UPDATES

സിനിമ

നന്ദികേടിന്റെ സിനിമാ വഴികള്‍; അനൂപ് മേനോന്‍ വിനയനോട് ചെയ്തത്

Avatar

അനൂപ് മേനോന്റെ ‘നന്ദികേടിന്’ മാന്യതയുടെ ഭാഷയില്‍ സംവിധായകന്‍ വിനയന്റെ മറുപടി.’ വിനയന്‍ സിനിമയില്‍ അവതരിപ്പിച്ച അനൂപ് മേനോന്‍ ഇപ്പോള്‍ അതേ സംവിധായകന്റെ പേരുപോലും പറയാന്‍ മടിക്കുകയാണ്. മുന്‍പ് ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ തന്റെ ആദ്യ ചിത്രമായ കാട്ടുചെമ്പകത്തിന്റെ പ്രിന്റ് കത്തിച്ചു കളയണമെന്ന് പറഞ്ഞ അനൂപ് മോനോന്‍ താന്‍ ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത സിനിമയാണ് അതെന്നും പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെയാണ് സീരിയല്‍ നടനായിരുന്ന അനൂപ് മേനോന്‍ സിനിമയില്‍ പ്രവേശിക്കുന്നത്.

എന്തുകാരണത്തിന്റെ പേരിലെന്ന് അറിയാത്ത, അനൂപിന്റെ വിനയനോടുള്ള അവഹേളനവും  അവഗണനയും ഏറ്റവും ഒടുവിലായി പുറത്തുവന്നത് മനോരമ പത്രത്തില്‍ വന്ന അഞ്ചു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കിടയിലായിരുന്നു. അതില്‍ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ അനൂപ് പറയുന്ന മറുപടി ഇപ്രകാരമാണ്; രഞ്ജിത്, ലാല്‍ ജോസ് എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ വലിയ സംവിധായകരുടെ കൂട്ടത്തില്‍പ്പെടുത്താവുന്നവരുടെ സിനിമയില്‍ ഞാന്‍ അധികം അഭിനയിച്ചിട്ടില്ല. രാജേഷ് പിള്ള, അരുണ്‍ കുമാര്‍ അരവിന്ദ്, എബ്രിഡ് ഷൈന്‍ തുടങ്ങി എന്റെ നല്ല ചിത്രങ്ങളുടെയെല്ലാം അണിയറക്കാര്‍ പുതുമുഖങ്ങളായിരുന്നു. കരിയറിന്റെ ആദ്യഘട്ടം മുതലേ വികെപി (വി കെ പ്രകാശ്)യോടൊപ്പം ഉണ്ട്. പുതുതലമുറയിലെ സംവിധായകര്‍ മിടുക്കരാണ്. അവര്‍ക്ക് അവസരം കൊടുക്കുന്നതില്‍ നമ്മളെക്കൊണ്ട് ആവുന്നതു ചെയ്യുക. അത്രയേ ഉള്ളൂ.

ഈ മറുപടിയില്‍ ഒരിടത്തുപോലും തന്നെ സിനിമയില്‍ അവതരിപ്പിച്ച വിനയനെ അനൂപ് പരാമര്‍ശിക്കുന്നില്ല. മാത്രമല്ല, ലാല്‍ ജോസും രഞ്ജിത്തും വലിയ സംവിധായകരാകുമ്പോള്‍ അവരെക്കാള്‍ സീനിയറും ഹിറ്റുകളും നല്‍കിയ വിനയനെ ‘ ചെറിയ’ സംവിധായകനായി പോലും പരിഗണിക്കാന്‍ അനൂപ് മേനോന്‍ എന്ന നടന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ തനിക്കുണ്ടെന്നു വിചാരിക്കുന്ന ഇമേജ് തകരുമോയെന്ന പേടിയാണോ അനൂപിനുള്ളതെന്ന് അറിയില്ല. 

ചുമരില്ലാത ചിത്രം വരയ്ക്കാന്‍ കഴിയില്ലെന്നു പറയാറുണ്ട്. അതുപോലെ ഏതു പുഴയ്ക്കും ഒഴുകാന്‍ ഒരു വഴിവേണമെന്നും ചൊല്ലുണ്ട്. അനൂപ് മേനോന്‍ ഇന്ന് അറിയപ്പെടുന്ന നടനും എഴുത്തുകാരനുമൊക്കെയായി സിനിമയില്‍ ഉണ്ടെങ്കില്‍ അതിനു മൂലകാരണമായ ഒരാളാണ് വിനയന്‍. വന്ന വഴി മറക്കരുതെന്നോ, പിടിച്ചു കേറ്റിയ കൈയില്‍ തന്നെ കടിക്കരുതെന്നോ അനൂപ് മേനോന്‍ എന്ന ഉന്നതനെ പറഞ്ഞു പഠിപ്പിക്കേണ്ടതില്ലെന്നു തോന്നു.

സാധാരണ ഒരു സീരിയല്‍ നടന്‍ മാത്രമായിരുന്ന സമയത്ത് അനൂപ് മേനോന് വിനയന്‍ എത്തിപ്പിടിക്കാന്‍ പറ്റാത്തൊരു മല തന്നെയായിരുന്നു. പക്ഷേ ഇന്ന് അനൂപ് മേനോന്‍ പറയുന്നതുപോലെ പുതിയ ആള്‍ക്കാര്‍ക്ക് ഒരു അവസരം കൊടുക്കാന്‍ നമ്മളെ കൊണ്ട് ആവുന്നതു ചെയ്യുക എന്നു മാത്രം ചിന്തിച്ച് വിനയന്‍ തന്റെ സിനിമയിലേക്ക് നായകവേഷത്തില്‍ അനൂപിനെ വിളിച്ചതു കൊണ്ടു മാത്രമാണ് ഇന്നത്തെ അനൂപ് മേനോന്‍ ഉണ്ടായത്. സീരിയലിലെ മിടുക്കന്മാരെല്ലാം സിനിമാക്കാരാകാറില്ലല്ലോ. ബാക്കിയെല്ലാം അനൂപിന്റെ മിടുക്കും പ്രതിഭയും കൊണ്ട് നേടിയെടുത്തതാണെങ്കിലും താങ്കളെ ആദ്യം സിനിമാനടന്‍ എന്നു പ്രേക്ഷകന്‍ വിളിക്കാന്‍ കാരണക്കാരനായ ആളുടെ പേര് വിനയന്‍ എന്നു തന്നെയാണ്.

ലാല്‍ ജോസും രഞ്ജിത്തും വലിയ സംവിധായകര്‍ തന്നെയാണ്. പക്ഷേ അവരുടെയൊന്നും കൂടെ കൂട്ടാന്‍ കഴിയാത്ത അത്ര വെറുക്കപ്പെട്ടവനാണ് വിനയന്‍ എന്ന് അനൂപ് മേനോനു തോന്നിയാലും സാധാരണ പ്രേക്ഷകര്‍ക്ക് തോന്നില്ല. വിനയന്റെ കരിയര്‍ ഗ്രാഫില്‍ അനൂപിന് ഉള്ളതിനേക്കാള്‍ വിജയക്കണക്കുകള്‍ ഉണ്ട്.

താങ്കളെ പോലെ, ഏതാനും സിരീയല്‍ പ്രേക്ഷകര്‍ മാത്രം അറിയുന്നൊരു നടനെ നായകനാക്കി സിനിമയെടുക്കുന്നതിനു മുമ്പു വരെയുള്ള വിനയന്റെ ക്രെഡിറ്റ് പരിശോധിച്ചു നോക്കണം. 2002 ല്‍ ആണ് വിനയന്‍ കാട്ടുചെമ്പകം എടുക്കുന്നത്. ആ വര്‍ഷം തന്നെ അദ്ദേഹം ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയിരുന്നു. ആ ചിത്രത്തിലൂടെയാണ് ജയസൂര്യ, ഇന്ദ്രജിത്ത് എന്നീ നടന്മാരെ മലയാള സിനിമയ്ക്ക് കിട്ടുന്നത് (അവരും പിന്നീട് വിനയനെ അറിയാത്തവരായി എന്നത് വേറെ കാര്യം). 2001 ല്‍ കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ് എന്നീ ഹിറ്റുകളും വിനയന്‍ നല്‍കി. ദാദ സാഹിബ്, ആകാശഗംഗ, ഇന്‍ഡിപെന്‍ഡന്‍സ്, വാസന്തിയും ലക്ഷ്മിയും ഞാനും, അനുരാഗ കൊട്ടാരം, ഉല്ലാസപ്പൂങ്കാറ്റ്, കല്യാണ സൗഗന്ധികം എന്നീ പണംവാരിപ്പടങ്ങളും വിനയന്റേതായിരുന്നു. ആ കാലഘട്ടത്തില്‍ മുടക്കു മുതല്‍ തിരിച്ചുകിട്ടുമെന്ന ഉറച്ച വിശ്വാസത്തില്‍ നിര്‍മാതാക്കള്‍ക്ക് സമീപിക്കാവുന്ന സംവിധായകനായിരുന്നു വിനയന്‍.

മാത്രമല്ല, അദ്ദേഹത്തിന്റെ വിജയചിത്രങ്ങള്‍ നോക്കു, എണ്ണിപ്പറഞ്ഞാല്‍ രണ്ടു സിനിമകള്‍ മാത്രമാണ് ഒരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം ഉള്ളത്. ബാക്കി ചിത്രങ്ങളെല്ലാം അതാതു സമയത്ത് പുതുമുഖങ്ങളോ, ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം അഭിനയച്ചവരോ ആയിരുന്നു നായകവേഷം ചെയ്തത്. അതും വിനയന്‍ എന്ന സംവിധായകന്‍ കാണിച്ച റിസ്‌ക് തന്നെയായിരുന്നു. സിനിമ സംവിധായകന്റെ കൈയിലെ കലയാണെന്നു തെളിയിക്കാനും വിനയന് കഴിഞ്ഞു.

ദിലീപ്, ജയസൂര്യ, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, പൃഥ്വിരാജ് എന്നിവരെയെല്ലാം അകമഴിഞ്ഞ് സഹായിച്ച സംവിധായകനും വിനയനായിരുന്നു. അനൂപ് ഇപ്പോള്‍ പറയുന്ന ആ സന്മനസ് ഉണ്ടല്ലോ, പുതിയ പിള്ളേര്‍ക്കു ചെയ്യുന്ന സഹായം, അതൊരു പത്രത്തിലും ചാനലിലും വാര്‍ത്തയാക്കാതെ തന്നെ വിനയന്‍ ചെയ്തിരുന്നു. അതിന്റെ ഫലം തന്നെയാണ് അനൂപ് താങ്കളും.

വിമര്‍ശിക്കാനാണെങ്കില്‍ അറുവഷളന്‍ സിനിമകളും എടുത്ത സംവിധായകന്‍ കൂടിയാണ് വിനയന്‍. അല്ലെങ്കില്‍ ആരാണ് അനൂപ് മഹത്തരമായ സിനിമകള്‍ മാത്രം തന്റെ കരിയറില്‍ ചെയ്തിരിക്കുന്നത്. ഒരു സിനിമയ്ക്കു തന്നെ, കഥയെഴുത്തിനും അഭിനയത്തിനും പാട്ടെഴുത്തിനും വെവ്വേറെ കൂലി വാങ്ങിക്കൊണ്ടിരുന്ന താങ്കള്‍ക്ക് തന്നെ ഒന്നു രണ്ടു തവണ ആ സൗഭാഗ്യം അനുഭവിച്ചശേഷം കളം മാറേണ്ടി വന്നില്ലേ. സിനിമ ഭാഗ്യത്തിന്റെ കൂടി കലയാണ് ആനൂപേ. വിനയന് ഇപ്പോള്‍ ആ ഭാഗ്യമില്ല, നിര്‍ഭാഗ്യത്തിന്റെ കാലത്ത് തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്യുന്നു. എന്നാലും അനൂപ് മേനോന്റെ പ്രൌഢിയേക്കാള്‍ വിനയന്റെ ചങ്കൂറ്റത്തിനു തന്നെയാണ് ഇപ്പോഴും ആരാധകര്‍.

ആനൂപിനായാലും അതുപോലെ വിനയന്‍ കൈപിടിച്ചു കൊണ്ടുവന്ന മറ്റുള്ളവര്‍ക്കാണെങ്കിലും ഇപ്പോള്‍ വിനയന്‍ വിലക്കപ്പെട്ട കനിയായത് സിനിമാതമ്പുരാക്കന്മാരുടെ കോപം പിടിച്ചുവാങ്ങിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കാം. പക്ഷേ എന്തിനാണു വിനയനെ മറ്റുള്ളവര്‍ പേടിക്കുന്നതെന്നു എല്ലാവര്‍ക്കുമറിയാം. മലയാള സിനിമ എന്ന മാടമ്പി കോവിലകത്തിന്റെ ഉമ്മറത്തു വന്നു നിന്നു അകത്തുള്ള കസവുവേഷ്ടിക്കാരെ അവരുടെ തെറ്റുകളുടെ പേരില്‍ ചങ്കൂറ്റത്തോടെ എതിര്‍ത്തതിന്. അതിനയാള്‍ക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്. പക്ഷെ അയാള്‍ ഇതുവരെ തോല്‍വി സമ്മതിച്ചിട്ടില്ല. ഉള്ള പരിമിതികളില്‍ നിന്നു തന്നെ സിനിമയെടുക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ വിനയന് വീണ്ടുമൊരു ഹിറ്റ് ചിത്രമെടുക്കാന്‍ കഴിയും. അങ്ങനെ വന്നാല്‍ ആ ചിത്രത്തിലും അനൂപിനെ പോലെ, ജയസൂര്യയെ പോലെ, മണിയെപോലെ ഒരു പുതുമുഖമായിരിക്കും നായകന്‍. ബുദ്ധിയുള്ളവനാണെങ്കില്‍ (താങ്കളെപോലെ) അയാള്‍ക്കും മലയാള സിനിമയില്‍ തുടര്‍ന്ന് വലിയ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാം. പക്ഷേ അതിലൊന്നും വിനയന് പരിഭവം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെ പറയാന്‍ അംബുജാക്ഷനു ധൈര്യം വരുന്നത് വിനയന്‍ താങ്കളെ പരാമര്‍ശിച്ചിട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. ആ പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ പറയാം;

പ്രതീക്ഷയോടെ നമ്മള്‍ കാണുന്ന ചിലര്‍ നമ്മളെ ഇകഴ്ത്താന്‍ കൂട്ടു നില്‍ക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചിലര്‍ നമ്മളെ പറ്റി നല്ലവാക്കുകള്‍ പറയുന്നു. ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല സിനിമയില്‍ പലരേയും സഹായിച്ചിട്ടുള്ളത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഏറ്റവും നല്ല .വാല്യു ഉള്ള സമയത്തെ പുതുമുഖങ്ങളേ നന്നായി ഇന്‍ട്രോഡ്യൂസ് ചെയ്യാന്‍ കഴിയൂ. അങ്ങനെ വാല്യു ഉള്ളപ്പോള്‍ ഏതു സൂപ്പര്‍ താരവും നമ്മളേ തേടിയെത്തുന്ന സമയവുമായിരിക്കും. അതുകൊണ്ടു തന്നെ വെറുതേ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. പക്ഷെ എന്റെ ഏറ്റവും നല്ല ടൈമില്‍ തന്നെയായിരുന്നു ജയസൂര്യയെയും, ഇന്ദ്രജിത്തിനേയും, അനൂപ് മേനോനെയുമൊക്കെ ഞാന്‍ ഇന്‍ട്രോഡ്യൂസ് ചെയ്തത്.

സത്യം പറയട്ടെ എനിക്കീ അനൂപിനോടൊ മറ്റാരെങ്കിലുമോടൊ ഒരു പിണക്കവുമില്ല. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ തുറന്നു പറയും, അതവിടം കൊണ്ടു തീരും അത്രമാത്രം. കാട്ടുചെമ്പകത്തിന്റെ സമയത്ത് ആദ്യമായി എന്നെ കാണാനെത്തിയ അനൂപ് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍. ‘ഓള്‍ ദി ബെസ്റ്റ്’  ആ വാക്കുകള്‍ അന്നത്തെ അതേ മനസ്സോടുകൂടി തന്നെ ഇന്നും അനൂപ് മേനോനോട് പറയുന്നു. ഓള്‍ ദി ബെസ്റ്റ് അനൂപ്. മറ്റാരെങ്കിലുമാണ് തന്നെ സിനിമയില്‍ ഇന്‍ട്രോഡ്യൂസ് ചെയ്തതെന്ന് പറഞ്ഞാല്‍ പോലും കുഴപ്പമില്ല, അതിലൊന്നും കാര്യമില്ല താന്‍ രക്ഷപെട്ടാല്‍ മതി.

ഈ കുറിപ്പ് അനൂപ് മേനോന്‍ വായിക്കണം. തിരക്കഥ എന്ന സിനിമയ്ക്കു ശേഷം ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞിരുന്നു, ‘ഈ ചിത്രത്തിലെ നായകന്‍ ഞാനാണെന്ന്’. എന്തുകൊണ്ട് താങ്കള്‍ അങ്ങനെ പറഞ്ഞതെന്നും പിന്നീട് രഞ്ജിത്ത് എന്താണു താങ്കളോടു പറഞ്ഞതെന്നും അറിയാന്‍ കഴിഞ്ഞൊരാളാണ് അംബുജാക്ഷന്‍. അന്നേ താങ്കളുടെ കഴിവുകളുടെ കൂട്ടത്തില്‍ ഞാന്‍ എന്ന ഭാവം ക്ലാവുപിടിച്ചു കിടക്കുന്നത് കണ്ടതുമാണ്. പക്ഷേ എല്ലാവരും ഒരുപോലെയല്ല അനൂപ്. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും താങ്കളുടെ നന്മയ്ക്കായി ഓള്‍ ദി ബെസ്റ്റ് പറയാന്‍ മടിയില്ലാത്ത വിനയനെ പോലുള്ളവരും ഇവിടെയുണ്ട്. വിനയന്റെ വാക്കുകള്‍ കടമെടുത്ത് അംബുജാക്ഷനും പറയുന്നു; ഓള്‍ ദി ബെസ്റ്റ് അനൂപ് മേനോന്‍…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍