കല്യാണിന് എസ്.ബി.ഐ.യില്‍ പതിനായിരം കോടി രൂപയുടെ വായ്പയുണ്ട് എന്നതും, പണയമോ ജാമ്യമോ ഇല്ലാതെയാണ് വായ്പയെടുത്തിരിക്കുന്നത് എന്നതും തെറ്റായ വാര്‍ത്തകളാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നു
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ മാനനഷ്ടക്കേസ്. കമ്പനിക്കെതിരായി ഗൂഢാലോചന നടത്തല്‍, മാനനഷ്ടമുണ്ടാക്കല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചുള്ള പരാതിയില്‍ തൃശ്ശൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്‌സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും യാതൊരു ജാമ്യമോ പണയമോ ഇല്ലാതെ പതിനായിരം കോടി രൂപയോളം വായ്പയെടുത്തിട്ടുണ്ടെന്നും ബാങ്കുകളെ കബളിപ്പിച്ച് കടന്നുകളയുന്ന വ്യവസായികളുടെ ശൃംഖലയിലെ ഏറ്റവുമൊടുവിലത്തെ കണ്ണിയായിരിക്കും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ എന്നും ആരോപിച്ച് മാത്യു സാമുവല്‍ നേരത്തേ സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളെഴുതിയിരുന്നു. കഴിഞ്ഞ ദിവസം റെഡ് പിക്‌സ് മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലും മാത്യു സാമുവല്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
വീഡിയോ തമിഴ്‌നാട്ടില്‍ ചര്‍ച്ചയാവുകയും ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രമം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ചീഫ് ജനറല്‍ മാനേജര്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 427, 469, 500, കേരള പൊലീസ് ആക്ടിലെ 120(O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാത്യു സാമുവല്‍, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം റെഡ് പിക്‌സ് മീഡിയയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പതിനായിരം കോടി രൂപയോളം കല്യാണ്‍ എസ്.ബി.ഐയില്‍ നിന്നും വായ്പയെടുത്തിട്ടുള്ളതിന്റെ രേഖകള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനി (ROC) യുടെ വെബ്‌സൈറ്റിലുണ്ടെന്നും, ഇത്രയും തുകയ്ക്ക് യാതൊരു ജാമ്യമോ പണയമോ കമ്പനി കാണിച്ചിട്ടില്ലെന്നും മാത്യു സാമുവല്‍ പറയുന്നു. സ്വര്‍ണവ്യാപാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് ഒരിക്കലും ഇത്രയും വലിയ തുക അടച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നും, വിജയ് മല്യയ്ക്കും നിരവ് മോദിക്കും ശേഷം കടക്കെണിയില്‍ വിദേശത്തേക്കു കടക്കുന്നത് കല്യാണിന്റെ ഉടമസ്ഥരായിരിക്കുമെന്നുമായിരുന്നു റെഡ് പിക്‌സ് മീഡിയയുടെ വീഡിയോയില്‍ മാത്യു സാമുവലിന്റെ പരാമര്‍ശം. തമിഴ്‌നാട്ടിലെ ജനങ്ങളില്‍ നിന്നും ഗോള്‍ഡ് സ്‌കീം എന്ന പേരില്‍ ഇപ്പോള്‍ കമ്പനി തുകകള്‍ ശേഖരിക്കുകയാണെന്നു വിശദീകരിക്കുന്ന വീഡിയോയില്‍, ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ഈ തുകകള്‍ കൊണ്ട് ഉടമസ്ഥര്‍ ആഢംബര ജീവിതം നയിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.
എന്നാല്‍, കല്യാണിന് എസ്.ബി.ഐ.യില്‍ പതിനായിരം കോടി രൂപയുടെ വായ്പയുണ്ട് എന്നതും, പണയമോ ജാമ്യമോ ഇല്ലാതെയാണ് വായ്പയെടുത്തിരിക്കുന്നത് എന്നതും തെറ്റായ വാര്‍ത്തകളാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാജ രേഖകളാണ് തെളിവായി ഹാജരാക്കിയിരിക്കുന്നത് എന്നാണ് പരാതിയിലെ മറ്റൊരു പരാമര്‍ശം. യൂട്യൂബ് വീഡിയോ വഴി നടന്നിട്ടുള്ള അപവാദ പ്രചരണം മൂലം കമ്പനിക്ക് ഏകദേശം രണ്ടു കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രങ്ങള്‍ ചെയ്തിരുന്ന സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പങ്കുണ്ടെന്നാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സൂചിപ്പിക്കുന്നത്. കല്യാണുമായി മുന്‍പ് സഹകരിച്ചിരുന്ന ശ്രീകുമാര്‍ മേനോന്‍, ഇടക്കാലത്ത് ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നിന്നും പുറത്തു പോകുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിരോധമാണ് ശ്രീകുമാര്‍ മേനോനെ കല്യാണിനെതിരായ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം. കല്യാണിന്റെ വായ്പകളെക്കുറിച്ചുള്ള രേഖകള്‍ മാത്യു സാമുവലിനു ലഭിച്ചത് ശ്രീകുമാര്‍ മേനോന്‍ വഴിയായിരുന്നു. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തുവെന്നല്ലാതെ ഇതേക്കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ലെന്നാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. അതേസമയം, തന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാണെന്നും, കല്യാണ്‍ ജ്വല്ലേഴ്‌സ് വ്യക്തമായ കണക്കുകള്‍ പുറത്തു വിടാന്‍ മടിക്കുകയാണെന്നുമാണ് മാത്യു സാമുവലിന്റെ പക്ഷം.
വിഷയത്തില്‍ മാത്യു സാമുവല്‍ അഴിമുഖത്തോട് പ്രതികകരിച്ചത് ഇങ്ങനെ:
‘ഷൊര്‍ണ്ണൂരില്‍ നിന്നുള്ള ഗോകുല്‍ പ്രസാദ് എന്നയാളാണ് മൂന്നോ നാലോ മാസങ്ങള്‍ക്കു മുന്‍പ് അരുണ്‍ ജയ്റ്റ്‌ലിക്ക് ഒരു പരാതി കൊടുക്കുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനി (ROC) വെബ്‌സൈറ്റില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് അപ്ലോഡ് ചെയ്തിരിക്കുന്ന കണക്കുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ പരാതി. ആ രേഖകള്‍ ഇപ്പോഴും വെബ്‌സൈറ്റിലുണ്ട്. 9052 കോടി രൂപ ഇവര്‍ ലോണെടുത്തിട്ടുണ്ട്. ആര്‍.ഒ.സി രേഖകള്‍ പ്രകാരം അതില്‍ തൊണ്ണൂറു ശതമാനം തുകയ്ക്കും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ല. ഇതാണ് യഥാര്‍ത്ഥ വിഷയം. പൊതുവേ സ്വര്‍ണ വ്യാപാരം ഏറ്റവും മോശം അവസ്ഥയിലാണ് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായുള്ളത്. ഏറ്റവും വലിയ ഷോറൂമുകളുള്ള കമ്പനികള്‍ പോലും അടച്ചുപൂട്ടുകയാണ്. ഇതേ മാതൃകയില്‍ പണം ശേഖരിച്ച് അഞ്ഞൂറും അറുന്നൂറും കോടിയുമായി കടന്നുകളഞ്ഞ ഒരു ശൃംഖലയെക്കുറിച്ച് കര്‍ണാടകയിലെ ഇന്നത്തെ പത്രങ്ങളില്‍പ്പോലും വാര്‍ത്തകളുണ്ട്. ഇത്രയും വലിയ തുക ലോണെടുത്തിനു പുറമേയാണ് കല്യാണ്‍ ഒരു ഗോള്‍ഡ് സ്‌കീം തുടങ്ങിയത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേയിഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ (SEBI)യുടെ വയലേഷനാണ് ഈ സ്‌കീം. വ്യക്തമായ ഒരു കണക്കും കാര്യവും ഇവരുടെ കൈയിലില്ല. കഴിഞ്ഞ ദിവസം ഈ വിഷയം കാണിച്ച് ഞാനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പോസ്റ്റു വന്ന് മൂന്നു ദിവസത്തിനുള്ളില്‍ ഇവര്‍ ഏകദേശം രണ്ടായിരം കോടി രൂപ തിരിച്ചടച്ചു. ഒരു പോസ്റ്റു വന്നതിനു ശേഷമാണ് ഇത്രയും തുക അടയ്ക്കുന്നത്. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടായിരം കോടി എവിടെ നിന്നും കിട്ടി എന്നതാണ് അടുത്ത ചോദ്യം.
പളനിസ്വാമിയുടെ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വന്നപ്പോഴാണ് ഒരു സുഹൃത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നത്. കാര്യങ്ങളറിഞ്ഞപ്പോള്‍ അവര്‍ക്ക് അതേക്കുറിച്ച് വാര്‍ത്ത കൊടുക്കണമെന്നായി. അങ്ങനെയാണ് റെഡ് പിക്‌സില്‍ ഇന്റര്‍വ്യൂ വരുന്നത്. ഇന്നും രണ്ടു പേര്‍ ഇന്റര്‍വ്യൂ എടുത്തിട്ടുണ്ട്. ഇന്നലെ തമിഴ് പത്രങ്ങളിലെല്ലാം ഇവര്‍ എനിക്കെതിരെ ഒന്നാം പേജില്‍ പരസ്യം കൊടുത്തു. ഗൂഢാലോചന നടത്തുന്നു, കിംവദന്തി പരത്തുന്നു എന്നെല്ലാമാണ് പരസ്യത്തില്‍ പറയുന്നത്. എന്റെ കൈയിലുള്ള ഡോക്യുമെന്റ്‌സ് യഥാര്‍ത്ഥത്തില്‍ അവരുടേതു തന്നെയാണ്. അത് പരിശോധിച്ചാല്‍ വ്യക്തമാകാവുന്നതേയുള്ളൂ. ഗോകുല്‍ പ്രസാദ് അരുണ്‍ ജയ്റ്റ്‌ലിക്ക് അയച്ച പരാതിയില്‍ അന്വേഷണം നടത്താനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലേക്ക് ഫോര്‍വേഡ് ചെയ്തിരുന്നു. മൂന്നാലു മാസമായിട്ടും ഈ വിഷയത്തില്‍ ഒന്നും നടക്കാതിരുന്നപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ വഴിയാണ് ഇയാള്‍ എന്നെ ബന്ധപ്പെടുന്നത്. രേഖകള്‍ കിട്ടിയപ്പോള്‍ ഞാന്‍ എന്റെ നിലയ്ക്കുള്ള അന്വേഷണങ്ങള്‍ നടത്തി പരിശോധിച്ചു. ROCയും ബാങ്കും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തില്ല എന്നൊക്കെയാണ് കല്യാണ്‍ ഇപ്പോള്‍ പറയുന്നത്. അത് എന്റെ കുഴപ്പമല്ലല്ലോ.’
വായ്പ വിഷയത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ മാത്യു സാമുവല്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നതിനെത്തുടര്‍ന്ന്, കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യയുടെ സി.ഇ.ഒ സഞ്ജയ് രഘുരാമന്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കുറിപ്പില്‍ പറയുന്നത് പ്രകാരം, 2750 കോടി രൂപ മാത്രമാണ് നിലവില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കടം. എസ്.ബി.ഐയില്‍ നിന്നല്ല, മറിച്ച് പല ബാങ്കുകളില്‍ നിന്നുമായാണ് കമ്പനി വായ്പയെടുത്തിട്ടുള്ളതെന്നും സി.ഇ.ഒയുടെ കുറിപ്പില്‍ പറയുന്നു. ROC രേഖകളില്‍ കമ്പനി ആദ്യമെടുത്ത വായ്പ മുതല്‍ ഏറ്റവുമൊടുവിലുള്ള കണക്കുകള്‍ വരെ ഉള്‍പ്പെടും. കമ്പനി സെക്രട്ടറിയുടെ സഹായത്താല്‍ മാത്രം പഠിച്ചു വിലയിരുത്താനാകുന്ന ഡാറ്റയുടെ ഒരു പേജ് മാത്രമാണ് മാത്യു സാമുവല്‍ എടുത്തു കാണിക്കുന്നതെന്നും കല്യാണുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പല ബാങ്കുകളില്‍ നിന്നായി എടുത്തിട്ടുള്ള ലോണുകള്‍, പിന്നീട് എസ്.ബി.ഐ. സെക്യൂരിറ്റി ട്രസ്റ്റിയായി വരുന്ന കണ്‍സോര്‍ഷ്യത്തിനു കീഴിലേക്ക് മാറ്റുകയും, മറ്റു പ്രോസസ്സുകള്‍ കണ്‍സോര്‍ഷ്യത്തിനു കീഴിലാണ് നടക്കുന്നതെന്നും സി.ഇ.ഒയുടെ കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ലോണുകളില്‍ മിക്കതും അതാതു ബാങ്കുകളില്‍ അടച്ചു തീര്‍ത്തതാണെന്നും പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ന്നിട്ടില്ലാത്തതിനാല്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്താന്‍ വൈകിയതാണെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്. സി.ഇ.ഒ കാര്യ കാരണ സഹിതം വിശദീകരണം നല്‍കിയെങ്കിലും, കല്യാണ്‍ ജ്വല്ലറി ഉടമസ്ഥരെ വ്യക്തിപരമായി ലക്ഷ്യം വച്ചുള്ള ആക്രമണമാണ് പിന്നീടുണ്ടായതെന്നാണ് പരാതി. ഈ നീക്കത്തിനു പിന്നില്‍ മുന്‍കൂട്ടി നടത്തിയ ഗൂഢാലോചനയുള്ളതായി അനുഭവപ്പെട്ടതിനാലാണ് കേസിലേക്കു നീങ്ങിയതെന്ന് കല്യാണ്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.
കല്യാണ്‍ ജ്വല്ലേഴ്‌സ് വന്‍ തുകകള്‍ വായ്പയെടുത്തിരിക്കുന്ന അതേ മാതൃകയിലാണ് വിജയ് മല്യയെയും നിരവ് മോദിയെയും പോലുള്ളവരും വായ്പയെടുത്തിരുന്നതെന്ന് മാത്യു സാമുവല്‍ യുട്യൂബ് വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. ജനങ്ങളില്‍ നിന്നും ഗോള്‍ഡ് സ്‌കീമിനായി പിരിച്ചെടുക്കുന്ന തുകയും, ബാങ്കില്‍ നിന്നും വായ്പയെടുത്തിട്ടുള്ള തുകയും തട്ടിയെടുത്ത് ഉടന്‍ തന്നെ ഉടമസ്ഥര്‍ വിദേശത്തേക്ക് കടന്നേക്കും എന്ന മുന്നറിയിപ്പും റെഡ് പിക്‌സ് മീഡിയയുടെ വീഡിയോയിലുണ്ട്. വിദേശത്തു നിന്നും ലഭിക്കുന്ന ധനസഹായത്തിന്റെ കണക്കുകളേയും ഓരോ ഭാഷയിലും ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളെ ഉള്‍പ്പെടുത്തി പരസ്യം ചെയ്യുന്നതിന്റെ ചെലവുകളേയും ചോദ്യം ചെയ്യുന്ന വീഡിയോയില്‍, ഗോള്‍ഡ് സ്‌കീമുകളില്‍ നിക്ഷേപിച്ചിട്ടുള്ള തുകകള്‍ എത്രയും പെട്ടന്ന് തിരിച്ചെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും തെറ്റായ രേഖകളുമാണ് മാത്യു സാമുവല്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് ഉറപ്പുള്ളതിനാലാണ് കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നാണ് കല്യാണ്‍ അധികൃതരുടെ പക്ഷം.