UPDATES

വൈറല്‍

എന്റെ പേര് മോഹിത് യാദവ്, ഞാനാരെന്ന്‍ അറിയില്ലേ?” : എസ്‌ഐയെ പൊലീസ് സ്റ്റേഷനില്‍ മുഖത്തടിച്ച് എസ് പി നേതാവിന്റെ ബന്ധു

സമാജ്‌വാദി പാര്‍ട്ടിയുടെ ലെജിസ്റ്റേറ്റീവ് കൗണ്‍സില്‍ അംഗത്തിന്റെ ബന്ധുവായ തന്നെ പൊലീസ് വേണ്ട പോലെ പരിഗണിച്ചില്ലെന്നാണ് ഈ യുവാവിന്റെ പരാതി.

പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരല്ലാത്തവര്‍ എസ്‌ഐയുടെ ചെകിട്ടത്തടിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ മാത്രമല്ല, ചിലപ്പോള്‍ ജീവിതത്തിലും സംഭവിക്കാം. അത്തരമൊരു രംഗമാണ് ഉത്തര്‍പ്രദേശിലെ ഇറ്റായിലുള്ള പൊലീസ് സ്റ്റേഷനില്‍ ഉണ്ടായത്. തന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയായിരുന്നു അടി. എന്റേ പേര് മോഹിത് യാദവ് എന്ന് ഹിന്ദിയില്‍ പറഞ്ഞാണ് യുവാവ് എസ്‌ഐയുടെ കരണത്തടിച്ചത്. പൊലീസുകാരെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സമാജ്‌വാദി പാര്‍ട്ടിയുടെ ലെജിസ്റ്റേറ്റീവ് കൗണ്‍സില്‍ അംഗത്തിന്റെ ബന്ധുവായ തന്നെ പൊലീസ് വേണ്ട പോലെ പരിഗണിച്ചില്ലെന്നാണ് ഈ യുവാവിന്റെ പരാതി. സ്ഥലം എംഎല്‍സി രമേഷ് യാദവിന്റെ അനന്തരവനാണ് മോഹിത് യാദവ് (24). സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാറിനെയാണ് മോഹിത് മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച പൊലീസുകാരെ മോഹിത് കോളറിന് കുത്തിപ്പിടിച്ചു. മോഹിത് യാദവിനെ അറസ്റ്റ് ചെയ്തു. കേസ് എടുത്തിട്ടുണ്ട്്. മോഹിത് എസ്‌ഐയെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തൊഴില്‍രഹിതനാണ് മോഹിത് യാദവ്. അച്ഛന്‍ ഒരു തോക്ക് വില്‍പ്പന കട നടത്തുന്നുണ്ട്്. ഇയാള്‍ ഒരു ബന്ധുവിനൊപ്പം എക്‌സ് റേ എടുക്കാനായി ആശുപത്രിയില്‍ പോവുകയും വിഐപി പരിഗണന ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കാനാവില്ലെന്നും മറ്റുള്ളവര്‍ക്ക് മുമ്പെ കടത്തിവിടണമെന്നും മോഹിത്് ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ലാബ് ടെക്‌നീഷ്യനെ മോഹിത് തല്ലുകയും ഡോക്ടറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ മാസം ബിജെപി എംഎല്‍എ മഹേന്ദ്ര യാദവ് ഒരു ടോള്‍ ബൂത്ത് ജീവനക്കാരനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തന്റെ വാഹനവ്യൂഹത്തെ ടോളില്ലാതെ കടത്തിവിടാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍