UPDATES

വിപണി/സാമ്പത്തികം

എയര്‍ ബസ് 330 നിയോ വിമാനങ്ങള്‍ വാങ്ങാന്‍ സ്‌പൈസ് ജെറ്റ്

ഒരു വിമാനത്തിന് ഏകദേശം 26 കോടി അമേരിക്കന്‍ ഡോളര്‍ വിലയാകും. 300 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളാണ് 330 നിയോ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍

എയര്‍ ബസിന്റെ ഏറ്റവും പുതിയ മോഡലായ 330 നിയോ വിമാനങ്ങള്‍ വാങ്ങാന്‍ സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നതിനാണ് സ്‌പൈസ് ജെറ്റ്  കുടുതല്‍ സൗകര്യങ്ങളോട് കൂടിയ എയര്‍ബസിന്റെ  പുതിയ 330 നിയോ വിമാനങ്ങള്‍ വാങ്ങുന്നത്. വീതിയേറിയ ബോഡിയോട് കൂടിയ വിമാനങ്ങളാണ് എ 330 നിയോ. രണ്ടു വട്ടം ഇതിനായി ഇരു കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായതായുമാണ് റിപ്പോട്ട് .

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് കമ്പനി ആലോചന നടത്തുന്നതായും അതുകൊണ്ടാണ് കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കുന്ന വലിയ വിമാനങ്ങള്‍ കമ്പനി വാങ്ങുന്നതെന്നുമാണ് വിവരം. ഒരു വിമാനത്തിന് ഏകദേശം 26 കോടി അമേരിക്കന്‍ ഡോളര്‍ വിലയാകും. 300 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളാണ് 330 നിയോ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍. സ്പൈസ് ജെറ്റിന് ഇപ്പോള്‍ 36 ബോയിങ്- 737 വിമാനങ്ങളും 22 ബൊംബാര്‍ഡിയര്‍ ക്യൂ- 400 ജെറ്റുകളും ഉണ്ട് . ഇതിനു പുറമെ 155 ബോയിങ് 737 വിമാനങ്ങള്‍ക്കും 24 ബൊംബാര്‍ഡിയര്‍ വിമാനങ്ങള്‍ക്കും കമ്പനി ഓര്‍ഡര്‍ നല്കിയിട്ടുണ്ട്. ഇതില്‍ ബോയിങ് വിമാനങ്ങളുടെ ആദ്യ ലോട്ട് ഈയാഴ്ച തന്നെ ഡെലിവറി ആകുമെന്നും റിപ്പോട്ടിൽ പറയുന്നു .

ദേശീയ അന്തര്‍ദേശീയ സര്‍വീസുകളില്‍ കൂടുതല്‍ യാത്രക്കാരെ ക്ഷണിക്കുന്നതിന്റെ ഭാഗമയാണ് കമ്പനി കുടുതല്‍ യാത്രക്കാരെ കയറ്റാന്‍ സൗകര്യമുള്ള വിമാനങ്ങള്‍ വാങ്ങുന്നത്. കഴിഞ്ഞ ദിവസം യാത്രക്കാരുടെ എണ്ണത്തില്‍ സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് ശേഷം എയര്‍ലൈന്‍ ഷെയറുകള്‍ 7.5 ശതമാനം ഇടിഞ്ഞു. ഓഗസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നുശതമാനം വര്‍ധനവു മാത്രമാണ് കാണിക്കുന്നത്. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍ഡിഗോയുടെത് 29 ശതമാനവും ഗോഎയറിന്റെത് 30 ശതമാനവും വര്‍ധനവ് കാണിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാക്കുന്നതിനാണ് കമ്പനി പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ തയാറാകുന്നതെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍