UPDATES

വൈറല്‍

പരീക്ഷ എഴുതാന്‍ വന്നവര്‍ വടക്കുനോക്കി യന്ത്രം കൂടി കരുതുക: പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ഒരു ഗതികേട്

സൂര്യന്റെ നില കണക്കിലെടുത്താണ് ദിക്ക് തിരിച്ചറിയുന്നത്. എന്നാല്‍ ഉച്ച സമയത്ത് സൂര്യന്‍ കൃത്യം ഉച്ചിയ്ക്ക് മുകളിലായിരിക്കുമെന്നതിനാല്‍ ആ പ്രതീക്ഷയും വേണ്ട

പി.എസ്‌.സി പരീക്ഷ എല്ലാക്കാലത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു തലവേദന തന്നെയാണ്. പലപ്പോഴും പരീക്ഷ എഴുതി പാസാകുന്നതിനേക്കാള്‍ പാടാണ് പരീക്ഷ കേന്ദ്രം കണ്ടുപിടിക്കുക എന്നത് തന്നെ.

പലപ്പോഴും കുഗ്രാമങ്ങളിലായിരിക്കും പല കേന്ദ്രങ്ങളും. പരീക്ഷാ കേന്ദ്രം തപ്പിപ്പിടിച്ച് അവിടെയെത്തുമ്പോഴേക്കും സമയം കഴിഞ്ഞ് പോയതിന്റെ പേരില്‍ പരീക്ഷ എഴുതാതെ മടങ്ങേണ്ടി വരുന്നവരുടെയും എണ്ണം കുറവല്ല. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് പരീക്ഷ ഹാളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. പരീക്ഷ കേന്ദ്രം നഗരത്തില്‍ തന്നെയാണെങ്കിലും പലര്‍ക്ക് സമയത്ത് എത്താന്‍ കഴിയാറില്ല. പരീക്ഷ എഴുതാന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ തിരക്ക് മൂലം പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ഇതുമൂലം വൈകിയെത്തേണ്ടി വരുന്നവരുമാണ് ഇവര്‍. ഇതിനെല്ലാം പുറമേയാണ് ഉത്തരമില്ലാത്ത ചോദ്യങ്ങളും അവരെ വലയ്ക്കുന്നത്.

എന്നാല്‍ പരീക്ഷ കേന്ദ്രത്തിലെത്തി ഹാള്‍ കണ്ടുപിടിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന അവസ്ഥ ചൂണ്ടിക്കാട്ടുകയാണ് ചിറയിന്‍കീഴ് സ്വദേശിയായ രജിത് ആര്‍എസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഇന്ന് നടക്കുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷയിലാണ് സംഭവം. ഈസ്റ്റ് കല്ലട, സിവിഎംഎച്ച്എസ്എസിലാണ് രജിത്തിന് പരീക്ഷ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഹാള്‍ തിരിച്ചറിയാനായി വച്ചിരിക്കുന്ന നോട്ടീസ് ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. പടിഞ്ഞാറ്, കിഴക്ക് എന്നിങ്ങനെ ദിക്ക് രേഖപ്പെടുത്തിയാണ് റോള്‍ നമ്പരുകള്‍ ഏതൊക്കെ ഹാളിലായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് ബോര്‍ഡില്‍ വച്ചിരിക്കുന്നത്.

സാധാരണഗതിയില്‍ തദ്ദേശീയരായവര്‍ക്കാണ് എളുപ്പത്തില്‍ ദിക്കുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നത്. എന്നാല്‍ പുതുതലമുറയില്‍പ്പെട്ട പലര്‍ക്കും ദിക്കുകള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല. സൂര്യന്റെ നില കണക്കിലെടുത്താണ് ദിക്ക് തിരിച്ചറിയുന്നത്. എന്നാല്‍ ഉച്ച സമയത്ത് സൂര്യന്‍ കൃത്യം ഉച്ചിയ്ക്ക് മുകളിലായിരിക്കുമെന്നതിനാല്‍ ആ പ്രതീക്ഷയും വേണ്ട. പരീക്ഷ എഴുതാന്‍ വന്നവര്‍ വടക്കുനോക്കി യന്ത്രം കൂടി കരുതുക എന്നാണ് രജിത്ത് തമാശയായി ഇതെക്കുറിച്ച് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍