UPDATES

വൈറല്‍

“ഗാന്ധി തൊപ്പി, കാവി തൊപ്പി, തമിഴരുടെ തലയില്‍ കോമാളിത്തൊപ്പി”: അണ്ണാ ഡിഎംകെ ലയനത്തെ പരിഹസിച്ച് കമല്‍ഹാസന്‍

എഐഎഡിഎംകെയിലെ പിളര്‍പ്പും ലയനവുമെല്ലാം നാടകമാണെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയിലെ ഇപിഎസ് (ഇ പളനിസാമി) – ഒപിഎസ് (ഒ പനീര്‍സെല്‍വം) ഗ്രൂപ്പുകളുടെ ലയനത്തെ പരിഹസിച്ച് കമല്‍ഹാസന്‍. തമിഴരുടെ തലയില്‍ കോമാളി തൊപ്പി വച്ച പോലുണ്ട് എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. പാര്‍ട്ടി നേതാക്കന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. “ഗാന്ധി തൊപ്പി, കാവി തൊപ്പി, കാശ്മീരി തൊപ്പി, ഇപ്പോള്‍ തമിഴരുടെ തലയില്‍ കോമാളി തൊപ്പി” – കമല്‍ തമിഴില്‍ ട്വീറ്റ് ചെയ്തു. എഐഎഡിഎംകെയിലെ പിളര്‍പ്പും ലയനവുമെല്ലാം നാടകമാണെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കമല്‍ ഹാസന്‍ ഉന്നയിക്കുന്നത്. സംസ്ഥാനം അഴിമതിയിലും കുറ്റകൃത്യങ്ങളിലും മുങ്ങിയിരിക്കുകയാണെന്ന് കമല്‍ ഹാസന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് ഇത്രയും രൂക്ഷമായ അഴിമതിയും കൊള്ളരുതായ്മകളും ഉണ്ടായിട്ടും മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ആരും എന്തുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്ന് കമല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കമല്‍ഹാസനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒരു മന്ത്രി ഭീഷണി മുഴക്കിയപ്പോള്‍ മന്ത്രിമാരുടെ അഴിമതി തുറന്നുകാട്ടാനും അവര്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചുകൊണ്ട് പ്രചാരണം ശക്തമാക്കാനുമാണ് ആരാധകരോട് കമല്‍ ആവശ്യപ്പെട്ടത്. ഡിഎംകെ സംഘടിപ്പിച്ച പരിപാടിയില്‍ കമല്‍ഹാസനും രജനീകാന്തും പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. കമല്‍ഹാസന്‍ ഡിഎംകെയിലേയ്ക്ക് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമായി. എന്നാല്‍ മെച്ചപ്പെട്ട തമിഴ്‌നാടിന് വേണ്ടിയുള്ള ആയുധങ്ങളായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളെന്നും നിലവിലുള്ളവ മോശമാണെങ്കില്‍ പുതിയവ തേടണമെന്നുമാണ് കമല്‍ പറഞ്ഞത്. തനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക താല്‍പര്യമില്ലെന്ന സൂചനയാണ് കമല്‍ഹാസന്‍ നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍