UPDATES

വൈറല്‍

ഉറങ്ങി എഴുന്നേറ്റപ്പോള്‍ മുന്നിലൊരു നദി! ചെയ്തുപോയ പ്രവര്‍ത്തികളില്‍ ഭയന്ന് അര്‍ജന്റീനക്കാര്‍

രാജ്യത്തെ കൃഷിയോഗ്യമായ 60% ഭൂമിയിലും നട്ടിരിക്കുന്നത് സോയാബീനാണ്

ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുറ്റത്തൊരു നദി. മാന്ത്രികക്കഥയിലെ സംഭവമല്ല. അര്‍ജന്റീനയില്‍ നടന്നതാണ്. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പ്രത്യക്ഷപ്പെട്ട നദിയെ ആശങ്കയോടെ നോക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍.

അര്‍ജന്റീനയുടെ മധ്യപ്രവിശ്യയായ സാന്‍ ലൂയിസിലാണ് ഒറ്റരാത്രി കൊണ്ട് നദികളുണ്ടായത്. 2015ല്‍ രൂപപ്പെട്ട ഇതിന് 16 മൈല്‍ നീളമുണ്ട്. ഈ ഒഴുക്കിന് ചിലയിടത്ത് അറുപത് മീറ്റര്‍ വീതിയും ഇരുപത്തഞ്ച് മീറ്റര്‍ വരെ ആഴവുമുണ്ട്. വര്‍ഷങ്ങളായി തുടരുന്ന വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തരം പ്രതിഭാസങ്ങളിലേക്ക് വഴി തെളിച്ചിരിക്കുന്നത്. അര്‍ജന്റീനയില്‍ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന വിളയായ സോയാബീനിന്റെ അമിത ഉത്പാദനവും പ്രതിക്കൂട്ടിലാണ്.

1990 കള്‍ വരെ പുല്‍മേടുകളും കാടുകളും നിന്നിരുന്ന പ്രദേശങ്ങള്‍ പിന്നീട് വ്യാപകമായി വെട്ടിത്തെളിച്ച് ചോളവും സോയാബീനും നട്ടു. നിലവില്‍ രാജ്യത്തെ കൃഷിയോഗ്യമായ 60% ഭൂമിയിലും നട്ടിരിക്കുന്നത് സോയാബീനാണ്. 10 വര്‍ഷം കൊണ്ട് 2.4 മില്യണ്‍ ഹെക്ടര്‍ വനം നഷ്ടപ്പെട്ടതായാണ് ഗ്രീന്‍പീസിന്റെ കണക്ക്.

ലോകത്തെ തന്നെ സോയാ ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയിലെ ആകെ കയറ്റുമതിയുടെ 31% ഉം സോയ ഉല്‍പന്നങ്ങളാണ്. അത് കൊണ്ട് ഈ വിളയില്ലാതെ കര്‍ഷകര്‍ക്കോ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്കോ നിലനില്‍ക്കാനാവില്ല. മണ്ണില്‍ ആഴത്തില്‍ വേരൂന്നി ഭുഗര്‍ഭജലം സംരക്ഷിച്ച് വെക്കുന്ന വന്‍മരങ്ങളെ പോലെയല്ല സോയാബീന്‍ മണ്ണിനോട് പ്രവര്‍ത്തിക്കുക. ഇതിന്റെ വേരുകള്‍ ആഴത്തില്‍ ഓടുന്നില്ലെന്ന് മാത്രമല്ല, വര്‍ഷത്തില്‍ ഒരു നിശ്ചിത സമയം മാത്രമേ ഇവയുടെ കൃഷിയും ഉള്ളൂ.

എന്നാല്‍ ദിശമാറിയും അപ്രതീക്ഷിതമായും ഒഴുകുന്ന നദി പ്രദേശത്തിന് ഭീഷണിയായി കൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത നഗരമായ വില്ല മേര്‍സിഡസും ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ നടക്കുന്ന പ്രധാന റോഡുകളും ഇതിന്റെ ഭീഷണിയിലാണ്. കൃഷിഭൂമിയുടെ ഒരു ഭാഗം കാടായി നിലനിര്‍ത്തിയും, വര്‍ഷത്തില്‍ സോയബീന്‍ ഇല്ലാത്ത സമയം വെള്ളം വലിച്ചെടുക്കുന്ന വിളകള്‍ കൃഷി ചെയ്യിച്ചും മണ്ണിന്റേയും പരിസ്ഥിതിയുടേയും സന്തുലിതാവസ്ഥ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് അര്‍ജന്റീനയിലെ സര്‍ക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍