UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മളാണ് ഒളിവറിനെ കൊന്നത്; മഥുരയില്‍ കലാപം നടത്തിയതും

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

കോംഗൊ പൌരനായ മസോണ്ട കെറ്റാഡ ഒളിവറിനെ ഡല്‍ഹിയില്‍ മെയ് 20-നു ഒരു ഓട്ടോറിക്ഷ വിളിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കല്ലെറിഞ്ഞു കൊന്ന 23-കാരനായ മോബിന്‍ ആസാദ് സൈഫിയും രണ്ടു കൂട്ടാളികളും ഇന്ത്യയില്‍ ഇപ്പോള്‍ മുഖ്യധാര വ്യവഹാരത്തിന്റെ ഭാഗമായ അക്രമവും വിദ്വേഷവും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് അവര്‍ ചെയ്തത്.

ഇന്ത്യയുടെ മുഖ്യധാര രാഷ്ട്രീയത്തിലേക്കും, സാമൂഹ്യ, മുഖ്യധാര മാധ്യമങ്ങളിലേക്കും കുടിയേറിയ വംശീയവിദ്വേഷത്തിന്റെയും, വര്‍ഗീയതയുടെയും, ജാതീയതയുടെയും, അന്യവിദ്വേഷത്തിന്റെയും ഇരകളായവരുടെ പട്ടികയിലെ അവസാന പേരോ, ഒറ്റപ്പെട്ട പേരോ അല്ല ഒളിവറിന്‍റേത്. വെറുപ്പാണ് ഈ പുതിയ ഇന്ത്യന്‍ വ്യവഹാരത്തിന്റെ കേന്ദ്രഘടകം. തരംപോലെയുള്ള മൌനമാണ് ശക്തമായ ഉപകരണം. അക്രമമാണ് ആയുധം.

അക്രമം ഇന്ത്യയില്‍ ദിനംപ്രതി നടക്കുന്നു. പുണ്യനഗരമായ മഥുരയില്‍ സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന വിചിത്രമായ ആവശ്യങ്ങളുള്ള ഒരു സംഘം ഇക്കഴിഞ്ഞ ദിവസം പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ഏതൊക്കെയോ മണ്ടന്‍ ആവശ്യങ്ങളുടെ പേരില്‍ 24 പേര്‍ കൊല്ലപ്പെട്ടു!

ഇന്ത്യ ചരിത്രപരമായി ആക്രമത്തോട് സാഹിഷ്ണുത പുലര്‍ത്തിയിരുന്നു എന്ന് പലരും പറയുന്നു. പക്ഷേ ഏത് സമൂഹമാണ് അതിന്റെ ചരിത്രത്തില്‍ അക്രമാസക്തമാകാതിരുന്നിട്ടുള്ളത്? നമ്മുടെ വര്‍ത്തമാനമാണ് നമ്മെ ആകുലപ്പെടുത്തേണ്ടത്: നീതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് കഴിയാതെ വരുന്നതും, ഭൂതകാലത്തിലെ മുറിവുകളെ വോട്ട് കിട്ടാനായി ചിക്കിച്ചിനക്കുന്ന ദുഷ്ടലാക്കുള്ള രാഷ്ട്രീയതന്ത്രവും.

അക്രമത്തെ പല വിഭാഗങ്ങളിലായി തിരിച്ചുകൊണ്ട് ദൈനംദിന അക്രമങ്ങളോട് ആധുനിക ഇന്ത്യ മുഖം പൂഴ്ത്തിയ ഒരു ഒട്ടകപ്പക്ഷി നിലപാടാണ് സ്വീകരിച്ചത്. സമഗ്രമായ ഒരു എതിര്‍പ്പ് അവയ്ക്കെതിരെ ഉയര്‍ത്തുന്നതിന് പകരം അത്തരം അക്രമങ്ങളെ പല കള്ളികളിലാക്കി നിത്യജീവിതത്തിലുള്ള ആഘാതത്തെ ചെറുതാക്കിക്കാണിക്കാനാണ് ശ്രമം നടന്നത്.

ഒലിവറിന്റെ കൊലപാതകത്തിന് അധികം ദിവസം കഴിയുന്നതിന് മുമ്പേ ഡല്‍ഹിയില്‍ അയാള്‍ കൊല്ലപ്പെട്ടിടത്തുനിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയായി മെയ് 26-നു വൈകീട്ട് അര ഡസന്‍ ആഫ്രിക്കക്കാരെ ഒരു ആള്‍ക്കൂട്ടം ആക്രമിച്ചു. ഹൈദരാബാദില്‍ നൈജീരിയക്കാരനായ കാസിമിനെ ഒരു പ്രദേശവാസി ആക്രമിച്ചു. ആഫ്രിക്കക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ പുതിയ സംഭവങ്ങളല്ല. ആഫ്രിക്കയില്‍ നിന്നും വരുന്നവര്‍ പലതരത്തിലുള്ള വംശീയ വേര്‍തിരിവുകള്‍ക്കും, പലപ്പോഴും തെരുവുകളിലെ അക്രമത്തിനും ഇന്ത്യയില്‍ മിക്കയിടത്തും വിധേയരാകുന്നു എന്നതാണു വസ്തുത.

പക്ഷേ, ആഫ്രിക്കക്കാര്‍ മാത്രമാണോ നമ്മുടെ മുന്‍വിധികളുടെയും അക്രമത്തിന്റെയും ഇരകള്‍?

രാജ്യത്തെങ്ങും വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നുള്ളവര്‍ ഈ വിദ്വേഷ പ്രചാരണത്തിന്റെ ഇരകളാണ്. 2014, ജനുവരി 29-നു അരുണാചല്‍ പ്രദേശില്‍ നിന്നുള്ള നിഡോ താന്യ എന്ന വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ ലജ്പത് നഗറില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അയാളുടെ മുടിയുടെ നിറത്തെ പ്രദേശത്തെ കച്ചവടക്കാര്‍ കളിയാക്കിയതാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. നിഡോയുടേത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നേരിടുന്ന ഒരൊറ്റപ്പെട്ട സംഭവമല്ല. ഒക്ടോബര്‍ 2014-ല്‍ കന്നഡ സംസാരിക്കാനറിയില്ല എന്നാക്ഷേപിച്ച് അവിടെ നിന്നുള്ള 3 വിദ്യാര്‍ത്ഥികളെ കര്‍ണാടകത്തില്‍ ആക്രമിച്ചു. അതേ മാസം നാഗാലാണ്ടില്‍ നിന്നുള്ള രണ്ടുപേരെ ഡല്‍ഹിയോട് ചേര്‍ന്നുള്ള ഹരിയാനയിലെ ഗുഡ്ഗാവില്‍ ഭീകരമായി മര്‍ദിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരായ ആക്രമണങ്ങള്‍ നിരന്തരമായി നടക്കുന്നുണ്ട്.

പക്ഷേ നാം ചോദിക്കേണ്ട ചോദ്യം, ഈ ആക്രമണങ്ങള്‍ കേവലം വടക്കുകിഴക്കന്‍ പ്രദേശക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും എതിരായിട്ടാണോ എന്നാണ്. 2012-14ല്‍ സ്ത്രീധനത്തിനായി കൊല്ലപ്പെട്ട 25,000 സ്ത്രീകളുടെ കാര്യമെന്താണ്? ആക്രമങ്ങളിലും ജോലിസ്ഥലത്തെയും വീട്ടിലെയുമെല്ലാം  പീഡനങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും കൊല്ലപ്പെടുന്ന നൂറുകണക്കിനു സ്ത്രീകളോ?

എന്തുകൊണ്ടാണ് സ്ത്രീകളില്‍ മാത്രമായി ചര്‍ച്ചകള്‍ ഒതുങ്ങുന്നത്? കുട്ടികളുടെ കാര്യമോ? ലോകത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്ന കുട്ടികളിലും കൌമാരക്കാരിലും 10 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കൌമാരക്കാരായ പെണ്‍കുട്ടികളില്‍ അഞ്ചില്‍ ഒരാളെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. പോഷകാഹാരക്കുറവും രോഗങ്ങളും കൊണ്ട് മരിക്കുന്ന കുട്ടികളുടെ കാര്യമോ? പെണ്‍ ഭ്രൂണഹത്യകള്‍? വരും തലമുറകളോടുള്ള വ്യവസ്ഥാപിതമായ ഹിംസ?

സമൂഹത്തെ താറുമാറാക്കുന്ന എല്ലാത്തരം ഹിംസയെക്കുറിച്ചും നാം പറഞ്ഞുകഴിഞ്ഞോ? ദളിതര്‍ക്കും താഴ്ന്ന ജാതിക്കാര്‍ എന്നാക്ഷേപിക്കപ്പെടുന്നവര്‍ക്കുമെതിരെ നടക്കുന്ന എണ്ണമറ്റ ജാതീയ അതിക്രമങ്ങള്‍? വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാര്യമോ? ഗോമാംസം വീട്ടില്‍ സൂക്ഷിച്ചു എന്നാരോപിച്ച് 2015-ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന ആല്‍ക്കൂട്ടമോ? ലത്തേഹാര്‍ ജില്ലയില്‍ ഈ മാര്‍ച്ച് മാസത്തില്‍ ഗോസംരക്ഷണ സേനക്കാര്‍ കൊന്നുകെട്ടിത്തൂക്കിയിട്ട രണ്ടു കാലിക്കച്ചവടക്കാരോ? പട്ടണങ്ങളിലും ഗ്രാമങ്ങളിലും റോന്തുചുറ്റുന്ന നിരവധി സ്വകാര്യ സേനകള്‍?

അക്രമം മുഖ്യധാര രീതിയാകുമ്പോള്‍

അക്രമം വംശീയമോ, അന്യവിദ്വേഷമോ, ജാതീയമോ, വര്‍ഗീയമോ മാത്രമാണോ? അല്ല, മിക്ക സംഘര്‍ഷവും മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ പെടുത്താമെങ്കിലും വാസ്തവത്തില്‍ രാഷ്ട്രീയമാണ്. നിലവിലെ ഭരണ സമ്പ്രദായത്തിനു ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതോ, അതവഗണിക്കുന്നതോ ആയ അക്രമാസക്തമായ ആധുനിക ഇന്ത്യന്‍ രാഷ്ട്രീയമാണ് ഈ പ്രതിസന്ധിയുടെ കേന്ദ്രം.

അക്രമത്തില്‍ കേന്ദ്രീകരിച്ചതും അതിന്റെ നേതാക്കള്‍ക്ക് നേരിട്ടു ഈ തുടര്‍ച്ചയായ സംഘര്‍ഷത്തില്‍ നിന്നും ഗുണം ലഭിക്കുന്നതുമായ പുതുതലമുറ രാഷ്ട്രീയത്തിന്റെ ഉദയമാണ് ഈ കുഴപ്പത്തിന്റെ പ്രധാന കാരണം. അവര്‍ ‘അന്യരെ’ ചൂണ്ടിക്കാണിക്കുകയും അനുയായികളെ അവര്‍ക്കുനേരെ തിരിക്കുകയും ചെയ്യുന്നു. പ്രകോപിതരായ അനുയായികള്‍ ‘അന്യന്’ നേരെ ചാടിവീഴുകയും നേതാക്കളത് നിശബ്ദമായി കണ്ടിരിക്കുകയും ചെയ്യും. ക്രമസമാധാന സംവിധാനം അതിനു കൂട്ടുനില്‍ക്കുകയും കോടതികള്‍ കുറ്റക്കാര്‍ക്കെതിരെ മെല്ലെപ്പോക്ക് തുടരുകയും ചെയ്യുമെന്ന് അവര്‍ ഉറപ്പുവരുത്തും. കുറ്റക്കാരെ, പ്രത്യേകിച്ച് ഇത്തരം അക്രമങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ രാഷ്ട്രീയ നേതാക്കളെ ശിക്ഷിക്കുന്നതില്‍ ഭരണ സംവിധാനം വരുത്തിയ തുടര്‍ച്ചയായ വീഴ്ച്ചകളുടെ ആഖ്യാനമാണ് ആധുനിക ഇന്ത്യയുടെ ചരിത്രം. ഈ വീഴ്ച്ചകള്‍ നേതാക്കളെ വീണ്ടും അക്രമാസക്തമായ ആണത്തപ്രകടനങ്ങളിലേക്കും അണികളുടെ ഉന്‍മാദത്തെ വീണ്ടും പെരുപ്പിക്കുന്നതിലേക്കും നയിക്കുന്നു.

വംശീയതയും, വര്‍ഗീയതയും അന്യവിദ്വേഷവും കൂടിക്കലര്‍ന്ന മാരകമായ മിശ്രിതത്തെ മുഖ്യധാര രാഷ്ട്രീയം ഊട്ടിവളര്‍ത്തി. അത് സമൂഹത്തില്‍ നീണ്ടനാളായി പടര്‍ന്നുകിടന്ന് അക്രമം ഒരു സാധാരണ പരിപാടിയായി നമുക്ക് തോന്നുകയും നാമതിനോട് സഹിഷ്ണുതയോടെ പൊരുത്തപ്പെടുകയും ചെയ്യുന്നു. പൊതുജനം മാത്രമല്ല, ക്രമസമാധാന സംവിധാനവും അതിനോടു സഹിഷ്ണുക്കളാണ്. ദൈനംദിനം നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ക്രമസമാധാന സംവിധാനത്തെ സമീപിക്കാന്‍ സാധാരണക്കാര്‍ക്ക് ഭയം തോന്നുന്ന തരത്തില്‍ ഹിംസാത്മകമാണ്  ഇന്ത്യയിലെ ക്രമ സമാധാന പാലന സംവിധാന ഏജന്‍സികള്‍.

ഈ അക്രമാസക്തമായ ദൈനംദിന ജീവിതം മറ്റൊരു ഉപോത്പന്നത്തെക്കൂടി സമ്മാനിച്ചിരിക്കുന്നു; അധിക്ഷേപകരമായ, അസഹിഷ്ണുത നിറഞ്ഞ, അക്രമാസക്തമായ തര്‍ക്കങ്ങള്‍ നിറഞ്ഞ ടെലിവിഷനടക്കമുള്ള മുഖ്യധാര മാധ്യമങ്ങളും, നവ സാമൂഹ്യ മാധ്യമങ്ങളും. ആരെയും എന്തും വിളിക്കാനും, ഭീഷണിപ്പെടുത്താനും സ്വീകാര്യമായ അന്തരീക്ഷം ഉണ്ടായിരിക്കുന്നു. നവസാമൂഹ്യ മാധ്യമങ്ങളും ടി വി ചാനലുകളും പലപ്പോഴും തോന്നിപ്പിക്കുന്നത് വിവരംകെട്ട സാമൂഹ്യവിരുദ്ധരാണ് ഇത് കയ്യേറിയിരിക്കുന്നത് എന്ന മട്ടിലാണ്.

രാജ്യത്തിന് ഭീഷണിയായ ഈ തിന്മയ്ക്ക്  മുഖ്യധാര രാഷ്ട്രീയത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടെന്നതാണ് ആശങ്കാജനകമായ നിര്‍ണായക വസ്തുത.

ഒരു സംശയവും വേണ്ട: നമ്മളാണ് മസോണ്ട കെറ്റാഡ ഒലിവറിനെ കൊന്നത്. നമുക്ക് ഒരു കുറ്റബോധവുമില്ലതാനും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍