UPDATES

വിദേശം

അമേരിക്കയില്‍ കുടിയേറ്റ തടവുകാര്‍ക്ക് നിര്‍ബന്ധിത തൊഴില്‍; അടിമത്ത വിരുദ്ധ നിയമത്തിന്റെ ലംഘനം

ആയിരക്കണക്കിന് കുടിയേറ്റക്കാരെ ദിവസം ഒരു ഡോളര്‍ നിരക്കില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചിച്ചു എന്ന കേസില്‍ നിയമയുദ്ധം; 60000 പേര്‍ കേസില്‍ കക്ഷികളാകുന്നു

ക്രിസ്റ്റീന്‍ ഫിലിപ്സ്

യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് തടവിലാക്കിയിരുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ ദിവസം ഒരു ഡോളര്‍ നിരക്കില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇത് യുഎസ് അടിമത്ത വിരുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും ഒരു കോടതിവ്യവഹാരത്തില്‍ ആരോപിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തടവറ കമ്പനികളില്‍ ഒന്നിനെതിരെ 2014ല്‍ സമര്‍പ്പിക്കപ്പെട്ട അന്യായത്തില്‍ ഈ കഴിഞ്ഞ ദിവസം ഒരു ഫെഡറല്‍ ജഡ്ജി വിധി പറഞ്ഞതോടെ അതിന് ക്ലാസ്-ആക്ഷന്‍ സ്റ്റാറ്റസ് ലഭിച്ചു. അതായത് കേസില്‍ കക്ഷികളായി ചേരുന്നവരെയെല്ലാം അതിന് അനുവദിക്കുന്നതാണ് ക്ലാസ് ആക്ഷന്‍ സ്റ്റാറ്റസ്. ഇത് പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന ഏകദേശം 60,000 ത്തോളം കുടിയേറ്റക്കാര്‍ കേസില്‍ കക്ഷികളാകും.

ഒരു യുഎസ് സ്വകാര്യ തടവറ കമ്പനിക്കെതിരെ ക്ലാസ് ആക്ഷന്‍ അന്യായവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കപ്പെടുന്നത് ഇതാദ്യമാണ്.

‘ഇതൊരു വലിയ സംഭവമാണ്; ഒരു സര്‍ക്കാര്‍ കരാറുകാരന്‍ നിര്‍ബന്ധിതമായി ആളുകളെ തൊഴില്‍ എടുപ്പിക്കുന്നു എന്ന് സമ്മതിക്കുന്നതാണിത്,’ എന്ന് രേഖപ്പെടുത്താത്ത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള കൂലി കുറഞ്ഞ തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കോളറാഡോ ആസ്ഥാനമായുള്ള ഒരു ലാഭേതര സംഘടനയായ ടുവേഡ്‌സ് ജസ്റ്റിസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിന ഡിസാല്‍വോ ചൂണ്ടിക്കാട്ടുന്നു. ‘രാജ്യത്തും ലോകത്തെമ്പാടുമായി ചിതറിക്കിടക്കുന്ന ഇത്തരം പീഢിതരായ വ്യക്തികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നതിനുള്ള ഏക സംവിധാനമാണ് ഇത്തരം കേസുകള്‍ ക്ലാസ് സ്റ്റാറ്റസ് ആയി പരിഗണിക്കുന്നത്.’

ഐസിഇയുമായുള്ള കരാര്‍ പ്രകാരം ജിഇഒ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോളറാഡോയിലെ ഔറോറയില്‍ സ്ഥിതിചെയ്യുന്ന 1500 കിടക്ക സൗകര്യങ്ങളുള്ള ദ ഡെനവര്‍ കോണ്‍ട്രാക്ട് ഡിറ്റന്‍ഷന്‍ ഫെസിലിറ്റി എന്ന സ്ഥാപനമാണ് ഇപ്പോള്‍ വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്. കോടതി വിചാരണകളില്‍ തങ്ങളുടെ ഊഴം കാത്തിരിക്കുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഫ്‌ളോറിഡ ആസ്ഥാനമായുള്ള കോര്‍പ്പറേഷന്‍ ഒരുക്കുന്നത്.

ഒമ്പത് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ജിഇഒ ഗ്രൂപ്പിനെതിരെ നല്‍കിയിരിക്കുന്ന ആദ്യത്തെ കേസില്‍ അഞ്ച് ദശലക്ഷം ഡോളറിന് മേലാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന് ക്ലാസ്-ആക്ഷന്‍ സ്റ്റാറ്റസ് ലഭിക്കുന്നതോടെ നഷ്ടപരിഹാരം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നത്.

പരാതിക്കാരെന്ന നിലയില്‍ കേസ് നടപടികളില്‍ സജീവമായി പങ്കെടുക്കാതെ തന്നെ ഔറോറ തടവറ സംവിധാത്തില്‍ നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ 60,000 തടവുകാര്‍ കേസിന്റെ ഭാഗമാകുമെന്നാണ് യുഎസ് ജില്ല ജഡ്ജി ജോണ്‍ കെയ്‌നിന്റെ ക്ലാസ്-ആക്ഷന്‍ ഉത്തരവിന്റെ അര്‍ത്ഥമെന്ന് പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ ആന്‍ഡ്ര്യൂ ഫ്രീ പറഞ്ഞു.

കേസിലെ പ്രധാന പരാതിക്കാരന്‍ യുഎസിലെ സ്ഥിരതാമസക്കാരനാണെന്നും ‘അത് കേസിന്റെ ക്ലാസിന്റെ വകുപ്പുകള്‍ക്ക് അനുയുക്തമായിരിക്കും എന്നാണ്,’ അഭിഭാഷകര്‍ കരുതുന്നതെന്നും ഫ്രീ പറഞ്ഞു.

ഐസിഇ സംവിധാനം തടവുകാരെ വേതനമില്ലാതെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതിന് തയ്യാറാവാത്തവരെ ഏകാന്ത തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഒമ്പത് ആദ്യ പരാതിക്കാര്‍ പറയുന്നു.

പ്രത്യേകിച്ചും, ദിവസം ഏതെങ്കിലും ആറ് തടവുകാരെ തിരഞ്ഞെടുക്കുകയും കേന്ദ്രത്തിന്റെ താമസ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് പരാതിയില്‍ പറയുന്നു. ആധുനിക കാലത്ത് അടിമത്തം നിരോധിക്കുന്ന യുഎസ് ട്രാഫിക്കിംഗ് വിക്റ്റിംസ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ ലംഘനമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

‘നിയമത്തിന്റെ പ്രത്യക്ഷമായ ലംഘനമാണ് നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്നത്. അതാണ് ഞങ്ങള്‍ ആരോപിക്കുന്നത്,’ എന്ന് ഫ്രീ ചൂണ്ടിക്കാണിച്ചു. ‘നിങ്ങള്‍ അതിനെ നിര്‍ബന്ധിത തൊഴില്‍ എന്നോ അടിമത്തമെന്നോ വിശേഷിപ്പിച്ചാലും പരാതിക്കാരുടെ യഥാര്‍ത്ഥ്യത്തില്‍ അത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ല. അധികാരത്തിന്റെ ഭീഷണി അല്ലെങ്കില്‍ നിര്‍ബന്ധം ഉപയോഗിച്ച് നിങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി ജോലി ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ചെയ്യുന്നത്.’

മണിക്കൂറില്‍ ഒമ്പത് ഡോളര്‍ കുറഞ്ഞ വേതനമാണ് എന്ന കോളറാഡോ സംസ്ഥാനത്തിന്റെ കുറഞ്ഞ വേതനം സംബന്ധിച്ച നിയമം ലംഘിക്കുകയാണ് പ്രതിദിനം ഒരു ഡോളര്‍ വേതനം തടവുകാര്‍ക്ക് നല്‍കുന്നതിലൂടെ ജിഇഒ ഗ്രൂപ്പ് ചെയ്യുന്നത് എന്ന ആരോപണവും നിലവിലുണ്ട്. തടവുകാരെ കുറഞ്ഞ വേതനത്തിന് പണിയെടുപ്പിച്ചുകൊണ്ട് കമ്പനി ‘അന്യായമായി സമ്പന്നരായിരിക്കുകയാണ്,’ എന്ന് പരാതിയില്‍ പറയുന്നു.

പരാതിക്കാരായ ഒമ്പത് പേരില്‍ ആരും ഇപ്പോള്‍ കേന്ദ്രത്തില്‍ തടവിലില്ലെന്നും ഡിസാല്‍വോ വെളിപ്പെടുത്തി.

രേഖകളില്ലാത്ത രണ്ടു മുതല്‍ മൂന്ന് ദശലക്ഷം വരെ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് പ്രസിഡന്റ് ട്ര്ംപിന്റെ പ്രതിജ്ഞ ചൂണ്ടിക്കാട്ടിക്കൊണ്ട് കോളാറാഡോ ജില്ല കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ കെയ്‌നിന്റെ വിധി വന്നിരിക്കുന്നത് നിര്‍ണായക സമയത്താണെന്ന് ഡിസാല്‍വോ പറഞ്ഞു. വന്‍തോതില്‍ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനുമുള്ള ട്രംപിന്റെ കടുത്ത നടപടിയിലൂടെ സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്ന സ്വകാര്യ തടവറ കമ്പനികള്‍ വന്‍ നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍ അധികമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

‘അവരെ പുറത്താക്കുന്നതിന് മുമ്പ് അവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അര്‍ഹതയുണ്ടോ എന്ന് വിലയിരുത്തുന്നതിനായി കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അതിന്റെ അര്‍ത്ഥം,’ എന്ന് ഡിസാല്‍വോ പറയുന്നു. ‘ഔറാറ കേന്ദ്രത്തിലേക്ക് മാത്രമല്ല മറ്റ് കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ആളുകള്‍ അയയ്ക്കപ്പെടും. ജിഇഒയുടെ നിര്‍ബന്ധിത തൊഴിലെടുപ്പിക്കല്‍ നയത്തിന് കൂടുതല്‍ ആളുകള്‍ ഇരയാവുകയും ചെയ്യും.’

അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് തടവറ കമ്പനികളായ ജിയോ ഗ്രൂപ്പിന്റെയും കോര്‍സിവിക്കിന്റെയും (കറക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്ക എന്ന് നേരത്തെ അറിയപ്പെട്ടിരുന്നത്) ഓഹരി വിലകള്‍ ട്രംപിന്റെ തിരഞ്ഞെടുപ്പിന് ശേഷം വര്‍ദ്ധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ സത്യപ്രതിജ്ഞ ആഘോഷങ്ങള്‍ക്കായി ഇരു കമ്പനികളും ചേര്‍ന്ന് 500,000 ഡോളര്‍ സംഭാവന ചെയ്തതായി യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് അധികാരത്തിലെത്തിയതോടെ, രാജ്യത്തെ സ്വകാര്യ തടവറകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു.

വ്യവഹാരത്തില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ച ജിഇഒ ഗ്രൂപ്പ്, പ്രതിദിനം ഒരു ഡോളറിന് ജോലി ചെയ്യിപ്പിക്കുന്നത് ഒരു നിയമത്തിന്റെ ലംഘനമല്ലെന്ന് കോടതിയില്‍ വാദിച്ചു.

‘ഇത്തരം അവകാശവാദങ്ങളില്‍ നിന്നും കമ്പനിയെ ഊര്‍ജ്ജസ്വലമായി പ്രതിരോധിക്കുന്നത് തുടരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ എന്ന് ജിഇഒ ഗ്രൂപ്പ് വക്താവ് പാബ്ലോ പയസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘കുടിയേറ്റ പാര്‍പ്പിട കേന്ദ്രങ്ങളിലുള്ള സന്നദ്ധ പ്രവര്‍ത്തനപദ്ധതിയും പദ്ധതിയുമായി ബന്ധപ്പെട്ട വേതനനിരക്കും അനുബന്ധ സൗകര്യങ്ങളും നിശ്ചയിക്കുന്നത് ഫെഡറല്‍ സര്‍ക്കാരാണ്. സുരക്ഷ, ഉത്തരവാദിത്വം, മാനുഷികമായ പാര്‍പ്പിട പരിസ്ഥിതി എന്നവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ദേശീയ നിലവാരങ്ങള്‍ക്ക് തുല്യമായ ഉയര്‍ന്ന തരത്തിലുള്ളതാണെന്ന് മാത്രല്ല ഔറോറയും മറ്റ് കേന്ദ്രങ്ങളും ഉയര്‍ന്ന നിലവാരമുള്ളതായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.’

‘ഐസിഇ കേസില്‍ ഒരു പ്രത്യേക കക്ഷി അല്ലാത്തതിനാല്‍,’ വ്യവഹാരത്തോട് പ്രതികരിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ഐസിഇയുടെ താല്‍ക്കാലിക പ്രസ് സെക്രട്ടറി ജന്നിഫര്‍ ഡി എല്‍സ്യ പറഞ്ഞു.

ഐസിഇയുടെ സന്നദ്ധ തൊഴില്‍ പരിപാടി പ്രകാരം പ്രതിദിനം ഒരു ഡോളര്‍ നിരക്കില്‍ തൊഴിലെടുക്കാന്‍ തടവുകാര്‍ക്ക് അവസരം നല്‍കും. ‘തടവറയില്‍ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാനും പണം നല്‍കാനും ഇത് അവസരം നല്‍കുന്നു. ലഭ്യമായ തൊഴില്‍ അവസരങ്ങളുടെയും സുരക്ഷതിത്വവും ഉത്തരവാദിത്വവും സൗകര്യങ്ങള്‍ മെച്ചമായി രീതിയിലുമായിരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇത്,’ എന്നാണ് ഈ ദേശവ്യാപക പദ്ധതിയെ കുറിച്ച് ഐസിഇ വിശദീകരിക്കുന്നത്.

കുളിമുറികള്‍, ശൗച്യാലയങ്ങള്‍, ജനാലകള്‍, രോഗികളുടെയും ജീവനക്കാരുടെയും മുറികള്‍ എന്നിവ വൃത്തിയാക്കുക, നിലം മിനുസപ്പെടുത്തുക, ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങിയ ജോലികളാണ് ഇവര്‍ക്ക് ദിവസവും ചെയ്യേണ്ടി വരുന്നത്. ദിവസം എട്ട് മണിക്കൂര്‍ വച്ച് ആഴ്ചയില്‍ നാല്‍പത് മണിക്കൂറാണ് ജോലി. ‘തടവുകാര്‍ക്ക് തൊഴിലെടുക്കണമോ എന്ന് സ്വയം തീരുമാനിക്കാമെന്നും അല്ലാത്തപക്ഷം സ്വന്തം മുറികള്‍ സുചിയാക്കുന്നതിലപ്പുറം വേറെ ജോലികള്‍ ചെയ്യേണ്ടതില്ലെന്നും,’ ഐസിഇ പറയുന്നു.

എന്നാല്‍ തൊഴില്‍ നിയമങ്ങള്‍ പ്രകാരം ഒരു സന്നദ്ധ തൊഴിലാളി എന്തായിരിക്കണം എന്ന മാനദണ്ഡങ്ങളൊന്നും ഈ പരിപാടി പൂര്‍ത്തീകരിക്കുന്നില്ലെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ ഡീപ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ക്ലിനിക് നടത്തുന്ന ജാക്വലിന്‍ സ്റ്റീവന്‍സ് പറയുന്നു.

‘ഒരു ‘തൊഴില്‍ പദ്ധതിയുടെ’ മുന്നില്‍ സന്നദ്ധ പ്രവര്‍ത്തനം എന്ന് എഴുതിവെക്കുന്നതുകൊണ്ടു മാത്രം, മുതിര്‍ന്ന പൗന്മാരെ ‘സന്നദ്ധ പ്രവര്‍ത്തകരായി’ ഉപയോഗിച്ച ശേഷം അവര്‍ക്ക് ബിഗ് മാക്‌സ് നല്‍കുന്ന മക്‌ഡൊണാള്‍ഡിന് അപ്പുറവൊന്നും നിയമപരമായ വേതനം നല്‍കുന്നതില്‍ നിന്നും തടവറ കമ്പനികളെ ഒഴിവാക്കാന്‍ സാധിക്കില്ല,’ എന്ന് നിയമവ്യവഹാരത്തിലേക്ക് നയിച്ച സന്നദ്ധപ്രവര്‍ത്തനത്തെ കുറിച്ച് ഗവേണം നടത്തിയ സ്റ്റീവന്‍സ് പറയുന്നു.

തടവുകാരെ തൊഴിലെടുപ്പിക്കുന്നതിന് രണ്ട് ഉദ്ദേശങ്ങളാണുള്ളതെന്ന് സ്റ്റീവന്‍സ് കൂട്ടിച്ചേര്‍ക്കുന്നു: ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന് ശിക്ഷപ്പെട്ട ശേഷം അവര്‍ക്കുള്ള ശിക്ഷയെന്ന നിലയിലും അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും. ഇതൊന്നും കുടിയേറ്റ തടവുകാര്‍ക്ക് ബാധകമല്ലെന്നും അവര്‍ പറഞ്ഞു.

‘അവരെ പുനരധിവസിക്കാനുള്ള പ്രത്യക്ഷ ഉദ്ദേശങ്ങളൊന്നും തന്നെയില്ല,’ സ്റ്റീവന്‍സ് ചൂണ്ടിക്കാണിക്കുന്നു. ‘അവരുടെ കുടിയേറ്റ അവസ്ഥയെ കുറിച്ച് വ്യക്തത ലഭിക്കുന്നതിനുള്ള കോടതിയുടെ ഒരു തീയതിക്ക് വേണ്ടി കാത്തിരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ചിലരെ രാജ്യത്ത് നിന്നും കയറ്റിവിടാതിരിക്കാനുള്ള സാധ്യതയുണ്ട്.’

കോടതിയിലുള്ള അവരുടെ തീയതി കാത്തിരിക്കുന്നതിനിടയില്‍ കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്നതിന് നിരവധി ബദല്‍ മാര്‍ഗ്ഗങ്ങളുണ്ടെന്ന് പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ ഫ്രീ പറയുന്നു. പരിശോധന പരിപാടികളും സാമൂഹിക മേല്‍നോട്ടവുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

‘തടങ്കലില്‍ സൂക്ഷിക്കുന്നതിനായി ഇപ്പോള്‍ ചിലവഴിക്കുന്ന തുകയുടെ പകുതി മാത്രമേ ഇത്തരം പദ്ധതികള്‍ക്ക് ചിലവാകൂ,’ എന്ന് ഫ്രീ പറഞ്ഞു. അവരെ തടവില്‍ സൂക്ഷിക്കാതിരിക്കുന്നതിലൂടെ അവര്‍ക്ക് അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും തങ്ങളുടെ കുടിയേറ്റത്തെ സംബന്ധിച്ച കോടതികളുടെ നടപടികള്‍ വീക്ഷിക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കുടിയേറ്റ കോടതികളിലെ ശരിയായ നടപടികള്‍ക്കും അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിനും നിയമപരമായ പിന്‍ബലമുള്ള കുടിയേറ്റക്കാര്‍ നീതി ലഭ്യമാകുന്നതിനും എതിരായ നയസമീപനമാണ് ലാഭത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം തടവറകളെ ആശ്രയിക്കുന്നതിലൂടെ പുറത്തുവരുന്നത്.’

കൊളറാഡോയിലെ കുറഞ്ഞ വേതനനിയമങ്ങള്‍ കുടിയേറ്റ തടവുകാര്‍ക്ക് ബാധകമല്ലെന്ന് കോടതിയില്‍ വാദിച്ചുകൊണ്ട് ഈ പരാതി തള്ളിക്കളയണം എന്ന് അഭ്യര്‍ത്ഥിച്ച് 2014ല്‍ ജിഇഒ ഗ്രൂപ്പ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

‘കുറഞ്ഞ വേതന നിയമം തടവുകാരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ക്കുള്ള ചിലവിന് തികയുന്നതും അങ്ങനെ നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നതിനും വേതനം പര്യാപ്തമാണ് എന്ന് ഉറപ്പാക്കുന്നതിനാണ് കൊളറാഡോയിലെ കുറഞ്ഞ കൂലി നിയമം നടപ്പിലാക്കിയത്,’ എന്നും സര്‍ക്കാര്‍ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അവരുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു.

തൊഴിലിനോ ലൈംഗിക തൊഴിലിനോ വേണ്ടി മനുഷ്യരെ കടുത്തുന്നത് തടയുന്നതിനാണ് മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്ന നിയമം ഉദ്ദേശിക്കുന്നത് എന്നതിനാല്‍ ആ നിയമവും ഈ കേസില്‍ ബാധകമാകില്ലെന്നും കമ്പനി വാദിച്ചു. ജിഇഒ ഗ്രൂപ്പ്, ‘തൊഴിലെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഔറോറ കേന്ദ്രത്തിലേക്ക് പരാതിക്കാരെ കടത്തിയിട്ടില്ലെന്ന്,’ അഭിഭാഷകന്‍ എഴുതി.

2015ല്‍, ഈ അപ്പീല്‍ തള്ളിക്കളയാന്‍ ഫെഡറല്‍ ജഡ്ജിയായ കെയ്ന്‍ ഭാഗികമായി വിസമ്മതിച്ചു. കൊളാറോഡോയുടെ കുറഞ്ഞ കൂലി നിയമം ഈ കേസില്‍ ബാധകമല്ലെന്ന ജിഇഒ ഗ്രൂപ്പിന്റെ വാദം അദ്ദേഹം അംഗീകരിച്ചെങ്കിലും മറ്റ് പരാതികള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം വിധിച്ചു.

‘ഏകാന്ത തടവ് എന്ന ഭീഷണിയുടെ പേരിലാണ് അവരെ ജോലി ചെയ്യാന്‍ തങ്ങള്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ പോലും അത് അനുവദിക്കണം എന്നായിരുന്നു ജിഇഒയുടെ വാദം.’ ഡിസാല്‍വോ പറയുന്നു. ‘ഇല്ല, അത് അനുവദിക്കാനാവില്ല എന്ന് ജഡ്ജി വ്യക്തമായി പറഞ്ഞു.’

സ്വകാര്യ തടവറകളുടെ ഉപയോഗം കുറച്ചുകൊണ്ടു വരികയും ആത്യന്തികമായി അവ അടച്ചുപൂട്ടുകയും ചെയ്യുക എന്ന ഒബാമ നയത്തില്‍ നിന്നും പ്രകടകമായ വ്യതിയാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടപടിയിലൂടെ സ്വകാര്യ തടവറകള്‍ കൂടുതലായി ഉപയോഗിക്കാന്‍ ജസ്റ്റിസ് വകുപ്പ്, ബ്യൂറോ ഓഫ് പ്രിസണ്‍സിന് നിര്‍ദ്ദേശം നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കേസില്‍ കെയ്ന്‍ ക്ലാസ്-ആക്ഷന്‍ സ്റ്റാറ്റസ് വിധിച്ചിരിക്കുന്നത്.

സ്വകാര്യ തടവറകള്‍ കുറച്ചുകൊണ്ടു വരികയോ അവയുടെ കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് അത് പുതുക്കി നല്‍കാതിരിക്കുകയോ ചെയ്യുക എന്ന് ബ്യൂറോ ഓഫ് പ്രിസണ്‍സിന് മുമ്പ് നല്‍കിയിരുന്ന ഉത്തരവ്, കഴിഞ്ഞ ആഴ്ച അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ഒരു ഖണ്ഡികയിലുള്ള ഉത്തരവിലൂടെ റദ്ദാക്കിയതായി വാഷ്ടിംഗ്ടണ്‍ പോസ്റ്റിന്റെ മാറ്റ് സപോടോസ്‌കി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ദീര്‍ഘനാളായി നിലനിന്നിരുന്ന നയങ്ങളും നടപടികളും മാറ്റിമറിക്കുന്നതും ഫെഡറല്‍ തിരുത്തല്‍ സംവിധാനങ്ങളുടെ ഭാവി ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബ്യൂറോയുടെ ശേഷി ദുര്‍ബലപ്പെടുത്തുന്നതുമാണ് മുന്‍ ഉത്തരവ്,’ എന്ന് സെഷന്‍സ് എഴുതി. ‘അതിനാല്‍ മുന്‍സമീപനത്തിലേക്ക് മടങ്ങിപ്പോകാന്‍ ഞാന്‍ ബ്യൂറോയോട് നിര്‍ദ്ദേശിക്കുന്നു.’

ഒബാമ സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് കുടിയേറ്റ തടവുകാര്‍ക്ക് ബാധകമാക്കിയിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍