UPDATES

വൈറല്‍

കോമഡി ഉത്സവത്തില്‍ ളോഹയിട്ട് തകര്‍പ്പന്‍ ഡാന്‍സ് കളിച്ച അച്ചനും രക്ഷയില്ല; മതവിശ്വാസം വൃണപ്പെട്ടെന്ന് ആരോപണം

ഇതിനകം 14 ലക്ഷത്തോളം ആളുകള്‍ കാണുകയും 55,000-ത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു അച്ചന്റെ ഡാന്‍സ്

ഫ്‌ളവേഴ്‌സ് ടി.വിയിലെ ഏറെ പ്രശസ്തമായ കോമഡി ഉത്സവത്തില്‍ ഡാന്‍സ് കളിച്ച ക്രിസ്ത്യന്‍ പുരോഹിതനും രക്ഷയില്ല. ഒരു വൈദികന്‍ അയാളുടെ തിരുവസ്ത്രവും ധരിച്ച് റിയാലിറ്റി ഷോയുടെ സ്‌റ്റേജില്‍ ഡാന്‍സ് കളിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പൊതുവേ ഡാന്‍സ് കളിച്ചതിനെ അനുകൂലിച്ചു രംഗത്തു വന്നപ്പോള്‍ മറ്റ് മതസ്ഥരാണ് കൂടുതല്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരിക്കുന്നത് എന്നതാണ് കൌതുകകരം.

ക്രിസ്റ്റി ഡേവിഡ് പതിയാല എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ദൃശ്യം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് കോമഡി ഉത്സവം പരിപാടിയിലേക്ക് അച്ചനെ ക്ഷണിക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, രമേഷ് പിഷാരടി, സുധീഷ് തുടങ്ങിയവര്‍ അതിഥികളായും എത്തിയിരുന്നു. തുടര്‍ന്നാണ്‌ അച്ചന്‍ ഡാന്‍സ് കളിച്ച് ഞെട്ടിച്ചത്.

എന്നാല്‍ ഇത് യുട്യൂബില്‍ വന്നതോടെയാണ് അസഹിഷ്ണുക്കളായവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മതത്തെയും മതചിഹ്‌നങ്ങളെയും പരിഹസിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് ഷാന്‍ ഷാന്‍ എന്നയാളുടെ വിമര്‍ശനം.

സക്കീര്‍ ഹുസൈന്‍ എന്നയാളുടെ അഭിപ്രായത്തില്‍ സന്യസ്ത ജീവിതം നയിക്കാന്‍ പത്തു കൊല്ലത്തോളം പഠിച്ചതില്‍ ഈ ഡാന്‍സ് ഇല്ല എന്നാണ് അറിവ്. ഇതെല്ലാം മാറ്റിവച്ചാണ് എല്ലാവരും സന്യസ്ത ജീവിതത്തിലേക്ക് പ്രവേശിക്കാറുള്ളത് എന്നും അതുകൊണ്ടു അച്ചന്റെ ഡാന്‍സ് ശരിയല്ല എന്നും പറയുന്നു.

ഇയാളെ ഒരു വൈദികനായി കൂട്ടാന്‍ കഴിയില്ല. ദൈവരാജ്യം ഒരിക്കലും വെളളം ചേര്‍ത്ത് നേടാം എന്ന് വ്യാഖ്യാനിച്ചു പറയുന്ന ഇവന്മാരാണ് പുതുതലമുറയ്ക്ക് എന്തുമാകാം എന്ന സന്ദേശം നല്‍കി ചെകുത്താന്റെ ലോകത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. ഇയാളുടെ ളോഹയ്ക്കുള്ളില്‍ ഈ ലോകത്തിന്റെ് വൈകാരിക ജന്മമുണ്ട്. ദൈവത്തെ മനസിലാക്കിക്കാന്‍ പുതുതലമുറയുടെ പേക്കൂത്തിലൂടെ കഴിയുകയുള്ളൂ എന്ന് പഠിപ്പിക്കുന്ന ഇവര്‍ യേശു വീണ്ടും വന്നാല്‍ ഇങ്ങനെയായിരിക്കും എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത് എന്നാണ് സന്തോഷ് കുമാര്‍ ബി എന്നയാളുടെ അഭിപ്രായം.

അതേ സമയം, ഇത്തരത്തില്‍ അച്ചനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയവര്‍ക്ക് നേരേ അതേ അളവില്‍ പരിഹാസവും കുറ്റപ്പെടുത്തലുകളും നടക്കുന്നുണ്ട്. ഇവര്‍ക്ക് പുകഴ്ത്തി പറയണമെങ്കില്‍ കുറഞ്ഞത് ഒരു പീഡനമെങ്കിലും വേണമായിരിക്കും എന്നാണോ ഉദ്ദേശിക്കുന്നത് എന്നാണ് ഒരാളുടെ കമന്റ്. ളോഹയിട്ട് ഡാന്‍സ് കളിച്ചാല്‍ വ്രണപ്പെടുന്നതാണ് മതവിശ്വാസം എന്ന് ആരാണ് പറഞ്ഞത് എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

ആ അച്ചന്‍ തിരുവസ്ത്രം ഇട്ടുകൊണ്ട് കളിച്ചതുകൊണ്ടാണ് അദ്ദേഹത്തിനോട് ഇത്രയൂം ബഹുമാനമെന്ന് റോബിന്‍ ടോം എന്നയാളും പറയുന്നു.

ഞാനൊരു കത്തോലിക്കനാണ്. വൈദികരോട് വലിയ ബഹുമാനവും ആദരവുമൊന്നും എനിക്കില്ല. പക്ഷേ ഈ വൈദികനോട് അടങ്ങാത്ത ബഹുമാനവും ആദരവും തോന്നുന്നു. കാരണം അദ്ദേഹത്തിന് വേണമെങ്കില്‍ ഇങ്ങനെയൊരു പരിപാടിക്ക് സാധാരണ വേഷത്തില്‍ വരാമായിരുന്നു. പക്ഷേ അദ്ദേഹം തിരുവസ്ത്രമിട്ട് തന്നെയാണ് വന്നത്. അത് അദ്ദേഹത്തിന് ആ സഭയോടും വസ്ത്രത്തോടുമുള്ള് കൂറും ഐക്യവുമാണ് കാണിക്കുന്നത്. മാത്രമല്ല, അദ്ദേഹം തന്റെ കലയോടുള്ള സ്‌നേഹം ഏതു സ്ഥലമാണെന്ന് നോക്കാതെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്ന് മാര്‍ട്ടിന്‍ ജോസഫ് എന്നയാള്‍ പറയുന്നു.

ഫ്ലവേഴ്സ് ടിവിയുടെ പേജിലൂടെ മാത്രം ഇതിനകം 14 ലക്ഷത്തോളം ആളുകള്‍ കാണുകയും 55,000-ത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു അച്ചന്റെ ഡാന്‍സ്. അക്ഷയ് മോഹന്‍ എന്ന വിദ്യാര്‍ഥിയാണ് അച്ചനൊപ്പം ഡാന്‍സ് കളിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍