UPDATES

വൈറല്‍

രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി ‘പപ്പു’ എന്ന പേരിലും അറിയപ്പെടുന്നു എന്നാണ് വിനയ് പ്രധാന്‍ പറഞ്ഞത്. പപ്പുവിന് വേണമെങ്കില്‍ വളരെ എളുപ്പത്തില്‍ പ്രധാനമന്ത്രിയാകാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല.

വാട്‌സ് ആപ്പ് സന്ദേശത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനെയാണ് പുറത്താക്കിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ കോണ്‍ഗ്രസിന്റെ പ്രാദേശികതലത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശമാണ് വിനയ് പ്രധാന് വിനയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനത്തെ പ്രശംസിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് പപ്പു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി ‘പപ്പു’ എന്ന പേരിലും അറിയപ്പെടുന്നു എന്നാണ് വിനയ് പ്രധാന്‍ പറഞ്ഞത്. വ്യവസായികളായ ഗൗതം അദാനിയോ മുകേഷ് അംബാനിയോ നടത്തുന്ന പാര്‍ട്ടികളില്‍ പപ്പു പങ്കെടുക്കാറില്ല. കാരണം ഇവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണെന്ന് പപ്പുവിനറിയാം. പപ്പുവിന് വേണമെങ്കില്‍ വളരെ എളുപ്പത്തില്‍ പ്രധാനമന്ത്രിയാകാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. വിനയ് പ്രധാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി യുപി കോണ്‍ഗ്രസ് പ്രസിഡനന്റ് രാജ് ബബ്ബര്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനാണ് വിനയ് പ്രധാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് അച്ചടക്ക സമതി ചെയര്‍മാന്‍ രാമകൃഷ്ണ ദ്വിവേദി പറഞ്ഞു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അധിക്ഷേപിക്കാന്‍ വേണ്ടി മറ്റ് പാര്‍ട്ടിക്കാര്‍ ആസൂത്രണം ചെയ്തതാണോ എന്ന് സംശയിക്കുന്നതായും ദ്വിവേദി പറഞ്ഞു.

അതേസമയം മെസേജ് അയച്ചത് താനല്ലെന്നും ഇത് തന്നെ അപമാനിക്കാന്‍ വേണ്ടി ആരോ നടത്തിയ നീക്കമാണെന്നും വനിയ് പ്രധാന്‍ പറഞ്ഞു. തന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് എന്ന പേരില്‍ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ചിത്രമാണ്. എനിക്ക് രാഹുല്‍ ഗാന്ധിജിയെ ബഹുമാനമാണ്. ഞാന്‍ അദ്ദേഹത്തെ ഒരിക്കലും ഇത്തരത്തില്‍ വിശേഷിപ്പിക്കില്ല. തന്നെ പുറത്താക്കുന്നതിന് മുമ്പ് പാര്‍ട്ടി നേതൃത്വം തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകണമായിരുന്നു എന്നും വിനയ് പ്രധാന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍