UPDATES

വൈറല്‍

“കോണ്‍ഗ്രസുകാര്‍ ശരണത്തെറികളോടെ ഗാന്ധിയെ മല കയറ്റി; നെയ്‌ത്തേങ്ങയുമായി നാഥുരാമന്‍ നായര്‍ കാത്തുനിന്നു”

താഴെ നിലയ്ക്കലിൽ രമേശനും ഉമ്മൻ ചാണ്ടിയും നേരെ വൈസ്രോയി ഇർവിനെ വിളിച്ചു. ഉടമ്പടിയുണ്ടാക്കി. കോൺഗ്രസുകാർക്ക് കാക്കി നിക്കർ വിലക്കുറവിൽ കൊടുക്കാൻ പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പമ്പയില്‍ നടന്ന യുഡിഎഫ് പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് സുപ്രീം കോടതി അഭിഭാഷകനും കോളമിസ്റ്റുമായ പ്രമോദ് പുഴങ്കര ഫേസ്ബുക്കിലിട്ട ആക്ഷേപഹാസ്യ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ സംഘപരിവാറിന് അനുകൂലമായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം ഗാന്ധിയെ ഗോഡ്‌സെയ്ക്ക് ഇട്ടുകൊടുക്കുന്ന പോലെയാണ് എന്ന് പ്രമോദ് അഭിപ്രായപ്പെടുന്നു.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

ഖദറിട്ട മേഘങ്ങൾക്കിടയിലൂടെ പ്രഭാതം ശരണം വിളിയോടെ എത്തിനോക്കി. ആചാരപ്രകാരമുള്ള എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചാണ് രാത്രി പോയതും സൂര്യൻ വന്നതും എന്നുറപ്പുവരുത്തിയിട്ടേ ദേശീയ കോൺഗ്രസുകാർ പുതപ്പുമാറ്റുകയും മുണ്ടുടുക്കുകയും ചെയ്തുള്ളൂ. മല കയറാൻ ആശ്രമവാടത്തിൽ മുനികന്യകളൊന്നും ഇല്ലാത്തതിനാൽ ആചാരഭംഗം വരാതെ നൈഷ്ഠിക കോൺഗ്രസുകാർ അകത്തുകടന്നു.കസ്തൂർബ എല്ലാവരെയും തിലകമണിയിച്ചു. രമേശന് നാഗ്പൂരിൽ നിന്നും കൊണ്ടുവന്ന നാമജപക്കുറി പ്രത്യേകമുണ്ടായിരുന്നു. കലേക്കർ കൊടുത്ത മുളവടി മഹാത്മാഗാന്ധി ആചാരവടിയുടെ ചിട്ടപ്രകാരം രഘുപതി രാഘവ താളത്തിൽ കുത്തി നടക്കാൻ തുടങ്ങി. പ്യാരേലാൽ, ആശ്രമം മാനേജർ ഛഗൻലാൽ ജോഷി, ഉമ്മൻ ചാണ്ടി എന്നിവർ തൊട്ടുപിന്നിൽ. ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന മണിലാലും ഹരിലാലിന്റെ മകൻ കാന്തിയും നടക്കുന്നതിനൊപ്പമാണ് ചെറുവാല്യക്കാരായ രമേശൻ നായർ, ബെന്നി ബെഹനാൻ, മുനീർ, ജോൺ, പ്രേമചന്ദ്രൻ എന്നിവർ. ആശ്രമത്തിലെ പാട്ട് മാഷ് പണ്ഡിറ്റ് നാരായൺ ഖരെ തന്റെ തംബുരുവുമായി ഗാന്ധിക്കൊപ്പം യാത്രക്കുണ്ട്. പി ജെ ജോസഫ് അങ്ങേർക്കൊപ്പം കൂടി. യാത്ര കഴിയുന്നതോടെ തന്റെ പാട്ടിന് സ്വാതന്ത്ര്യം കിട്ടുമെന്ന് അതോടെ ഖരെ ഉറപ്പാക്കി. ബാക്കിയുള്ളവർ തരാതരംപോലെ ശരണംവിളികളുമായി ഒപ്പം കൂടി. ഗാന്ധി മാത്രം വേറെന്തോ മുദ്രാവാക്യമൊക്കെ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

നടക്കാൻ മടിയുണ്ടായിരുന്നതിനാൽ പുസ്തകമെഴുതുന്ന തിരക്ക് ഭാവിച്ച് ജവഹർലാൽ (നെഹ്രൂ ന്ന്) ആ യാത്രയെക്കുറിച്ചെഴുതി, “Today the pilgrim marches onward his long trek … his faithful band trudging along behind him . Many a journey he has undertaken in the past, many a weary road traversed. But longer than any that have gone before is this last journey of his, and many are the obstacles in his way. But the fire of a great resolve is in him, and surprising love of his miserable countrymen. And love of truth that scorches and love of freedom that inspires.”

ഉമ്മൻചാണ്ടി കൂടെയുള്ളതിനാൽ താൻ പോകാതിരുന്നതിലുള്ള വിഷമം മാറി എന്ന് നെഹ്‌റു പ്രത്യേകം എഴുതിയിരുന്നു. എല്ലാവരും ഖാദി ധരിച്ചു. രമേശനടക്കം ചിലർക്ക് പ്രത്യേകമായി കാക്കി നിക്കർ തയ്പ്പിച്ചിരുന്നു. അവരത് തെളിച്ചുതന്നെ ഉടുത്തു. ഖാദി തൊപ്പി, (ഗാന്ധി തൊപ്പി വെച്ചില്ല. കൂട്ടത്തിലൊരുവനാക്കും എന്ന് മൂപ്പർ മുൻകൂട്ടി അപകടം മണത്തു) കിടക്കവിരി, മാറാനുള്ള കുപ്പായം, തക്ലി, ഡയറി, വെള്ളം കുടിക്കാൻ ഒരു കോപ്പ എന്നിവ എല്ലാവര്ക്കും കൊടുത്തു.

ദബാൻ ഗ്രാമത്തിൽ ദളിതരുടെ താമസസ്ഥലത്തു പോയി അവരുടെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിച്ച ഗാന്ധിയെ സ്ഥലത്തെ ഗാന്ധിയന്മാരായ നായന്മാർ അമ്പരപ്പോടെ നോക്കി. ഞങ്ങൾക്ക് നായന്മാരുടെ പോപ്പ് സുകുമാരൻ നായർ മതി എന്ന് പറഞ്ഞു അവർ എൻ എസ് എസിലേക്ക് മടങ്ങിപ്പോയി. ആചാരം തെറ്റുമോ എന്ന് ഭയന്ന രമേശനടക്കമുള്ള കോൺഗ്രസുകാർ കുളിച്ചതേയില്ല. കാക്കി നിക്കർ കുടഞ്ഞുനിവർത്തി വീണ്ടുമിട്ടു. പ്രഭാതത്തിൽ എല്ലാ കോൺഗ്രസുകാർക്കും ധ്വജപ്രണാമം പതിവുള്ളതാണെങ്കിലും, അത്തരം ആചാരങ്ങളുടെ പേരിൽ കൂട്ടത്തിൽ ഉമ്മൻചാണ്ടിയടക്കമുള്ള ചിലരെ ഭരണകൂടം വേട്ടയാടുന്നതായി യാത്രക്കൊപ്പമുള്ള വിദേശ മാധ്യമപ്രവർത്തകരോട് അവർ പരാതി പറഞ്ഞു.

ഗജേറയിൽ ദളിതരെ യാത്രയിൽ ചേർക്കാൻ ആവശ്യപ്പെട്ടപ്പോൾ കുലസ്ത്രീകൾ ഗാന്ധിയെ ബഹിഷ്‌കരിച്ചു. ആചാരപ്രകാരമുള്ള തീണ്ടാപ്പാടുകൾ നമ്മൾ കാത്തോളണം എന്ന് പരസ്പരം മുറുമുറുത്ത രമേശൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഗാന്ധിയിൽ നിന്നും അകലം പാലിക്കുകയും കുലസ്ത്രീകളെ നോക്കി കണ്ണിറുക്കികാണിക്കുകയും ചെയ്തു.

നിലയ്ക്കൽ എത്തിയപാടെ സംഘത്തിൽ ഭിന്നിപ്പായി. നീലിമല, കരിമല, വഴി നടന്നും സ്ത്രീകളടക്കമുള്ളവരെ കൂടെക്കൂട്ടി മല കയറിപ്പോകണം എന്ന് ഗാന്ധി വാദിച്ചു. ചർക്കയും നൂലും കൂട്ടി കിളവനെയെടുത്ത് വലിച്ചെറിയാൻ ഖാദി ഉരിഞ്ഞുകളഞ്ഞു കാക്കി നിക്കറിട്ട തുടയിലടിച്ച് ഗാന്ധിയൻ നായന്മാരും നായന്മാരെപ്പോലുള്ള മറ്റുള്ളവരും ശരണം വിളിച്ചു. പെണ്ണുങ്ങളെ കയറ്റിയാൽ കടപൂട്ടിപ്പോകുമെന്നായിരുന്നു വാദം.

“To call woman the weaker sex is a libel; it is man’s injustice to woman…If by strength is meant moral power, then woman is immeasurably man’s superior.” എന്ന് താനെഴുതിയത് ഗാന്ധി ഓർമ്മിപ്പിച്ചു. എഴുത്തും വായനയും ഈ മണ്ഡല, മകര വിളക്കുകാലത്തേക്ക് എല്ലാ കോൺഗ്രസുകാർക്കും നിരോധിച്ചതായി രമേശൻ നായർ ഉടനെ ഉത്തരവിട്ടു. തങ്ങളുടെ ഓർമ്മയിൽ അത്തരം ആചാരലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് കൂടെയുള്ളവർ മുദ്രാവാക്യം മുഴക്കി.

ശേഷം മല കയറിയ ഗാന്ധിയെ പുലി പിടിച്ചെന്നും വര്ഷം തോറും ഗാന്ധിസ്‌മൃതിപഥസഞ്ചലനത്തിന് കാശ് പിരിക്കാമെന്നുമുള്ള സാധ്യത കണ്ട കോൺഗ്രസുകാർ ശരണത്തെറികളോടെ മൂപ്പരെ മല കയറ്റി. വനപാതയിൽ നെയ്‌ത്തേങ്ങയുമായി സർ സംഘചാലക് നാഥുരാമൻ നായർ കാത്തു നിന്നിരുന്നു.

താഴെ നിലയ്ക്കലിൽ രമേശനും ഉമ്മൻ ചാണ്ടിയും നേരെ വൈസ്രോയി ഇർവിനെ വിളിച്ചു. ഉടമ്പടിയുണ്ടാക്കി. കോൺഗ്രസുകാർക്ക് കാക്കി നിക്കർ വിലക്കുറവിൽ കൊടുക്കാൻ പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു. ശാസ്താവിന് പൂർണയും പുഷ്കലയുമാണ് ഭാര്യമാരെന്നും എന്നാ കളിയാ എന്നളിയോ എന്നു ചെവിയിൽപ്പറഞ്ഞും വൈഷ്ണവജനതോ എന്ന് ചിരിച്ചും സനാതനികൾ മലയിറങ്ങി.

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍