ഒന്നിച്ചുള്ള അതിജീവനമാണ് കോഴിക്കോട്ടെ കുടുംബശ്രീയുടെ മഹിളാമാള്‍
“പലരും പറഞ്ഞു വെറുതെ അബദ്ധത്തില്‍ ചാടേണ്ടെന്ന്. മുടക്കുന്ന പണം പോകും, സാമ്പത്തിക ലാഭമുണ്ടാകില്ല എന്നെല്ലാം എത്രയോ പേര്‍ പറഞ്ഞു ഭയപ്പെടുത്തി. അബദ്ധത്തില്‍ ചാടിയെന്ന് ഞാനും കരുതി. പക്ഷേ ഇപ്പോള്‍ തോന്നുന്നുണ്ട് രക്ഷപ്പെടുമെന്ന്. ധാരാളം ആളുകള്‍ വരുന്നുമുണ്ട്, വരുന്നവരെല്ലാം നല്ല അഭിപ്രായം പറയുന്നുമുണ്ട്. ഞാന്‍ രക്ഷപ്പെടും”, ജയലത ഇങ്ങനെ പറയുന്നതു കേട്ടുകൊണ്ടാണ് മഹിളാ മാളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് കയറിച്ചെന്നത്. കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ അധ്വാനത്തില്‍ ഉയര്‍ന്ന മഹിളാമാള്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരാഴ്ച കഴിയുന്നതേയുള്ളൂ. എന്നിട്ടും പ്രതീക്ഷയില്‍ക്കവിഞ്ഞ ജനത്തിരക്കാണ് പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സ്ത്രീസംരംഭകര്‍ക്കായി ഇവര്‍ വിഭാവനം ചെയ്ത ഈ കെട്ടിടത്തില്‍.
മാളിന്റെ മൂന്നാം നിലയിലാണ് ജയലതയുടെ പുഷ്പാലങ്കാര സംരംഭത്തിന്റെ കടയിട്ടിരിക്കുന്നത്. പലയിടങ്ങളില്‍ ജോലി ചെയ്തിട്ടും ലഭിക്കാത്ത ആത്മവിശ്വാസവും അഭിപ്രായങ്ങളുമാണ് മഹിളാ മാളിലെ കടയിലെത്തുന്നവരില്‍ നിന്നും ജയലതയ്ക്കു ലഭിക്കുന്നത്. ജയലതയടക്കമുള്ള എത്രയോ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും നല്‍കുന്ന മഹിളാ മാളിനെക്കുറിച്ച് സെക്രട്ടറി കെ. വിജയ സംസാരിച്ചു തുടങ്ങി: “മഹിളാ മാള്‍ എന്ന ആശയം ഞങ്ങളുടെ പ്രൊജക്ട് ഓഫീസര്‍ റംസി സാറിന്റേതാണ്. ആദ്യം കെട്ടിടം തെരഞ്ഞുകൊണ്ടിരുന്നത് പ്രിന്റിംഗ് പ്രസ്സും നൈറ്റ് കഫേയും തുടങ്ങാനുള്ള പ്രൊപ്പോസലോടെയായിരുന്നു. പക്ഷേ, കുടുംബശ്രീയുടെ എല്ലാ സംരംഭങ്ങളേയും കൂട്ടിയിണക്കിയുള്ള ഒരു സംവിധാനമാണ് വേണ്ടതെന്ന് പിന്നീട് തോന്നി. ആറു മാസം മുന്‍പു മാത്രമാണ് ആദ്യരൂപത്തില്‍ ഈ ആശയം ഉണ്ടായിവരുന്നത്. ആദ്യത്തെ മീറ്റിംഗ് ചേരുമ്പോള്‍ അറുപത്തിയെട്ടോളം സംരംഭകരാണ് പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. എല്ലാ കുടുംബശ്രീ മുന്നേറ്റങ്ങളെയും ഒരുമിച്ചുകൊണ്ടുവരുന്ന ഒരു പദ്ധതിയുടെ ഭാഗമാകാനായി മീറ്റിങ്ങിനു വന്നവരാണ് ഞങ്ങളും. പക്ഷേ, രണ്ടും മൂന്നും നാലും മീറ്റിംഗുകള്‍ കഴിഞ്ഞതോടെ ഞങ്ങളായി ഇതിന്റെ പുറകിലുള്ള സംഘം. യോഗത്തിനെത്തിയവരില്‍ പത്തുപേരെ ചേര്‍ത്തുകൊണ്ടുള്ള യൂണിറ്റി ഗ്രൂപ്പുണ്ടായതും മാളിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും അങ്ങനെയാണ്.
103 കടകളില്‍ 69-ഉം കുടുംബശ്രീ സംരംഭകരുടേതാണ്, ബാക്കി വനിതാ സംരംഭകരുടേതും. കുടുംബശ്രീ അംഗങ്ങള്‍ക്കും സംരംഭകര്‍ക്കും കടകള്‍ നീക്കി വച്ചതിനു ശേഷമേ മറ്റു വനിതാ സംരംഭകര്‍ക്ക് നല്‍കുകയുള്ളൂ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇത്രയും എണ്ണം കടകള്‍ കൂടിയുണ്ടെങ്കിലും തികയാത്ത അവസ്ഥയാണ്. അത്രയും ആവശ്യക്കാരാണ് അന്വേഷിച്ചെത്തുന്നത്. മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. പര്‍ച്ചേസിനു വരുന്നയാള്‍ക്ക് ആവശ്യമായതെല്ലാം, മറ്റേതു മാളിലുമെന്നപോലെ, ഇവിടെയുണ്ട്. ജി.എസ്.ടി സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണം ചില കടകള്‍ കൂടി തുടങ്ങാനുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം അവരും ഉടനെ തന്നെ പ്രവര്‍ത്തനമാരംഭിക്കും.”
മഹിളാ മാള്‍, മഹിളകളുടെ മാള്‍
കോഴിക്കോട് വൈ.എം.സി.എയ്ക്കടുത്തുള്ള വാടകക്കെട്ടിടത്തിലാണ് മഹിളാ മാള്‍ പ്രവര്‍ത്തിക്കുന്നത്. പണി കഴിഞ്ഞ അവസ്ഥയില്‍ ലഭിച്ച കെട്ടിടത്തില്‍ റൂമുകള്‍ തിരിച്ച് കടകള്‍ക്കു സ്ഥലമൊരുക്കിയതും, ഗ്ലാസ് ഡോറുകളടക്കം സ്ഥാപിച്ചതും വൈദ്യുതിയെത്തിച്ചതുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തകരാണ്, അതും വെറും ആറു മാസത്തിനുള്ളില്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്ര വലിയൊരാശയം നടപ്പിലാക്കാനായി ഒരു സംഘം സ്ത്രീകള്‍ സഹിച്ചത് വലിയ ബുദ്ധിമുട്ടുകളാണെന്ന് എല്ലാവരും ഒന്നടങ്കം സമ്മതിക്കുന്നു. മഹിളാമാളിലല്ലായിരുന്നെങ്കില്‍, മനസ്സിലെ സംരംഭങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ ഒരുങ്ങില്ലായിരുന്നെന്നാണ് പല വനിതാ സംരംഭകരുടേയും അഭിപ്രായം.
“കുടുംബശ്രീ മാള്‍ ആയതുകൊണ്ടു മാത്രമാണ് സംരംഭം ആരംഭിക്കാന്‍ തയ്യാറായത്. മറ്റിടങ്ങളില്‍ പലതരത്തിലുള്ള ആളുകള്‍ വരുമല്ലോ. ഇവിടെയാകുമ്പോള്‍ അടുത്തടുത്ത കടകളുമുണ്ട്, കടകളിലെല്ലാം സ്ത്രീകളുമുണ്ട്. സാധാരണ മാളുകളില്‍ കടകളിലിരിക്കുന്ന സ്ത്രീകള്‍ക്ക് പുറത്തൊന്നും കറങ്ങിനടക്കാന്‍ സാധിക്കില്ല. ഇവിടെയാകുമ്പോള്‍ എല്ലാവരും തമ്മില്‍ നല്ല ബന്ധമുണ്ട്. ഒഴിവുവേളകളില്‍ സ്ത്രീകള്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു”, ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കട നടത്തുന്ന കുറ്റിച്ചിറക്കാരി ബല്‍ക്കീസ് പറയുന്നു. ഭര്‍ത്താവിന്റെ ഇലക്ട്രോണിക്‌സ് കടയില്‍ സഹായത്തിനു നിന്നിട്ടുള്ള പരിചയത്തിന്റെ ബലത്തിലാണ് ബല്‍ക്കീസ്. എങ്കില്‍പ്പോലും കുടുംബശ്രീ മാളിലല്ലായിരുന്നെങ്കില്‍ തനിയെ കട തുടങ്ങാന്‍ തനിക്ക് ധൈര്യം കിട്ടില്ലായിരുന്നെന്ന് ബല്‍ക്കീസ് പറയുന്നു. “ഇങ്ങനൊരു കട ഒരു സ്ത്രീ നടത്തുന്നത് പ്രതീക്ഷിച്ചിരിക്കില്ല, അല്ലേ?” ബല്‍ക്കീസിന്റെ ചിരിയില്‍ മാളിലെ മറ്റു പല സ്ത്രീ സംരംഭകരിലും കണ്ട അതേ പ്രതീക്ഷയും ആത്മവിശ്വാസവുമാണ്.
മഹിളാ മാളിലെ മിക്ക പേരും ആദ്യമായി സംരംഭങ്ങളാരംഭിച്ചവരാണെന്ന് വിജയ പറയുന്നു. മഹിളാ മാള്‍ എന്ന ആശയത്തില്‍ ആകൃഷ്ടരായി സ്വന്തം ബിസിനസ്സുകളുമായി എത്തിയവരില്‍ പതിനെട്ടുവയസ്സു മുതല്‍ പ്രായമുള്ളവരുണ്ട്. “പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ടികള്‍, അതും ബിടെക്ക് ബിരുദധാരികളായ വിദ്യാസമ്പന്നര്‍, മാറി ചിന്തിച്ച് സംരംഭകത്വത്തിലേക്ക് വരുന്നത് വളരെ സന്തോഷം തരുന്ന കാഴ്ചയാണ്. ഞങ്ങളൊന്നും പതിനെട്ടുവയസ്സില്‍ ഇത്തരത്തിലൊരു ആശയത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ധൈര്യമില്ലാഞ്ഞവരാണ്. ഇത്രയും പ്രായമായ ശേഷമല്ലേ ഞങ്ങള്‍ പ്രവര്‍ത്തിക്കാനൊക്കെ തുടങ്ങുന്നത്.”
തുണിക്കടകളും സൂപ്പര്‍മാര്‍ക്കറ്റും ഫുഡ് കഫേയും തുടങ്ങി ഡയഗ്നോസിസ് സെന്ററും ഡേ കെയറും വരെ മഹിളാമാളിലുണ്ട്. രാത്രി പത്തു മണിവരെ തുറന്നിരിക്കുന്ന മാളില്‍, ജോലി കഴിഞ്ഞ് തിരികെ വീടുകളിലെത്താന്‍ വാഹന സൗകര്യങ്ങളില്ലാത്തവര്‍ക്കായി അഡ്മിനിസ്‌ട്രേഷന്‍, ഷീ ടാക്‌സിയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഇരിപ്പു സമരത്തിന്റെ നാടാണിത്, ഇവിടെ സ്ത്രീകള്‍ ഇരുന്നു തന്നെ ജോലി ചെയ്യും
സ്ത്രീകള്‍ മുന്‍കൈയെടുത്ത് സ്ത്രീകള്‍ക്കായി നടത്തുന്ന വാണിജ്യസമുച്ചയം എന്നതിലുപരി മഹിളാ മാള്‍ വ്യത്യസ്തമാകുന്നത് ചില നിലപാടുകളിലൂടെയാണ്. മാള്‍ പ്രവര്‍ത്തനമാരംഭിച്ച് നാലാം നാള്‍ വൈകീട്ട് യൂണിറ്റി ഗ്രൂപ്പിലെ രണ്ടംഗ സംഘം എല്ലാ കടകളിലും നിര്‍ദ്ദേശങ്ങളുമായി കയറിയിറങ്ങുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍, കടകളിലെ സ്ത്രീ ജോലിക്കാര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളുണ്ടോ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നുണ്ടോ എന്നെല്ലാം പരിശോധിക്കാനുള്ള ശ്രമമാണ്. “ഇന്ന് കാലത്തും ഓരോ കടയിലും ചെന്ന് എക്‌സ്ട്രാ ഒരു സ്റ്റൂള്‍ കൂടി നിര്‍ബന്ധമായും ഇടാന്‍ പറഞ്ഞിട്ടുണ്ട്. ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്തവരുടെ നാടാണ് കോഴിക്കോട്. അപ്പോ നമ്മുടെ ഒരു വനിതാമാളില്‍ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ പറ്റാതെയാകരുത് എന്ന് നിര്‍ബന്ധമുണ്ട്”, വിജയ പറയുന്നു.
മാള്‍ സമ്പൂര്‍ണമായി പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ചിന്തയും ഇവര്‍ക്കുണ്ട്. നൂറോളം കടകളുള്ള വലിയൊരു കെട്ടിടത്തില്‍ നിന്നും ദിവസേന ഉണ്ടാകാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കണക്കും, അതുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതികാഘാതത്തിന്റെ തോതും ഇവര്‍ക്ക് വ്യക്തമായറിയാം. ഘട്ടം ഘട്ടമായി നിയന്ത്രിച്ച്, പതിയെ പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമാക്കി മാറ്റണം എന്നാണ് കുടുംബശ്രീയുടെ ലക്ഷ്യം.
അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മുതല്‍ സെക്യൂരിറ്റി സ്റ്റാഫ് വരെ സ്ത്രീകളായ മാളില്‍, ഒരു കടയിലും പുരുഷന്മാര്‍ ജോലിക്കാരായി ഉണ്ടാകില്ലെന്നത് മഹിളാ മാളിന്റെ പോളിസികളിലൊന്നാണെങ്കിലും, ചില കടകളിലെങ്കിലും കൗണ്ടറുകളില്‍ പുരുഷന്മാരെ കണ്ടപ്പോള്‍ കാര്യമന്വേഷിച്ചു. “സ്ത്രീകള്‍ക്കായുള്ളതാണ് മഹിളാ മാള്‍. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന, സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഇടം. കടകള്‍ മാനേജ് ചെയ്തു പരിചയമില്ലാത്ത സ്ത്രീകളെ സഹായിക്കാനാണ് പുരുഷന്മാര്‍ ഇപ്പോഴുള്ളത്. ഒന്നോ രണ്ടോ കടകളില്‍ മാത്രമേ അങ്ങനെയുള്ളൂ. നാളെ മുതല്‍ പുരുഷന്മാരെ കൗണ്ടറില്‍ നിര്‍ത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.”
സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നതു തന്നെയാണ് ഇത്തരമൊരു ആശയത്തിന്റെ ലക്ഷ്യമെന്ന് മാളിന്റെ നടത്തിപ്പുകാര്‍ക്കും പങ്കാളികള്‍ക്കും കൃത്യമായ ബോധ്യമുണ്ട്. “സംരംഭകരായി എത്തിയവരെല്ലാം വളരെ സന്തോഷത്തിലാണ്. ഇത്രയധികം റെസ്‌പോണ്‍സുണ്ടാകുമെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് ഉദ്ഘാടനദിവസമാണ്. അത്രയധികം ആളുകളാണ് അന്നെത്തിയത്. വന്നവര്‍ തന്നെ അടുത്ത ദിവസം വീണ്ടും വരുന്നു, എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഇത്ര സ്വീകാര്യത സത്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ഇവിടെ കട നടത്തുന്നവരും ജോലി ചെയ്യുന്നവരുമെല്ലാം ഒരു പോലെ പറയുന്ന ഒരു കാര്യമുണ്ട്, മാളില്‍ ചെലവഴിക്കുന്ന സമയം സ്വന്തം വീട്ടിലെപ്പോലെ തന്നെയാണെന്ന്. മറ്റെവിടെയും കാണാത്ത പോലെ പരസ്പരം സഹായിച്ചും സാധനങ്ങള്‍ അടുക്കിവച്ചുമാണ് അവര്‍ മുന്നോട്ടു പോകുന്നത്. മത്സരബുദ്ധിയല്ല, മറിച്ച് സൗഹൃദമാണ് അവര്‍ക്കിടയിലുള്ളത്”, വിജയ പറയുന്നു.
സന്ദര്‍ശകര്‍ കാണാതെ പോകുന്ന ചെറുകിട കച്ചവടക്കാരുടെ മൈക്രോ ബസാര്‍
‘കുടുംബശ്രീ മാളിന്റെ കുടുംബശ്രീ വിഭാഗം’ എന്നു വിശേഷിപ്പിക്കാവുന്ന ഭാഗമാണ് മൈക്രോ ബസാര്‍. മാളിലെ 103 സംരംഭകരില്‍ 24 പേര്‍ മൈക്രോ ബസാറിലാണുള്ളത്. ഓണം-ക്രിസ്തുമസ്-പെരുന്നാള്‍ സമയങ്ങളില്‍ താത്ക്കാലിക വേദികളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു സ്ഥിരം വേദി എന്നതായിരുന്നു മൈക്രോ ബസാറിനു പുറകിലെ ആശയമെന്ന് അധികൃതര്‍ പറയുന്നു. കുടില്‍വ്യവസായത്തിലൂടെ തയ്യാറാക്കുന്ന അച്ചാര്‍ പോലുള്ള ഉത്പ്പന്നങ്ങള്‍, കൈത്തറിയും അല്ലാത്തതുമായ വസ്ത്രങ്ങള്‍, നാടന്‍ വെളിച്ചെണ്ണ എന്നിങ്ങനെ ചെറുകിട വ്യവസായങ്ങളിലേര്‍പ്പെടുന്ന സ്ത്രീകളാണ് മൈക്രോ ബസാറില്‍ കച്ചവടവുമായെത്തിയിട്ടുള്ളത്.
മഹിളാ മാളിന്റെ സുപ്രധാന ഭാഗമാകേണ്ടിയിരുന്ന മൈക്രോ ബസാര്‍ പക്ഷേ, കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ സന്ദര്‍ശകരുടെ ശ്രദ്ധ പെട്ടെന്നു പതിയാത്തിടത്താണുള്ളത്. മഹിളാ മാള്‍ എന്ന ബ്രാന്‍ഡിന്റെ പേരില്‍ തങ്ങളുടെ ചെറുകിട കച്ചവടങ്ങളും പച്ചപിടിക്കും എന്ന പ്രതീക്ഷയുമായെത്തിവരില്‍ പലര്‍ക്കും ഇക്കാരണത്താല്‍ നിരാശരാകേണ്ടിവരികയാണ്. തങ്ങളുടെ മാള്‍, തങ്ങളേപ്പോലുള്ള സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടി യാഥാര്‍ത്ഥ്യമാക്കിയ മഹിളാ മാള്‍ എന്ന സന്തോഷം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഇത്തരം പോരായ്മകള്‍ ചൂണ്ടിക്കാണിക്കേണ്ടി വരികയാണിവര്‍ക്ക്.
“വേറൊന്നും ചെയ്യേണ്ട, ഇവിടിങ്ങനൊരു ബസാറുണ്ടെന്ന് വരുന്നവര്‍ക്ക് എങ്ങനെയെങ്കിലും മനസ്സിലായാല്‍ മതി. പുറത്തൊരു ബോര്‍ഡ് വച്ചിട്ടുണ്ട്. അതുകൊണ്ട് കാര്യമില്ല. ഈ ഗോവണിയിറങ്ങിയാല്‍ മൈക്രോ ബസാറിലെത്തും എന്ന് മനസ്സിലാകേണ്ടേ? അതിനു മാളിനകത്തും ബോര്‍ഡ് വെയ്ക്കണം. ആദ്യം ഞങ്ങളോടു പറഞ്ഞത് ആളുകള്‍ മുന്‍വശത്തെ വാതിലിലൂടെ മാളിനകത്തു കയറി, പുറത്തേക്കിറങ്ങുന്നത് ഈ ബസാറിനു വശത്തൂടെയായിരിക്കുമെന്നാണ്. പക്ഷേ അങ്ങനെ ആരും വരുന്നില്ല. മുകളിലെ കടകളില്‍ കച്ചവടമുണ്ട്, പക്ഷേ ഇവിടെയില്ല.’
‘നാല്പതിനായിരവും അമ്പതിനായിരവുമെല്ലാം ചെലവാക്കിയാണ് ഈ സ്റ്റാളിട്ടിരിക്കുന്നത്. ദിവസം 220 രൂപ വാടകയും കൊടുക്കുന്നുണ്ട്. ആ കാശു പോലും കച്ചവടത്തില്‍ നിന്നും കിട്ടുന്നില്ലെന്നു പറഞ്ഞാല്‍ കഷ്ടമല്ലേ. രണ്ടു ലക്ഷമൊക്കെ മുടക്കി മാളില്‍ കടയെടുക്കാന്‍ സാധിക്കാത്തവരാണ് മൈക്രോ ബസാറില്‍ കച്ചവടം നടത്തുന്നത്. ഇതിപ്പോള്‍ പുറത്തു നിന്നും വിളിച്ചു പറഞ്ഞു വരുന്ന കസ്റ്റമര്‍മാര്‍ പോലും സ്ഥലമറിയാതെ ഫോണില്‍ വിളിച്ചു ചോദിക്കുന്ന അവസ്ഥയാണ്’, പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംരംഭകരിലൊരാള്‍ പറഞ്ഞതിങ്ങനെ.
തങ്ങളുടെ കച്ചവടത്തില്‍ നഷ്ടം വരുന്നുണ്ടെങ്കില്‍പ്പോലും, മഹിളാ മാള്‍ എന്ന ആശയത്തെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറല്ല. “തുടങ്ങി വരുന്നതല്ലേയുള്ളൂ, പ്രശ്‌നങ്ങളുണ്ടാകും. അവര്‍ എത്ര ഓടിയാണ് ഇത് ഈയവസ്ഥയിലാക്കിയതെന്ന് നമ്മളും കണ്ടതാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കുമെന്നു തന്നെയാണ് വിശ്വാസം. ഇക്കാരണം കൊണ്ട് മഹിളാ മാള്‍ പരാജയമാണെന്നൊന്നും ഞങ്ങളൊരിക്കലും പറയില്ല”, ഒന്നിച്ചു നിന്നു പ്രശ്‌നങ്ങള്‍ പരിഹരിച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ഈ സ്ത്രീകള്‍ കാണിച്ചു തരുന്നത് സഹവര്‍ത്തിത്വത്തിന്റെ മറ്റൊരു പാഠം തന്നെയാണ്.
കോഴിക്കോടിന്റെ മഹിളാ മാള്‍ / വീഡിയോ കാണാം..
മാളിന്റെ ജോലികള്‍ക്കിടെയുണ്ടായ പ്രതിസന്ധികള്‍ പലതാണെന്നും, അതില്‍ നിന്നും കരകയറിയത് പലരുടേയും സഹായങ്ങള്‍ കൊണ്ടാണെന്നും പറയുന്നുണ്ട് വിജയ. “തടസ്സങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്, തടസ്സങ്ങളേ ഉണ്ടായിട്ടുള്ളൂ. പലരേയും ക്ഷണിക്കാന്‍ പോലും മറന്നു പോകുന്നത്ര മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സാമ്പത്തികമായും അല്ലാതെയും ഒരുപാട് കഷ്ടപ്പാടുകളുണ്ടായി. ഉദ്ഘാടന ദിവസം രാവിലെ വരെ ആ ടെന്‍ഷന്‍ അങ്ങിനെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, എല്ലാ ഘട്ടത്തിലും പിന്തുണച്ചവരുമുണ്ട്. പ്രൊജക്ട് ഓഫീസില്‍ നിന്നാണെങ്കിലും, കോര്‍പ്പറേഷനില്‍ നിന്നാണെങ്കിലും സ്റ്റേറ്റ് മിഷനില്‍ നിന്നാണെങ്കിലും നല്ല പിന്തുണ ലഭിച്ചത് വലിയ സഹായമായി”.
മഹിളാ മാളില്‍ തിരക്കേറുന്തോറും വനിതാ സംരംഭകരുടെ മുഖത്തെ ആശ്വാസവുമേറുകയാണ്. ജയലത പറഞ്ഞതു പോലെ, പിന്തിരിപ്പിക്കാന്‍ ധാരാളമാളുകളുള്ളപ്പോഴും, വനിതകളുടെ കൂട്ടായ പ്രയത്‌നത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇവരില്‍ മിക്കപേരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഒരുപക്ഷേ മറ്റൊരു സന്ദര്‍ഭത്തില്‍ സംരംഭകരാകാന്‍ പാടേ ഭയപ്പെടുമായിരുന്ന ഒരു കൂട്ടം വീട്ടമ്മമാരടക്കമുള്ളവര്‍. “ആളുകള്‍ പറയുന്നതു കേള്‍ക്കേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞതല്ലേ. എത്രവട്ടം ചേച്ചി കൗണ്ടറില്‍ വന്നു നിന്നു കരഞ്ഞു. ഇപ്പോള്‍ വിശ്വാസമായില്ലേ?” ജയലതയുടെ സന്തോഷത്തെ ചേര്‍ത്തു പിടിച്ചുകൊണ്ടു ദിവ്യ പറയുന്നു. കടകള്‍ വൃത്തിയാക്കാനും സ്റ്റോക്ക് എണ്ണിത്തിട്ടപ്പെടുത്താനും സ്ത്രീകള്‍ പരസ്പരം സഹായിക്കുന്നു. ഒന്നിച്ചുള്ള അതിജീവനമാണ് ഈ സ്ത്രീകള്‍ക്ക് മഹിളാമാള്‍.
കസേരയിട്ടാല്‍ മാത്രം പോര, അവര്‍ക്ക് ഇരിക്കാന്‍ സമയം കിട്ടുന്നു എന്നുകൂടി ഉറപ്പുവരുത്തണം
‘ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടു നിവര്‍ത്താന്‍’; ആ പെണ്ണുങ്ങളുടെ ഇരിക്കല്‍ സമരം വിജയിച്ചിരിക്കുന്നു
സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ രാത്രി വിലക്ക് എന്തിന്?
ഇനി അവര്‍ പറയട്ടെ; കുടുംബശ്രീ റിയാലിറ്റി ഷോയില്‍ റിയാലിറ്റിയുണ്ടോ?