UPDATES

വൈറല്‍

‘ഞാനൊരു നല്ല അമ്മയല്ല എന്ന് തോന്നിപ്പോയി’; അമ്മറോളില്‍ ‘ഫോം’ കണ്ടെത്താനാവാതെ സെറീന വില്യംസ്

കഴിഞ്ഞമാസം നടന്ന വിമ്പിൾഡൺ ഫൈനലിൽ മുഴുവൻ ആരാധകരെയും നിരാശപ്പെടുത്തിയതോടെ സെറീന തന്റെ പ്രശ്നങ്ങൾ, ഇൻസ്റ്റഗ്രാമിൽ, 9 മില്യൺ ഫോളോവെഴ്സിന് മുന്നിൽ വെളിപ്പെടുത്തി

ടെന്നീസ് കോർട്ടിലെ ചാമ്പ്യനിപ്പോൾ കോർട്ടിന് പുറത്ത് ചാംപ്യൻഷിപ് നിലനിർത്താനുള്ള പെടാപ്പാടിലാണ്. 23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടി, ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായ സെറീന വില്യംസ് (Serena Williams) കളിക്കളത്തിന് പുറത്ത് ഇത്രയേറെ സമ്മർദ്ദങ്ങൾ അനുഭവിച്ചത് ഇപ്പോഴാണ്; അമ്മ ആയപ്പോൾ.

കഴിഞ്ഞ സെപ്റ്റംബറിൽ മകൾ അലക്സിസ് ഒളിമ്പിയ (Alexis Olympia)ക്ക് ജന്മം നൽകിയ ഈ 36കാരി, പ്രസവത്തിന് ശേഷം കടുത്ത വെല്ലുവിളികളാണ് നേരിട്ടത്. കാനഡയിൽ നടക്കുന്ന റോജേഴ്‌സ് കപ്പിൽ നിന്ന് സെറീന ഒഴിവായത് വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ്. കരിയറിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ് അടുത്തിടെ സിലിക്കൺ വാലി ക്ലാസ്സിക്‌ ഇവന്റിൽ അവർ നേരിട്ടതും.

കഴിഞ്ഞമാസം നടന്ന വിമ്പിൾഡൺ ഫൈനലിൽ മുഴുവൻ ആരാധകരെയും നിരാശപ്പെടുത്തിയതോടെ സെറീന തന്റെ പ്രശ്നങ്ങൾ, ഇൻസ്റ്റഗ്രാമിൽ, 9 മില്യൺ ഫോളോവെഴ്സിന് മുന്നിൽ വെളിപ്പെടുത്തി. ഒരു കായികതാരമെന്ന ഇമേജും അമ്മയെന്ന ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാനാകുന്നില്ലെന്ന വിഷമം ആണ് അവർ പങ്കുവെച്ചത്.

“കഴിഞ്ഞ ആഴ്ച എന്റെ ജീവിതത്തിൽ മറക്കാനാകുന്ന ഒന്നല്ല. കരിയറിലെ പരാജയം ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. പക്ഷെ അതിനും മീതെ, ഞാൻ ഒരു നല്ല അമ്മയല്ലെന്ന് തോന്നിപ്പോകുന്നു. പ്രശ്നങ്ങൾ സംസാരിക്കാൻ എനിക്കിഷ്ടമാണ്. അമ്മയോടും സഹോദരിമാരോടും, സുഹൃത്തുക്കളോടും എല്ലാം എന്റെ മാനസിക ബുദ്ധിമുട്ട് ഞാൻ സംസാരിച്ചു”.

“എന്റെ കുഞ്ഞിനുവേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ലെന്ന തോന്നൽ… ഒരുപാട് അധ്വാനമുണ്ട് കരിയർ നിലനിർത്താൻ. അതിനൊപ്പം മകളുടെ ഒപ്പം എപ്പോഴുമുണ്ടാകാനുള്ള ആഗ്രഹം എന്നെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. വീട്ടിലിരുന്നു മക്കളുടെ കാര്യങ്ങൾ മികച്ചതാകുന്ന അമ്മമാർ, ജോലിക്കിടയിൽ മക്കളെ ഉത്തരവാദിത്തത്തോടെ നോക്കുന്ന അമ്മമാർ… നിങ്ങളോടെനിക്ക് ആദരവും ബഹുമാനവും ആണ്. അമ്മമാരുടെ പ്രശ്നങ്ങൾ അവർക്ക് മാത്രമേ ബോധ്യമാകുകയുള്ളു. നല്ലൊരു നാളേക്കായി കാത്തിരിക്കുന്നു. “-സെറീനയുടെ പോസ്റ്റ്‌.

390,000ലൈക്കും 8000 കമന്റുകളുമായി വയറലാണ് താരത്തിന്റെ പോസ്റ്റ്‌ ഇപ്പോൾ.

കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ പ്രശ്നങ്ങൾ സെറീനയ്ക്കുണ്ട്. പ്രസവത്തെ തുടർന്ന് ചില സ്ത്രീകളിൽ ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണങ്ങളും ഉണ്ടാകാറുണ്ട്. പെട്ടെന്നുണ്ടായ സിസേറിയനും വയറിലുണ്ടായ ഹെമറ്റോമ എന്ന രോഗവുമാണ് സെറീനയെ തളർത്തിയത്.

മാനസിക ബുദ്ധിമുട്ടുകൾ വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി സെറീന പറയുന്നു. യുകെയിലെ ഹാർപേഴ്‌സ്‌ ബസാറിൽ തന്റെ മകൾക്കായി ഒരു ബോട്ടിൽ തിരഞ്ഞിട്ട് ലഭിക്കാതെ അവിടെ നിന്ന് കരഞ്ഞു. “ചില വികാരങ്ങൾ നിയന്ത്രിക്കാനാകുന്നില്ല. പരാജയഭീതി ഉണ്ടാകുന്നുണ്ട്. പക്ഷെ ഞാൻ തിരികെ വരും. ഇതൊക്കെ ഗർഭധാരണത്തിൽ സാധാരണമാണ്. ചില സമയങ്ങളിൽ സമ്മർദ്ദം താങ്ങാനാകാതെ ഞാൻ കരയും.ദേഷ്യപ്പെടും. കുഞ്ഞ് കരയുന്നത് കേൾക്കുമ്പോൾ പോലും കടുത്ത ഉത്കണ്ഠ ഉണ്ടാകും. കുറച്ച് കഴിയുമ്പോൾ എല്ലാം ശെരിയാകാറുണ്ട്”.

Reddit സഹസ്‌ഥാപകൻ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ ഭർത്താവ്. പ്രീ-വിംബിൾഡൺ പ്രെസ്സ് മീറ്റിൽ പക്ഷെ, അമ്മയായത് തന്നെ പോസിറ്റിവ് ആക്കി എന്നാണ് സെറീന പറഞ്ഞത്. മാനസിക ബുദ്ധിമുട്ട് സാധാരണമാണെന്നും സെറീന തിരികെവരുമെന്നും പ്രോത്സാഹനം നൽകുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍