UPDATES

വൈറല്‍

കക്കൂസില്ലാത്തവര്‍ക്ക് അരിയില്ലെന്ന് കിരണ്‍ ബേദി; അരിയില്ലെങ്കില്‍ കക്കൂസ് വേണ്ടി വരില്ലെന്ന് സോഷ്യല്‍ മീഡിയ

കിരണ്‍ ബേദിയുടെ വിവാദ പ്രസ്താവനയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും സിപിഎമ്മും എഐഎഡിഎംകെയും രംഗത്തെത്തി. ഏപ്രില്‍ 30ന് രാജ് നിവാസിലേയ്ക്ക് (ഗവര്‍ണറുടെ ഔദ്യോഗിക വസതി) പ്രതിഷേധ മാര്‍ച്ച് നടത്താന്‍ സിപിഎം ആഹ്വാനം ചെയതിട്ടുണ്ട്.

വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാത്തവര്‍ക്ക് സൗജന്യമായി റേഷന്‍ അരി നല്‍കില്ലെന്ന പുതുച്ചേരി ലെഫ്.ഗവണര്‍ കിരണ്‍ ബേദിയുടെ വിവാദ പ്രസ്താവനയില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ തോതിലുള്ള വിമര്‍ശനങ്ങളും പരിഹാസവുമാണ് ഉയരുന്നത്. പുതുച്ചേരിയിലെ മന്നാഡിപേട്ട് ഗ്രാമത്തില്‍ കക്കൂസില്ലാതെ തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നതും വൃത്തിഹീനവുമായ അവസ്ഥയും ചൂണ്ടിക്കാട്ടി, അതില്‍ അമര്‍ഷം പ്രകടിപ്പിച്ചാണ് കിരണ്‍ ബേദി ഇക്കാര്യം പറഞ്ഞത്. മേയ് 31നകം എല്ലാവരും കക്കൂസ് നിര്‍മ്മിക്കണമെന്ന് അവര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി നാരായണ സ്വാമിക്കും അവര്‍ കത്ത് നല്‍കിയിരുന്നു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും ലെഫ്.ഗവര്‍ണര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്തതായി സാക്ഷ്യപ്പെടുത്തല്‍ ലഭിച്ച ഗ്രാമങ്ങളില്‍ മാത്രമേ സൗജന്യ റേഷനരി നല്‍കാവൂ എന്നാണ് വിവാദ നിര്‍ദ്ദേശം. സ്ഥലം എംഎല്‍എയും കമ്മ്യൂണ്‍ പഞ്ചായത്ത് കമ്മീഷണറും ഇക്കാര്യം സാക്ഷ്യപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഇത് ഇനി ഇങ്ങനെ തുടരാനാകില്ലെന്നും അവര്‍ പറഞ്ഞു. ജലമലിനീകരണത്തിലൂടെയാണ് പല രോഗങ്ങളും പകരുന്നത്. പ്രാദേശിക നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി പല ആവശ്യങ്ങളും സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നുണ്ട്. എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ ആര്‍ക്കും ശ്രദ്ധയില്ല. സൗജന്യ വിതരണത്തിലുള്ള അരി സൂക്ഷിച്ച് വയ്ക്കണം ഒഡിഎഫ് (ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അരി കൊടുക്കാം – കിരണ്‍ ബേദി പറഞ്ഞു.

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന സദുദ്ദേശത്തോടെ താന്‍ പറഞ്ഞ കാര്യം വളച്ചൊടിക്കപ്പെടുകയാണ് ഉണ്ടായിരിക്കുന്നതെന്ന് കിരണ്‍ ബേദി പറയുന്നു. അതേസമയം കിരണ്‍ ബേദിയുടെ വിവാദ പ്രസ്താവനയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും സിപിഎമ്മും എഐഎഡിഎംകെയും രംഗത്തെത്തി. ഏപ്രില്‍ 30ന് രാജ് നിവാസിലേയ്ക്ക് (ഗവര്‍ണറുടെ ഔദ്യോഗിക വസതി) പ്രതിഷേധ മാര്‍ച്ച് നടത്താന്‍ സിപിഎം ആഹ്വാനം ചെയതിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും പരിഹാസവുമാണ് കിരണ്‍ ബേദിയുടെ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്നത്. കക്കൂസില്ലെങ്കില്‍ അരിയില്ലെന്ന കിരണ്‍ ബേദിയുടെ പ്രസ്താവനയ്ക്ക് ചിലര്‍ നല്‍കിയിരിക്കുന്ന പ്രതികരണം. അരിയില്ലെങ്കില്‍ കക്കൂസില്‍ പോകേണ്ട ആവശ്യമേ വരില്ലെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍