UPDATES

വൈറല്‍

ഓര്‍മയില്ലേ ദാന മാജിയെ; ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്നു കിലോമീറ്ററുകളോളം നടന്ന ആദിവാസി യുവാവിന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്‌

പൊതിഞ്ഞുകെട്ടിയ മൃതദേഹം തോളില്‍ ചുമന്ന് 10 കിലോമീറ്ററോളമാണ് അന്നു മാജി നടന്നത്. ഒപ്പം കരഞ്ഞു തളര്‍ന്ന മുഖമോടെ മകളും

ദാന മാജിയെ അറിയില്ലേ? സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹവും ചുമന്നു നടന്ന ഒഡീഷയിലെ ആദിവാസി യുവാവ്. ടിബി ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ അംബുലന്‍സ് വിളിക്കാന്‍ പോലും ഗതിയില്ലാത്തതുകൊണ്ടാണ് പിന്നാക്ക ജില്ലയായ കലഹണ്ഡിയിലെ ഭവാനിപട്‌ന ജില്ലയിലുള്ള മേലഖര്‍ ഗ്രാമത്തിലുള്ള വീട്ടിലേക്ക്, പൊതിഞ്ഞുകെട്ടിയ മൃതദേഹം തോളില്‍ ചുമന്ന് മാജി നടന്നത്. ഒപ്പം കരഞ്ഞു തളര്‍ന്ന മുഖമോടെ മകളും; ഈ വീഡിയോയും ചിത്രങ്ങളും ഇന്ത്യക്കു പുറത്തും വലിയ പ്രചാരം നേടിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും മാജിയെ വാര്‍ത്തയാക്കിയപ്പോള്‍ ബഹ്‌റിന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വരെ മാജിയുടെ ദയനീയ സ്ഥിതിയുടെ ചിത്രം എത്തിയിരുന്നു.

ഇതിനു പിന്നാലെ മാജിയെ തേടിയെത്തിയ സഹായങ്ങള്‍ നിരവധിയായിരുന്നു. ഒമ്പത് ലക്ഷം രൂപ ധനസഹായമാണ് ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫ രാജകുമാരന്‍ ചെറു കര്‍ഷകനായ മാജിക്ക് നല്‍കിയത്. മറ്റുകേന്ദ്രങ്ങളില്‍ നിന്നും മാജിയെ തേടി പണം എത്തി. അതോടെ ജീവിതത്തില്‍ ആദ്യമായി മാജിയുടെ പേരില്‍ ഒരു ബാങ്ക് അകൗണ്ട് തുടങ്ങി. അഞ്ചുവര്‍ഷക്കാലത്തേക്കായി ഒരു ഫിക്‌സ്ഡ് ഡിപ്പോസിറ്റ് മാജിയുടെ പേരിലുണ്ട് ഇപ്പോള്‍.

മാജി ഇപ്പോള്‍ വാര്‍ത്തയില്‍ വന്നത് പുതിയ ബൈക്കിന്റെ പേരിലാണ്. 65,000 രൂപ വിലയുള്ള പുതിയ ഹോണ്ട ബൈക്ക് മാജി വാങ്ങിയിരിക്കുന്നു. ബൈക്കിനൊപ്പമുള്ള മാജിയുടെ ചിത്രങ്ങളാണ് വൈറല്‍.

ഗ്രാമത്തിലുള്ള ഒരു അംഗന്‍വാടി കേന്ദ്രത്തിലാണ് മാജി ഇപ്പോള്‍ താമസിക്കുന്നതെങ്കിലും പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജ്‌നയുടെ കീഴില്‍ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. അന്ന് അമ്മയുടെ മൃതദേഹം ചുമന്നു നടന്ന അച്ഛനൊപ്പം കരഞ്ഞുകൊണ്ട് ഒപ്പം നടന്ന മകള്‍ ഇന്ന് ഭുവനേശ്വറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. ഒരു വിദ്യാഭ്യാസ സ്ഥാനമാണ് ഈ പെണ്‍കുട്ടിയുടെ പഠന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഭാര്യയുടെ മരണത്തിനുശേഷം മാജി വീണ്ടും വിവാഹം കഴിച്ചിരുന്നു.

തനിക്ക് ഇപ്പോള്‍ പുതിയ വീട് ഉണ്ടെന്നും ഇനി ഒരു ബൈക്ക് വേണമെന്നുമാണ് മാജി തന്നോട് പറഞ്ഞതെന്ന് ഭവാനിപട്‌നയിലെ ഹോണ്ട ഷോറും ഉടമ മനോജ് അഗര്‍വാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു.

മാജി സ്വന്തമായുള്ള നിലത്ത് കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ അയല്‍ക്കാരൊക്കെ പറയുന്നത് മാജി ആകെ മാറിപ്പോയെന്നാണ്. പഴയ ദാന അല്ല ഇപ്പോഴുള്ളത് എന്ന് അവര്‍ പറയുന്നു. അയാള്‍ക്ക് എല്ലാ ഗുണങ്ങളും കിട്ടി ഞങ്ങള്‍ക്കിപ്പോഴും ഒന്നുമില്ല; മേലഖര്‍ ഗ്രാമവാസികള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു. എന്നാല്‍ അയല്‍ക്കാരുടെ കുശുമ്പാണ് ഇതൊക്കെയെന്നാണ് മാജിയുടെ പ്രതികരണം. ഇതൊന്നും ശ്രദ്ധിക്കാതെ മാജിയിപ്പോള്‍ ഒരു കാര്യം പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്; ബൈക്ക് ഓടിക്കാന്‍!

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുടെ പുനഃപ്രസിദ്ധീകരണം മാത്രമായിരുന്നു ഒഡീഷയിലെ ആദിവാസി യുവാവ് ദാന മാജിയുടെ നിലവിലെ ജീവിത സാഹചര്യത്തെ കുറിച്ചുള്ള അഴിമുഖത്തിന്റെ വാര്‍ത്ത. എന്നിരുന്നാലും വാര്‍ത്തയുടെ തലക്കെട്ട് അനൗചിത്യത്തോടെയുള്ളതും അഴിമുഖത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധവുമാണെന്നത് ഞങ്ങള്‍ തിരിച്ചറിയുന്നു. സംഭവിച്ച പിഴവ്, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തന്നെ പരസ്യമായ ക്ഷമാപണത്തോടെ തിരുത്തുകയാണ്. അഴിമുഖം അതിന്റെ ആരംഭകാലം മുതല്‍ സ്വീകരിച്ചു പോരുന്ന, പാര്‍ശ്വവത്കൃത ജീവിതങ്ങളോടും അവരുടെ പ്രശ്‌നങ്ങളോടുമുള്ള സമരസപ്പെടാത്ത ഐകദാര്‍ഢ്യത്തില്‍ യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുന്നില്ല എന്ന് ഈ ഘട്ടത്തിലും ആവര്‍ത്തിക്കുകയാണ്. മുന്നോട്ടുള്ള യാത്രയില്‍ മേല്‍സംഭവിച്ച തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതെ ജാഗ്രത പുലര്‍ത്തുന്നതായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട്, ഒരിക്കല്‍ കൂടി അഴിമുഖം അതിന്റെ പ്രബുദ്ധരായ വായനക്കാരോട് ക്ഷമ ചോദിക്കുന്നു…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍