UPDATES

നിയുക്ത ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയനോട് ഒരു ജൈവകര്‍ഷകന് പറയാനുള്ളത്

കടത്തില്‍ നിന്നു കടത്തിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിലെ ജൈവ കര്‍ഷകരെ ഹോര്‍ട്ടി കോര്‍പ്പിന് രക്ഷിക്കാന്‍ കഴിയും; കഞ്ഞിക്കുഴിയിലെ ജൈവ കര്‍ഷകന്‍ ജ്യോതിഷ് പറയുന്നു

രാഷ്ട്രീയ വീതംവയ്പ്പുകളുടെ ഭാഗമായി കോര്‍പ്പറേഷനുകളുടെ തലപ്പത്തെത്തുന്നവര്‍ പലപ്പോഴും അതാത് കോര്‍പ്പറേഷനുകളെക്കുറിച്ച് അടിസ്ഥാന വിവരം പോലുമുള്ളവരല്ലെന്ന ആക്ഷേപം എന്നും ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പ്പ് എം.ഡി സ്ഥാനത്തേക്ക് ചലച്ചിത്ര സംവിധായകന്‍ വിനയനെ അവരോധിച്ചത് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്. കൃഷിയെക്കുറിച്ചോ കാര്‍ഷിക വ്യവഹാരങ്ങളെക്കുറിച്ചോ ധാരണയില്ലാത്തയാള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ കാര്യവാഹിയാവുന്നത് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന വിമര്‍ശനങ്ങള്‍ പലയിടത്തു നിന്നും ഉയരുന്നു. ജൈവപച്ചക്കറിയുടെ ആവശ്യകത, ഉത്പാദനം എന്നിവയെക്കുറിച്ച് ഇരുത്തി ചിന്തിയ്ക്കാന്‍ തുടങ്ങിയ മലയാളിയുടെ ഈ ആശങ്കയെ തള്ളിക്കളയാവുന്നതുമല്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജൈവപച്ചക്കറി ഗ്രാമമെന്ന് അറിയപ്പെടുന്ന കഞ്ഞിക്കുഴിയിലെ ജൈവകര്‍ഷകനായ ജ്യോതിഷിന് ഹോര്‍ട്ടികോര്‍പ്പ് എം.ഡിയായി ചുമതലയേറ്റ വിനയനോട് ചിലത് പറയാനുണ്ട്.

വിനയന്‍ കഴിവ് തെളിയിച്ച ചലച്ചിത്ര സംവിധായകനാണ്. അതേ കഴിവും മികവും ഹോര്‍ട്ടി കോര്‍പ്പ് എം.ഡിയായിരിക്കുന്ന കാലത്തും വെളിപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ജൈവകര്‍ഷകര്‍ കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ജൈവകൃഷി ചെലവേറിയതാണെന്നതുപോലെ തന്നെ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനവും കുറവാണ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ വലിയ വിളവ് സാധ്യമാവുമ്പോള്‍ ജൈവകൃഷിക്കാരന് കൃഷിയുമായി മുന്നോട്ട് പോവാന്‍ തന്നെ ബുദ്ധിമുട്ടാണ്.

എന്റെ അഞ്ച് ഏക്കറില്‍ കൃഷി ചെയ്യുന്ന വിളകള്‍ എറണാകുളത്തെ ഒരു കച്ചവട സ്ഥാപനം നേരിട്ട് വന്ന് എടുക്കുകയാണ്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലെ നഗര പ്രദേശങ്ങളില്‍ ജൈവപച്ചക്കറിക്ക് ഡിമാന്‍ഡ് കൂടുതലാണ്. എന്നാല്‍ ഈ ഡിമാന്‍ഡിനനുസരിച്ച് നല്‍കാന്‍ കര്‍ഷകരുടെ കയ്യില്‍ പച്ചക്കറികളില്ല. അതിന് കാരണം ജൈവകര്‍ഷകര്‍ക്ക് അതിന് വേണ്ട പ്രോത്സാഹനമോ വേണ്ട സഹായമോ ലഭിക്കാത്തതാണ്. ഈ സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പ്പിന് ചിലത് ചെയ്യാനുള്ളത്. ഹോര്‍ട്ടികോര്‍പ്പ് സ്വന്തമായി ജൈവ പച്ചക്കറികള്‍ ലഭിക്കുന്ന സ്റ്റാളുകള്‍ തുടങ്ങണം. നിലവില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളില്‍ നിന്ന് ലഭിക്കുന്നത് വിഷമടിച്ച പച്ചക്കറികള്‍ തന്നെയാണ്. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി നിന്നുകൊണ്ട് ഇതിന് കമ്മീഷനും സ്വന്തമാക്കുന്നു. ഇതില്‍ മാറ്റമുണ്ടാകണം.

എനിക്ക് ഇപ്പോള്‍ 36 വയസ്സായി. 10 വര്‍ഷമായി കൃഷി ചെയ്യുന്നു. മറ്റ് തൊഴിലുകള്‍ ചെയ്താല്‍ ഇതിലും സുന്ദരമായി ജീവിക്കാമെന്ന് അറിയാഞ്ഞിട്ടല്ല വീണ്ടും കൃഷി തന്നെ തുടരുന്നത്. ജൈവ പച്ചക്കറി കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴിയില്‍ ജൈവ പച്ചക്കറിയെന്ന് പറഞ്ഞ് വില്‍ക്കുന്ന പലതും രാസവളമിട്ട് ഉത്പാദിപ്പിച്ചതാണ്. ലാഭം നോക്കി കര്‍ഷകര്‍ പോകുമ്പോള്‍ സംഭവിക്കുന്നതാണിത്. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ ആദ്യം ജൈവ പച്ചക്കറിയ്ക്ക് സര്‍ക്കാര്‍ തറവില പ്രഖ്യാപിക്കണം. അത് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ് മുന്‍കയ്യെടുക്കണം. ജൈവകൃഷി നടത്തുന്നവരില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് നേരിട്ടെത്തി വിളകള്‍ സംഭരിക്കുകയും അത് മാര്‍ക്കറ്റ് ചെയ്യുകയും വേണം. എല്ലാ പ്രദേശത്തും എല്ലാവര്‍ക്കും കിട്ടത്തക്ക രീതിയില്‍ സ്റ്റാളുകള്‍ ആരംഭിച്ച് വില്‍പ്പന നടത്തണം.

ഇപ്പോള്‍ ജൈവ പച്ചക്കറിയും അല്ലാത്തതും തമ്മില്‍ മനസ്സിലാക്കാന്‍ ഒരു വഴിയുമില്ല. നിമിഷ നേരം കൊണ്ട് പച്ചക്കറി ജൈവമാണോ രാസവളമുപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ എന്ന് മനസ്സിലാക്കാന്‍ മറ്റ് രാജ്യങ്ങളെ പിന്തുടര്‍ന്ന് കൊണ്ടുള്ള സംവിധാനം ഉണ്ടാക്കണം. നിലവില്‍ ജൈവപച്ചക്കറിയാണോ എന്ന് അറിയണമെങ്കില്‍ ലാബിലെ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണം. രണ്ടാഴ്ചയാണ് ഇതിനുള്ള സമയം. ഈ സൗകര്യം അപര്യാപ്തമാണ്.

ഇത്തരത്തില്‍ ഒരു സംവിധാനം കൊണ്ടുവന്നാല്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരും. അതിനൊപ്പം കൂടുതല്‍ യുവതീയുവാക്കള്‍ ജൈവകൃഷി ചെയ്യാന്‍ തയ്യാറായി വരികയും ചെയ്യും. എന്റെ കയ്യില്‍ നിന്ന് വെണ്ട വാങ്ങുന്നത് 40 രൂപയ്ക്കാണ്. ഇത് സ്വകാര്യ വില്‍പ്പന ശാലകളില്‍ എത്തുമ്പോള്‍ വില 70-ഉും 80-ഉും രൂപയാവും. ഹോര്‍ട്ടി കോര്‍പ്പ് സ്വന്തമായി വില്‍പ്പനശാല തുറന്ന് കര്‍ഷകന്റെ കയ്യില്‍ നിന്ന് 40 രൂപയ്ക്ക് വാങ്ങുന്ന വിള 60 രൂപയ്ക്ക് വിറ്റാലും ജനത്തിന് അത് ലാഭകരമായിരിക്കും. ലാഭം ട്രാന്‍സ്‌പോര്‍ട്ടേഷനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനും ഉപയോഗിക്കാം.

ജ്യോതിഷ് ഡോ. ടി എം തോമസ് ഐസക്കിനൊപ്പം
ജ്യോതിഷ്, ഡോ. ടി എം തോമസ് ഐസക്കിനൊപ്പം

വിനയന്‍ കര്‍ഷകരിലേക്കിറങ്ങി കാര്യങ്ങള്‍ പഠിച്ച ശേഷം തീരുമാനങ്ങളെടുക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അപേക്ഷ. കര്‍ഷകന് ഉത്പാദനത്തിനനുസരിച്ച് സഹായം നല്‍കാനും ശ്രമിക്കണം. അഞ്ച് ഏക്കറില്‍ കൃഷി ചെയ്യുന്നയാള്‍ക്കും അഞ്ച് സെന്റില്‍ കൃഷി ചെയ്യുന്നയാള്‍ക്കും സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ഒരു പോലെയാകരുത്. ഇതിന് കൃത്യമായ മാനദണ്ഡം കൊണ്ടുവരണം.

മായം ചേര്‍ത്ത പച്ചക്കറികള്‍ നിരോധിക്കണം. വസ്ത്രത്തിലും വീട് പണിയുന്നതിലുമെല്ലാം ആഡംബരം കാണിക്കുന്ന മലയാളി വിഷമില്ലാത്ത ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പിന്നോട്ടാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മനോഭാവത്തിന് വലിയ തോതില്‍ മാറ്റമുണ്ടായിട്ടുണ്ട്. പക്ഷെ ഈ മാറ്റം കര്‍ഷകരിലേക്കെത്തണമെങ്കില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

ഹോര്‍ട്ടി കോര്‍പ്പ് ഞങ്ങളുടെ പച്ചക്കറി എടുക്കുകയാണെങ്കില്‍ തന്നെ കൃത്യസമയത്ത് പ്രതിഫലം കിട്ടാത്ത അവസ്ഥയുണ്ട്. ജൈവ പച്ചക്കറികള്‍ക്കായി കേരളത്തില്‍ മുഴുവന്‍ ആവശ്യമുയരുന്നുണ്ട്. ഇതിന് നല്ല ഉത്പാദനം വേണം. കര്‍ഷകരും വേണം. അതിനായുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തണം.

താങ്കള്‍ കാര്‍ഷിക കാര്യങ്ങളില്‍ അജ്ഞനാണെന്ന വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ വിലകൊടുക്കുന്നില്ല. ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിച്ചാല്‍ താങ്കള്‍ക്കും പലതും ചെയ്യാനാവുമെന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്.

(തയ്യാറാക്കിയത് കെആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍