UPDATES

വിപണി/സാമ്പത്തികം

ഊബറിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റിംഗ് യാഥാര്‍ത്ഥ്യമായി; പ്രതീക്ഷിക്കുന്നത് 5.75 ലക്ഷം കോടി രൂപയുടെ മൂല്യവര്‍ദ്ധനവ്

2018-ല്‍ 91 മില്യണ്‍ ഉപയോക്താക്കളാണ് ഊബറിന്റെ ടാക്‌സി – ഭക്ഷണ വിതരണ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

ടെക് മേഖലയില്‍ നിന്നും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഊബറിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റിംഗ് യാഥാര്‍ത്ഥ്യമായി. ഇതിലൂടെ 82.4 ബില്യണ്‍ ഡോളറിന്റെ (5759554000000 രൂപ
) മൂല്യവര്‍ദ്ധനവാണ് ഊബര്‍ പ്രതീക്ഷിക്കുന്നത്. 100 ബില്യണ്‍ മൂല്യവര്‍ദ്ധനവ് ലഭിക്കുമെന്നായിരുന്നു നേരത്തെ കമ്പനി കണക്കുകൂട്ടിയിരുന്നത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റെഗുലേറ്ററി ഫയലിങ് പ്രകാരം ഒരു ഓഹരിക്ക് 45 ഡോളര്‍ ആണ് വില.

ഏഴ് വര്‍ഷം മുന്‍പ് ഫേസ്ബുക്ക് വാള്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. പുതിയതായി സമാഹരിക്കുന്ന പണവുമായി പുതിയ വിപണികളിലേക്ക് പ്രവേശിക്കുവാനാണ് ഊബര്‍ പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ, ഡ്രൈവര്‍ലെസ് കാര്‍, ഫുഡ് ഡെലിവറി ഡിവിഷന്‍ തുടങ്ങിയ പദ്ധതികള്‍ വിപുലീകരിക്കുകയും ചെയ്യും. എന്നാല്‍ ഓഹരികള്‍ക്ക് ഇതില്‍ കൂടുതല്‍ മൂല്യം ഊബര്‍ പ്രതീക്ഷിച്ചിരുന്നു.

180 മില്ല്യണ്‍ പുതിയ ഷെയറുകള്‍ വിതരണം ചെയ്യാമെന്നാണ് ഊബര്‍ കണക്കുകൂട്ടുന്നത്. നിലവിലെ നിക്ഷേപകരുടെ പക്കലുള്ള 27 മില്യണ്‍ ഡോളറിന്റെ ഓഹരികളും വില്‍ക്കുന്നുണ്ട്. ഇതിലൂടെ 1.27 ബില്യണ്‍ ഡോളര്‍ വരുമാനമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ദാറാ ഖോസ്രോഷാഹി വാള്‍സ്ട്രീറ്റിലെ പ്രശസ്തമായ ഓപ്പണിംഗ് ബെല്‍ അടിച്ച് ഓഹരി വിപണിയിലെ ഊബറിന്റെ അരങ്ങേറ്റം നടത്തും.

ഓഹരികള്‍ മാര്‍ക്കറ്റില്‍ ആദ്യദിവസം നടത്തുന്ന പ്രകടനം കമ്പനിയുടെ സാധ്യതയെക്കുറിച്ച് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാകും. ടാക്‌സി സേവനങ്ങളില്‍ നിന്നും ഡ്രൈവര്‍ലെസ് കാറുകളിലേക്കും അവിടെ നിന്ന് ഡെലിവെറി സംവിധാനത്തിലേക്കും വ്യാപിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിരിക്കുന്ന ഊബറിനെ സംബന്ധിച്ച് സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം നിര്‍ണ്ണായകമാണ്.

വരുമാനം ഉയരുമ്പോഴും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.8 ബില്യന്‍ ഡോളര്‍ നഷ്ടമാണ് ഊബര്‍ നേരിട്ടത്. ഫ്‌ലോട്ട് പ്ലാനുകള്‍ക്കൊപ്പം പുറത്തിറക്കിയ കണക്കുകള്‍പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം 1 ബില്ല്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനി നേരിട്ടത്. എന്നാല്‍ ഇതിനകം തന്നെ ഏഴുനൂറോളം നഗരങ്ങളില്‍ ഊബര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

2018-ല്‍ 91 മില്യണ്‍ ഉപയോക്താക്കളാണ് ഊബറിന്റെ ടാക്‌സി – ഭക്ഷണ വിതരണ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 3.9 ദശലക്ഷം ഡ്രൈവര്‍മാരുമായി ഉപയോക്താക്കള്‍ സഞ്ചരിച്ചത് 26 ബില്യണ്‍ മൈലുകളാണ്.

Read: ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മോദിയുടെ സാമ്പത്തിക ഉപേദേശക കൗണ്‍സില്‍ അംഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍