UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ അസംബന്ധങ്ങള്‍ മടുത്ത വിനോദ് മേത്ത അരങ്ങൊഴിഞ്ഞു

Avatar

ടീം അഴിമുഖം

ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ തുനിഞ്ഞാല്‍, ദീര്‍ഘകാലം രോഗത്തോട് മല്ലടിച്ച ശേഷം ഒടുവില്‍ ഞായറാഴ്ച മരണത്തിന് കീഴടങ്ങിയ വിനോദ് മേത്തയ്ക്ക് പരാതി ഉണ്ടാവില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 72 വയസായിരുന്നു.

ഇന്ത്യന്‍ ആധുനിക ജീവിതത്തിന്റെ നിരവധി പ്രവണതകളെ സ്വാംശീകരിച്ചിരുന്ന മേത്തയുടെ പിന്‍മടക്കം വളരെ പ്രതീകാത്മകമാണ്. സ്വന്തം പ്രവര്‍ത്തന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്ന നമ്മുടെ അച്ചടി മാധ്യമ രംഗത്തെ കുലപതികളായ എഡിറ്റര്‍മാരില്‍ ഒരു പക്ഷെ അവസാനത്തെ ആളായിരുന്നിരിക്കണം അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രലോഭനങ്ങളില്‍ അദ്ദേഹം വശംവദനായില്ല എന്ന് മാത്രമല്ല തന്റെ മനസിലുള്ളത് തുറന്നുപറയാന്‍ മടിച്ചതുമില്ല. ഇത്തരം ഗുണഗണങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും, ഇന്ത്യ അസംബന്ധ നാടകങ്ങളുടെ വേദിയാകുകയും ചെയ്യുമ്പോഴാണ് അദ്ദേഹം രംഗമൊഴിയുന്നത്.

ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ പിമ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോ അല്ലെങ്കില്‍ തന്റെ ചുറ്റുമുള്ള ലോകത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത വെറും നിര്‍മ്മാണ സഹായികളായവരോ ആയ നിരവധി പേരെ നിങ്ങള്‍ക്ക് എഡിറ്റര്‍ എന്ന പേരിട്ട് വിളിക്കാം. ഈ രണ്ട് കൂട്ടത്തിലും ഉള്‍പ്പെടുന്ന ആളായിരുന്നില്ല മേത്ത.

നമ്മുടെ കുലപതികളായ എഡിറ്റര്‍മാരില്‍, തന്റെ കൗശലകരമായ നര്‍മവുമായി ടെലിവിഷന്റെ പ്രലോഭനങ്ങളില്‍ ഇടംപിടിച്ച ഏക ആളും മേഹ്ത ആയിരിക്കും. അതുകൊണ്ടു തന്നെ ഒരു ഗ്ലാസ് വിസ്‌കി തന്റെ തൊട്ടടുത്ത് വച്ചുകൊണ്ട് അദ്ദേഹം പലപ്പോഴും ടൈംസ് നൗവില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ മുതലാളിമാര്‍ക്ക് കൂടുതല്‍ ടെലിവിഷന്‍ റേറ്റിംഗ് നേടിക്കൊടുക്കുന്നതിനായി അവതാരകര്‍ നടത്തുന്ന ഒരു വിനോദ പരിപാടി മാത്രമാണ് ടെലിവിഷന്‍ ചര്‍ച്ചകള്‍ എന്ന ഉത്തമ ബോധ്യത്തോടെ തന്നെ തന്റെ ഭാഗം അദ്ദേഹം അഭിനയിച്ചു. വരുമാനം മാത്രമാണ് ഏക ലക്ഷ്യം എന്നറിഞ്ഞുകൊണ്ട് തന്നെ ആ തമാശയില്‍ അദ്ദേഹം പൂര്‍ണമനസോടെ പങ്കെടുത്തു.

മാധ്യമ പ്രവര്‍ത്തനത്തോടുള്ള മേത്തയുടെ ആ സമീപനമാണ്, ആ കോമാളിത്ത സമീപനമാണ്, നമ്മള്‍ക്ക് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും. ഇടയ്ക്കിടെ ഉണ്ടാകുന്ന ഈ ഗൗരവമില്ലായ്മ, അദ്ദേഹത്തിന്റെ തൊഴില്‍ കാലത്ത് ഉടനീളം ചില മണ്ടത്തരങ്ങള്‍ക്ക് വഴി വച്ചു. പലരും അതിനെ അദ്ദേഹത്തിന്റെ വിലയിരുത്തലിലുള്ള പിഴവായാണ് വ്യാഖ്യാനിച്ചത്. പക്ഷെ അത് അദ്ദേഹത്തിന്റെ കോമാളിത്ത സമീപനത്തിന്റെ ഫലമായിരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്.

അദ്ദേഹം ഇന്‍ഡിപെഡന്റ് പത്രത്തിന്റെ എഡിറ്ററായിരുന്ന 1989 ലാണ് ഇതില്‍ ആദ്യത്തേത് സംഭവിച്ചത്. പത്രം തുടങ്ങിയതിന്റെ 29-ാം ദിവസം, മഹാരാഷ്ട്രയിലെ കരുത്തനായിരുന്ന വൈ ബി ചവാന്‍ അമേരിക്കന്‍ ചാരനാണ് എന്ന് ആരോപിക്കുന്ന ഒരു മുഖ്യ വാര്‍ത്ത അദ്ദേഹം പ്രസിദ്ധീകരിച്ചു. റോയുടെ ഏതോ നിഗൂഢ റിപ്പോര്‍ട്ടായിരുന്നു വാര്‍ത്തയ്ക്ക് ആധാരം. എന്നാല്‍ ആ അടിസ്ഥാനമില്ലാത്ത വാര്‍ത്തയ്ക്ക് ശേഷം മേത്തയുടെ ഇന്‍ഡിപെന്‍ഡന്റിന് വലിയ ആയുസുണ്ടായിരുന്നില്ല.

അത്തരം തെറ്റായ ഒരു വിലയിരുത്തല്‍ അദ്ദേഹം പിന്നീടും നടത്തി. ഫ്രാന്‍സില്‍ നിന്നും നാവിക സേനയ്ക്കായി വാങ്ങിയ സ്‌കോര്‍പെനസ് അന്തര്‍വാഹിനികളുടെ ഇടപാടില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്നരോപിച്ച് അദ്ദേഹത്തിന്റെ ഔട്ട്‌ലുക്ക് മാസിക നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞു. പക്ഷെ അപ്പോഴേക്കും, ഇന്ത്യ കണ്ട ഏറ്റവും മികച്ച നാവിക മേധാവികളില്‍ ഒരാളായ അഡ്മിറല്‍ അരുണ്‍ പ്രകാശിന്റെ പ്രതിഛായ തകര്‍ന്ന് തരിപ്പണമായിരുന്നു. രേഖകള്‍ പ്രഥമ പരിശോധനയില്‍ തന്നെ അതിലെ തെളിവുകളുടെ വ്യാജ സ്വഭാവം വ്യക്തമാകുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

അത്തരം അബദ്ധങ്ങള്‍ക്ക് ആ കോമാളിത്ത സമീപനത്തെ മാത്രം കുറ്റപ്പെടുത്തുന്നത് പൂര്‍ണമായും ശരിയാണോ എന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ തന്റെ റിപ്പോര്‍ട്ടര്‍മാരെ അദ്ദേഹം പൂര്‍ണമായും വിശ്വസിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ആ റിപ്പോര്‍ട്ടര്‍മാരില്‍ പലരും അദ്ദേഹത്തിന്റെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയും ചെയ്തു.

പക്ഷെ, ഒടുവില്‍ അത്തരം അബദ്ധങ്ങളുടെ പേരിലാവില്ല മേത്ത ഓര്‍മിക്കപ്പെടുക. മറിച്ച്, എഡിറ്റര്‍ പദവിയുടെ മൂല്യങ്ങള്‍ തന്റെ അവസാന ദിവസങ്ങള്‍ വരെ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലായിരിക്കും. അദ്ദേഹത്തിന്റെ സമകാലീകരില്‍ പലരും സ്ഥാപനങ്ങളുടെ വളര്‍ത്ത് പട്ടികളായി മാറിയപ്പോഴാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മറ്റ് ചിലരാവട്ടെ വെറും വില്‍പന ചരക്കുകളായി അധഃപതിക്കുകയും ചെയ്തിരുന്നു.

1970ല്‍ ബോംബെയില്‍ സോഫ്റ്റ്-പോണ്‍ മാസികയായ ഡെബണെയറിന് തുടക്കും കുറിച്ച അദ്ദേഹം, പിന്നീട് സണ്‍ഡേ ഒബ്സര്‍വറും ഔട്ട്‌ലുക്കും അടക്കം നിരവധി പ്രസിദ്ധീകരണങ്ങളുടെ കാര്‍മികനായി.

അദ്ദേഹത്തിന്റ ഔദ്ധ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത്, ടിവി സംവാദങ്ങള്‍ക്കായി മേത്ത ധാരാളം സമയം മാറ്റി വച്ചു. ഇതില്‍ കൂടുതലും ടൈംസ് നൗവിന്റെ അര്‍ണാബ് ഗോസ്വാമിയോടൊപ്പമായിരുന്നു. അത്തരം ചര്‍ച്ചകളോട് ഒട്ടും ബഹുമാനമില്ലതെ ഇരുന്ന അദ്ദേഹം വാസ്തവത്തില്‍ അവയൊന്നും ഗൗരവമായി എടുത്തതുമില്ല. അത്തരം ചര്‍ച്ചകള്‍ കൊണ്ടു വന്ന ചില്ലറ പ്രശസ്തികളില്‍ അദ്ദേഹം ആനന്ദിച്ചിരുന്നിരിക്കാം. പക്ഷെ ടെലിവിഷന്‍ വാര്‍ത്ത എന്ന അസംബന്ധ നാടകത്തില്‍ അദ്ദേഹം വളരെ താല്‍പര്യത്തോടെ അഭിനയിച്ചു.

ഒട്ടും ബഹുമാനിതനല്ലാത്ത ഒരു എഡിറ്ററായിരുന്നു അദ്ദേഹം എന്നതിനോടൊപ്പം തന്നെ, പൂര്‍ണ സ്വാതന്ത്ര്യം, പാകിസ്ഥാനുമായുള്ള സമാധാനം, തെരുവ് പട്ടികളുടെ അവകാശങ്ങള്‍ എന്നിങ്ങനെ തന്റെ മനസിലുള്ളത് തുറന്ന് പറയാനുള്ള ആര്‍ജ്ജവം എന്നിവ കാത്തുസൂക്ഷിച്ച ഒരു സ്വതന്ത്ര ചിന്തകന്‍ കൂടിയായിരുന്നു മേത്ത. ഇന്ത്യന്‍ സമൂഹത്തില്‍ വളരെ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ചരക്കുകളാണ് ഇവയെല്ലാം.

പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനേക്കാള്‍ സൗകര്യം അവ നിരോധിക്കുന്നതാണെന്ന് ഇന്ത്യ കണ്ടെത്തിയിരിക്കുന്നു. ഡോക്യുമെന്ററികള്‍, ബീഫ് തുടങ്ങി വളരെ രുചികരമോ അല്ലെങ്കില്‍ അസൗകര്യപ്രദമായതോ ആയ സര്‍വതും നമ്മള്‍ നിരോധിക്കുന്നു. ഒരു പക്ഷെ ഈ വിഡ്ഢിത്തം നിറഞ്ഞ ഇന്ത്യന്‍ തമാശ മടുത്തത് കൊണ്ടാവാം അദ്ദേഹം അരങ്ങൊഴിയാന്‍ തീരുമാനിച്ചത്.

പ്രിയ വിനോദ് മേത്ത, അങ്ങ് ശാന്തിയില്‍ വസിയ്ക്ക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍