UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിരാട് കോഹ്ലി ലോകകപ്പിന്റെ താരം

അഴിമുഖം പ്രതിനിധി

സെമി ഫൈനലില്‍ ഇന്ത്യ തോറ്റുപോയെങ്കിലും ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക. ഇന്നലെ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് കപ്പുയര്‍ത്തിയ ടി20 ലോകകപ്പിന്റെ താരമായി ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് കോഹ്ലി ടൂര്‍ണമെന്റിന്റെ താരമാകുന്നത്. 2014-ല്‍ ബംഗ്ലാദേശില്‍ നടന്ന ലോകകപ്പിന്റെ ഫൈനല്‍ വരെ എത്താന്‍ സഹായിച്ചത് വിരാടിന്റെ 319 റണ്‍സായിരുന്നു.

മുന്‍ക്രിക്കറ്റര്‍മാരുടേയും കമന്റേറ്റര്‍മാരുടേയും സംഘമായണ് കോഹ്ലിയെ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തത്. മികച്ച ഫോമില്‍ കളിച്ച കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയെ സെമി വരെ എത്തിച്ചത്.

സ്വന്തം നാട്ടില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ചാമ്പ്യന്‍മാരാകാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെങ്കിലും ടൂര്‍ണമെന്റിന്റെ താരമായതില്‍ അഭിമാനമുള്ളതായി കോഹ്ലി പറഞ്ഞു.

136.50 ശരാശരിയില്‍ കോഹ്ലി 273 റണ്‍സാണ് എല്ലാ കളികളിലുമായി അടിച്ചു കൂട്ടിയത്. ന്യൂസിലന്റിന് എതിരെ 23, പാകിസ്താനെതിരെ പുറത്താകാതെ 55, ബംഗ്ലാദേശിന് എതിരെ 24, ഓസ്‌ത്രേലിയക്ക് എതിരെ പുറത്താകാതെ 82, സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ 89 റണ്‍സ് എന്നിങ്ങനെയാണ് കോഹ്ലിയുടെ പ്രകടനം.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ തമിം ഇഖ്ബാലിനേയും ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനേയും ടൂര്‍ണമെന്റിന്റെ താര ചര്‍ച്ചയില്‍ പരിഗണിച്ചുവെങ്കിലും ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമായ ഇന്നിങ്‌സുകള്‍ കാഴ്ച വച്ച കോഹ്ലിയെ ഒടുവില്‍ ലോകകപ്പിന്റെ താരമായി തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍