UPDATES

വൈറല്‍

അവസാന നിമിഷം തേച്ചാല്‍ ഇങ്ങനെയിരിക്കും: മാണിയെ കളിയാക്കി തേപ്പു കമ്പനിയുടെ പരസ്യം

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതിനെ പരിഹസിച്ചും ഇവര്‍ പരസ്യം തയ്യാറാക്കിയിട്ടുണ്ട്.

തലശേരിയിലുള്ള ഒരു തേപ്പു കമ്പനിയുടെ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രസ് മൈ ഡ്രസ് എന്ന കമ്പനിയുടെ പരസ്യമാണ് വൈറലായിരിക്കുന്നത്.

പരസ്യം തേപ്പു കമ്പനിയുടേതാണെങ്കിലും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ കണക്കിന് പരിഹസിക്കുന്നതാണ് പരസ്യം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അവസാന നിമിഷം കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത കെഎം മാണി തേച്ചിട്ട് പോയതിനെയാണ് പരസ്യം ഓര്‍മ്മിപ്പിക്കുന്നത്. തേപ്പുപെട്ടിയില്‍ കരിഞ്ഞ രണ്ടിലയാണ് പരസ്യത്തിലെ ചിത്രം. കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഔദ്യോഗിക തെരഞ്ഞെുപ്പ് ചിഹ്നമാണ് രണ്ടില. ‘അവസാന നിമിഷം തേച്ചാല്‍ ഇങ്ങനെയിരിക്കും’ എന്നാണ് പരസ്യത്തിലെ സന്ദേശ വാചകം. കൂടാതെ ‘തേക്കാന്‍ വിളിക്കുക തേപ്പിലെ പ്ര’മാണി’യെ’ എന്ന പരസ്യവാചകവും ഉപയോഗിച്ചിരിക്കുന്നു.

ചെങ്ങന്നൂരില്‍ അവസാന നിമിഷം സിപിഎമ്മിനെ തേച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന മാണിയുടെ രണ്ടില കരിഞ്ഞു പോയെന്നാണ് പരസ്യം പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മാണിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ഇരു പാര്‍ട്ടിയുടെയും ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയാകുകയും ചെയ്തു.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യത്തിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. അതേസമയം തലശ്ശേരിയിലെ സഖാക്കളെ ആകര്‍ഷിക്കാനുള്ള മുതലാളിത്ത മൂലധന ശക്തികളുടെ അജണ്ടകളായി ഇത്തരം പരസ്യങ്ങളെ നാം കാണേണ്ടതുണ്ടെന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ പരസ്യത്തിന് ലഭിച്ചിരിക്കുന്ന ഒരു കമന്റ്.

പ്രശസ്ത ഡിസൈനറായ സൈനുല്‍ ആബിദ് ആണ് ഈ പരസ്യം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആബിദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രസ് മൈ ഡ്രസ് എന്ന സ്ഥാപനം ആരംഭിച്ചത്. ഈ പരസ്യം കൂടാതെ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതിനെ പരിഹസിച്ചും പരസ്യം തയ്യാറാക്കിയിട്ടുണ്ട്. കുമ്മനത്തിന്റെ രൂപസാദൃശ്യമുള്ള ഒരു കാരിക്കേച്ചറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘ഉടുപ്പുകള്‍ മാറുമ്പോള്‍ ട്രോളുകള്‍ സ്യൂട്ടുകളാകുന്നു. അഭിനന്ദനങ്ങള്‍’ എന്നാണ് ഈ പരസ്യത്തിലെ വാചകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍