UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ പി എല്‍ മൈതാനത്തും കേമന്‍ വിരാട് കോഹ്ലി തന്നെ

Avatar

അഴിമുഖം പ്രതിനിധി

ഒരു ഐ പി എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യക്കാരനായ കളിക്കാരന്റെ റെക്കോഡ് ഇനി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ സ്വന്തം. റോബിന്‍ ഉത്തപ്പയുടെ റെക്കോഡാണ് കോലി മറികടന്നത്.  11 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്. രണ്ടുവര്‍ഷം മുമ്പ് ഉത്തപ്പയ്ക്ക് വേണ്ടിവന്നതിനെക്കാള്‍ 5 ഇന്നിംഗ്സ് കുറവ്. 55 പന്തില്‍ നിന്നും 109 റണ്സ് അടിച്ചെടുത്ത് ഒരു ഐ പി എല്‍ സീസണില്‍ മൂന്നു ശതകങ്ങള്‍ തികച്ച ആദ്യ കളിക്കാരനുമായി കോഹ്ലി.

2014-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഉത്തപ്പ നേടിയ 660 റണ്‍സാണ് ശനിയാഴ്ച്ച വൈകീട്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ നടന്ന കളിയില്‍ കോഹ്ലി മറികടന്നത്. ടൂര്‍ണമെന്റിലെ അയാളുടെ റണ്‍ നേട്ടങ്ങള്‍ ഇങ്ങനെയാണ്, 75, 79, 33, 80, 100*, 14, 52, 108*, 20, 7 പിന്നെ ഇപ്പോള്‍ നേടിയ ഈ ശതകവും. ഗുജറാത്ത് ലയണ്‍സിനെതിരെ ഇത് രണ്ടാമതാണ് കോഹ്ലി ശതകം നേടുന്നത്. ആദ്യശതകം ഏപ്രിലില്‍ നേടിയപ്പോള്‍ അത് അയാളുടെ ടി20-ലെ ആദ്യശതകം കൂടിയായിരുന്നു. ഇപ്പോള്‍ കുറച്ചാഴ്ച്ചകള്‍ക്കുളില്‍ മൂന്നെണ്ണമായി.

ശേഷിക്കുന്ന മൂന്നു കളികളിലും ജയിക്കേണ്ടത് അനിവാര്യമായിരുന്ന RCB 20 ഓവറില്‍ 248 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് കുറിച്ചത്. എ ബി ഡി വില്ലേഴ്സ് 52 പന്തില്‍ നിന്നും 129 റണ്‍സെടുത്തു. കോഹ്ലിയും ഡി വില്ലേഴ്സും തമ്മിലുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 16 ഓവറില്‍ 229 റണ്‍സെടുത്തു. 18 ഓവര്‍ കഴിഞ്ഞപ്പോള്‍ കോഹ്ലി 45 പന്തില്‍നിന്നും 65-ഉം ഡി വില്ലേഴ്സ് 51-ല്‍ 128-മായിരുന്നു. ശിവില്‍ കൌഷിക്കിനെ അടിച്ചുപറത്തിയ കോഹ്ലി ആ ഓവറില്‍ 4 സിക്സറും ഒരു ഫോറുമടക്കം 95-ലെത്തി. 20-ആം ഓവറിന്റെ പകുതിയിലാണ് ഐ പി എല്ലിലെ മൂന്നാമത്തെ ശതകം പിറന്നത്. 8 സിക്സറുകള്‍ക്ക് ശേഷം അവസാന ഓവറിലെ അഞ്ചാം പന്തില്‍ പന്തില്‍ കോഹ്ലി വീണു. അതോടെ 11 ഇന്നിംഗ്സില്‍ 677 റണ്‍സും 75.22 ശരാശരിയും 148.14 സ്ട്രൈക് റെയ്റ്റുമായി കോഹ്ലിക്ക്.

ഒരു ഐ പി എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത റെക്കോഡിനുടമകള്‍ 733 റണ്സ് നേടിയ ക്രിസ് ഗെയിലും (2012), മൈക്കല്‍ ഹസിയുമാണ് (2013). RCB-യില്‍ കോഹ്ലിയുടെ കൂടെ കളിക്കുന്ന ഗെയില്‍ 2013-ല്‍ 708 റണ്‍സും നേടിയിട്ടുണ്ട്. ഒരു സീസണിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്കോര്‍. അക്കൊല്ലം കോഹ്ലിയും 16 കളികളില്‍ നിന്നായി 634 റണ്‍സെടുത്തിരുന്നു. ഒരു ഐ പി എല്‍ സീസണില്‍ ഇതുവരെ മറ്റ് മൂന്നു ബാറ്റ്സ്മാന്മാര്‍ മാത്രമേ മേല്‍പ്പറഞ്ഞവര്‍ക്ക് പുറമെ 600 കടന്നിട്ടുള്ളൂ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (618-2010), ഷോണ്‍ മാര്‍ഷ് (616-2008), ഗെയില്‍ (608-2011).

ഐ പി എല്ലിന്റെ 9-ആം സീസണിലേക്ക് കടക്കുമ്പോള്‍ ഈ വര്‍ഷം ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കോഹ്ലി ഇന്ത്യക്കായി, ഏഴ് അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ, 625 റണ്‍സ് നേടിയിരുന്നു. ഒരു വര്‍ഷത്തില്‍ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ്. മെയ് 2-നു KKR-നു എതിരെ 52 റണ്‍സ് നേടിയപ്പോള്‍ അയാള്‍ 2010-ല്‍ സുരേഷ് റെയ്ന നേടിയ 1042 റണ്‍സെന്ന ഒരിന്ത്യക്കാരന്റെ റെക്കോഡും മറികടന്നു. കോഹ്ലി 1302 റണ്‍സെടുത്തിട്ടുണ്ട് ഇപ്പോള്‍.

എല്ലാ ടി20 കളികളും എടുത്തുനോക്കിയാല്‍ ഗെയില്‍തന്നെയാണ് ഇപ്പോഴും കേമന്‍. 2015-ല്‍ 36 കളികളില്‍ നിന്നായി 59.46 ശരാശരിയില്‍ 1665 റണ്‍സെടുത്തിട്ടുണ്ടയാള്‍. ആദ്യ 10 റണ്‍ നേട്ടങ്ങളില്‍ ഈ കൂറ്റനടിക്കാരനായ  വെസ്റ്റ് ഇന്‍ഡീസുകാരന്‍ 4 സ്ഥാനങ്ങളിലുണ്ട്. 1532 (2012), 1497 (2011), 1344 (2013). ഡേവിഡ് ഹസ്സി 1275 (2010), റ്യാന്‍ ഡോയ്ഷെത് 1248 (2013), ലേണ്ടല്‍ സിമ്മണ്‍സ് 1209 (2014) ഡോയാന്‍ സ്മിത് 1203 (2014), ഡേവിഡ് വാര്‍ണര്‍ 1181 (2011) എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.

ഇക്കൊല്ലം ഇന്ത്യക്കിനി ടി20 കളികളൊന്നും ഇല്ലാത്തതിനാല്‍ ബാക്കി ഐ പി എല്‍ കളികളില്‍ പടുകൂറ്റന്‍ സ്കോറുകള്‍ നേടിയാലേ കോഹ്ലിക്ക് ഗെയിലിനെ മറികടക്കാനാകൂ.

ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പേ ഇന്ത്യന്‍ ടീമിനെ ICC ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിച്ച ആസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 82 റണ്‍സും, പിന്നെ വാങ്കഡെ മൈതാനത്ത് വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ കളിയില്‍ പുറത്താകാതെ നേടിയ 89 റണ്‍സും കോഹ്ലിയുടെ കണക്കിലുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ആസ്ട്രേലിയയെ 3-0ത്തിന് തോല്‍പ്പിച്ചപ്പോള്‍ 90*, 59*, 50 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ റണ്‍ നേട്ടങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍