UPDATES

വൈറല്‍

“തല നരക്കുന്നതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും”: രാജ്ഞിയെ കാണുമ്പോള്‍ തല കുനിക്കാത്ത കോര്‍ബിന്‍

മുമ്പൊരിക്കല്‍ ‘ഗോഡ് സേവ് ദ ക്വീന്‍’ എന്ന ബ്രിട്ടീഷ് ദേശീയഗാനം പാടാന്‍ വിസമ്മതിച്ചതിനാണ് ഈ ‘ധിക്കാരി’യെ വലതുപക്ഷം ആക്രമിച്ചത്.

“തല നരക്കുന്നതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നില്‍ തല കുനിക്കാത്തതാണെന്റെ യൗവനം” – സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ
ഈ കവിത ഓര്‍മ്മപ്പെടുത്തുന്ന വലുതോ ചെറുതോ ആയ സന്ദര്‍ഭങ്ങള്‍ വര്‍ത്തമാന കാലത്തെ രാഷ്ടീയനേതാക്കള്‍ക്കിടയില്‍ പൊതുവെ അപൂര്‍വമാണ്. എന്നാല്‍ ചിലര്‍ ഏത് കാലത്തും ഏത് നാട്ടിലും അങ്ങനെയാണ്. ‘സായിപ്പിനെ’ കാണുമ്പോള്‍ കവാത്ത് മറക്കുകയും കുനിയാന്‍ പറയുന്നവര്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്കിടയില്‍ തല കുനിക്കാതെ ചിലരുണ്ടാകും. അവരിലൊരാളാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. സായിപ്പിനേയും രാജാവിനേയും മുതലാളിയേയും കാണുമ്പോള്‍ കവാത്ത് മറക്കാത്ത നേതാവ്. എലിസബത്ത് രാജ്ഞിയോട് തല കുനിച്ച് ആദരവ് പ്രകടിപ്പിക്കാന്‍ കോര്‍ബിന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞി പ്രസംഗത്തിനെത്തിയതാണ് രംഗം. ബ്രിട്ടനിലെ വലതുപക്ഷ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ വലതുപക്ഷ വെറിയന്മാരും കോര്‍ബിനെ കടന്നാക്രമിക്കുകയാണ്.

മുമ്പൊരിക്കല്‍ ‘ഗോഡ് സേവ് ദ ക്വീന്‍’ എന്ന ബ്രിട്ടീഷ് ദേശീയഗാനം പാടാന്‍ വിസമ്മതിച്ചതിനാണ് ഈ ‘ധിക്കാരി’യെ വലതുപക്ഷം ആക്രമിച്ചത്. ഇത് ബ്രിട്ടനെ അപമാനിക്കുന്നതാണെന്നും കോര്‍ബിന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി ആയിക്കൂടാ എന്നതിന്റെ വ്യക്തമായ കാരണമാണെന്നും ഒരാള്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് വ്യവസ്ഥിതിയെ യാതൊരു തരത്തിലും ബഹുമാനിക്കാത്ത ഒരു മാര്‍ക്‌സിസ്റ്റ് ആണ് കോര്‍ബിന്‍ എന്ന് മറ്റൊരാള്‍. രാജ്ഞിയുടേയും രാജകുടുംബത്തിന്റേയും ആരാധകര്‍ കോര്‍ബിനെ രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകകയുമാണ്. കോര്‍ബിന്‍ സ്‌നബസ് ക്വീന്‍ (കോര്‍ബിന്‍ രാജ്ഞിയെ അധിക്ഷേപിച്ചു) എന്നായിരുന്നു ദേശീയഗാനം കൂടെ പാടാന്‍ കോര്‍ബിന്‍ വിസമ്മതിച്ചപ്പോള്‍ ദ സണ്‍ പത്രത്തിന്റെ തലക്കെട്ട്. അതേസമയം വലതുപക്ഷത്തിന്റെ ഈ അസഹിഷ്ണുതയെ എതിര്‍ത്തുകൊണ്ട് ദ ഇന്‍ഡിപ്പെന്‍ഡന്റ് പത്രം രംഗത്ത് വന്നു. ഗ്രെന്‍ഫാള്‍ ദുരന്തമുണ്ടായപ്പോള്‍ അടക്കം ഇരകളെ സാന്ത്വിനിപ്പിക്കാന്‍ ആരാണ് രംഗത്തുണ്ടായിരുന്നത് എന്നാണ് തീവ്ര വലതുപക്ഷക്കാരോട് ഇന്‍ഡിപ്പെന്‍ഡന്റ് ചോദിക്കുന്നത്.

എലിസബത്ത് രാജ്ഞിയെ കണ്ടപ്പോള്‍ തല കുനിച്ച് അഭിവാദ്യം ചെയ്തവര്‍ക്കിടയില്‍ യാതൊരു കൂസലുമില്ലാതെ നില്‍ക്കുകയും സുഹൃത്തുക്കളെ നോക്കി കണ്ണിറുക്കുകയും ചെയ്യുന്ന കോര്‍ബിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതേസമയം പ്രധാനമന്ത്രി തെരേസ മേ അടക്കമുള്ളവര്‍ തല കുനിച്ച് നില്‍ക്കുന്നത് കാണാം.
തന്നെ തിരഞ്ഞെടുക്കുകയും നേതാവാക്കുകയും ചെയ്ത ജനങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടുമല്ലാതെ മറ്റൊന്നിനോടും തനിക്ക് വിധേയത്വമില്ലെന്ന് വ്യക്തമാക്കുകയാണ് 68 വയസുകാരനായ ഈ ‘ചെറുപ്പക്കാരന്‍’.

പല തരത്തിലുള്ള അടിമത്തങ്ങളുണ്ട്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉത്രാടം തിരുനാള്‍ അടക്കമുള്ള പിന്മുറക്കാരെ കുറിച്ച് പണ്ട് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞ പോലെ, മാനസികമായ അടിമത്തം സൃഷ്ടിക്കുന്നതും വലിയ പ്രശ്‌നമാണ്. ജനാധിപത്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയും ഇതുവരെ വോട്ട് ചെയ്തിട്ടില്ലെന്ന് എന്തോ വലിയ അഭിമാനത്തോടെ പറയുകയും ചെയ്യുന്നവരുണ്ട്. അത്തരം തമ്പുരാട്ടിമാരും തമ്പുരാക്കന്മാരും ആദ്യമായി വോട്ട് ചെയ്യുന്ന സമയത്ത്‌ അവരുടെ പിന്തുണ തനിക്കുണ്ടെന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ അശ്ലീലങ്ങള്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുള്ളതുമാണല്ലോ. ഏതായാലും അത്തരം കാഴ്ചകള്‍ക്കിടയില്‍ ഇത്തരം കാഴ്ചകള്‍ അതെവിടെ ആയാലും വലിയ ആശ്വാസമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍