UPDATES

താരമേധാവിത്വത്തിനെതിരേ ഞാന്‍ പോരാടിയിട്ടുണ്ട്; അതിനി കര്‍ഷകര്‍ക്ക് ഗുണം കിട്ടാനും നടത്തും- വിനയന്‍

വൈദ്യുതി വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥനായി മാത്രം തീരേണ്ട ഞാന്‍ സിനിമ സംവിധായകനായി ജീവിതത്തില്‍ ഇത്രയും പോരാട്ടം നടത്തേണ്ടി വരുമെന്ന് ആരെങ്കിലും കരുതിയോ? അതുപോലെയാണ് ഈ സ്ഥാനലബ്ധിയും. കഴിവതും ആത്മാര്‍ഥതയോടെ കാര്യങ്ങള്‍ ചെയ്യും. എന്നെങ്കിലും എനിക്ക് പറ്റുന്നതല്ല ഈ തൊഴില്‍ എന്ന് ബോധ്യപ്പെട്ടാല്‍ അന്ന് തന്നെ എല്ലാവരേയും അറിയിച്ച് കൊണ്ട് സലാം പറഞ്ഞ് പോവും

സിനിമ സംവിധായകന്‍ വിനയന്റെ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ നിയമനത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളാണ് ആദ്യം ഉയര്‍ന്നത്. ഹോര്‍ട്ടികോര്‍പ്പ് പോലൊരു സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു സിനിമ സംവിധായകനെ കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നും ഇല്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. വിനയന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതലയേല്‍ക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് അത്രകണ്ട് ആശാവഹമായ കാര്യമല്ലെന്ന് പലയിടങ്ങളില്‍ നിന്നും അഭിപ്രായങ്ങളുയര്‍ന്ന സാഹചര്യത്തില്‍ തന്നെയാണ് നിയുക്ത ഹോര്‍ട്ടി കോര്‍പ്പ് എം ഡിയോട് ആലപ്പുഴ കഞ്ഞിക്കുഴിയിലെ ജൈവ കര്‍ഷകനായ ജ്യോതിഷ് ചില കാര്യങ്ങള്‍ അഴിമുഖത്തിലൂടെ പങ്കുവച്ചത്. (നിയുക്ത ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയനോട് ഒരു ജൈവകര്‍ഷകന് പറയാനുള്ളത്) ജ്യോതിഷിന്റെ ആവശ്യങ്ങളോടും തനിക്കെതിരെ ഉയരുന്ന സംശയങ്ങള്‍ക്കും ഉള്ള മറുപടി വിനയന്‍ അഴിമുഖം പ്രതിനിധി കെ.ആര്‍ ധന്യയോട് പങ്കുവയ്ക്കുന്നു.

‘കഞ്ഞിക്കുഴിയിലെ ജൈവകര്‍ഷകനായ ജ്യോതിഷിന്റെ ആശങ്കകള്‍ ഞാന്‍ മുഖവിലക്കെടുക്കുന്നു. അദ്ദേഹത്തെപ്പോലെ ആത്മാര്‍ഥതയുള്ള കര്‍ഷകരെയാണ് കേരളത്തിനാവശ്യം. അദ്ദേഹം ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി 101 ശതമാനവും ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും എന്ന ഉറപ്പ് ഞാന്‍ നല്‍കുന്നു.

സിനിമാ സംവിധായകനായ എനിക്ക് കൃഷിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന കേരള സമൂഹത്തിന്റെ ആശങ്കകളും ഞാന്‍ മനസ്സിലാക്കുന്നു. മടവീണാല്‍ നഷ്ടവും കാലാവസ്ഥ അനുകൂലമായാല്‍ നൂറ് മേനി വിളവും എന്ന് മനസ്സിലാവുന്നയാളാണ് ഞാന്‍. കുട്ടനാട്ടിലെ സാധാരണ കര്‍ഷക കുടുംബത്തിലെ കര്‍ഷകന്റെ മകന്‍. ഇപ്പോഴും കുട്ടനാട്ടില്‍ കൃഷിയുണ്ട്. ഞാന്‍ നേരിട്ട് ചെയ്യുന്നില്ലെന്നേയുള്ളൂ. ബന്ധുക്കളാണു കൃഷി നടത്തുന്നത്.

വൈദ്യുതി വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥനായി മാത്രം തീരേണ്ട ഞാന്‍ സിനിമ സംവിധായകനായി ജീവിതത്തില്‍ ഇത്രയും പോരാട്ടം നടത്തേണ്ടി വരുമെന്ന് ആരെങ്കിലും കരുതിയോ? അതുപോലെയാണ് ഈ സ്ഥാനലബ്ധിയും. കഴിവതും ആത്മാര്‍ഥതയോടെ കാര്യങ്ങള്‍ ചെയ്യും. എന്നെങ്കിലും എനിക്ക് പറ്റുന്നതല്ല ഈ തൊഴില്‍ എന്ന് ബോധ്യപ്പെട്ടാല്‍ അന്ന് തന്നെ എല്ലാവരേയും അറിയിച്ച് കൊണ്ട് സലാം പറഞ്ഞ് പോവും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹോര്‍ട്ടികോര്‍പ്പിന് ധാരാളം ഫണ്ടുണ്ട്. എന്നാല്‍ അത് കര്‍ഷകരിലേക്ക് എത്തുന്നില്ല. ഫണ്ടിന്റെ ശരിയായ രീതിയിലുള്ള വിനിയോഗവും നടക്കുന്നില്ല. ഇക്കാര്യത്തില്‍ മാറ്റം വരണം. ക്രിസ്മസ് കഴിഞ്ഞാല്‍ ഞാന്‍ ചുമതലയേല്‍ക്കും. അതുകഴിഞ്ഞാല്‍ ആദ്യം ചെയ്യുന്നത് ജ്യോതിഷിനെപ്പോലുള്ള കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ച് മുന്നോട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യലാണ്. ഇടനിലക്കാരാണ് കാര്‍ഷിക മേഖലയുടെ ശാപം. ഇടനിലക്കാരുടെ ചൂഷണം മൂലം കര്‍ഷകര്‍ക്ക് കൃഷിയുടെ ഗുണം കിട്ടുന്നില്ല. ഉദ്യോഗസ്ഥ വൃന്ദത്തില്‍ തന്നെ ഇടനിലക്കാരുണ്ടെന്ന സൂചനകള്‍ ചില നിക്ഷ്പക്ഷമതികള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. നിലനില്‍ക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തില്‍ നിന്നുകൊണ്ട് വിനയന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്നവരുമുണ്ട്. അഴിമതി നടത്തുന്നു, കമ്മീഷന്‍ വാങ്ങുന്നു എന്ന് പറയുന്നത് വെറുതെയാണ്. സാഹചര്യങ്ങള്‍ അതിന് വഴിവക്കുന്നതുകൊണ്ട് ആ വഴിക്ക് വീണു പോവുന്നവരാണ് പല ഉദ്യോഗസ്ഥരും. ആ സാഹചര്യം ഇല്ലാതാക്കിയാല്‍ പിന്നെ അഴിമതിയും ചൂഷണവും ഉണ്ടാവില്ല. അത്തരത്തില്‍ പരസ്പര ധാരണയും അവബോധവും ഉണ്ടാക്കിക്കൊണ്ടാവും എന്റെ പ്രവര്‍ത്തനങ്ങള്‍.

farmers

അഴിമതിയില്ലാതെ കര്‍ഷകര്‍ക്ക് അവന്റെ കൃഷിയുടെ ഗുണം കിട്ടാനായി ഞാന്‍ യത്‌നിക്കും. സിനിമയില്‍ തന്നെ താരമേധാവിത്തത്തിനെതിരേ പോരാടിയതു കൊണ്ടാണ് വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമ ചെയ്തിരുന്ന അവസ്ഥയില്‍ നിന്ന് ഒരു സിനിമ പോലും ചെയ്യാത്ത സ്ഥിതിയിലേക്ക് വന്നത്. ഒരു കഥ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്ന് പറഞ്ഞ് പല സൂപ്പര്‍ താരങ്ങളും ഇടനിലക്കാരെ വിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷെ അങ്ങനെ ഒരു സിനിമ ചെയ്താല്‍ എനിക്ക് ഉറക്കം വരില്ല. എന്റെ നിലപാടുകള്‍ക്ക് വേണ്ടി പോരാടാന്‍ തന്നെയാണ് തീരുമാനം. ഹോര്‍ട്ടികോര്‍പ്പില്‍ ചുമതലയേറ്റാലും അങ്ങനെ തന്നെയായിരിക്കും. നിലപാടുകളിലുറച്ച് ശക്തമായ പ്രവര്‍ത്തനം തന്നെ കാഴ്ചവയ്ക്കും. അതില്‍ മലയാളികള്‍ക്ക് ഒരു സംശയവും വേണ്ട.

വിഷലിപ്തമല്ലാത്ത പച്ചക്കറിക്കായി സത്യസന്ധവും നിക്ഷ്പക്ഷവുമായ നീക്കമുണ്ടാവും. വീട്ടമ്മമാരെയടക്കം ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിച്ചുവിടാന്‍ സാധിച്ചെങ്കിലും അക്കാര്യത്തില്‍ ഒരു ഫോളോ-അപ്പ് ഉണ്ടായിട്ടില്ല. ജ്യോതിഷിനെ പോലെ വലിയ തോതില്‍ കൃഷി ചെയ്യുന്നവരെ മാത്രമല്ല,  മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവരെപ്പോലെയുള്ളവരെയും വികസനത്തിന്റെ ഭാഗമാക്കണം. എങ്കിലേ നമ്മള്‍ ഉദ്ദേശിച്ച വിപ്ലവം സാധ്യമാവൂ. ചെറിയ തോതില്‍ കൃഷി ചെയ്യുന്ന വീട്ടമ്മയുടെ തോട്ടത്തില്‍ 100 പാവയ്ക്ക കൂടുതല്‍ വിളഞ്ഞാല്‍ അത് നല്ല കാര്യമല്ലേ.

അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുന്നവരുടെ പച്ചക്കറി ഇപ്പോള്‍ അയല്‍ക്കാര്‍ക്ക് മാത്രമാണ് പ്രയോജനപ്പെടുന്നത്. ഇതില്‍ നിന്ന് മാറി നാട്ടുകാര്‍ക്ക് മുഴുവന്‍ വിഷമില്ലാത്ത പച്ചക്കറി ലഭിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. 10 രൂപയെങ്കിലും കൂടുതല്‍ നല്‍കി ചെറുകിട, വന്‍കിട കര്‍ഷകരുടെ കൃഷി ലാഭകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അതിനായി ഇവരുടെ പച്ചക്കറി ശേഖരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമുള്ള കോള്‍ഡ് സ്‌റ്റോറേജുകള്‍ പലയിടത്തും ആരംഭിക്കണമെന്നുള്ള ആലോചനയുണ്ട്. ഹോര്‍ട്ടികോര്‍പ്പില്‍ സ്റ്റാഫിന്റെ പഞ്ഞമില്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം ജീവനക്കാരുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി പച്ചക്കറി ശേഖരണം, സൂക്ഷിക്കല്‍, വില്‍പ്പന എന്നിവ നടത്താമെന്നാണ് കരുതുന്നത്. ഇതിനൊപ്പം കൃത്യമായ ഫോളോ-അപ്പ് നടത്താനും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ജീവനക്കാരെ ഉപയോഗിക്കാം.

ശക്തമായ പരിശോധനയാണ് ആവശ്യമായ മറ്റൊന്ന്. ജൈവപച്ചക്കറി എന്നു പറഞ്ഞു പല കടകളില്‍ നിന്ന് ലഭിക്കുന്നതും നമ്മുടെ വീട്ടില്‍ കൊണ്ടുവരുന്നതും പൂര്‍ണമായും ജൈവമല്ല. വിഷമില്ലാത്ത പച്ചക്കറിയാണോ വില്‍പ്പനയ്‌ക്കെത്തിയതെന്ന് പരിശോധിക്കാനുള്ള ലാബുകള്‍ കേരളത്തില്‍ തുടങ്ങണം. പലയിടത്തായി മൂന്നോ നാലോ ലാബുകള്‍ തുടങ്ങിയാലേ വേണ്ട ഫലം ലഭിക്കൂ. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഭാഗ്യവശാല്‍ ഇച്ഛാശക്തിയുള്ള കൃഷിമന്ത്രിയെയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. അതിനാല്‍ ഇതെല്ലാം നടക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

മറ്റൊരു ചിന്തകൂടിയുണ്ട്. കേരളത്തിന്റെ കാലാവസ്ഥ മാറിയിരിക്കുന്നു. മഴ കുറവും വെയില്‍ കൂടുതലുമെന്ന അന്യസംസ്ഥാനങ്ങളിലെ പോലത്തെ കാലാവസ്ഥയായിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തി പൂകൃഷി തുടങ്ങിയാല്‍ വിജയ സാധ്യതയുണ്ട്. കര്‍ഷകര്‍ക്ക് വന്‍തോതില്‍ സാമ്പത്തിക മെച്ചം കിട്ടുന്നതാണ് പൂകൃഷി. എന്നാല്‍ അതിന്റെ വിപണന സാധ്യത പലര്‍ക്കും അറിയില്ല. വീടുകളില്‍ പോലും ഓര്‍ക്കിഡ് അടക്കമുള്ള പൂക്കള്‍ കൃഷി ചെയ്ത്, അത് ശേഖരിക്കാനും കയറ്റുമതി ചെയ്യാനുള്ള സംവിധാനമുണ്ടാക്കിയാല്‍ ഗുണം ചെയ്യും. കര്‍ഷകന് ലാഭം ഉണ്ടാക്കിയാല്‍ മാത്രമേ വിപ്ലവകരമായ മാറ്റം സംഭവിക്കുകയുള്ളൂ.

കര്‍ഷകന് ഒരുപക്ഷേ ഒരു സുപ്രഭാതത്തില്‍ സിനിമ സംവിധായകനാവാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷെ കുട്ടിക്കാലത്ത് കാര്‍ഷികാനുഭവങ്ങള്‍ ഉള്ള ഒരു സിനിമാ സംവിധായകന് വീണ്ടും കൃഷിക്കാരനാവാന്‍ സാധിക്കും. നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരുമായി ചേര്‍ന്ന് നല്ല കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ’.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍