UPDATES

വിപണി/സാമ്പത്തികം

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് മൊബൈല്‍ വഴി പണമയക്കാം: ഫെഡറല്‍ ബാങ്ക് – റെമിറ്റ് വെയര്‍ പെയ്‌മെന്റ്‌സ് ധാരണ

ലൈറ സംവിധാനം വഴി ബിസിനസുകാര്‍ക്ക് ഇന്ത്യയിലുള്ള തങ്ങളുടെ വിതരണക്കാര്‍, കരാറുകാര്‍, തൊഴിലാളികള്‍ എന്നിവരുമായി പണമിടപാട് നടത്താനാവും.

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് മൊബൈല്‍ഫോണ്‍ വഴി പണമയക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക്, മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സ് കാനഡയുമായി ധാരണയിലെത്തി. റെമിറ്റ്‌വെയറിന്റെ ഓണ്‍ലൈന്‍ ആപ്പ് ആയ റെമിറ്റര്‍ ആണ് ഇതിനായി ഉപയോഗിക്കുക. വിവിധ ബിസിനസ് പണമിടപാടുകള്‍ക്ക് ഏറ്റവും പുതിയ ലൈറ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ലൈറ സംവിധാനം വഴി ബിസിനസുകാര്‍ക്ക് ഇന്ത്യയിലുള്ള തങ്ങളുടെ വിതരണക്കാര്‍, കരാറുകാര്‍, തൊഴിലാളികള്‍ എന്നിവരുമായി പണമിടപാട് നടത്താനാവും. റെമിറ്റര്‍ മൊബൈല്‍ ആപ്പ് വ്യക്തിഗത ഇടപാടുകാര്‍ക്ക് വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും പണം കൈമാറുന്നതിനുള്ള അവസരം ഒരുക്കുമെന്നാണ് അവകാശവാദം. ആഗോള വ്യാപകമായി പണമയക്കുന്നതിന് ബാങ്കുകള്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന പരമ്പരാഗത വയര്‍ ട്രാന്‍സ്ഫര്‍ സംവിധാനം ഒഴിവാക്കുന്നതിന് റെമിറ്റ് വെയര്‍ പെയ്‌മെന്റ്‌സിന്റെ ആഗോള തലത്തിലെ സംവിധാനം വഴിയൊരുക്കും.

എല്ലാ ദിവസവും മുഴുവന്‍ സമയവും പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സംവിധാനം കമ്പനി അവതരിപ്പിക്കുന്നുണ്ട്. സൗകര്യപ്രദമായി എളുപ്പത്തില്‍ ഇതില്‍ സൈന്‍ അപ്പ് ചെയ്യാം, നിരക്കുകൡ സുതാര്യത, കനേഡിയന്‍ നിയന്ത്രണ സംവിധാനങ്ങള്‍ പരിപൂര്‍ണമായി പാലിക്കുന്നു തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതിനുള്ളത്. കാനഡയിലുള്ള പ്രവാസികള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതും കൂടുതല്‍ ആശ്രയിക്കാവുന്നതുമായ പണം കൈമാറ്റ സംവിധാനമാണ് റെമിറ്റ് വെയറുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് ഫെഡറല്‍ ബാങ്കിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജറും അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം മേധാവിയുമായ ജോസ് സ്‌കറിയ അവകാശപ്പെട്ടു.

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ കാര്യക്ഷമവും സുരക്ഷിതവും ഉന്നത സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവുമായ പണം കൈമാറ്റ സംവിധാനം ലഭ്യമാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പാണ് ഫെഡറല്‍ ബാങ്കുമായുള്ള ഈ സഹകരണമെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച റെമിറ്റര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സന്ദീപ് ഝിന്‍ഗ്രാന്‍ പറഞ്ഞു. രാജ്യങ്ങള്‍ക്കിടയിലുളള പണം കൈമാറ്റത്തിനായുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന ഒരു കമ്പനിയാണ് തങ്ങളുടേതെന്ന് സന്ദീപ്‌ പറഞ്ഞു. റെമിറ്റര്‍ ട്രാന്‍സ്ഫര്‍ ആപ്പ് അവതരിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. യുഎഇയിലാണ് തങ്ങള്‍ ഇത് ആദ്യം അവതരിപ്പിച്ചതെന്നും സന്ദീപ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍