UPDATES

വൈറല്‍

ഏയ്, നിങ്ങള്‍ ഫിറ്റായതുകൊണ്ടല്ല, ഇത് ബാര്‍ വേറെയാണ്

ഒരു പുതിയ പ്ലാന്‍ കൂടിയുണ്ട് ബാര്‍ ഉടമകള്‍ക്ക്

നിങ്ങളോട് സുഹൃത്ത് അയാളുടെ ഒരു ബാര്‍ അനുഭവം പറയുന്നു എന്ന് കരുതുക. ബഹിരാകാശ പേടകം പോലെ തോന്നിപ്പിക്കുന്ന ഒരു ഇടം. അവിടെ ആളുകളെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനുമായി നൃത്തം ചെയ്യുന്ന കുറെ റോബോട്ടുകള്‍, ഓര്‍ഡര്‍ സ്വീകരിക്കുന്നതും വിളമ്പിത്തരുന്നതും പടുകൂറ്റന്‍ ഒരു യന്ത്രക്കൈ! ഇതു കേള്‍ക്കുമ്പോളെന്താ, അയാള്‍ ഭയങ്കര ഫിറ്റാണെന്നു തോന്നുന്നുണ്ടോ.? അയാള്‍ ഇരുന്ന് മദ്യപിച്ചത് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ സൈബര്‍ ഡോഗ് എന്ന ബാറില്‍ ആണെങ്കില്‍, പറഞ്ഞതെല്ലാം സത്യമാണ്. ഈ ബാറില്‍ മദ്യവുമായി എത്തുന്നത് റോബോട്ടുകളാണ്. സൈബര്‍ഡോഗ് ഹൈടെക്ക് ബാറില്‍ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഡ്രിങ്ക്‌സ് ഓര്‍ഡര്‍ ചെയ്താല്‍ ഒരു ചുവന്ന യന്ത്ര കൈ നിങ്ങളുടെ ഓര്‍ഡറുമായി എത്തുമെന്ന് മാത്രമല്ല, കുപ്പിയുടെ കോര്‍ക്ക് തുറക്കുകയും നിങ്ങള്‍ക്ക് ഒഴിച്ച് തരികയും ചെയ്യും. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട് അനുസരണയുള്ള ഭൃത്യനായി പെരുമാറും. ഓര്‍ഡറുകളൊന്നും ഇല്ലാത്ത നേരത്ത് അതിഥികളെ സന്തോഷിപ്പിക്കാനായി നൃത്തം വെയ്ക്കും.

ഒരു ബഹിരാകാശ പേടകത്തിന്റെ ഉള്ളറ പോലെ തോന്നിക്കുന്ന ഈ ബാറില്‍ ഏകദേശം 40 ആളുകള്‍ക്ക് ഒരേ സമയം ഇരിക്കാനാവും. കഴിഞ്ഞ ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിച്ച സൈബര്‍ഡോഗ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ ട്രിഗാമയുടെ സംരംഭമാണ്. റോബോട്ടുകള്‍ കാര്യങ്ങള്‍ നോക്കിനടത്തുന്ന കുറച്ചു ബാറുകള്‍ കൂടി ലോകത്ത് പല ഭാഗത്തുമുണ്ട്. പക്ഷെ സൈബര്‍ ഡോഗ് റോബോട്ടുകള്‍ വെറുതെ ഓര്‍ഡറുകള്‍ അനുസരിച്ച് സാധനങ്ങള്‍ കൊടുക്കുക മാത്രമല്ല ഒരേ സമയം തന്നെ പല ജോലികള്‍ ചെയ്ത് ബാറില്‍ വരുന്നവരുടെ ആവശ്യവും സൗകര്യവും കണക്കിലെടുത്തു പ്രവര്‍ത്തിക്കുന്നു എന്നത് ഈ ഹൈടെക് ബാറിനെ വ്യത്യസ്തമാക്കുന്നു.

ബഹിരാകാശയാത്രികരുടെ ഭക്ഷണക്രമത്തിനു സമാനമായ തരം സ്‌പെഷ്യല്‍ ഭക്ഷണ വിഭവങ്ങളാണ് ഈ ബാറിന്റെ മറ്റൊരു സവിശേഷത. ഈ ഭക്ഷണം പാകം ചെയ്യുന്നത് യഥാര്‍ത്ഥ മനുഷ്യര്‍ തന്നെ ആണ് കേട്ടോ, അതും തത്കാലത്തേക്ക് മാത്രമേ ഉള്ളൂ. യന്ത്രമനുഷ്യന്മാരെ കൊണ്ട് ഭക്ഷണവും പാകം ചെയ്യിപ്പിക്കാന്‍ പ്ലാന്‍ ഉണ്ടെന്നാണ് ടീം സൈബര്‍ ഡോഗ് പറയുന്നത്. കലാകാരന്മാരായ ഡേവിഡ് സെര്‍നിയും തോമസ് സീസറുമാണ് ഏറെ വ്യത്യസ്തകളുള്ള ഈ അത്ഭുത ബാര്‍ രൂപകല്‍പ്പന ചെയ്തത്.

ബാറില്‍ വരുന്ന ഓരോരുത്തരെയും വ്യക്തിപരമായി അറിഞ്ഞ് സൗഹൃദം സ്ഥാപിക്കുന്ന മനുഷ്യ ഭൃത്യരുള്ള കവികളും നോവലിസ്റ്റുകളും പുകഴ്ത്തിയ ബാറുകളുടെ കാലം കഴിയുകയായി. ഇത് കൃത്യതയോടെ ഓര്‍ഡറുകള്‍ എടുത്ത് വേഗത്തില്‍ പറഞ്ഞ പണി മാത്രം ചെയ്യുന്ന റോബോട്ടുകളുടെ യുഗമാണ്. യഥാര്‍ത്ഥ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കുന്നത് വഴി ചിലവും അധ്വാനവും കുറയുമെന്നും അധികം വൈകാതെ റോബോട്ടുകള്‍ പണിയെടുക്കുന്ന ഹോട്ടലുകളും ബാറുകളും സര്‍വ സാധാരണമാകുമെന്നും ട്രിഗാമ ഉടമസ്ഥന്‍ മാര്‍സെല്‍ സൊറല്‍ പറയുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍