UPDATES

വിപണി/സാമ്പത്തികം

ഇന്ധനവില 100 കടത്തൂ…പ്‌ളീസ്, വികസനത്തെ തടയരുത്!

വികസനം എന്നത് വഴിയില്‍ കിടക്കുന്നതല്ല. അതിന് ചെലവുണ്ട്. വികസനം വരുന്നതിനുള്ള എളുപ്പവഴി പെട്രോളിനും ഡീസലിനും വില കൂടുകയാണ്. അത് കുറച്ചാല്‍ നാട്ടില്‍ വികസനമില്ലെന്നാണ് അര്‍ത്ഥം!

ഇന്ധനവില ഇതെന്താണ് ഇങ്ങനെ കിതച്ചുകിതച്ചു മുടന്തുന്നത്? നൂറിലെത്താതെ അതിന് ഐശ്വര്യം ഉണ്ടാവില്ല. കൃത്യം നൂറു പാടില്ല. 99 രൂപ 99 പൈസ!അതാണല്ലോ അതിന്റെയൊരു സ്‌റ്റൈല്‍. ഒരുപൈസയൊക്കെ കാലഹരണപ്പെട്ടിട്ട് കൊല്ലങ്ങളായിയെന്ന് അറിയാത്തതല്ല. അമ്പതുപൈസ എന്നത് ചില മിഠായിയുടെ വിലയാണെങ്കില്‍പോലും ഒരു രൂപയുടെ ഗുണിതങ്ങളായി നല്‍കിയില്ലെങ്കില്‍ ബാക്കി കിട്ടില്ല എന്നതൊന്നും അറിയാത്ത സാദാ ജനങ്ങള്‍ കാണാനിടയില്ലല്ലോ.

വികസനം എന്നത് വഴിയില്‍ കിടക്കുന്നതല്ല. അതിന് ചെലവുണ്ട്. വികസനം വരുന്നതിനുള്ള എളുപ്പവഴി പെട്രോളിനും ഡീസലിനും വില കൂടുകയാണ്. അത് കുറച്ചാല്‍ നാട്ടില്‍ വികസനമില്ലെന്നാണ് അര്‍ത്ഥം! അപ്പോള്‍, നാട് നന്നായി വികസിക്കണമെങ്കില്‍ ഇന്ധനവില കൂടണം. ദിവസവും ഇരുപത്തഞ്ചും അമ്പതും പൈസ വീതം കൂട്ടുന്നതിനു പകരം ഒറ്റയടിക്ക് പത്തോ ഇരുപതോ രൂപ കൂട്ടിയാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ. വികസനത്തിന് പത്തോ ഇരുപതോ രൂപ നല്‍കുക എന്നത് ഈ നാട്ടിലെ ഓരോ പൗരന്റെയും കടമയല്ലേ, രാജ്യസ്‌നേഹപരമായ കര്‍ത്തവ്യമല്ലേ!

മുമ്പ്, കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണക്കമ്മിഷന്‍ ഉപാദ്ധ്യക്ഷനായി ഡോ.മൊണ്ടേക്‌സിംഗ് അലുവാലിയ ഉണ്ടായിരുന്നു. ലോകബാങ്കിലും ഐ.എം.എഫിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ അംഗമല്ലാതെ തന്നെ കേന്ദ്ര ധനകാര്യ,സാമ്പത്തികകാര്യ, വാണജ്യ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയായിരിക്കേ രാജീവ്ഗാന്ധിയുടെ സാമ്പത്തികോപദാഷ്ടാവുമായിരുന്നു. ഡോ.മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ പദവി ഒന്നുകൂടി ഉറച്ചു. ഏറ്റവും വേണ്ടപ്പെട്ട ആള്‍. മന്‍മോഹന്‍സിംഗ് ഭരിച്ചിരുന്ന നാളുകളിലാണ് ഈ കുശാഗ്രബുദ്ധി ഇന്നത്തെ നീതിആയോഗികന്റെ മുന്‍രൂപമായ ആസൂത്രണക്കമ്മിഷന്റെ പരമാധികാരിയായി വാണത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പുരോഗതിയുടെ ലക്ഷണമെന്നായിരുന്നു കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് ഭരണം ‘നിയന്ത്രിച്ചവരില്‍ പ്രമുഖനായ അലുവാലിയ പരസ്യമായി പ്രഖ്യാപിച്ചത്. കേരളം നെല്‍ കൃഷി വിട്ടുകളഞ്ഞിട്ട് എവിടെനിന്നെങ്കിലും വാങ്ങിക്കഴിക്കുന്നതാണ് മികച്ചതെന്ന് പറഞ്ഞ അതേ അലുവാലിയതന്നെ. ആളുകളുടെ കൈയില്‍ പണം ഉള്ളതുകൊണ്ട് കൂടുതല്‍ തുകയ്ക്ക് അവര്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അദ്ദേഹത്തെപ്പോലുള്ളവര്‍ ഉപദേശിച്ചുപദേശിച്ചാണ് മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് മുന്നണിയും കഴിഞ്ഞ തവണ ഇന്ത്യയെ ‘പുരോഗതി’യിലേക്ക് നയിച്ചത്. പക്ഷെ, അന്ന് ഇത്രത്തോളം ‘വികസിപ്പിക്കാന്‍’ അവര്‍ക്ക് കഴിഞ്ഞില്ല. അസംസ്‌കൃത എണ്ണയ്ക്ക് റെക്കോര്‍ഡ് വില 2008 മേയിലായിരുന്നല്ലോ. അന്ന് 135 ഡോളറിലെത്തി. അലുവാലിയയെപ്പോലുള്ള ‘വിദഗ്ദര്‍’ ഉപദേശിച്ചിട്ടുപോലും അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 135 ഡോളര്‍ എത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില എണ്‍പത് കടക്കാതിരിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ശ്രദ്ധിച്ചു.

എന്നാല്‍, ഇപ്പോള്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 70 ഡോളര്‍ പിന്നിട്ടിട്ടേയുള്ളൂ എന്ന് ഓര്‍ക്കുക. മന്ത്രിക്കസേരയിലെത്തുംവരെ ജനങ്ങളുടെ ദുരിതങ്ങളാവും പാവം ജനപ്രതിനിധികള്‍ക്ക് ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍ സമ്മാനിക്കുക. മന്ത്രിയാവുന്നതോടെ ഇവരൊക്കെ പാവം ജനങ്ങളെ മറന്നുപോവുന്നതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുക – വികസനത്തിലൂടെ വലിയവലിയ നേട്ടങ്ങള്‍ നാട്ടിന് സമ്മാനിക്കാന്‍ വെമ്പല്‍ കൊള്ളുന്ന തിരക്കില്‍ മറ്റൊന്നും ഓര്‍ക്കാന്‍ സമയം കിട്ടാത്തതിനാലാണ്! അത് ഏത് സര്‍ക്കാരിന്റെ കാലത്തായാലും അങ്ങനെ തന്നെ. നരേന്ദ്രമോദിയെന്നോ പിണറായി വിജയനെന്നോ ഭേദമൊന്നുമില്ല.

ചിലപ്പോള്‍ , കഠിന സമരപരമ്പരകള്‍ നടത്തിയെന്നുവരാം. ഉദാഹരണത്തിന് സ്വാശ്രയവിദ്യാഭ്യാസക്കൊള്ളയ്‌ക്കെതിരെ സി.പി.എം നടത്തിയതുപോലെ സമരം കേരളത്തില്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ? എന്നിട്ട്, സ്വാശ്രയ മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ സൗകര്യങ്ങളും ആശ്വാസങ്ങളും നല്‍കുന്നതും സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരായിരിക്കും. ഉദാഹരണത്തിന്,സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിലയിലാണ് അമ്പതുശതമാനം സീറ്റില്‍ മെരിറ്റ് നിര്‍ബന്ധമാക്കി ആരംഭിച്ചത്.പിന്നീടുവന്ന എല്ലാ സര്‍ക്കാരുകളും നിലകൊണ്ടത് സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കുവേണ്ടിയായിരുന്നു. സര്‍ക്കാരിന്റെ മെരിറ്റ് സീറ്റിലെ ഫീസില്‍ സ്വാശ്രയ കോളേജുകളിലെ മെരിറ്റ് സീറ്റായ 50 ശതമാനത്തില്‍ പഠനം എന്നത് ഇവരെല്ലാം കൂടി അട്ടിമറിച്ചു. ഏറ്റവുമൊടുവില്‍, കഴിഞ്ഞ കൊല്ലം സ്വാശ്രയ എം.ബി.ബി.എസ്സിന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെക്കാള്‍ ലക്ഷങ്ങള്‍ ഫീസ് നിശ്ചയിച്ച് വിപ്‌ളവകേരളത്തിന്റെ പുതിയ വീരാംഗന സഖാവ് കെ.കെ.ശൈലജ ടീച്ചര്‍ കരാറൊപ്പിട്ടു. സാധാരണക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും മക്കള്‍ക്കും ആശ്രിതര്‍ക്കും അവിടങ്ങളില്‍ മെരിറ്റില്‍ എം.ബി.ബി.എസ്സിന് പഠിക്കാനാവില്ല. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ജ്വലിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷികളുടെ നാട്ടുകാരിയാണ് അവര്‍ക്കുവേണ്ടി പാവപ്പെട്ട മിടുക്കരെ വഴിയാധാരമാക്കിയത്! അതിനും പുറമേ, സര്‍ക്കാരിനെ വെല്ലുവിളിച്ച് ഒരു കോടിവീതം നല്‍കി സ്വാശ്രയ എം.ബി.ബി.എസ്സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിനെയും സംരക്ഷിക്കാന്‍ കെ.കെ.ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും കളിച്ച വൃത്തികെട്ട കളികളെ സുപ്രീംകോടതി ചുരുട്ടിക്കെട്ടിപ്പൂട്ടുകയായിരുന്നു. അതൊക്കെയും ‘വികസന’ത്തിനു വേണ്ടിയായിരുന്നു.പാവപ്പെട്ട ‘ മുതലാളി’മാര്‍ വികസിച്ചാലല്ലേ, പാര്‍ട്ടി ബക്കറ്റില്‍ പിരിവു വീഴൂ, പാര്‍ട്ടിക്ക് ആശുപത്രി മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുവരെ നിര്‍മ്മിക്കാനാവൂ. ദരിദ്രനാരായണന്‍മാര്‍ പഠിച്ചുനന്നായിട്ടു വന്നാലൊന്നും രാജ്യത്ത് വികിസനമുണ്ടാവില്ലെന്ന് അവറ്റകള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണേ!

അപ്പോള്‍, സര്‍ക്കാരേതായാലും ‘വികസനം’ ആണ് പ്രധാനം. മന്‍മോഹന്‍ സിംഗ് ആയാലും നരേന്ദ്രമോദി ആയാലും ‘വികസനം’ കൂടിയേ തീരൂ. പക്ഷെ, പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇത് മനസ്സിലാവില്ല. വികസനസ്പന്ദനങ്ങള്‍ തിരിച്ചറിയണമെങ്കില്‍ അധികാരക്കസേരയിലിരുന്നാലേ മനസ്സിലാവൂ.

പാകിസ്ഥാനും ശ്രീലങ്കയും എന്തുകൊണ്ടാണ് വികസനത്തില്‍ പിന്നാക്കം പോയത്? ശ്രീലങ്കയില്‍ 46.96 രൂപയും പാക്കിസ്ഥാനില്‍ 57.84 രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. അവരെങ്ങനെ വികസിക്കും? നമ്മള്‍ മിക്കവാറും ഈ ആഴ്ച ചൈനയുടെ വികസനത്തിന്റെ അടുത്തെത്തും. കാരണം, അവിടെ പെട്രോള്‍ വില ലിറ്ററിന് 82.87 രൂപയാണ്. ഇക്കാര്യത്തില്‍ അമേരിക്കയെയൊക്കെ നമ്മള്‍ പിന്തള്ളിക്കഴിഞ്ഞു.റഷ്യയുടെ കാര്യം പറയുകയും വേണ്ട. അമേരിക്കയില്‍ പെട്രോളിന് ലിറ്ററിന് ഇന്ത്യന്‍ രൂപയിലെ വില 57.66 ആണ്.( ഡീസല്‍ 57.15) റഷ്യന്‍ വില – പെട്രോള്‍ – 48.02, ഡീസല്‍ – 46.94.

യഥാര്‍ത്ഥത്തില്‍ വന്‍ വികസന മാതൃകകള്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ട്.പെട്രോളിന് ലോകത്തിലേറ്റവും വില കൂടിയ രാജ്യം ഐസ്‌ലാന്റ് ആണ് – 145.31 രൂപ. സോണിയാഗാന്ധി ജനിച്ചു വളര്‍ന്ന ഇറ്റലിയില്‍ 130.18 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. അതുകൊണ്ട് മോഡിസര്‍ക്കാരെന്തിനാ ഭയക്കുന്നത്? കോണ്‍ഗ്രസ് പ്രക്ഷോഭത്തിനിറങ്ങിയാല്‍ പോയി ഇറ്റലിയിലെ വില കുറച്ചിട്ടു വരാന്‍ പറയാം!ബി.ജെ.പിയുടെ കുറേ നേതാക്കള്‍ മുമ്പ് ഇന്ധനവില കൂട്ടിയപ്പോള്‍ കാള വണ്ടി ഉന്തിയും സ്‌കൂട്ടര്‍ ഉരുട്ടിയും സമരം ചെയ്തിരുന്നു. അത് കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കേണ്ട കാര്യമേയില്ല. പ്രതിപക്ഷത്തിരുന്ന് പറയുന്നതിന് ഭരണത്തിലെത്തുമ്പോള്‍ നടപ്പാക്കേണ്ട ബാദ്ധ്യതയേയില്ല. കാരണം, ഭരണത്തിലിരിക്കുമ്പോള്‍ പ്രധാനം ‘വികസന’മാണ്.

അതുകൊണ്ട്, എത്രയും വേഗം ഇന്ത്യയുടെ എണ്ണവില മൂന്നക്കത്തിലേക്ക് വികസിപ്പിക്കണം. ഇറ്റലിയിലെ വിലയിലേക്കെത്തിയാല്‍ വേണമെങ്കില്‍ നമ്മള്‍ നേരത്തേ പറഞ്ഞതുപോലെ, ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പതിനഞ്ചോ ഇരുപതോ ലക്ഷം വീതം ഇട്ടുകൊടുക്കാനും കഴിഞ്ഞേക്കും.

ഒരു വര്‍ഷം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പാണ് വരുന്നത്. വികസിപ്പിച്ചുവികസിപ്പിച്ചു കഴിഞ്ഞ തവണ ജനങ്ങള്‍ സീറ്റിനെയും കാര്യമായി ‘വികസിപ്പിക്കാന്‍’ സഹായിച്ച മന്‍മോഹന്‍ സിംഗിന്റെ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് വരുന്നത്. മോദിക്ക് കോട്ടുവാങ്ങാന്‍ ഇഷ്ടംപോലെ പണമുണ്ട്. അതിനാല്‍ വിലകൂടിയ കോട്ടും സൂട്ടുമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. രാഹുലിന് പണം കൊടുക്കാന്‍ ഒരുവിധപ്പെട്ടവരാരും തയ്യാറല്ല. കേന്ദ്രത്തില്‍, ‘ഔദ്യോഗിക’ പ്രതിപക്ഷം പോലുമല്ല.സംസ്ഥാനങ്ങളിലും നന്നായി മെലിഞ്ഞു. അതില്‍നിന്ന് പാഠം പഠിച്ചിട്ടുണ്ടെങ്കില്‍ അവരും കാളവണ്ടിയും സ്‌കൂട്ടര്‍ ഉരുട്ടിയുമൊക്കെയാവും സമരം നടത്തുക. വികസനം ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രാരബ്ധങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും മനസ്സിലായില്ലെങ്കില്‍ എന്തുചെയ്യാനാണ്!

(ഫീച്ചര്‍ ഇമേജ്: സതീഷ്‌ ആചാര്യയുടെ കാര്‍ട്ടൂണ്‍)

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍