UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം യു പിയില്‍ ആണോ?

Avatar

ടീം അഴിമുഖം

കേരളം യു പിയില്‍ ആണോ?

2016, ഫെബ്രുവരി 2: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ഷിബിന്‍ എന്ന 23 വയസുള്ള ചെറുപ്പക്കാരനെ ഒരു സംഘം മൃഗീയമായി തല്ലിക്കൊന്നു. 

2016,ജനുവരി 28: ആറ്റിങ്ങലില്‍ തന്നെ 26 വയസുള്ള സൂര്യ എസ് നായര്‍ എന്ന നഴ്‌സിനെ കാമുകന്‍ ബസ്റ്റ് സറ്റാന്‍ഡിനു സമീപം വെട്ടിക്കൊന്നു.

2016,ജനുവരി 30: കോവളത്തുവച്ച് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസനെ തല്ലി താഴെയിട്ടു.

2016 ജനുവരി 26: തൃശൂരില്‍ വീടിനകത്തു വച്ച് പതിനേഴുകാരന്‍ സ്വന്തം മുത്തശ്ശിയെ കല്ലിന് തലയ്ക്കടിച്ചു കൊലുപ്പെടുത്തി.

2016, ജനുവരി 24: ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക് മെയിലിംഗിനു ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ പൊലീസ് പിടിയില്‍.

2016,ജനുവരി 28: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ നിന്നും വഴക്കിട്ടിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചു.

2015, ഡിസംബര്‍ 12: അടൂരില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു.

ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തോന്നുന്ന ഒരു ചോദ്യമാണ് ഞങ്ങളും ചോദിക്കുന്നത്.

കേരളം ഉത്തര്‍പ്രദേശിലാണോ?

മലവിസര്‍ജനം നടത്താന്‍ വീട്ടില്‍ സൗകര്യങ്ങളില്ലാത്ത പെണ്‍കുട്ടികള്‍ ആളൊഴിഞ്ഞ ഇടങ്ങളില്‍ പോകുന്ന സമയത്തുപോലും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളാകുന്ന, നിസാര പ്രശ്‌നത്തിനുപോലും കൊന്നു തള്ളുന്ന, മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തീവച്ചു കൊല്ലുന്ന, ജോലിക്കു വരാത്തതിന് കൊച്ചുകുട്ടിയെ ക്രഷിംഗ് മെഷീനില്‍ എറിയുന്ന വാര്‍ത്തകളൊക്കെ വരുന്ന, മലയാളി പുച്ഛത്തോടെ പറയാറുള്ള അതേ ഉത്തര്‍പ്രദേശ് ഇപ്പോള്‍ കേരളത്തിലാണോ എന്നാണു ഞങ്ങള്‍ ചോദിക്കുന്നത്.

ഒരു ചെറുപ്പക്കാരനെ നടുറോഡിലിട്ട് പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കൊല്ലുന്നു, കൊച്ചുപെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിക്കുന്നു, പണം മോഷ്ടിച്ചതു കണ്ടുപിടിച്ച മുത്തശ്ശിയെ തലയ്ക്കടിച്ചു കൊല്ലുന്നു, പീഡിപ്പിച്ചശേഷം വഴിയിലുപേക്ഷിക്കുന്നു. എവിടെയാണ് നമ്മുടെ പോലീസ്?

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികവുറ്റൊരു പോലീസ് സേന നിലവിലുണ്ടായിരുന്ന കേരളമാണ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ഇന്നു മാറിയിരിക്കുന്നത്.

എന്തുപറ്റി നമ്മുടെ പൊലീസിന്?

പൊലീസിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

നമ്മുടെ സര്‍ക്കാര്‍ കുറച്ചുകാലമായി സര്‍ക്കസ് കളിച്ചുകൊണ്ടിരിക്കുകയാണ്. ബാര്‍ കോഴ, ലൈംഗികാരോപണം, അഴിമതി എന്നിങ്ങനെ കുറെ നാറിയ കഥകളിലെ വൃത്തികെട്ട കഥാപാത്രങ്ങളായി മുഖ്യമന്ത്രിയടക്കം മാറിയിരിക്കുന്ന ഒരു സംസ്ഥാനത്ത് പൊലീസ് എങ്ങനെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക? ഭരണകൂടം പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങള്‍ നടക്കുന്നില്ല. ലോ ആന്‍ഡ് ഓര്‍ഡര്‍ സംവിധാനം ആകെ തകരാറില്‍ ആയിരിക്കുന്നു.

ഹൈക്കോടതി അടക്കം അഭിനന്ദിച്ച പൊലീസ് നവീകരണചട്ടങ്ങള്‍ നമുക്ക് ഉയര്‍ന്നു വന്നതായിരുന്നു. പൊലീസിനുമേലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിച്ചു കൊണ്ട്, പ്രാദേശിക തലത്തില്‍ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചുകൊണ്ട്, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവയ്ക്കു തീര്‍പ്പുകല്‍പ്പിക്കുന്നൊരു പൊലീസ് ആയിരുന്നു നമ്മുടെ ലക്ഷ്യം. അത്തരമൊരു തലത്തിലേക്ക് മാറാതെ നില്‍ക്കുന്ന  നിയമപാലകരാണ് കേരളത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് രണ്ടാമതായി പ്രതിചേര്‍ക്കപ്പെടേണ്ടവര്‍.

ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ.

പൊലീസിനെ ഇന്നത്തെ അവസ്ഥയില്‍ നിര്‍വീര്യമാക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും ഒരു തരിപോലും മാറി നില്‍ക്കാന്‍ സാധിക്കില്ല. തങ്ങളുടെ ഏതു കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് മന്ത്രിമാരും രാഷ്ട്രീയനേതാക്കന്മാരും. ശിക്ഷിക്കപ്പെടേണ്ട കുറ്റങ്ങളായിരുന്നിട്ടുപോലും അവയില്‍ നിന്നെല്ലാം തലയൂരാന്‍ അവര്‍ പൊലീസിനെ ഉപയോഗിക്കുന്നു. ഒപ്പം നില്‍ക്കുന്നവര്‍ക്ക് പ്രത്യുപകാരം ചെയ്യുന്നു, എതിര്‍ക്കുന്നവരെ ഉപദ്രവിക്കുന്നു. സേനയില്‍ തന്നെ രണ്ടു വിഭാഗക്കാരെ സൃഷ്ടിക്കുന്നു. അവര്‍ക്കിടയില്‍ മത്സരവും വൈരാഗ്യവും ഉണ്ടാക്കുന്നു.അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് ഉന്നത സ്ഥാനങ്ങള്‍ നല്‍കുന്നു. സത്യസന്ധത കാണിക്കുന്നവരെ വേട്ടയാടുന്നു. തങ്ങള്‍ എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന ധൈര്യം ഒരു കൂട്ടര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നു, തങ്ങള്‍ എന്തു നല്ലകാര്യം ചെയ്താലും അംഗീകരിക്കപ്പെടുന്നില്ല എന്ന നിരാശ മറ്റൊരു കൂട്ടര്‍ക്ക് നല്‍കുന്നു.

സര്‍ക്കാര്‍, യൂണിഫോമിട്ട കോമാളികളാക്കി പൊലീസിനെ മാറ്റുന്നു.

പൊലീസ് സേനയിലാകട്ടെ തമ്മില്‍ തല്ലും പാരവയ്പും ആരോപണപ്രത്യാരോപണങ്ങളും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്പരം ചീത്തവിളിക്കുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലും സോഷ്യല്‍ മീഡിയയിലും സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള കുറ്റങ്ങള്‍ വിളിച്ചു പറയുന്നു. മോന്തായം വളഞ്ഞാല്‍ എല്ലാം വളഞ്ഞു എന്നു പറയുന്നതുപോലെ സര്‍ക്കാരിനൊത്ത കൂട്ടായി പൊലീസ് മാറുന്നു.

ഇങ്ങനെയൊരു അവസ്ഥയില്‍ കേരളത്തിന്റെ ക്രമസമാധാനപാലനം നടുറോഡില്‍ തല്ലിച്ചതയ്ക്കപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

പൊലീസ് നിഷ്‌ക്രിയമായാല്‍ നാട്ടില്‍ കുറ്റങ്ങള്‍ കൂടുമെന്നതിന് നാമിതുവരെ പറഞ്ഞു നടന്നിരുന്ന ഉദ്ദാഹരണങ്ങളായിരുന്നു ഉത്തര്‍ പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഇനി നമുക്ക് വടക്കോട്ടു നോക്കി നെടുവീര്‍പ്പിടേണ്ട. വിലപിക്കാനാണെങ്കിലും വിമര്‍ശിക്കാനാണെങ്കിലും സ്വന്തം നാടുണ്ട്.

ജനങ്ങള്‍ക്ക് പൊലീസിനോടുണ്ടായിരുന്ന ഭയം ഇല്ലാതായിരിക്കുകയാണ്. ജനങ്ങളിലൊരാളായി പൊലീസുകാരന്‍ മാറേണ്ടതായിരുന്നുവെങ്കിലും കുറ്റം ചെയ്യുന്നവന് ഉണ്ടായിരുന്നൊരു ഭയം, അത് നിലനില്‍ക്കേണ്ടതായിരുന്നു. ഇന്നതില്ല.

പൊലീസിനെ തല്ലിയാല്‍ കേമനായി എന്നു വിചാരിക്കുന്നിടത്തേക്ക് മലയാളിയുടെയും പൊതുബോധം എത്തിയിരിക്കുന്നു. ടി പി ശ്രീനിവാസനെപോലൊരാളെ തല്ലി താഴെയിടുമ്പോള്‍ ചുറ്റും പൊലീസ് ഉണ്ടായിരുന്നതാണ്. തല്ലാന്‍ വന്നവനില്‍ കാക്കി ഒരു ഭയവും ഉണ്ടാക്കിയില്ല.

തല്ലിയത് അംബാസിഡറെ ആണെങ്കിലും കൊന്നത് പൊലീസിനെയാണെങ്കിലും, തന്നെ അതില്‍ നിന്നെല്ലാം രക്ഷിക്കാന്‍ യജമാന്മാരായ രാഷ്ട്രീയക്കാരുണ്ടെന്ന ഹുങ്ക് ക്രിമിനലുകളില്‍ ഉണ്ടായിക്കഴിഞ്ഞു.അങ്ങനെ പൊലീസിനെ പൊലീസാല്‍ തന്നെയും രാഷ്ട്രീയക്കാരാലും നശിപ്പിച്ചിരിക്കുന്നു.

ഇവിടെയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, സംസ്ഥാന പൊലീസ് സേനയ്ക്ക് നവീകരണച്ചടങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കണം. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും സേനയെ മോചിപ്പിക്കണം. പുഴുക്കുത്തുകളായ ഉദ്യോഗസ്ഥരുടെ യൂണിഫോം ഊരിവാങ്ങണം. ജനങ്ങളെ ഭയപ്പെടുത്തുന്നവരെയും ജനങ്ങളുടെ ഭയം ഇല്ലാതാക്കാന്‍ ശ്രമിക്കാത്തവരെയും ശിക്ഷിക്കണം.

നാടിന്റെ ക്രമസമാധാന നില തകര്‍ത്തതില്‍ ഇനി മൂന്നാമതൊരു പ്രതികൂടിയുണ്ട്.

അത് ഞങ്ങളും നിങ്ങളുമൊക്കെ ഉള്‍പ്പെടുന്ന സമൂഹമാണ്.

ഇന്നലെ ആറ്റിങ്ങലില്‍ നടന്നതുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളില്‍ പ്രതികളായവരെല്ലാം 20 നും 25 നും ഇടയില്‍ മാത്രം പ്രയമുള്ളവര്‍. സ്വന്തം മുത്തശ്ശിയെ തലയ്ക്കടിച്ചു കൊന്നത് പതിനേഴു വയസുള്ള വിദ്യാര്‍ത്ഥി. ഇയാള്‍ കഞ്ചാവിന് അടിമയും കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളയാളുമായിരുന്നു. ലഹരിക്കുവേണ്ടി മോഷണം നടത്തുകയും അതു കണ്ടുപിടിച്ചപ്പോള്‍ കൊലപാതകം നടത്തുകയുമായിരുന്നു. ഫോര്‍ട്ടുകൊച്ചിയില ഹോം സ്‌റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരകളാക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെ കേസില്‍ പിടിയലായ അഞ്ചുപേരും 21 ഉം 22 ഉം വയസുള്ളവര്‍. ഇവരില്‍ ഒരാള്‍ പൊലീസുകാരന്റെ മകനുമാണ്. അടൂരില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് പീഡിപ്പിച്ചവരും 25 ല്‍ താഴെയുള്ളവര്‍. ടി പി ശ്രീനിവാസനെ തല്ലിയതും ഒരു വിദ്യാര്‍ത്ഥി, ആറ്റിങ്ങലില്‍ കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയതും 25 കാരന്‍.

ചെറുപ്രായത്തില്‍ തന്നെ കൊലപാതകികളും ക്രിമിനലുകളായി മാറുകയാണ് നമ്മുടെ കുട്ടികള്‍. അവര്‍ വേഗം ലഹരിയുടെ ലോകത്തിലേക്ക് വീണുപോകുന്നു. ഏതുവിധേനയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ചെറിയ വൈരാഗ്യത്തിനുപോലും എതിരാളിയായി കാണുന്നവനെ കൊല്ലുന്നു. അവരില്‍ നിന്നും കരുണ വറ്റിപ്പോവുകയും ഭയം ഇല്ലാതാവുകയും ചെയ്യുന്നു.

സ്വന്തം മാതാവിന്റെ നഗ്നരംഗം പകര്‍ത്തി, അതുപയോഗിച്ച് അജ്ഞാതനെന്ന വ്യാജേന പണം തട്ടിയെടുത്ത കൗമാരക്കാരന്റെ കഥയും നമ്മള്‍ കേട്ടിട്ട് കുറച്ചു നാളെ ആയുള്ളൂ. സ്വന്തം സഹോദരിയെ പീഡിപ്പിക്കാന്‍ പിതാവിനൊപ്പം കൂട്ടുചേര്‍ന്നവനും കൗമാരം വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു. ഇവരൊക്കെ തന്നെയാണ് നടുറോഡില്‍ ഇട്ട് ഒരു മനുഷ്യജീവിയെ, തല്ലിക്കൊല്ലുന്നതും. കൊല്ലാന്‍ വേണ്ടി മാത്രം കൊല്ലുന്ന മനുഷ്യവാസന അമിതമായിപ്പോയവര്‍.

വീട്ടില്‍ നിന്നും ഇഷ്ടംപോലെ പണം കിട്ടുന്ന, മാതാപിതാക്കളില്‍ നിന്നും കടുത്ത ഉപദ്രവം ഏറ്റുവാങ്ങേണ്ടി വരുന്ന, അവഗണിക്കപ്പെടുന്ന, വീടുകളില്‍ തന്നെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടു വളരേണ്ടി വരുന്ന, ചീത്തകൂട്ടുകെട്ടുകളില്‍ എത്തിപ്പെടുന്ന, രാഷ്ട്രീയക്കാരുടെ ഉപകരണമായിപ്പോകുന്ന കുട്ടികള്‍ തന്നെയാണ് നമ്മളെ ഭയപ്പെടുത്തുന്നത്.

ഇവരെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ മനസ് മരവിപ്പിക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ നാം കേള്‍ക്കേണ്ടിയും കാണേണ്ടിയും വരും. വീടുകളില്‍ നിന്ന്, മാതാപിതാക്കളില്‍ നിന്ന്, വിദ്യാലയങ്ങളില്‍ നിന്ന്, അധ്യാപകരില്‍ നിന്നെല്ലാം ഈ ശ്രമങ്ങള്‍ തുടരേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കാതെ തങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഉണ്ടാക്കിയെടുക്കാവുന്ന ടൂളുകളായി മാത്രം വിദ്യാര്‍ത്ഥികളെ കാണുന്ന സ്‌കൂള്‍/ കോളേജുകളും നാശത്തിന്റെ വിത്തുകള്‍ സമൂഹത്തില്‍ വിതയ്ക്കുന്നുണ്ട്. ഈ നിരുത്തരവാദിത്വം ഉണ്ടല്ലോ, അതാണ് ഈ നാടിനെ ഇത്രമേല്‍ നശിപ്പിക്കുന്നത്. 

നമുക്ക് സ്വയം മാറേണ്ടിയിരിക്കുന്നു.

അഴിമതിക്കാരായ ഭരണാധികാരികള്‍ മാറേണ്ടിയിരിക്കുന്നു.

കഴിവുള്ളവാരായി നമ്മുടെ പൊലീസ് മാറേണ്ടിയിരിക്കുന്നു.

കുടുംബങ്ങളും സമൂഹവും മാറേണ്ടിയിരിക്കുന്നു.

ഇല്ലെങ്കില്‍ ആദ്യം ചോദിച്ച ആ ചോദ്യമുണ്ടല്ലോ, അത് ശരിയാണെന്നു തലകുലുക്കി സമ്മതിക്കേണ്ടി വരും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍