UPDATES

വൈറല്‍

‘floccinaucinihilipilification’ മോദിക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റ് രേഖകളിലെ ഏറ്റവും വലിയ വാക്കെടുത്ത് വീശി തരൂര്‍

2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്

കേട്ടിട്ടുപോലുമില്ലാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യക്കാര്‍ക്ക് പലപ്പോഴും സമ്മാനിക്കുന്നതില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ എല്ലായ്‌പ്പോഴും ശ്രദ്ധാലുമാണ്. എന്നാല്‍ ഏറെക്കാലമായി ഇത്തരം സമ്മാനങ്ങള്‍ തരുന്നതില്‍ നിന്നും ഒഴിഞ്ഞു നിന്ന തരൂര്‍ ഇപ്പോള്‍ 29 അക്ഷരങ്ങളുള്ള പുതിയ വാക്കുമായാണ് ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

floccinaucinihilipilification എന്ന വാക്കാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ട്വീറ്റില്‍ ശ്രദ്ധനേടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് മുന്‍കേന്ദ്രമന്ത്രി പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള വാക്കുപയോഗിച്ചിരിക്കുന്നത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. ‘മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍. പുസ്തകത്തിന്റെ പ്രിഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്’ എന്നാണ് തരൂരിന്റെ ട്വീറ്റ്.

അലെഫ് ബുക്ക് കമ്പനിയാണ് പുസ്തകം പുറത്തിറക്കുന്നത്. നരേന്ദ്ര മോദിയെയും അദ്ദേഹം അധികാരത്തിലിരുന്ന അഞ്ച് വര്‍ഷങ്ങളും അസാധാരണമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുവെന്ന് പ്രസാധകര്‍ പറയുന്നു. ആമസോണ്‍ ആണ് പുസ്തകത്തിന്റെ പ്രീഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്.

തരൂരില്‍ നിന്നും പുതിയൊരു വാക്കിന്റെ അര്‍ത്ഥം പഠിച്ചുവെന്നും എന്നാല്‍ ഒറ്റശ്വാസത്തില്‍ പറയാന്‍ ബുദ്ധിമുട്ടുമെന്നും മാധ്യമപ്രവര്‍ത്തകനായ എം ഉണ്ണികൃഷ്ണന്‍ ഇതേക്കുറിച്ച് പറയുന്നു. അതേസമയം പറയുമ്പോള്‍ നാക്കുളുക്കുന്ന ഈ വാക്ക് മുമ്പും പലരും ഉപയോഗിച്ചിട്ടുണ്ട്. 2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അതോടെ ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹന്‍സാഡില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് എന്ന റെക്കോര്‍ഡ് ഈ 29 അക്ഷര വാക്കിന് സ്വന്തമായിരുന്നു.

ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ നീതിന്യായ കോടതിയിലെ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആ വാക്കിന്റെ പ്രയോഗം സഹായിച്ചെന്നാണ് ജേക്കബ് റീസ് പിന്നീട് പ്രതികരിച്ചത്. അതേസമയം മനപ്പൂര്‍വമല്ല, ആ സാഹചര്യത്തില്‍ ആ വാക്ക് മനസിലേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കെട്ടിപ്പിടിച്ചതിന്റെ പേരില്‍ അന്ന് നിങ്ങള്‍ പുറത്തുനിര്‍ത്തി; ഇതാ ഒരു മധുരപ്രതികാരം

ശശി തരൂരിന്റെ ഇംഗ്ലീഷ് അത്ര വല്യ സംഭവമല്ലെന്ന് സുഹേല്‍ സേത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍