സ്പെക്ട്രം അഴിമതി ഇടപാടുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുകൊണ്ടുവരികയും അതിലൂടെ രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത ഉദ്യോഗസ്ഥനാണ് വിനോദ് റായ്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഭരണസമിതിയെ ഒന്നടങ്കം ഉടര്‍ച്ചു വാര്‍ത്ത് സുപ്രിംകോടതി ഉത്തരവ്. കേന്ദ്രകായിക വകുപ്പ് സെക്രട്ടറിയെ ഭരണസമിതിയില്‍ അംഗമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ അപേക്ഷ പോലും തള്ളിയ കോടതി അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ മുന്‍ കണ്ട്രോളര് ഓഫ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ ഇടക്കാല അധ്യക്ഷനായി നിയമിച്ചു.
ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന്ദ്ര ഗുഹ, മുന്‍ വനിത ടെസ്റ്റ് ടീം അംഗം ഡയാന എഡുള്‍ജി, ഐഡിഎഫ്സി എംഡി വിക്രം ലിമായെ എന്നിവരെ ഭരണ സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വിക്രം ലിമായെ, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവര്‍ ഐസിസി പ്രതിനിധികളാകും.
ലോധ കമ്മിഷന് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടക്കാല ഭരണ സമിതിയിലേക്ക് പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനും ബിസിസിഐയ്ക്കും സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. മന്ത്രിമാരും മുന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ബിസിസിഐ അംഗത്വം വഹിക്കുന്നതിനെതിരെ മുമ്പ് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പ് സെക്രട്ടറിയെ ഭരണസമിതി അംഗമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ തള്ളിയത്.
അതേസമയം ബിസിസിഐ സമര്‍പ്പിച്ച ഒമ്പത് പേരുകളും സുപ്രിംകോടതി തള്ളി. ബിസിസിഐയുമായോ ഏതെങ്കിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായോ ഒരു ബന്ധവുമില്ലാത്തവരാണ് ഇടക്കാല പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമെന്നത് ശ്രദ്ധേയമാണ്.
സ്പെക്ട്രം അഴിമതി ഇടപാടുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുകൊണ്ടുവരികയും അതിലൂടെ രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത ഉദ്യോഗസ്ഥനാണ് വിനോദ് റായ്. ലക്നൗ സ്വദേശിയായ ഇദ്ദേഹം 1972ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.