UPDATES

വൈറല്‍

“രജനീകാന്തിന്റെ തലയ്ക്കകത്ത് ഒന്നുമില്ല, അമിതാഭ് ബച്ചനെ പോലെ തന്നെ”: കട്ജു

ദക്ഷിണേന്ത്യക്കാരെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. പക്ഷേ സിനിമാ താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഡ്ഡിത്തം എനിക്ക് മനസ്സിലാവുന്നില്ല.

രജനീകാന്ത് തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ദക്ഷിണേന്ത്യക്കാരെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. പക്ഷേ സിനിമാ താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഡ്ഡിത്തം എനിക്ക് മനസ്സിലാവുന്നില്ല. രജനീകാന്തിന്റെ കാര്യത്തില്‍ തലയ്ക്ക് കിറുക്ക് പിടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക് – കട്ജു പറയുന്നു.

ജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി കട്ജു രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്ത് ഏ്‌ഴ് കോടി തമിഴരെ നിരാശപ്പെടുത്തില്ലെന്ന് സുഹൃത്ത് പറഞ്ഞതായുള്ള ദ ഹിന്ദുവിന്റെ വാര്‍ത്തയ്‌ക്കൊപ്പമാണ് കട്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമാ താരങ്ങളോടുള്ള തമിഴ്‌നാട്ടിലെ ജനങ്ങളുടെ അന്ധമായ ആരാധന ചൂണ്ടിക്കാട്ടാല്‍ പഴയൊരു ഓര്‍മ്മയും കട്ജു പങ്കുവയ്ക്കുന്നുണ്ട്. അണ്ണാമലൈ സര്‍വകലാശാലയിലെ സുഹൃത്തുക്കള്‍ക്കൊപ്പം 60കളുടെ അവസാനം ശിവാജി ഗണേശന്റെ സിനിമ കാണാന്‍ പോയ ഓര്‍മ്മയാണ് കട്ജു പങ്കുവയ്ക്കുന്നത്. ശിവാജി ഗണേശന്റെ കാല്‍പ്പാദം സ്‌ക്രീനില്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ഇളകി മറിയാന്‍ തുടങ്ങിയെന്ന് കട്ജു പറയുന്നു.

രജനീകാന്ത് എന്തിനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കയ്യില്‍ പരിഹാരമുണ്ടോ ഈ നാട്ടിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മതിയായ ചികിത്സാ സൗകര്യങ്ങളില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ – ഇതില്‍ ഏതിനെങ്കിനും രജനീകാന്തിന് പരിഹാരം കാണാന്‍ കഴിയുമോ അത്തരത്തില്‍ എന്തെങ്കിലും പദ്ധതി അദ്ദേഹത്തിനുണ്ടോ പിന്നെ എന്തിനാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് – കട്ജു ചോദിക്കുന്നു.

തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി രജനീകാന്ത് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയപ്രവേശം തന്റെ താല്‍പര്യമല്ലെന്നും
എന്നാല്‍ ദൈവത്തിന്റെ അങ്ങനെ തീരുമാനിച്ചാല്‍ അത് നടക്കുമെന്നും ചെന്നൈയില്‍ ആരാധകരുമായി സംസാരിക്കവേ കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞിരുന്നു. അത്തരത്തിലൊന്ന് സംഭവിച്ചാല്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കും. രാഷ്ട്രീയത്തെ ധനസമ്പാദന മാര്‍ഗ്ഗമായി കാണുന്നവരെ അകറ്റിനിര്‍ത്തുമെന്നും രജനി പറഞ്ഞിരുന്നു.

രജനീകാന്ത് ബിജെപിയില്‍ ചേരുമെന്നും അതല്ല ബിജെപി പിന്തുണയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നെല്ലാമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ജയലളിതയുടെ നിര്യാണത്തിന് ശേഷമാണ് രജനീകാന്തിന്റെ രാഷ്ടീയ പ്രവേശം സംബന്ധിച്ച് ചര്‍ച്ച ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കുന്നത്. ബിജെപി പിന്തുണയോടെ രജനീകാന്ത് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹമെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍