നമ്മുടെ അച്ഛനും അമ്മയും ആണെങ്കില്‍ നോക്കി നില്‍ക്കുമോ എന്നു ഫേസ്ബുക്ക് ലൈവില്‍ നടന്‍ ജയസൂര്യ;
എറണാകുളം പത്മാ ജംഗ്ഷനിലെ ലോഡ്ജിന്‍റെ നാലാം നിലയില്‍ നിന്നും വീണ ആളെ തിരിഞ്ഞു നോക്കാതെ ജനക്കൂട്ടം. തൃശൂര്‍ തൃപ്പയാര്‍ സ്വദേശി സജി ആന്‍റോ ആണ് താഴെ റോഡിലേക്ക് വീണത്. സ്കൂട്ടറില്‍ തട്ടി ഒരു ഓട്ടോയ്ക്ക് സമീപം വീണ സജിയെ തുടക്കത്തില്‍ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ അഭിഭാഷകയായ വഴിയാത്രക്കാരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്.
സജി ലോഡ്ജില്‍ വീഴുന്നതും താഴെ സ്കൂട്ടറില്‍ തട്ടി വീഴുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയായത്. ഹൈക്കോടതി അഭിഭാഷകയായ അഡ്വ. രഞ്ജിനിയാണ് സജിയുടെ രക്ഷയ്ക്ക് എത്തിയത്. രഞ്ജിനി സഹായം ആഭ്യര്‍ത്ഥിച്ച് ഇടപെടുന്നത് ദൃശ്യത്തില്‍ കാണാം.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് നടന്‍ ജയസൂര്യ ഫേസ്ബുക്ക് ലൈവ് ചെയ്തു. ഒരു വിഷമം പങ്കുവെയ്ക്കാന്‍ വേണ്ടിയാണ് ലൈവ് ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ട് കൊണ്ടാണ് ജയസൂര്യ ലൈവ് ആരംഭിച്ചത്. “ഒരാള്‍ മുകളില്‍ നിന്നും തൊട്ട് മുന്‍പില്‍ വന്നു വീണിട്ട് നോക്കിനില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ഒരാള്‍ പോലും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നില്ല. രണ്ടു കാര്യങ്ങളായിരിക്കും എല്ലാവരും ചിന്തിച്ചിട്ടുണ്ടാവുക. ഒന്നുകില്‍ ഇയാള്‍ വെള്ളമടിച്ചു വീണു കിടക്കുന്നതായിരിക്കും. അല്ലെങ്കില്‍ ഇതേറ്റെടുത്താല്‍ കുരിശാകുമോ എന്ന്‍ ചിന്ത. നമ്മുടെ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ നമ്മള്‍ നോക്കി നില്‍ക്കുമോ? എത്രയും പെട്ടെന്നു ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കില്ലേ. അതുപോലെ നമുക്ക് സ്നേഹിക്കാന്‍ കഴിയണം വീണു കിടക്കുന്നവനെ. മറ്റൊരു കാര്യം ഒരു അവയര്‍നെസിന് വേണ്ടി പറയുകയാണ്. അപകടത്തില്‍ പെട്ടവരെ രക്ഷിച്ചു ആശുപത്രിയില്‍ എത്തിക്കുന്നത് ഒരു കാരണവശാലും പോലീസ് കേസാകില്ല.”