പ്രകോപിതനായ പിസി ജോര്‍ജ്ജ് വണ്ടിയില്‍ നിന്നിറങ്ങി സ്റ്റോപ്പ് ബാരിയര്‍ ഒടിച്ചതിന് ശേഷം വാഹനം ഓടിച്ചു പോവുകയായിരുന്നു.
കൊച്ചി-തൃശ്ശൂര്‍ റോഡിലെ പാലിയേക്കര ടോള്‍ പ്ലാസ വന്നതുമുതല്‍ വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇപ്പോള്‍ ടോള്‍ പ്ലാസ ഇടം നേടിയിരിക്കുന്നത് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അതിക്രമത്തിന്റെ വൈറല്‍ വീഡിയോയിലൂടെയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ടോള്‍ പ്ലാസ കടന്നുപോയ എംഎല്‍എയുടെ വാഹനം തടയുകയും ടോള്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ്ജ് വണ്ടിയില്‍ നിന്നിറങ്ങി സ്റ്റോപ്പ് ബാരിയര്‍ ഒടിച്ചതിന് ശേഷം വാഹനം ഓടിച്ചു പോവുകയായിരുന്നു.
തുടര്‍ന്ന് ഇതിന്റെ സിസിടിവി ദൃശ്യങ്ങല്‍ ടോള്‍ പ്ലാസ അധികൃതര്‍ പുറത്തുവിടുകയും ദേശീയ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയും ചെയ്തു. പിസി ജോര്‍ജിനെതിരെ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എ എന്ന ബോര്‍ഡ് എഴുതിവെച്ച വാഹനത്തില്‍ ജനപ്രതിനിധിയാണെന്ന് മനസ്സിലാവാതെയാണ് ടോള്‍ പ്ലാസയിലെ അന്യ സംസ്ഥാനക്കാരായ ജീവനക്കാര്‍ വാഹനം തടഞ്ഞ് ടോള്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.
ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്നായിരുന്നു ഇതേക്കുറിച്ച് എംഎല്‍എയുടെ പ്രതികരണം. അവിടെ നടന്ന സംഭവങ്ങള്‍ക്ക് ആര് എന്ത് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.