന്‍ വിളിച്ച് അടുത്തിരുത്തി സന്തോഷം പങ്കിട്ടിരുന്ന അവാര്‍ഡ് ജേതാക്കളെ കൂടിയാണ്. അങ്ങനെ കുറേ കാപട്യങ്ങളെയും ശീലങ്ങളെയും വിനായകന്‍ തകര്‍ത്തു. ഉപ്പിലാത്ത വീട്ടിലേക്കു ജിലേബിയും വാങ്ങിക്കൊണ്ടു വരരുതെന്നു പറയുന്ന ആ നിരാശയില്‍ അയാള്‍ മുന്നോട്ടുവയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം അയാള്‍ക്ക് ആര്‍പ്പു വിളിക്കുന്ന ആര്‍ക്കും മനസിലായി കാണണമെന്നില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും സ്വയം വിമര്‍ശനത്തിനു വിനായകനെ ഒരു കാരണമാക്കിയെടുക്കാം, പൊതുശീലങ്ങള്‍ മാറ്റാനായി. ഒരുവന്റെ സന്തോഷം എന്താണെന്ന് അവനോടു ചോദിച്ചാണ് അറിയേണ്ടത്. കാമറകള്‍ക്കു മുന്നിലൊരുക്കിയ കളത്തിലേക്ക് ഇനിയൊരാളെ ക്ഷണിക്കുന്നതിനു മുമ്പ് മുന്നറിവുകള്‍ ഉണ്ടാക്കിയെടുക്കാം.


കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

ഒരു ജിലേബി കഷ്ണം പൊട്ടിച്ച് അമ്മയുടെ വായില്‍ വച്ചുകൊടുക്കുന്നതിനേക്കാള്‍ അമ്മയെ കാണുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ ‘കുത്തിക്കൊന്നുകളയും ഞാന്‍’ എന്നു പറയുന്നതിലായിരിക്കും വിനായകന്റെ സന്തോഷം. ആ അമ്മയ്ക്കും മകനുമിടയിലെ ജീവിതം ആ തരത്തിലാണു രൂപപ്പെട്ടിരിക്കുന്നത്. അതു നമുക്ക് മനസിലായില്ല. കള്ളുകുടിച്ചാല്‍ തുള്ളണം എന്നു പറയുന്നവന്റെ സന്തോഷത്തിന്റെ ആവേശത്തെ നാം കുറച്ചു കണ്ടുപോയി. കാപട്യം നിറഞ്ഞ സന്തോഷപ്രകടനങ്ങള്‍ കണ്ടും ചെയ്യിപ്പിച്ചും ശീലിച്ചുപോയതിന്റെ കുഴപ്പം.

ചെയ്തുപോയ അബദ്ധങ്ങള്‍ വീണ്ടും അയാളുടെ മുന്നിലെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുകാര്യം കൂടി ഓര്‍ത്തിരിക്കാം. അവാര്‍ഡ് കിട്ടിയ വിനായകന്‍ ഇനി എവിടെയായിരിക്കും ചെന്നു നില്‍ക്കുക എന്ന് അഭിമുഖകാരന്‍ ചോദിക്കുന്നുണ്ട്, വിനായകന്റെ മറുപടി ഒറ്റവാക്കിലായിരുന്നു; കമ്മട്ടിപാടത്ത് തന്നെ. കമ്മട്ടിപ്പാടം ഒരിക്കലും മാറുന്നില്ലെന്ന് മനസിലാക്കണം, വിനായകനും. ഒപ്പം, അഭിമുഖകാരന്റെ ധാര്‍ഷ്ട്യമില്ലാതെ വിനായകന് പറയാനുള്ളത് കേള്‍ക്കാന്‍ കാണിച്ച മിതത്വവും എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍