UPDATES

വൈറല്‍

ഇത്രയും ചീപ്പായാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കിയിരുന്നത്: ജോസഫ് അന്നംകുട്ടി ജോസ്

ആര്‍ത്തവത്തെക്കുറിച്ച് ഒരു ആണിന്റെ ചിന്തകള്‍

പുരുഷന്മാരുടെ വശത്തുനിന്നു കൊണ്ട് സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിലാണ് ആര്‍ജെ ജോസഫ് അന്നംകുട്ടി ജോസ് അറിയപ്പെടുന്നു. അടുത്ത കാലത്തുണ്ടായ മീടൂ ഹാഷ് ടാഗ് കാമ്പെയ്‌നിംഗിനും അതിന് മുമ്പ് നടന്ന പല ചര്‍ച്ചകളിലും ജോസഫിന്റെ സാന്നിധ്യം നാം കണ്ടിരുന്നു. ഇപ്പോള്‍ ആര്‍ത്തവത്തെക്കുറിച്ച് ഒരു ആണിന്റെ ചിന്തകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് ജോസഫ്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച സ്റ്റെയ്ന്‍ ദ സ്റ്റിഗ്മ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോസഫ്.

“ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കാന്‍ ഇന്നുവരെ ഒരു സാനിറ്ററി പാഡ് പോലും ഉപയോഗിക്കാത്ത ചെറുപ്പക്കാരന്‍ വന്നിരിക്കുന്നു. ആര്‍ത്തവത്തെ ഞാനൊക്കെ മനസിലാക്കിയത് പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ്. അന്നത്തെ കാലത്ത് ഞങ്ങളുടെ ലൈംഗിക കൗതുകത്തിന്റെ ഭാഗമായിരുന്നു ഒരു പെണ്‍കുട്ടിയുടെ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കുകയെന്നത്. പെണ്‍കുട്ടികളുടെ പിരിയഡ്‌സ് ഡേറ്റ് കണ്ടുപിടിക്കുന്നവര്‍ക്ക് അന്ന് സമ്മാനമൊക്കെയുണ്ടായിരുന്നു. ഒരുമാസം 22-ാം തിയതിയാണ് അവള്‍ പെട്ടെന്ന് ഓടിപ്പോകുന്നത് കണ്ടതെങ്കില്‍ അടുത്തമാസം 22-ാം തിയതി ഞങ്ങള്‍ കാത്തിരിക്കും. ഓടുന്നുണ്ടോ. ഞങ്ങളെ സംബന്ധിച്ച് ആര്‍ത്തവമെന്നത് ഞങ്ങളുടെ കൗതുകത്തിന്റെ ഭാഗമായിരുന്നു.

അതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ സമയമാണോ എന്നറിയാന്‍ ബാഗൊന്നു നോക്കട്ടെയെന്ന് പറഞ്ഞ് ബാഗ് തട്ടിപ്പറിക്കലായിരുന്നു. അപ്പോള്‍ അവള്‍ തടയുകയാണെങ്കില്‍ അവള്‍ക്ക് അന്ന് ആര്‍ത്തവ ദിവസമാണ്. ഇത്രയും ചീപ്പായാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നത്. പക്ഷെ, എനിക്ക് ഇതേക്കുറിച്ച് കുറച്ചു കൂടി ധാരണയുണ്ടായിരുന്നു. നിങ്ങള്‍ക്കറിയാം എന്റെ ഏറ്റവും വൈറലായ വീഡിയോ ഫാഷന്‍ ചാനല്‍ ഒളിച്ചിരുന്നു കണ്ടപ്പോള്‍ അമ്മ പിടിച്ചതാണ്. അന്ന് അമ്മ എന്നോട് പറഞ്ഞ ഒരു കാര്യം ജോസഫേ നീ ഒരു ആണ്‍കുട്ടിയാണ് നീ ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഒരു പത്ത് പതിനാറ് വയസൊക്കെയാകുമ്പോള്‍ പ്രകൃതി നിന്നോട് പറയും ‘നീയൊരു സ്ത്രീയായെന്ന്’. അപ്പോള്‍ നിന്റെ ശരീരത്തില്‍ ചില മാറ്റങ്ങളൊക്കെ സംഭവിക്കുമ്പോള്‍ അമ്മ പറഞ്ഞു തരും എന്തിനാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന്. അന്ന് അമ്മ പറഞ്ഞ ഒരു കാര്യം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ പ്രക്രിയ എന്നത് അമ്മയാകുക എന്നതാണ്. അതൊരു വേദന നിറഞ്ഞതും മനോഹരമായതുമായ പ്രക്രിയയാണ്. പത്ത് മാസം ശ്രദ്ധിച്ച് ശരീരം പരിപാലിച്ച് കൊണ്ടുനടക്കണം. അതിന് വേണ്ടി ഒരു പെണ്‍കുട്ടിയെ പ്രകൃതി ഒരുക്കുന്നതാണ് ആര്‍ത്തവം. എന്ന് എനിക്ക് പറഞ്ഞ് തന്നത് എന്റെ അമ്മയാണ്. എത്ര ആണ്‍കുട്ടികള്‍ക്ക് ഇതിനെക്കുറിച്ച് അറിയാം. വളരെ വിരളമായിരിക്കാം.

ഡാന്‍സിലായാലും സിനിമയിലായാലും പെണ്‍കുട്ടിയുടെ വയറ് അല്ലെങ്കില്‍ പൊക്കിള്‍ കാണുമ്പോള്‍ അതൊരു അശ്ലീലമായാണ് സിനിമകളും കൂട്ടുകാരും മാസികകളുമൊക്കെ ഞങ്ങളോട് പറഞ്ഞു തന്നിരിക്കുന്നത്. എന്നാല്‍ ഒരു അമ്മയും മകനും അല്ലെങ്കില്‍ ഒരു അമ്മയും മകളും തമ്മിലുള്ള കണക്ഷന്റെ സോവനീര്‍ ആണ് ഈ പൊക്കിള്‍ കൊടി എന്ന് ആരും എന്തുകൊണ്ട് പറഞ്ഞു തന്നില്ല? ഇന്നത്തെ കാലത്ത് ഒരു സ്ത്രീ ശരീരത്തെക്കുറിച്ച് ഞങ്ങള്‍ ആണ്‍കുട്ടികള്‍ മനസിലാക്കുന്നത് സിനിമകളിലൂടെയും അശ്ലീല വീഡിയോകളിലൂടെയും കൂട്ടുകാര്‍ പറയുന്ന വളച്ചൊടിച്ച മസാല കഥകളിലൂടെയുമാണ്. ഒരു പെണ്‍ശരീരത്തെക്കുറിച്ച് ഒരു ആണിന് പറഞ്ഞുകൊടുക്കാന്‍ ഏറ്റവും യോഗ്യതയുള്ളയാള്‍ ഒരു പെണ്ണ് തന്നെയാണ്.

ഒരു സംസാരത്തിനിടെ എന്റെ കൂട്ടുകാരിയാണ് പിരിയഡ്‌സിന്റെ വേദനയെക്കുറിച്ച് പറഞ്ഞു തന്നത്. ‘നീ അധികം പ്രകോപിപ്പിക്കരുത്, ഞാന്‍ പീരിയഡ്‌സില്‍ ആണ്. എനിക്കിത്തിരി പെയിന്‍ഫുളാണ്’ എന്നായിരുന്നു അവള്‍ പറഞ്ഞത്. ഇതെന്താ ഇവള്‍ ഇങ്ങനെയൊക്കെ പറയുന്നത്, അതും ഇത്ര ഓപ്പണ്‍ ആയിട്ട് എന്നാണ് ഞാന്‍ ചിന്തിച്ചത്. അപ്പോള്‍ എനിക്ക് മനസിലായി ഇത് ഇത്രയൊക്കെയേ ഉള്ളൂ. അതുപോലെ ഒരു സെലിബ്രിറ്റിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവര്‍ വന്നപ്പോഴേ പറഞ്ഞത്. ‘ജോസഫ് എന്റെ പീരിയഡ്‌സ് ആണ് അതുകൊണ്ട് ഞാന്‍ പെട്ടെന്ന് അസ്വസ്ഥയാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു’ വളരെ ഓപ്പണ്‍ ആയിട്ടാണ് അവരൊക്കെ സംസാരിച്ചത്. എന്തെങ്കിലും ഒളിച്ചുപിടിച്ചാല്‍ മാത്രമാണ് അതിന്റെ പിന്നില്‍ എന്തെങ്കിലും കള്ളത്തരമുണ്ടെന്ന് തോന്നുകയുള്ളൂ. പീരിയഡ്‌സിനെക്കുറിച്ച് ധൈര്യപൂര്‍വം പറയാന്‍ കഴിയണം. കാരണം അത് ഒളിച്ചിരുന്ന് ചെയ്യേണ്ട ഒരു കാര്യമല്ല.

ഇനി ഒരു ഉദാഹരണം പറയാം. ഇന്ന് രാവിലെ ഞാനും അമ്മയും അപ്പനും കൂടി ഇതിനെക്കുറിച്ച് വട്ടംകൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു. കാരണം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്കൊരു റിസോഴ്‌സ് പേഴ്‌സണ്‍ വേണം. അപ്പോള്‍ അമ്മ പറഞ്ഞ കഥയുണ്ട്. അമ്മയ്ക്ക് ഒരു വലിയമ്മയുണ്ടായിരുന്നു. ഈ വലിയമ്മയുടെ കുട്ടിക്കാലത്ത് 12 വയസ്സുള്ളപ്പോള്‍ രക്തം വരാന്‍ തുടങ്ങി. എന്താ ചെയ്യണ്ടതെന്ന് അറിയാതെ ഓടി ഒരു പുഴയിലെ വെള്ളത്തില്‍ പോയി കിടന്നു. രക്തം നിന്നുകഴിയുമ്പോള്‍ തിരിച്ചു കയറും. വീണ്ടും രക്തം വരാന്‍ തുടങ്ങുമ്പോള്‍ വീണ്ടും പുഴയില്‍ പോകും. ഇത് കണ്ട് കസിന്മാര്‍ക്കും അമ്മാവനുമൊക്കെ സംശയമായി. അവസാനം വലിയമ്മയുടെ അമ്മ ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്.

ഇനി ഈ തലമുറയിലെ കാര്യം പറയാം. എന്റെ ചേട്ടന്റെ ഭാര്യ സൈന. അവര്‍ക്കൊരു മകളുണ്ട് അന്നമോള്‍. അന്നമോളും എന്റെ ചേട്ടനും ഇത്തവണ ദുബായില്‍ നിന്നും വന്നപ്പോള്‍ അമ്മയുടെ അടുത്ത് വന്ന് അന്നമോള്‍ പറഞ്ഞു ‘എന്റെ കയ്യിലൊരു സാധനമുണ്ട്, അമ്മ തന്നു വിട്ടതാണ്’ എന്ന് പറഞ്ഞു. എന്ത് സാധനമെന്ന് അമ്മ ചോദിച്ചപ്പോള്‍ കാണിച്ചത് സ്‌റ്റേഫ്രീയുടെ ഒരു പായ്ക്കറ്റ് ആണ്. ‘എന്റെ ക്ലാസിലെ പലര്‍ക്കും ഇത് സംഭവിക്കുന്നുണ്ട് മോള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’ എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ടെന്നും വരുമ്പോള്‍ തന്നെ അമ്മൂമ്മയോട് ഇത് കയ്യിലുണ്ടെന്ന് പറയണമെന്നാണ് പറഞ്ഞു വിട്ടിരിക്കുന്നതെന്നുമാണ് അന്നമോള്‍ പറഞ്ഞത്. അതിന് ശേഷം എന്റെ അപ്പന്‍ അതായത് അവളുടെ അപ്പൂപ്പന്റെ അടുത്ത് ചെന്നും അവള്‍ പറയുകയാണ് ‘എന്റെ കയ്യില്‍ ഒരു സാധനമുണ്ട്’ എന്ന്. അപ്പോള്‍ അമ്മ ഇടപെട്ടു. പക്ഷെ അതിന്റെ മനോഹാരിത ഒരു അമ്മ അത് മനസിലാക്കി ഓപ്പണ്‍ ആയി തന്നെ മകള്‍ക്ക് പറഞ്ഞു കൊടുത്തുവെന്നതാണ്.

സ്റ്റിഗ്മ എന്നൊരു സംഗതിയുണ്ടല്ലോ? സ്ത്രീകളോടുള്ള അതിക്രമം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഞങ്ങള്‍ ആണ്‍കുട്ടികളുടെ ഭാഗത്തുനിന്നും പെണ്‍കുട്ടികളോടുള്ള മോശം പെരുമാറ്റമുണ്ടാകുന്നുണ്ടെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷെ അതേസമയം നിങ്ങള്‍ പെണ്‍കുട്ടികള്‍ അതിന് മുന്‍കൈയെടുക്കണം. അതിന് ഇത്തരത്തിലുള്ള കളങ്കങ്ങളെ പൊളിച്ചെഴുതണം. നിങ്ങളെ ആര്‍ത്തവത്തിന്റെ പേരില്‍ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ ‘നിങ്ങളുടെ അമ്മയും ഇതേ പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്’ അവരോട് പറയണം. ഇത് ഒളിച്ചും പാത്തും ചെയ്യേണ്ട ഒരു കാര്യമല്ലെന്ന് മനസിലാക്കാനുള്ള ധൈര്യം കാണിക്കണം. എന്തെങ്കിലും കാര്യത്തെ വെല്ലുവിളിയ്ക്കാന്‍ കരുത്തുള്ള ഒരാളുടെ ഹൃദയമാണ് ഈ ലോകത്തിലെ ഏറ്റവും ശക്തമായ കാര്യം”.

ഈ പ്രസംഗത്തോടെ ജോസഫിന്റെ ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്. അന്നംകുട്ടി എന്ന ആണ്‍കുട്ടി എന്ന പേരില്‍ നിഷ പി നായര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് തന്നെ ഉദാഹരണം. അവനിലെ നിലപാടുകള്‍ക്ക് പ്രചോദനം നല്‍കിയ അന്നംകുട്ടി എന്ന അവന്റെ അമ്മയെയും നിഷ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍