UPDATES

വൈറല്‍

ഞാനെന്ന് പുറത്തിറങ്ങുമെന്ന് പറയാമോ? തടവുകാര്‍ ആര്‍ടിഐ വഴി ചോദ്യങ്ങള്‍ ചോദിക്കുകയാണ്

കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്കും തടവുകാര്‍ നീങ്ങും

വിവരാവകാശ നിയമം ഭംഗിയായി ഉപയോഗിക്കുന്നവരാണ് തിഹാര്‍ ജയിലിലെ തടവുപുള്ളികള്‍. നിയമം ഉപയോഗിച്ച് തങ്ങള്‍ക്കറിയേണ്ട കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും വിവരം കിട്ടാന്‍ താമസിച്ചാല്‍ അതിനെതിരേ നിയമപരമായി തന്നെ നീങ്ങാനും ഇവര്‍ക്കറിയാം. പലപ്പോഴും ആര്‍ടിഐ പ്രകാരം ഇവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ജയില്‍ അധികൃതരെ സംബന്ധിച്ച് അവ ഗൗരവമേറിയകാര്യങ്ങള്‍ തന്നെയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

”ഈ സീസണിലെന്താ നാരങ്ങ തരാത്തത്?”

”ഒരാള്‍ക്ക് രാവിലെ രണ്ട് ഗ്ലാസ് പാലു ലഭിക്കാന്‍ വകുപ്പുണ്ടോ? ”

”എന്നെ പുറത്ത് വിടാന്‍ ഇനി! എത്ര ദിവസം ബാക്കിയുണ്ട്?

”എന്ത് കൊണ്ടാണ് ഞങ്ങള്‍ക്ക് കൊതുകുനാശിനികള്‍ വിതരണം ചെയ്യാത്തത്?”

തിഹാര്‍ ജയിലെ അന്തേവാസികള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങളില്‍ ചിലതാണിത്. ദിവസേനെ കുറഞ്ഞത് രണ്ട് അപേക്ഷകളെങ്കിലും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്. ഡിസംബറില്‍ 70 ഉം ജനുവരിയില്‍ 59 ഉം അപേക്ഷകളുണ്ടായി. തടവുകാര്‍ക്ക് വിവരാവകാശ പ്രകാരം രേഖകള്‍ ലഭിക്കാനായി പണം നല്‍കേണ്ടതുമില്ല.

മിക്കവാറും തടവുകാര്‍ തങ്ങളുടെ തടവ് കാലാവധി, അര്‍ഹമായതും ഇല്ലാത്തതുമായ സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ഏതാണ്ട് 14,500 തടവുകാരുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവുമധികം അന്തേവാസികളുള്ള ജയിലാണ് തിഹാര്‍. ദീര്‍ഘകാലത്തെ ജയില്‍ വാസവും നിയമസംബന്ധമായ ഇടപാടുകളും കൊണ്ട് നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങളില്‍ വൈദഗ്ദ്യം നേടിയ തടവുകാരാണ് സഹതടവുകാരെ ഇക്കാര്യങ്ങളിലൊക്കെ സഹായിക്കുന്നത്. വിവരാവകാശ അപേക്ഷകള്‍ തയ്യാറാക്കുന്നതും കോടതികാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതുമൊക്കെ ജയിലിനകത്തെ ഇത്തരം അനൗദ്യോഗിക നിയമവിദഗ്ധരാണ്. ഭാര്യയെ കൊന്ന കേസില്‍(തന്തൂരി കൊലപാതകമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ കേസ്) തിഹാര്‍ ജയിലില്‍ 22 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സുശീല്‍ ശര്‍മ തടവുകാര്‍ക്ക് ആര്‍ടിഐ ഉപയോഗത്തില്‍ വളരെയേറെ സഹായം ചെയ്യുന്നൊരാളാണ്.

കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്കും തടവുകാര്‍ നീങ്ങും. ജയില്‍ കാന്റീനിലെ പഴങ്ങളുടെ ഉയര്‍ന്ന വിലയെ കുറിച്ചും, മെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസമുള്ള പായസത്തെ കുറിച്ചും വിവരങ്ങള്‍ വിവരാവകാശ അപേക്ഷ പ്രകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരിയില്‍ ഒരു തടവുകാരന്‍ വിവരാവകാശ കമ്മീഷണറെ സമീപിച്ചിരുന്നു.

വൈവിധ്യമാര്‍ന്ന തരം അപേക്ഷകളാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. തടവുകാരെ പരിശോധിക്കാനും ചികിത്സിക്കാനുമായി ഡോക്ടര്‍മാരുടെ സേവനം ജയിലിനകത്തുണ്ട്. എന്നാല്‍ ഈ മെഡിക്കല്‍ രേഖകള്‍ നേരിട്ട് തടവുകാര്‍ക്ക് ലഭിക്കില്ല. ജാമ്യം ലഭിക്കാനും ചികിത്സ പുറത്തേക്ക് മാറ്റുന്നതിനുമായി വിവരാവകാശ നിയമപ്രകാരമാണ് ഈ കടലാസുകള്‍ നേടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍