UPDATES

സിനിമ

ചാലക്കുടി അനുസ്മരണം; മണി പൊറുക്കില്ല ഈ മര്യാദകേട്

Avatar

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയെ ഇനിയും ഒരു വാര്‍ത്തയാക്കണമെന്ന് ആഗ്രഹിച്ചതല്ല. നിര്‍ഭാഗ്യവശാല്‍ അതൊന്നു ലംഘിക്കേണ്ടി വരുന്നു. ഇന്നലെ ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കലാഭവന്‍ മണി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മണിയുടെ സഹപ്രവര്‍ത്തകരായ തമിഴിലെയും മലയാളത്തിലെയും താരങ്ങള്‍, ജനപ്രതിനിധികള്‍, മണിയെ ഏറെ സ്‌നേഹിച്ച നാട്ടുകാര്‍ എന്നിങ്ങനെ സ്‌കൂള്‍ ഗ്രൗണ്ട് നിറഞ്ഞു നിന്ന ജനങ്ങള്‍ക്കിടയില്‍ മണി ഒരിക്കല്‍ കൂടി എല്ലാവരുടെയും കണ്ണു നിറച്ചു. ഇന്നത്തെ മാധ്യമവാര്‍ത്തകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും കണ്ണീരണിഞ്ഞ താരങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും വന്നു. അവ ഇപ്പോഴും വാര്‍ത്തകളായി പറന്നു നടക്കുന്നുമുണ്ട്.

ഈ വാര്‍ത്തകള്‍ വായിച്ചതിനു പിന്നാലെയാണ് സംവിധായകന്‍ വിനയന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുന്നത്. മണി ചില ജീവിതാനുഭവങ്ങള്‍ തന്നോട് പങ്കുവച്ചതിന്റെ ഓര്‍മകള്‍ നിറയുന്ന ആ കുറിപ്പിന്റെ അവസാനം ഇന്നലെ ചാലക്കുടിയില്‍ നടന്ന മണി അനുസ്മരണത്തെക്കുറിച്ചും വിനയന്‍ പരാമര്‍ശിക്കുന്നുണ്ട്. തൃപ്പൂണിത്തുറയില്‍ നടന്ന കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ സംബന്ധിക്കവെ ഒരു സുഹൃത്താണ് തന്നോട് ചാലക്കുടിയിലെ ചടങ്ങിനെക്കുറിച്ച് പറയുന്നതെന്നും എന്തുകൊണ്ടു പോയില്ല എന്ന ചോദ്യത്തിന് തന്നോട് അതേക്കുറിച്ച് ആരും പറഞ്ഞില്ല എന്നുമാണ് വിനയന്‍ എഴുതിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ വിനയന്‍ കള്ളത്തരം പറയുന്നതാണെന്നു കരുതാന്‍ വയ്യ. മലയാള സിനിമ ലോകത്ത് നിന്നും വിനയന്‍ നേരിടുന്ന അവഗണനകളില്‍ കുറെയൊക്കെ സത്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. വിനയന്‍ വന്നാല്‍ വരാതിരിക്കുന്നവര്‍ പലരാണ്. വിനയനെ മനഃപൂര്‍വം ഒഴിവാക്കിയെന്നല്ല, വിനയന്‍ എന്നൊരാളെക്കുറിച്ച് സംഘാടകര്‍ ഓര്‍ത്തുപോലും കാണില്ല.

പാമ്പിന്റെ പക സൂക്ഷിക്കുന്ന പലരും സിനിമയില്‍ ഇന്നും സജീവമാണ്.

ചാലക്കുടിയിലെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി നടത്തിയ അനുസ്മരണത്തില്‍ പറയുന്നുണ്ട്, ഇവിടെ കൂടിയിരിക്കുന്ന ജനം താരങ്ങളെ കാണാനോ കലാസന്ധ്യ ആസ്വദിക്കാനോ വന്നവരല്ലെന്ന്. ശരിയാണ്. ആ വന്നവരെല്ലാം മണിയെ സ്‌നേഹിക്കുന്നവരായിരുന്നു. മമ്മൂട്ടി പറഞ്ഞപോലെ ഞങ്ങളുടെ മണിയെക്കുറിച്ച് മണിയുടെ സഹപ്രവര്‍ത്തകര്‍ എന്തു പറയുന്നൂവെന്ന് കേള്‍ക്കാന്‍ വന്നവരായിരുന്നു. പലരും പലതും പറഞ്ഞപ്പോള്‍ അവിടെ കൂടിയവരുടെയെല്ലാം കണ്ണും മനസും പിടഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുടെ വാക്ക് ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ഇന്നലെയവിടെ വന്നവരെല്ലാം, അത് താരമാകട്ടെ, രാഷ്ട്രീയക്കാരനാകട്ടെ, സാധരണക്കാരനാകട്ടെ; എല്ലാവരും മണിയുടെ സ്‌നേഹം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുഭവിച്ചവരാണ്, മണിയുടെ നന്മ തിരിച്ചറിഞ്ഞവരാണ്, മണിയിലെ അഭിനേതാവിനെയും നടനെയും തിരിച്ചറിഞ്ഞവരാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ആ ചടങ്ങിലേക്ക് സംവിധായകന്‍ വിനയന് ക്ഷണമുണ്ടായില്ല.

കലാഭവന്‍ മണി എന്ന അഭിനേതാവിന്റെ സിനിമാജീവിതത്തില്‍ ഏറ്റവും ആദ്യം അടയാളപ്പെടുത്തേണ്ട ഒരാള്‍ തന്നെയാണ് വിനയന്‍. ഒരു കോമേഡിയന്‍ ആയി മണി ശ്രദ്ധിക്കപ്പെടുന്നത് വിനയന്‍ ചിത്രങ്ങളിലൂടെയാണ്. കല്യാണ സൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, മായപ്പൊന്മാന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ മണിയെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ഏറെ സഹായിച്ച ചിത്രങ്ങളാണ്.

ഇതിനു പിന്നാലെയാണ് മണിയെ ഒരു അഭിനേതാവ് എന്ന നിലയില്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയ വാസന്തിയും ലക്ഷമിയും ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ വരുന്നത്. വിനയന്‍ എന്ന സംവിധായകനെ ആരോഗ്യകരമായി വിമര്‍ശിക്കാന്‍ ഏറെ കാരണങ്ങളുണ്ടെങ്കിലും മലയാളത്തില്‍ പുതുമുഖങ്ങളെ പിന്തുണച്ച ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പ്രശംസിക്കേണ്ടതാണ്. ആ പിന്തുണയാണ് മണിക്കും കിട്ടിയത്.

തന്നെ എന്തുകൊണ്ട് ചാലക്കുടിയിലെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്നതിന് വിനയന്‍ പറയുന്ന കാരണം മലയാള സിനിമയിലെ കാപട്യക്കാരുടെ കളിയാണതെന്നാണ്. മണിയുടെ പേരില്‍ ഇപ്പോള്‍ കരഞ്ഞവരെല്ലാം ഒരുകാലത്ത് മണിയെ കാതങ്ങളകലെ മാറ്റി നിര്‍ത്തിയിരുന്നവരാണെന്നു വിനയന്‍ പറയുന്നു.

ഒരുപക്ഷേ ഇത്തരമൊരു ആക്ഷേപം വിനയന്റെ വ്യക്തിവൈരാഗ്യമാണെന്നു പറയാം. മലയാള സിനിമയെ അടുത്തറിയുന്നവരില്‍ എത്രപേര്‍ക്കു വിനയനോട് വിയോജിക്കാന്‍ കഴിയും? എന്തിലും ഏതിലും ജാതിയും മതവും കൊണ്ടുവരുന്നൂവെന്ന് പറയാം, പക്ഷേ അങ്ങനെ പറയേണ്ടി വരുന്നത് ഈ ഘടകങ്ങള്‍ വാസ്തവമായി എവിടെയും നിലനില്‍ക്കുന്നൂ എന്നതുകൊണ്ടാണ്? ജാതി, നിറം, ഗണം ഇവയൊക്കെ ഒരാളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ തന്നെയാണ് ഇന്നും മലയാള സിനിമയില്‍. മണി ജാതിക്കളിക്ക് ഇരയായിട്ടുണ്ടെന്ന് ഉറച്ചു പറയാത്തത് അതിനൊത്ത തെളിവില്ലാത്തതുകൊണ്ടാണ്. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല എന്നും പറയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മലയാള സിനിമയല്ലേ…ദളിതനും സവര്‍ണ്ണനുമൊക്കെ അവിടെ വ്യക്തമായി വരച്ചിടപ്പെട്ടിട്ടുണ്ട്. നായകന്‍ കറുത്തതാണെങ്കിലും നായരാണെങ്കില്‍ കുഴപ്പമില്ല, പക്ഷേ നടിക്കാനറിയുന്നവനാണെങ്കിലും അവന്‍ കീഴ്ജാതിക്കാരനാണെങ്കില്‍ അവന്റെ തൊലിക്കറുപ്പ് ബാധ്യതയായി പറഞ്ഞ് പിന്മാറുന്ന നായികമാര്‍ മണിയെ വേദനിപ്പിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സംവിധായകനും നിര്‍മാതാവുമൊക്കെ ആരുടെ കൂടെ നില്‍ക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ അവിടെയെല്ലാം വിനയന്‍ അയാളുടെ ചങ്കൂറ്റം കാണിച്ചിട്ടുണ്ട്. വിനയന്റെ ആ ചങ്കൂറ്റം തന്നെയാണ് മണിക്ക് സിനിമയില്‍ വലിയ രണ്ടു ബ്രേക്കുകള്‍ നല്‍കിയതും. മണിയുടെ കഴിവിനെ ചൂഷണം ചെയ്ത സംവിധായകര്‍ പിന്നെയുമുണ്ട്. പക്ഷേ അവരുടെയെല്ലാം പരീക്ഷണം വിനയന്‍ പരുവപ്പെടുത്തിയെടുത്തൊരു മണിയുടെ മേലായിരുന്നു. ജന്മസിദ്ധമായ കഴിവുകൊണ്ട് മണി തനിക്കു കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കുകയും തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി മാറുകയും ചെയ്തു.

ജീവിതത്തിന്റെ ദുഃഖങ്ങളും സന്തോഷങ്ങളും ഓര്‍മയില്‍ സൂക്ഷിക്കുകയും അവ കലര്‍പ്പും മറവും ഇല്ലാതെ ആരോടും എവിടെയും പറയാറുമുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരനായിരുന്നു മണി. വന്നവഴിയും കൈപിടിച്ചു തന്നവരെയും ഒരുകാലത്തും അദ്ദേഹം മറന്നുമില്ല. വിനയനെയും. വിനയന്‍ ഇല്ലായിരുന്നെങ്കില്‍ മണിയെന്ന നടന്‍ ഉണ്ടാകുമായിരുന്നില്ല എന്നൊന്നും അവകാശം പറയുന്നില്ല. പക്ഷേ ഇന്നു നമുക്കെല്ലാം ഇത്രയേറ പ്രിയപ്പെട്ടൊരു മണിയാകാന്‍ വിനയന്‍ വലിയൊരു കാരണമായിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

കണ്ടും കേട്ടും പറഞ്ഞുമൊക്കെ മാത്രം പരിചയമുള്ള സംവിധായകന്‍ രവി (കീര്‍ത്തിചക്ര സംവിധായകന്‍) യടക്കം എത്രയോപേര്‍ക്ക് കാര്‍മല്‍ സ്‌കൂളിലെ ഗ്രൗണ്ടില്‍ ഒരുക്കിയ വേദിയില്‍ കസേര ഇട്ടപ്പോള്‍ മണിയെ കുറിച്ച് ഏറെ പറയാനുണ്ടായിരുന്ന വിനയനെ ഒഴിവാക്കിയത് മറ്റാരെയും വേദനിപ്പിച്ചില്ലെങ്കിലും മണിയുടെ ആത്മാവ് നൊമ്പരപ്പെട്ടു കാണും. അതു മനസിലാക്കാനുള്ള വിവേകം ഒരു താരരാജാവിനും ഉണ്ടായില്ലല്ലോ. താരങ്ങളായിട്ടല്ല കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിട്ടാണ് തങ്ങളെല്ലാവരും വന്നെന്നു പറയുന്നവര്‍ക്ക് വിനയന്‍ എന്ന പേര്‍ സംഘാടകര്‍ മറന്നതാണെങ്കില്‍ അവരെ ഒന്നോര്‍മിപ്പിക്കായിരുന്നില്ലേ. അതൊരു മര്യാദയാകുമായിരുന്നു, മണിയോട് ചെയ്യുന്ന മര്യാദ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍