UPDATES

വൈറല്‍

രണ്ടുപേര്‍ ഇങ്ങനെ സ്നേഹിച്ചിട്ടും തമ്മില്‍ മനസിലാക്കിയിട്ടും ഉണ്ടാവില്ല; മരണത്തെപ്പോലും വിറപ്പിച്ച ജീവിതം

ക്യാന്‍സര്‍ ബാധിതയായ ഭാര്യ മരിക്കുന്നതിനു മുമ്പ് ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ കണ്ടതിനെ കുറിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഒരാളും ഇത്ര ധൈര്യത്തോടെ ജീവിതത്തെ നേരിട്ടിട്ടുണ്ടാവില്ല. ജീവിതം അവസാനിക്കാന്‍ നില്‍ക്കുമ്പോഴും ഇത്ര തെളിമയുണ്ടാവില്ല ഒരാളുടേയും ഉള്ളിലും. എന്നാല്‍, ജീവിതത്തിന്റെ ചെറിയ തളര്‍ച്ചകളില്‍ പോലും പതറിപ്പോകുന്നവര്‍ക്ക് മുന്നിലുള്ള ജീവിക്കുന്ന ഉദാഹരണമാണ് എന്‍. രമേഷ് കുമാര്‍ എന്ന ഈ മനുഷ്യന്‍. പക്ഷേ, അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തെ പോലും അവസാന നിമിഷം വരെ വിറപ്പിച്ച രമേഷിന്റെ ഭാര്യ അച്ചു. ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നും സോഷ്യല്‍ മീഡിയയിലും മറ്റിടങ്ങളിലും ചര്‍ച്ചാ വിഷയം.

കാന്‍സര്‍ ബാധിതയായ ഭാര്യയുടെ അവസാന ആഗ്രഹമായിരുന്നു താന്‍ ഏറ്റവുമധികം ആരാധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ കാണുക എന്നത്. രണ്ടാം ഘട്ട കീമോ തെറാപ്പി തുടങ്ങി നാലാം ദിവസമാണ് സച്ചിന്‍ കൊച്ചിയില്‍ എത്തുന്നു എന്ന വിവരം അവരറിയുന്നത്. ഏറെ ക്ഷീണിതയായിരുന്നു അച്ചു അപ്പോള്‍. എങ്കിലൂം സച്ചിനെ കാണാന്‍ പറ്റില്ലേ എന്ന് അവര്‍ ചോദിച്ചപ്പോള്‍ രമേഷിന് വീട്ടിലിരിക്കാനായില്ല. കൊച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയുള്ള ദിവസമാണ് സച്ചിന്‍ എത്തുന്നത്. അങ്ങനെ കലൂര്‍ സ്‌റ്റേഡിയത്തിലെത്തിയ രമേഷ് ആ ദിവസത്തെ കളിക്കുള്ള ടിക്കറ്റ് സ്വന്തമാക്കി. കൂടെ എന്തിനും തയാറായി സുഹൃത്തുക്കളും.

കാന്‍സര്‍ ശരീരത്തിന് മാത്രമേ ബാധിച്ചിട്ടുള്ളൂ, അച്ചുവിന്റെ മനസിനെ തകര്‍ക്കാന്‍ സാധിക്കില്ലായിരുന്നു എന്നതിന്റെ തെളിവായിരുന്നു പിന്നീടുണ്ടായത്. കളിയുള്ള ദിവസം ആയിരക്കണക്കിന് ആളുകള്‍ക്ക് നടുവിലിരുന്ന് അവര്‍ സച്ചിനെ കണ്ടു, കളി കണ്ടു, വേദന മറന്നു. മൊബൈല്‍ വാങ്ങി ഫ്‌ളാറ്റ് ലൈറ്റ് മിന്നിച്ച് സച്ചിനെ കണ്ട സന്തോഷത്തില്‍ ആര്‍ത്തുവിളിച്ചു. അന്നായിരുന്നു അച്ചുവിനെ കാണാന്‍ ഏറ്റവും സുന്ദരിയെന്നും രമേഷ് എഴുതുന്നു.

കീമോ കഴിഞ്ഞ് നാലാം ദിവസം സച്ചിന്‍ സച്ചിന്‍ എന്നാര്‍ത്തുവിളിച്ച ഒരേയൊരാള്‍ അച്ചുവായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സ്‌റ്റേഡിയത്തിന് മുന്നില്‍ നിന്നുള്ള സെല്‍ഫിക്കൊപ്പമാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 33,000-ത്തിലധികം പേര്‍ പോസ്റ്റ് ഇഷ്ടപ്പെട്ടു കഴിഞ്ഞു. 12,000-ത്തിലധികം പേര്‍ അത് ഷേര്‍ ചെയ്തു കഴിഞ്ഞു. ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതിന് രമേഷിനോട് നന്ദി പറഞ്ഞും അഭിനന്ദിച്ചും ആശ്വസിപ്പിച്ചും നിരവധി പേര്‍. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വരെ രമേഷിന്റെ പോസ്റ്റ് വാര്‍ത്തയാക്കി. ജീവിതത്തോടും പ്രതിസന്ധികളോടും തോറ്റു കൊടുക്കില്ലെന്നും സ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നും ഇതിലും വലിയ ഉദാഹരണമെന്തുണ്ട്?

രമേഷിന്റെ പോസ്റ്റ്‌ വായിക്കാം
എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്.സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാൻസർ എന്ന ശത്രുവിനോട് “നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയെ തളർത്താൻപറ്റൂ എന്റെ മനസിനെ തളർത്താൻ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്” ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി. ഐ.എസ്‌ . എൽ പോരാട്ടം കൊച്ചിയിൽ നടക്കുന്ന സമയം ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ ദിവസം സച്ചിൻ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നോട് അവൾ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാൻ പോണം എന്ന്.പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കൻഡ് ലൈൻ കീമോതെറാപ്പി വീണ്ടും തുടങ്ങി .നിർഭാഗ്യവശാൽ സച്ചിൻ വരുന്നതിനു നാല് ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു …….ഇനിയിപ്പോ സച്ചിനെ കാണാൻ പോകാൻ പറ്റില്ലല്ലേ ?……അസുഖം അവസാന സ്റ്റേജിൽ ആണെന്ന് എനിക്കും അവൾക്കും അറിയാവുന്നത് കൊണ്ട് പിന്നൊരിക്കൽ ആവാം എന്ന് ഞാൻ പറഞ്ഞില്ല .ഞാൻ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാൻ എന്ന് ….ഏറ്റവും അപകടം പിടിച്ച ഏർപ്പാടാണ് പക്ഷെ എനിക്കപ്പോൾ അതാണ് ശരി എന്ന് തോന്നി …..അപ്പോൾ അവൾ എന്നോട് പറഞ്ഞു “ജനിച്ചാൽ നമ്മളൊക്കെ ഒരുനാൾ മരിക്കും അതിനെക്കുറിച്ചോർത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ ………”എന്നെ കൊണ്ട് പോകാൻ ധൈര്യം ഉണ്ടോ എന്ന് …….ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാൻ ഇപ്പോൾ വരാം എന്ന് …. നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് .സ്റ്റേഡിയത്തിൽ കൂടെ നിൽക്കാൻ നാലുപേരെ ഏർപ്പാടാക്കി ടിക്കറ്റ് എടുത്തു .അടിയന്തിര സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള വഴികൾ ,ഹോസ്പിറ്റൽ എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവ മനസിലാക്കി …തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ ചോദിച്ചു അപ്പോൾ നമ്മൾ നാളെ കളികാണാൻ പോകും അല്ലെ ?എനിക്കറിയാം എല്ലാംഒപ്പിച്ചാണ് വരവെന്ന് ….കീമോയുടെ ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു . പിറ്റേന്ന് ഞങ്ങൾ സ്റ്റേഡിയത്തിലേക് ..നിഴലുപോലെ കൂട്ടുകാർ ,സപ്പോർട്ട് തന്നു കേരളാപോലീസ് ,സ്റ്റേഡിയത്തിലെ എമർജൻസി ആംബുലൻസ് സർവീസ് …ഒടുവിൽ പതിനായിരങ്ങളുടെ നടുവിൽ നടുവിൽ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈൽ വാങ്ങി ഫ്‌ളാഷ് ലൈറ്റ് മിന്നിച്ചു ആർത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച …..അന്നായിരുന്നു അവളെ കാണാൻ ഏറ്റവും സൗന്ദര്യം …..ബ്ലാസ്റ്റേഴ്‌സ് ..സച്ചിൻ …ആർപ്പുവിളികൾക്കിടയിൽ എല്ലാ വേദനകളും മറന്നു ഞങ്ങൾ ………ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചു കളി കണ്ട ആൾ എന്റെ അച്ചു മാത്രമായിരിക്കും . അച്ചുവെന്നാൽ അതാണ് കടുത്ത പ്രതിസന്ധിയിലും ..മരണത്തിന്റെ മുന്നിൽപോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കെണ്ടതുതന്നെ ആണ് ……..കരുത്തനായ മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവൾ യാത്രയായത് ….”പ്രതിസന്ധികൾ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാനശ്വാസം വരെയും പോരാടണം …….ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത് പരമാവധി ആസ്വദിക്കുക ….എല്ലാവര്ക്കും നല്ലതേ വരൂ ………..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍