UPDATES

വൈറല്‍

അസാമാന്യ ധൈര്യം തന്നെ; 23കാരി രൂപാലിയെ അഭിനന്ദിച്ച് ലോകമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും

ചിത്രങ്ങള്‍ രൂപാലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് പുറം ലോകം സംഭവം അറിയുന്നത്

മഹാരാഷ്ട്രക്കാരിയായ 23 കാരി രൂപാലി മെശ്രാം ലോകമാധ്യമങ്ങളുടെ ശ്രദ്ധയില്‍ വന്നിരിക്കുന്നത് അവളുടെ സമാനതകളില്ലാത്ത ധീരതകൊണ്ടാണ്. ഒരു വടി കൊണ്ട് തന്നെ ആക്രമിച്ച കടുവയെ പ്രതിരോധിച്ച രൂപാലിയുടെ വാര്‍ത്ത ബിബിസി ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയതെങ്കിലും ഒരു കടുവയ്ക്കു മുന്നില്‍ അസാമാന്യ ധൈര്യത്തോടെ പൊരുതി നിന്ന രൂപാലിയെ പ്രശംസിക്കുകയാണ് എല്ലാവരും. ഈ സംഭവം നടന്നത് മാര്‍ച്ച് 24 ന് ആയിരുന്നുവങ്കിലും കടുവയുടെ ആക്രമണത്തില്‍ മുറിവേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന തന്റെയും അമ്മയുടെയും ചിത്രങ്ങള്‍ രൂപാലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് പുറം ലോകം ഈ സാഹസികതയെ കുറിച്ച് അറിയുന്നത്. തലയ്ക്കും കാലിനും ഇടുപ്പിനും ആണ് രൂപാലിക്ക് മുറിവേറ്റത്. അവരുടെ അമ്മ ജിജബായിക്ക് ചെവിയിലാണ് മുറിവേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും സുഖം പ്രാപിച്ചു വരുന്നു.

കൊമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ രൂപാലിയുടെ വീട് മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയിലുള്ള ഉസ്‌ഗോന്‍ ഗ്രാമത്തിലാണ്. നടന്ന സംഭവത്തെ കുറിച്ച് രൂപാലി പിടിഐയോട് വിവരിക്കുന്നത് ഇപ്രകാരമാണ്; അര്‍ദ്ധ രാത്രിയോടെ ആടുകളുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ പുറത്തിറങ്ങുന്നത്. എന്തു പറ്റിയെന്നറിയാന്‍ തൊഴുത്തില്‍ ചെന്നു നോക്കുമ്പോള്‍ മൂന്നാടുകള്‍ രക്തത്തില്‍ കുളിച്ച് ചത്ത് കിടക്കുന്നു. എന്താണ് നടന്നതെന്ന് മനസിലാക്കാന്‍ കഴിയും മുന്നേ ഒരു വലിയ പൂച്ച എന്റെ നേര്‍ക്ക് ചാടി വീണു. അത് പൂച്ചയായിരുന്നില്ല, ഒരു കടുവ ആയിരുന്നു. അതായിരുന്നു ആടുകളെ കൊന്നതും. പെട്ടെന്ന് തന്നെ എനിക്കൊരു വടി കൈയില്‍ കിട്ടി. അതുപയോഗിച്ച് ഞാന്‍ കടുവയെ നേരിടാന്‍ നോക്കി. ഇതിനടിയില്‍ ഞാന്‍ അമ്മയെ വിളിക്കുന്നുണ്ടായിരുന്നു; രൂപാലി പറയുന്നു.

രൂപാലിയുടെ അമ്മ ജിജബായി പുറത്തു വരുമ്പോള്‍ കാണുന്നത് മകളെ കടുവ ആക്രമിക്കുന്നതാണ്. മകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കടുവയുടെ ആക്രമണം ജിജബായിക്കു നേരെയുമുണ്ടായി. ഒരുവിധത്തില്‍ അമ്മ കടുവയില്‍ നിന്നും മകളെ മോചിപിച്ച് ഇരുവരും അകത്തു കയറി വാതില്‍ അടച്ചു. രക്തത്തില്‍ കുളിച്ച് ഒരു വടിയുമായി കടുവയെ നേരിടുന്ന തന്റെ മകളെ കണ്ട് താന്‍ ഭയന്നുപോയെന്നും അവളെ കടുവ കൊല്ലുമെന്നു തന്നെ കരുതിപ്പോയെന്നും ജിജബായി ബിബിസി ഹിന്ദിയുടെ റിപ്പോര്‍ട്ടര്‍ സഞ്ജയ് തിവാരിയോട് പറയുന്നുണ്ട്.

ഇതിനുശേഷം ഉടന്‍ തന്നെ സോനേഗോനില്‍ താമസിക്കുന്ന രൂപാലിയുടെ അമ്മാവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. അമ്മവനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രൂപാലിയെ ബാന്ദ്രയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് അവിടെ നിന്നും നാഗ്പൂരിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിവരം പറഞ്ഞിട്ടും അരമണിക്കൂറോളം വൈകിയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും വനം വകുപ്പില്‍ നിന്നും തന്റെ ചികിത്സയ്ക്കായി യാതൊരു സാമ്പത്തിക സഹായവും കിട്ടിയില്ലെന്നും ചില ആഭരണങ്ങള്‍ വിറ്റാണ് അമ്മ തന്റെ ചിക്തിസയ്ക്കായി പണം കണ്ടെത്തിയതെന്നും രൂപാലി പറയുന്നു.

അതേസമയം കടുവ ആക്രമിച്ചെന്ന രൂപാലിയുടെ വാദത്തെ വനംവകുപ്പ് നിരാകരിക്കുകയാണ്. പ്രദേശത്ത് പുള്ളിപ്പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ കടുവകളുടെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ഫോറസ്റ്റ് ഡെപ്യൂട്ട് കണ്‍സര്‍വേറ്റര്‍ വിവേക് ഹോഷിന്ദ് മാധ്യമങ്ങളോട് പറയുന്നത്.

രൂപാലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ആ 23 കാരിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്. രൂപാലിയെ ചികിത്സിച്ച ഡോക്ടറും പെണ്‍കുട്ടിയെ പുകഴ്ത്തുകയായിരുന്നുവെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മാതൃകാപരമായ ധീരത’ എന്നായിരുന്നു ഡോക്ടര്‍ പ്രതികരിച്ചതെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഭാഗ്യം പെണ്‍കുട്ടിയെ തുണച്ചെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടതായും വാര്‍ത്തയില്‍ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍