UPDATES

വി വി ഐ പികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും പോലീസ് എസ്കോര്‍ട്ട് പോകും

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ ഓഫീസര്‍മാരെ കുറിച്ച് അത്ര നല്ല മതിപ്പല്ല നാട്ടുകാര്‍ക്ക്. പലപ്പോഴും ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ജനദ്രോഹപരമായതു കൊണ്ടു കൂടിയാകാം ഇത്. പ്രത്യേകിച്ച് പോലീസുകാരോട് ഭൂരിഭാഗത്തിനും അമര്‍ഷവും ഉണ്ട്. പക്ഷെ, പോലീസുകാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയേക്കാവുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ വാര്‍ത്ത.

വി വി ഐ പികള്‍ക്ക് എസ്കോര്‍ട്ട് പോകുന്ന പോലീസുകാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണക്കാരന് പോലീസ് എസ്ക്കോര്‍ട്ട് വന്നതിന്റെ കഥയാണ് ജോയല്‍ ബിന്ദു എന്ന മലയാളിക്ക് പറയാനുള്ളത്. കാവേരി നദീജല തര്‍ക്കം മുറുകി നില്‍ക്കെ ബംഗളൂരുവിലേക്ക് യാത്ര ചെയ്ത ജോയലിന് തമിഴ്നാട് പോലീസാണ് എസ്കോര്‍ട്ട് പോയത്. ജോയലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഓണഘോഷം കഴിഞ്ഞ് ബാംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ജോയല്‍ മധുര ബൈപാസില്‍ വെച്ചുണ്ടായ അനുഭവമാണ് ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുന്നത്. മധുര ബൈപ്പാസിലെത്തിയപ്പോള്‍ കര്‍ണ്ണാടക രജിസ്‌ട്രേഡായ തന്റെ കാര്‍ തമിഴ്‌നാട് പൊലീസിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ശ്രദ്ധിച്ചതായി ജോയല്‍ കുറിക്കുന്നു. എന്നാല്‍ കാവേരി നദീജലതര്‍ക്കം മുറുകിനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് എസ്കോര്‍ട്ട് വരാമെന്ന് അവര്‍ പറഞ്ഞു. തനിക്കൊപ്പം കര്‍ണാടക രജിസ്ട്രേഷനുള്ള മറ്റ് വാഹനങ്ങളും ചേര്‍ന്നു.

രാവിലെ 10 മണിക്കാണ് അവിടെ നിന്ന് യാത്ര ആരംഭിച്ചത്. എത്ര ദൂരം പോലീസുകാര്‍ തനിക്ക് എസ്കോര്‍ട്ട് വരുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അങ്ങനെ മധുരൈ ബൈപാസ് ഞങ്ങള്‍ കടന്നു. ഓരോ ചെക്ക് പോസ്റ്റുകള്‍ പിന്നിടുമ്പോഴും പോലീസുകാര്‍ ഞങ്ങള്‍ക്ക് സഹായം ചെയ്തു തന്നു. രാത്രി ഒമ്പത് മണിയോടെ ഞങ്ങള്‍ കര്‍ണാടക ബോര്‍ഡറിലെത്തി. ഏകദേശം 350 കിലോമീറ്ററാണ് പോലീസുകാര്‍ ഞങ്ങള്‍ക്ക് എസ്കോര്‍ട്ട് വന്നത്. ജോയല്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍