UPDATES

വൈറല്‍

ആ വീഡിയോ ബംഗ്ലാദേശിലേത്; സംഘപരിവാര്‍ ഒരേ വീഡിയോ വ്യാജമായി പ്രചരിപ്പിച്ചത് മൂന്ന് തവണ

കാശ്മീരില്‍ വിദ്യാര്‍ത്ഥികള്‍ ജവാനെ തല്ലിക്കൊല്ലുന്നുവെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം പുറത്തുവന്നു

‘ബിഹാറിലെ നവാദയില്‍ മുസ്ലിങ്ങള്‍ ഹിന്ദു യുവാവിനെ തല്ലിക്കൊല്ലുന്നു’, ‘പശ്ചിമബംഗാളില്‍ മുംസ്ലിങ്ങള്‍ ഹിന്ദു യുവാവിനെ തല്ലിക്കൊല്ലുന്നു’ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച രണ്ട് വീഡിയോകളുടെ വിശദീകരണം ഇതായിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ രണ്ടും ഒന്നു തന്നെയായിരുന്നു. രണ്ട് വീഡിയോകളും ആദ്യം വാട്‌സ്ആപ്പിലും പിന്നീട് ഫേസ്ബുക്കിലും യൂടൂബിലുമെല്ലാം വൈറലായി തീരുകയും ചെയ്തു.

എന്നാല്‍ ഇതേ വീഡിയോ തന്നെ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ 35000ലേറെ തവണ ഇത് ഷെയര്‍ ചെയ്യപ്പെട്ടു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള സന്ദേശം ഇതാണ്, ‘കുറച്ചുകാലം മുമ്പ് ശ്രീനഗറില്‍ പഠിക്കുന്ന എന്റെയൊരു സുഹൃത്ത് എനിക്കയച്ചു തന്ന വീഡിയോ ആണ് ഇത്. ഇത് വാര്‍ത്താ ചാനലുകളില്‍ എത്തുമെന്ന് ദയവായി ഉറപ്പുവരുത്തുക. ഒരു സിആര്‍പിഎഫ് ജവാനെ കാശ്മീരി വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊല്ലുകയാണ്. സാധ്യമാകുന്ന എല്ലാ ഗ്രൂപ്പുകളിലേക്കും ഇത് അയയ്ക്കണമെന്നും ഷെയര്‍ ചെയ്യണമെന്നും മനുഷ്യത്വത്തിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളോട് ഞാന്‍ അപേക്ഷിക്കുകയാണ്. അതോടെ ഈ വീഡിയോ വാര്‍ത്താ ചാനലുകള്‍ പ്രസിദ്ധീകരിക്കും’

ഈ വീഡിയോ ഇതേ സന്ദേശത്തോടെ പലരും സ്വന്തം ടൈംലൈനുകളില്‍ പ്രസിദ്ധീകരിച്ചു. വാട്‌സ്ആപ്പില്‍ പ്രചരിച്ച വീഡിയോ ഫേസ്ബുക്കിലും യൂടൂബിലും എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോയുടെ വാസ്തവം എന്താണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. 2017 ഏപ്രില്‍ ഒന്നിന് ബംഗ്ലാദേശിലെ കൂമില്ല ജില്ലയില്‍ അവാമി ലീഗ് നേതാവ് മൊനിര്‍ ഹൊസൈന്‍ സര്‍ക്കാരിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചിരുന്ന അബു സെയ്ദ് എന്നയാളെ അജ്ഞാതരായ ആക്രമികള്‍ വധിക്കുകയും മുഹമ്മദ് അലിയെന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ടൈറ്റസ് സബ്ഡിവിഷനിലെ പ്രദേശമാണ് കൂമില. അന്ന് പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റായ കൂമില്ല-ആര്‍-കഗോജ് (കൂമില്ലയുടെ ദിനപ്പത്രം) ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഏപ്രില്‍ രണ്ടിന് ഒരു ബംഗ്ലാദേശ് സ്വദേശി ഈ വീഡിയോ യൂടൂബില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ മൂന്ന് വ്യത്യസ്ത വിവരണവുമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.

ആള്‍ട് ന്യൂസ് ആണ് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. എങ്ങനെയാണ് ഇത്തരമൊരു വീഡിയോ മൂന്ന് പ്രാവശ്യം പ്രചരിപ്പിക്കപ്പെട്ടതെന്ന് ആള്‍ട് ന്യൂസ് ചോദിക്കുന്നു. പല പ്രാദേശിക സംഭവങ്ങളും ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇത്. പ്രാദേശികമായതിനാല്‍ തന്നെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തുന്നുമില്ല. പ്രമുഖ ചാനലുകളോ പത്രങ്ങളോ ഇത്തരം വീഡിയോകളുടെ സത്യാവസ്ഥ പരിശോധിക്കാനും തയ്യാറാകുന്നില്ല. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ പൊതുഇടങ്ങളിലും ഇതിന്റെ സത്യാവസ്ഥ പരിശോധിക്കപ്പെടുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍