UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

വി ഐ പികളെ, വിട്ടു പോയ്‌ക്കോ; ചികിത്സ ഫോറിന്‍ തന്നെ നല്ലത്

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിലെ ഒരു പ്രഭാതം. സ്ഥലം മുളങ്കുന്നത്തുകാവിലെ ഒരു കാട്. കാട്ടില്‍ ഒരു കെട്ടിടം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഒരിടമാണ് അത്.

മെഡിസിന്‍ ഡ്യൂട്ടി ഡോക്ടര്‍ കാഷ്വാലിറ്റിയില്‍ ഇരിക്കുന്നു. എം.ബി.ബി.എസ്.  കഴിഞ്ഞയുടനെയുള്ള നാലഞ്ച് ഹൗസ് സര്‍ജന്‍മാര്‍ ഓടി നടക്കുന്നുണ്ട്. രോഗികള്‍ എത്തിത്തുടങ്ങി. ഹാര്‍ട്ട് അറ്റാക്കുകള്‍, മസ്തിഷ്‌കാഘാതങ്ങള്‍,  പനി, ഛര്‍ദ്ദി, വിഷം ഉള്ളില്‍ ചെന്നത്, പാമ്പുകടികള്‍… മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് പഞ്ഞമില്ല.

ഓരോ രോഗിയേയും പരിശോധിച്ച് ചികിത്സിക്കുകയാണ് നമ്മള്‍. സംശയങ്ങള്‍ ഓടിച്ചെന്ന് ഡ്യൂട്ടി ഡോക്ടറോട് ചോദിക്കും. എല്ലാ രോഗികളെയും  ഡോക്ടര്‍ ഒരിക്കലെങ്കിലും പരിശോധിച്ചിരിക്കും.

പെട്ടെന്നാണത് സംഭവിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ആകസ്മികമാണല്ലോ. ഒരു ഫോണ്‍ കോളും പിന്നെ സര്‍വ്വത്ര ബഹളവും. അമ്പരപ്പു ഫോണ്‍വിളികള്‍, ചാട്ടം, ഓട്ടം, ഓളിയിടല്‍.

മന്ത്രി വരുന്നു. കേരളാ മന്ത്രിസഭയിലെ ഒരു പ്രധാന വകുപ്പിന്റെ മന്ത്രി തൃശ്ശൂര്‍ വഴി പോകുമ്പോള്‍ ഒരു ചെറിയ നെഞ്ചുവേദന പോലെ. ക്ഷീണവും. മെഡിക്കല്‍ കോളേജിലേക്ക് രോഗിയായാണ് മന്ത്രി എത്തുന്നത്.

ഞൊടിയിടയില്‍ യൂണിറ്റ് ചീഫ് എത്തി. വകുപ്പുമേധാവിമാര്‍ ഇരപ്പിച്ചുകൊണ്ടെത്തി. മെഡിക്കല്‍ സൂപ്രണ്ട് ഓടിപ്പാഞ്ഞാണ് എത്തിയത്. അദ്ദേഹം കിതയ്ക്കുന്നുണ്ടായിരുന്നു.

കുറേ ഉദ്യോഗസ്ഥര്‍ ബാഡ്ജുകളും കാണിച്ചു വന്നു. കളക്ടറേറ്റില്‍ നിന്നാണ്. പിന്നെ കളക്ടര്‍ തന്നെ വന്നു. ലൈറ്റുള്ള കാറിലാണ്. പോലീസുകാര്‍ കാക്കിമണികള്‍ ചിതറിയപോലെ അവിടവിടായി നിറഞ്ഞു.

കളക്ടര്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തി.

”എല്ലാം ഇന്‍സ്‌പെക്ട് ചെയ്യണം.”

കളക്ടര്‍ ബാത്ത്‌റൂമില്‍ കയറി കണ്ണോടിച്ചു. മൂക്കുവിടര്‍ത്തി മുഖം ചുളിച്ചു. എല്ലാ ബാത്ത് റൂമുകളിലും മാറിമാറി കയറി.

ടോയ്‌ലറ്റുകള്‍ ഞൊടിയിടയില്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. അതിന്റെ മേല്‍നോട്ടം ഒരു ഹൗസ് സര്‍ജനെ ഏല്‍പ്പിച്ചു.

ഐ.സി.യുവില്‍ നിന്ന് എല്ലാ രോഗികളെയും ഒഴിപ്പിച്ചു. (ആകെ നാലു ബെഡ്ഡുള്ള കുടുസ്സു മുറിയാണത്) ആകെയുള്ള രണ്ടു വെന്റിലേറ്ററുകള്‍ റെഡിയാക്കി വച്ചു. അതില്‍ കിടന്ന രോഗികളെ എങ്ങനെ മാറ്റി? അവരൊക്കെ പെട്ടെന്ന് സുഖം പ്രാപിച്ചു. വേണമെങ്കില്‍ ചക്ക മൊളഞ്ഞീനില്ലാതെയും പഴുക്കും.

താളാത്മകമായ നിലവിളി ശബ്ദവുമായി ആംബുലന്‍സ് മന്ത്രിയേയും വഹിച്ചുകൊണ്ടെത്തി. 

മന്ത്രി നേരിട്ട് ഐ.സി.യുവില്‍. ചുറ്റിനും സൂപ്രണ്ട്, വകുപ്പു മേധാവി, ഡ്യൂട്ടി ഡോക്ടര്‍, മറ്റു സാറന്മാരും ഹൗസ് സര്‍ജന്‍സും.

ഇ.സി.ജി. മെഷീനുകള്‍ അറ്റന്‍ഷനായി നിരന്നു. നഴ്‌സിംഗ് സൂപ്രണ്ടും പത്തിരുപത് നഴ്‌സുമാരും വരിവരിയായി നിന്നു. ഡ്യൂട്ടി ചെയ്യാനുള്ള  ആക്രാന്തവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും എല്ലാ കണ്ണുകളിലും തിളങ്ങി.

കാഷ്വാലിറ്റിയില്‍ മറ്റു രോഗികള്‍ വന്നുകൊണ്ടേയിരുന്നു. മന്തന്‍ തോമാ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ഒരു സഹപാഠി ഹൗസ് സര്‍ജനാണ്  ആ ദിവസം ബാക്കി എല്ലാ രോഗികളേയും നോക്കിയത്.

”മന്തൂ… അല്ല… തോമ മിടുക്കനാണ്. എല്ലാം നീ നോക്കണട്ടാ. ധൈര്യായിട്ടാ കാച്ചിക്കോ.. ചികിത്സ എന്തൂട്ട് പേടിക്കാനാണെന്ന്!” ഡ്യൂട്ടി ഡോക്ടര്‍ തോമയോട് പറഞ്ഞു.

”എനിക്കെന്തൂട്ട് പേടി. പനിക്ക് പാരസെറ്റമോള്‍, കൊരയ്ക്ക് കോറക്‌സ്. ചുമയ്ക്ക് ചുമക്‌സ്, വലിക്ക് വാലിയം. ഞാന്‍ എല്ലാം പഠിച്ചിട്ട്ണ്ട്ടാ.” തോമാ പിന്നീട് ഞങ്ങളോട് പറഞ്ഞു.

ബാക്കിയുള്ള രോഗികളെയെല്ലാം തോമയാണ് നോക്കിയത്. നല്ല നാക്കാണവന്. ബന്ധുക്കളോടൊക്കെ ഡയലോഗടിച്ച് നിര്‍ത്തിക്കോളും. 

”നല്ല സുഖാര്ന്ന്. ആരോടും ഒന്നും ചോയ്ക്കണ്ടല്ല. ഇ.സി.ജി. മെഷീന്‍ കിട്ടാനില്ല്യാ. ബ്ലഡ് വിട്ടാല്‍ മന്ത്രീടെ പരിശോധനകളാണ്. മെഷീന് ബിസീണ്ന്ന്. കൊറേ ഐ.വി. ഫ്‌ളൂയിഡോളാ പെടച്ചു. നാലഞ്ച് മരുന്നോളാ ചാമ്പി.”

പിന്നെ എക്കാലവും എന്നും സത്യമായ ആ പരമ സത്യവും തോമ കാച്ചി: ”മ്മക്ക് പറ്റണതല്ലേ സാധിക്ക്വേ?”

നാലഞ്ച് ദിവസം മന്ത്രി ഐ.സി.യുവില്‍ തങ്ങി. സാറന്‍മാര്‍ പലപ്പോഴും വാര്‍ഡില്‍ വന്നെന്നു വരുത്തി മന്ത്രിയുടടുത്തേക്ക് തിരിച്ചോടി.

ചില ഹൗസ് സര്‍ജന്‍മാര്‍ വാര്‍ഡുകളിലും ഓപികളിലുമായി ഓടിനടന്നു.

ചില രോഗികള്‍ പ്രശ്‌നമുണ്ടാക്കി. തെറി വിളിച്ചു. ചില ബന്ധുക്കള്‍ ചില്ലുകള്‍ പൊട്ടിച്ചു. നഴ്‌സുമാരെ കൈയ്യേറ്റം ചെയ്തു. പ്രാകി. ബഹളമുണ്ടാക്കി. സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ അല്ലാത്തവര്‍ തലങ്ങും വിലങ്ങും ഓടി.

ഇതൊന്നും സര്‍ക്കാര്‍ ആസ്പത്രിയില്‍ പുത്തരിയല്ലാത്തതിനാല്‍ ആരും ശ്രദ്ധിച്ചില്ല.

ആ ആഴ്ച ഇരുപത്തഞ്ചോളം മരണങ്ങളുണ്ടായെന്നും, സാധാരണ ആഴ്ചയില്‍ രണ്ടോ മൂന്നോ മരണങ്ങളുണ്ടാകാറുള്ളൂ എന്നും ഏതോ വിവരദോഷി പറഞ്ഞു. അതൊന്നും വിശ്വസനീയമല്ല. രജിസ്ട്രറൊന്നും ആരും നോക്കാറില്ല. പത്രക്കാര്‍ക്ക് ഇതൊന്നും വേണ്ട. മന്ത്രീടെ ബി.പി. കൂടിയോ? മന്ത്രീടെ സ്ഥിതി തൃപ്തികരമാണോ? മന്ത്രി ചായ കുടിച്ചോ? ഇതൊക്കെ പത്രക്കാര്‍ കാര്യമായി എഴുതി.

മന്ത്രി സുഖമായി ഡിസ്ചാര്‍ജ്ജായി. മന്ത്രി വകുപ്പുമേധാവിയെ തൊഴുതു. ഡ്യൂട്ടി ഡോക്ടറെ ആശ്ലേഷിച്ചു. നഴ്‌സുമാരെ കൈകൂപ്പി കാണിച്ചു.

”വളരെ തൃപ്തികരമായ ചികിത്സ. മ്മടെ സര്‍ക്കാരാസ്പത്രി എന്തു നല്ല ആസ്പത്രി.” മന്ത്രി പറഞ്ഞു.

ജനം കൈയ്യടിച്ചു.

വി.ഐ.പികള്‍ ഫോറിനില്‍ പോകുന്നതാണ് നല്ലത്. അവിടവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരേ ചികിത്സ തന്നെ കിട്ടും – നല്ല ചികിത്സ. നമ്മുടെ സര്‍ക്കാര്‍ വ്യവസ്ഥിതികള്‍ ആ നിലയിലാവട്ടെ. എന്നിട്ടവരെ ചികിത്സിക്കാം. പിന്നൊന്നുണ്ട്. എത്ര നല്ല ചികിത്സ വേണമെങ്കിലും സ്വകാര്യസ്പത്രികളിലോ ചുരുക്കം സര്‍ക്കാര്‍ സ്ഥലങ്ങളിലോ പ്രാപ്യമാണ് ഇന്ത്യയിലിപ്പോള്‍. എവിടേയും പോകേണ്ട കാര്യമൊന്നുമില്ല.

ഈ ഫോറിനില്‍ പോകുമ്പോഴത്തെ ചിലവ്, പൊതുഖജനാവിലെ കാശ്, ഈവക കാര്യങ്ങളെപ്പറ്റി ഈ എക്കണോമിക്‌സും പൊളിറ്റിക്‌സും  ഒന്നും പഠിക്കാത്തതിനാല്‍ എനിക്കറിയില്ല. ഗപ്പും കിട്ടിയിട്ടില്ല. ആകെ കിട്ടിയത് സ്റ്റെതസ്‌കോപ്പാണ്. അതില്‍ രണ്ട് ചെവിയിലും തിരുകാനായി ഓരോ ക്ണാപ്പുണ്ട്. അത് തിരുകിയാല്‍ പിന്നെ ഒന്നും കേള്‍ക്കില്ല.

വാ അധികം തുറക്കാതിരിക്കാനും ഒരു സുണാപ്പി അതില്‍ പിടിപ്പിക്കണം. ഇല്ലെങ്കില്‍ എന്റെ കാര്യം അവതാളത്തിലാകും.

പിന്നെ ചിലതു പറയാതെ വയ്യ.

”മ്മക്ക് പറ്റണതല്ലേ സാധിക്വോ”.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍