UPDATES

വൈറല്‍

‘വെള്ളം പൊങ്ങി വന്നു. ഞങ്ങളെല്ലാവരും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി…’ പ്രളയ രേഖകളായി കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍

ഭാവിയെപ്പറ്റി, നഷ്ടപ്പെട്ടു പോയതിന്റെ വേദനകളെപ്പറ്റി ആലോചിക്കാതെ അവര്‍ താല്കാലിക ഇടങ്ങളില്‍ സന്തുഷ്ടരായി കഴിയുകയാണ് എന്ന ചിത്രമാണ് ഈ ഡയറിക്കുറിപ്പുകളിലൂടെ കിട്ടുന്നത്

‘എന്റെ വീട്ടില്‍ വെള്ളം പൊങ്ങി വന്ന ദിവസം സ്വാതന്ത്ര്യ ദിനമായിരുന്നു. വെള്ളപ്പൊക്കം വരുന്നത് എനിക്ക് കുറച്ചൊക്കെ ഇഷ്ടമായിരുന്നു. സ്‌കൂള്‍ അവധി കിട്ടുമെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷമായിരുന്നു.’ പ്രളയസമയത്ത് സ്‌കൂള്‍ കുട്ടികള്‍ എഴുതിയ നിഷ്‌കളങ്കമായ ഡയറികുറിപ്പുകളില്‍ ഒന്നിന്റെ വരികളാണ് ഇത്. പ്രളയക്കെടുതിയെ കുട്ടികള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ രേഖകളാണ് അവര്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍.

വീട്ടിലേക്ക് വെളളം കയറിയതിന്റെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് കുടുംബത്തോടൊപ്പം മാറിയതിന്റെയും വിവരങ്ങള്‍ കുട്ടികള്‍ വിവരിക്കുന്നുണ്ട്. ക്യാമ്പുകളിലെ അനുഭവങ്ങളും അവര്‍ വിവരിക്കുന്നുണ്ട്. വീടുകളില്‍ വെള്ളം കയറിയിട്ട് ഏകദേശം ഒരു മാസത്തോളമായി എന്നും അടുത്തുള്ള വീടുകളിലാണ് അഭയം തേടിയിരുന്നതെന്നും അവര്‍ പറയുന്നുണ്ട്.

‘ഈ മാസം 17ാം തീയതി ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലും വെള്ളം കയറി. ഒരു ദിവസം കൂടി തങ്ങി. പിറ്റെ ദിവസം രാവിലെ വെള്ളം പൊങ്ങി വന്നു. ഞങ്ങളെല്ലാവരും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളെ രക്ഷിക്കാന്‍ വേണ്ടി പോലീസ് മാമന്‍മാര് ഒരു വലിയ വണ്ടിയില്‍ വന്നു ഒരുവിധം ഞങ്ങള്‍ എല്ലാവരും ആ വണ്ടിയില്‍ കയറി.’ ആര്‍ച്ച എന്ന കുട്ടിയുടെ കുറിപ്പില്‍ വിവരിക്കുന്നു.

ക്യാംമ്പുകളില്‍ എത്തിയതില്‍ പിന്നെ സുരക്ഷിതരും സന്തോഷവുമാണെന്ന് കുട്ടികള്‍ പറയുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ലഭിച്ച ഭക്ഷണം, വസ്ത്രം തുടങ്ങിയവയെ കുറിച്ചും അവര്‍ പറയുന്നുണ്ട്. പ്രളയം കുട്ടിമനസുകളില്‍ എന്ത് ചിത്രമാണ് പൊതുവില്‍ അവശേഷിപ്പിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത സ്ഥിതിയില്‍ ഈ ഡയറികുറിപ്പുകള്‍ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്.

ഭാവിയെപ്പറ്റി, നഷ്ടപ്പെട്ടു പോയതിന്റെ വേദനകളെപ്പറ്റി ആലോചിക്കാതെ അവര്‍ താല്കാലിക ഇടങ്ങളില്‍ സന്തുഷ്ടരായി കഴിയുകയാണ് എന്ന ചിത്രമാണ് ഈ ഡയറിക്കുറിപ്പുകളിലൂടെ കിട്ടുന്നത്. കൂടാതെ സംസ്ഥാനത്തൊട്ടാകെയുള്ള ക്യാംപുകളില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കൗണ്‍സിലിംഗ് സെഷനുകള്‍ നടക്കുന്നുണ്ട്. പ്രളയം ഏതെങ്കിലും തരത്തില്‍ മാനസികമായി കുട്ടികളെ ബാധിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അവ മാറ്റാനുള്ള പോംവഴികളുമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുട്ടികള്‍ക്ക് റിലീഫിനായി കലാസംഘങ്ങള്‍ ക്യാംപുകള്‍ തോറും കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍