UPDATES

സിനിമ

‘പാരമ്പര്യമാണ് കാര്യമെങ്കില്‍ ഞാനൊരു കൃഷിക്കാരിയായി വീട്ടിലിരിക്കുമായിരുന്നു’; സെയ്ഫ് അലി ഖാന് കങ്കണ റാണറ്റിന്റെ മറുപടി

കലയും പ്രതിഭയും സ്നേഹവും പാരമ്പര്യത്തില്‍ നിന്ന് വരില്ല- കത്തിന്റെ പൂര്‍ണരൂപം

ആദ്യം കങ്കാണ റാണട്ടിനോട് ക്ഷമാപണവുമായി എത്തിയത് വരുണ്‍ ധവാനാണ്. പിന്നീട് കരണ്‍ ജോഹര്‍ വന്നു. ഇനി കങ്കണയെ വേദനിപ്പിക്കുന്ന തരത്തിലോ സ്വജനപക്ഷ പാതം സംബന്ധിച്ചോ സംസാരിക്കില്ലെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സെയ്ഫ് അലി ഖാന്റെ തുറന്ന കത്തും വൈറലായി. ബോളിവുഡിലെ സ്വജനപക്ഷപാതങ്ങളെ കുറിച്ച് തുറന്നടിച്ച കങ്കണയെ ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ വച്ച് കരണ്‍ ജോഹറും സെയ്ഫ് അലി ഖാനും വരുണ്‍ ഖാനും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമായി. മൂവര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമുയരുകയും ചെയ്തു. ഏതായാലും സെയ്ഫ് അലി ഖാന്റെ തുറന്ന കത്തിന് മറ്റൊരു തുറന്ന കത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കങ്കണ.

കങ്കണയുടെ കത്ത് – പൂര്‍ണ രൂപം

ഇപ്പോള്‍ സ്വജന പക്ഷപാതത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അല്‍പ്പം ദേഷ്യം തോന്നുന്നതാണെങ്കിലും ആരോഗ്യകരമാണ്. ഇതില്‍ ചിലതെല്ലാം ഞാന്‍ ആസ്വദിച്ചു. എന്നാല്‍ മറ്റുചില കാര്യങ്ങള്‍ എന്നെ അസ്വസ്ഥയാക്കി. ഇന്ന് ഞാന്‍ രാവിലെ ആദ്യം വായിക്കുന്നത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്ന സെയ്ഫ് അലി ഖാന്റെ തുറന്ന കത്താണ്. എനിക്ക് ഈ വിഷയത്തില്‍ എറ്റവും വലിയ വേദന തോന്നിയത് കരണ്‍ ജോഹറിന്റെ ബ്ലോഗ് കണ്ടപ്പോളാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വിജയിക്കുന്നതിന് പല ഘടകങ്ങളുണ്ടെന്നും പ്രതിഭ അതില്‍ വലിയ കാര്യമൊന്നുമല്ലെന്നും കരണ്‍ പറഞ്ഞിരുന്നു. ആരാണ് അദ്ദേഹത്തെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചത് എന്നറിയില്ല. ദിലീപ് കുമാര്‍, കെ ആസിഫ്, ബിമല്‍ റോയ്, സത്യജിത് റേ, ഗുരു ദത്ത് തുടങ്ങിയ അസാമാന്യ പ്രതിഭയുള്ള വ്യക്തികളാണ് നമ്മുടെ ഇപ്പോഴത്തെ സിനിമയ്ക്ക് അടിത്തറ പാകിയത് എന്ന കാര്യം എങ്ങനെയാണ് അവഗണിക്കാനാവുക. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, പോളിഷ് ചെയ്ത വാക് ചാതുര്യങ്ങള്‍ക്കുമപ്പുറം ആത്മാര്‍ത്ഥമായ കഠിനാദ്ധ്വാനത്തിനും കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള താല്‍പര്യങ്ങള്‍ക്കും വിലയുണ്ട് എന്ന് തെളിയിക്കുന്ന സാഹചര്യങ്ങള്‍ എല്ലായ്‌പ്പോളും ഉണ്ടായിട്ടുണ്ട്. ഇത് എല്ലാ മേഖലകളിലുമെന്ന പോലെ സിനിമയിലുമുണ്ട്.

ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സുഹൃത്ത് സെയ്ഫ് ഈ വിഷയത്തില്‍ ഒരു കത്തെഴുതിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ എന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കണം എന്ന് തോന്നിയത്. എന്നേയും സെയ്ഫിനേയും തമ്മിലടിപ്പിക്കാന്‍ ഇത് ഉപയോഗിക്കരുതെന്നാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്. ഇത് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. മറിച്ച് ആരോഗ്യകരമായ ഒരു സംവാദവും ആശയങ്ങള്‍ പങ്കുവയ്ക്കലുമാണ്.

സെയ്ഫ്, എന്നോട് മാപ്പപേക്ഷിക്കുന്നതായി കത്തില്‍ നിങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ ആരോടും ഒന്നും വിശദീകരിക്കാനില്ലെന്നും ഈ പ്രശ്‌നം ഇതോടെ തീര്‍ന്നതായും നിങ്ങള്‍ പറയുന്നു. സെയ്ഫ്, ഇത് എന്റെ മാത്രം പ്രശ്‌നമല്ല. പക്ഷപാതിത്വങ്ങള്‍ ബുദ്ധിപരമായ പ്രവണത എന്നതിനേക്കാള്‍ താല്‍ക്കാലികമായ വികാരങ്ങളുടെ പുറത്തുണ്ടാകുന്നതാണ് മിക്കപ്പോളും. ബിസിനസും വലിയ ലാഭം ലക്ഷ്യമിട്ടും ഇത്തരം വികാരങ്ങളുടെ പുറത്തും നടത്തപ്പെടുന്നതാണ്. അല്ലാതെ വലിയ മൂല്യങ്ങളുടെ പുറത്തുള്ളതൊന്നുമല്ല. അത് ഒരിക്കലും 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ശേഷിയെ ചൂഷണം ചെയ്യാന്‍ കഴിയുന്നതോ ഉദ്ദേശിച്ച ഫലം ചെയ്യുന്നതോ ആവണമെന്നില്ല. വസ്തുനിഷ്ഠതയും യുക്തിയും വച്ച് നോക്കിയാല്‍ സ്വജന പക്ഷപാതങ്ങള്‍ക്ക് ഒരു അര്‍ത്ഥവുമില്ല. എന്നേക്കാള്‍ മുമ്പ് ഇവിടെ വലിയ വിജയം നേടിയ പലരില്‍ നിന്നുമാണ് എനിക്ക് ഇത്തരം മൂല്യങ്ങള്‍ പകര്‍ന്നുകിട്ടിയിട്ടുള്ളത്. ഇത്തരം മൂല്യങ്ങളുടെ പകര്‍പ്പവകാശം ആര്‍ക്കുമില്ല. വിവേകാനന്ദന്‍, ഐന്‍സ്റ്റീന്‍, ഷേക്‌സ്പിയര്‍ തുടങ്ങിയവര്‍ ഒരു ചെറിയ കൂട്ടത്തില്‍ പെടുന്നവരല്ല. അവര്‍ പൊതുവായ മാനവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ സൃഷ്ടികളാണ് നമ്മുടെ ഭാവിയെ രൂപപ്പെടുത്തിയത്. അതുപോലെ നമ്മുടെ സൃഷ്ടികളാണ് വരും തലമുറകളുടെ ഭാവിയെ രൂപപ്പെടുത്തുക.

ഇന്നെനിക്ക് ഇത്തരം മൂല്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കാനുള്ള മനക്കരുത്തുണ്ട്. പക്ഷെ നാളെ അതുണ്ടാവണമെന്നില്ല. ഞാന്‍ പരാജയപ്പെട്ടേക്കാം. എനിക്ക് എന്റെ കുട്ടികളെ താരപദവിയെ കുറച്ച് സ്വപ്‌നം കാണാന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ വന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ പരാജയപ്പെടുമായിരിക്കും. പക്ഷെ മൂല്യങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. നമ്മളൊക്കെ ഇല്ലാതായതിന് ശേഷവും അത് ശക്തമായി തന്നെ നിലകൊള്ളും. ഇതിനാല്‍ ഇത്തരം മൂല്യങ്ങള്‍ കൊണ്ടുനടക്കുന്നവരോടെല്ലാം നമ്മള്‍ പല കാര്യങ്ങളും വിശദീകരിക്കേണ്ടി വരും.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വരും തലമുറകളുടെ ഭാവി രൂപപ്പെടുത്തുന്നത് നമ്മളാണ്. കത്തിന്റെ മറ്റൊരു ഭാഗത്ത് നിങ്ങള്‍ താരങ്ങളുടെ മക്കളും പാരമ്പര്യഗുണങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നു. പരീക്ഷിച്ച് കഴിവ് തെളിയിക്കപ്പെട്ട ജീനുകള്‍ക്ക് കിട്ടുന്നു അംഗീകാരമായി താങ്കള്‍ പക്ഷപാതിത്വത്തെ കാണുന്നു. ഞാന്‍ കുറേക്കാലം ഈ ജനിതകശാസ്ത്രമൊക്കെ പഠിച്ചതാണ്. പക്ഷെ ഈ ജനിതക മികവുള്ള പന്തയക്കുതിരകളെ എങ്ങനെയാണ് കലാകാരന്മാരുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. കലാപരമായ കഴിവുകള്‍, കഠിനാദ്ധ്വാനം, അനുഭവപരിചയം അഭിനിവേശങ്ങള്‍, ത്വര, അച്ചടക്കം, സ്‌നേഹം ഇതെല്ലാം ജീനുകളിലൂടെ പാരമ്പര്യമായി കിട്ടുന്ന ഒന്നാണെന്നാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്? നിങ്ങള്‍ പറയുന്നത് ശരിയായിരുന്നെങ്കില്‍ ഞാനൊരു കൃഷിക്കാരിയായി വീട്ടിലിരിക്കുമായിരുന്നു. എന്റെ ജീന്‍ പൂളിലെ ഏത് ജീന്‍ ആണ് ചുറ്റുപാടുകളെ നിരീക്ഷിക്കാനുള്ള കഴിവ് എനിക്ക് തന്നതെന്നോ എന്റെ താല്‍പര്യങ്ങളെ വ്യാഖ്യാനിക്കാനും പ്രകടിപ്പിക്കാനും അതിനായി സമര്‍പ്പിക്കാനും എന്നെ സഹായിച്ചതെന്നോ എനിക്കറിയില്ല.

ബീജഗുണങ്ങളേയും സന്താനോത്പ്പാദനത്തേയും സംബന്ധിച്ച യൂജെനിക്‌സിനെക്കുറിച്ചും നിങ്ങള്‍ സംസാരിച്ചു. മഹത്വവും മികവും കൈവരിക്കാന്‍ സഹായിക്കുന്ന ഡിഎന്‍എകളൊന്നും തന്നെ മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍, ഡാവിഞ്ചി, ഷേക്‌സ്പിയര്‍, വിവേകാനന്ദന്‍, സ്റ്റീഫന്‍ ഹോക്കിംഗ്, ടെറന്‍സ് താവോ, ഡാനിയല്‍ ഡേ ലൂയിസ്, ജെറാര്‍ഡ് റിച്ചര്‍ തുടങ്ങിയവരെയെല്ലാം പുന:സൃഷ്ടിക്കാന്‍ ഒരുപക്ഷെ നമ്മള്‍ ഇഷ്ടപ്പെടുമായിരിക്കാം. മാധ്യമങ്ങളാണ് പക്ഷപാതിത്വങ്ങളുണ്ടാക്കുന്നത് എന്നും അവരെയാണ് വിമര്‍ശിക്കേണ്ടത് എന്നും നിങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒട്ടും സത്യമല്ല. പക്ഷപാതം, സ്വജന പക്ഷപാതം എന്നെല്ലാം പറയുന്നത് മനുഷ്യന്റെ ബലഹീനതകളാണ്. ഇത്തരം ബലഹീനതകളെ മറികടക്കാന്‍ വലിയ മനക്കരുത്ത് വേണം. ചിലപ്പോള്‍ നമുക്കത് സാധിക്കുന്നു. ചിലപ്പോള്‍ അതിന് കഴിയുന്നില്ല. ആരും പ്രതിഭകളെ ഉപയോഗപ്പെടുത്തുന്നത് അവരുടെ തലയില്‍ തോക്ക് വച്ച് ഭീഷണിപ്പെടുത്തിയല്ല. ആരും ആരുടേയും തിരഞ്ഞൈടുപ്പുകളുടെ പേരില്‍ പ്രതിരോധത്തിലാകേണ്ട കാര്യമില്ല.

ഞാന്‍ ഇത്രയും പറഞ്ഞത് പാരമ്പര്യങ്ങള്‍ക്ക് പുറത്ത് നിന്നു വരുന്നവര്‍ക്ക് ധൈര്യം നല്‍കാനാണ്. അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകാന്‍, പുതിയ വഴികള്‍ വെട്ടിത്തെളിക്കാന്‍. മറ്റുള്ളവരെ ഒതുക്കല്‍, അസൂയ, സ്വജനപക്ഷപാതം, പ്രാദേശികമായ മറ്റ് സവിശേഷതകള്‍ ഇതെല്ലാം മറ്റെല്ലാ മേഖലകളുടേയും എന്നപോലെ സിനിമയുടേയും ഭാഗമാണ്. മുഖ്യധാരസിനിമയില്‍ നിങ്ങള്‍ സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ ഓഫ് ബീറ്റിലേക്ക് പോകൂ. ഈ ജോലി ചെയ്യാന്‍ ഒരുപാട് വഴികളുണ്ട്. അംഗീകാരങ്ങളും പദവികളും ലഭിക്കുന്നവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ ഈ വ്യവസായത്തിന്റെ ഭാഗമാണ്. പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളിലുമാണ് ഈ വ്യവസ്ഥ മുന്നോട്ട് പോകുന്നത്. മാറ്റം ആഗ്രഹിച്ച് അതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ അതുണ്ടാക്കാന്‍ കഴിയൂ. ഓരോരുത്തരും അവര്‍ക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കണം. അല്ലാതെ ആരോടും അതിനായി അപേക്ഷിക്കരുത്.

നിങ്ങള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. ധനികരും പ്രശസ്തരുമായവരുടെ ജീവിതങ്ങളെ പലപ്പോഴും ആളുകള്‍ വലിയ താല്‍പര്യത്തോടെയാണ് കാണുന്നത്. അതേസമയം നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഈ സ്‌നേഹം കിട്ടുന്നത് സാധാരണക്കാരായ നമ്മുടെ നാട്ടുകാരില്‍ നിന്നാണ്. നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ കഥാപാത്രങ്ങള്‍ പലപ്പോഴും അവര്‍ക്ക് കണ്ണാടി പോലെയാണ്. ഓംകാരയിലെ ലാംഗ്ഡ ത്യാഗിയായാലും ക്വീനിലെ റാണി ആയാലും സാധാരണക്കാരന്റെ ജീവിതം പ്രതിഫലിപ്പിക്കാന്‍ കഴിയുമ്പോളാണ് നമുക്ക് സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിയുന്നത്. ഇങ്ങനെയെല്ലാം ആയിരിക്കെ സ്വജനപക്ഷപാതങ്ങളോട് നമ്മള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടോ അത് ഗുണം ചെയ്യും എന്ന് കരുതുന്നവര്‍ അതില്‍ സമാധാനം കണ്ടെത്തട്ടെ. എന്റെ അഭിപ്രായത്തില്‍ ഒരു മൂന്നാംലോക രാജ്യത്തെ സംബന്ധിച്ച് അത് അശുഭാപ്തികരവും പ്രതിലോമകരവുമായ മനോഭാവമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം ഇതൊന്നുമില്ലാതെ കോടിക്കണക്കിനാകളുള്ളൊരു രാജ്യമാണിത്. ലോകത്ത് സമ്പൂര്‍ണ സമാധാനം ഉണ്ടാവുക എന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ്. അപ്പോള്‍ ചില പ്രതീക്ഷകള്‍ വേണം. അതിനാണ് നമ്മളെ പോലുള്ള കലാകാരന്മാര്‍.

ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ഈ പ്രതീക്ഷയുടെ പതാകവാഹകരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍