UPDATES

കായികം

കോച്ച് മാറ്റം: കുംബ്ലൈയ്‌ക്കെതിരായ നീക്കത്തിന് പിന്നില്‍ കോഹ്ലി?

ധര്‍മ്മശാല ടെസ്റ്റില്‍ കോഹ്ലിക്ക് പകരം കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലിയെ അറിയിച്ചത് അവസാന നിമിഷം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തുനിന്നും അനില്‍ കുംബ്ലൈയെ മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് പരിശീലകന്‍ കുംബ്ലൈയുടെ കര്‍ശന ശൈലികളോടുള്ള എതിര്‍പ്പാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതയും രൂക്ഷമായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയോടെയാണ് കുംബ്ലൈയുടെ കരാര്‍ അവസാനിക്കുന്നത്. അതിന് ശേഷം കുംബ്ലൈയുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ കോച്ചിനെ തേടി ബിസിസിഐ കഴിഞ്ഞ ദിവസം പരസ്യവും നല്‍കിയിരിക്കുകയാണ്.

ജൂണ്‍ നാലിനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം. പുതിയ പരിശീലകനെ തേടാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത് കളിക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും ക്യാപ്റ്റന് കുംബ്ലൈയോടുള്ള അതൃപ്തിയാണ് കാരണമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുംബ്ലൈയുടെ പരിശീലന രീതിയോട് യോജിച്ച് പോകാനാകില്ലെന്ന് കോഹ്ലി സുപ്രിംകോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ അറിയിച്ചു. കളിക്കാരെക്കൂടി വിശ്വാസ്യതയിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താല്‍പര്യം.

ഈ പ്രശ്‌നം കോഹ്ലി ബിസിസിഐ ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായി സംസാരിക്കാനും സാധ്യതയുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന ടെസ്റ്റില്‍ പരിക്കേറ്റ കോഹ്ലിക്ക് പകരം കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി ഈ വിവരം അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. കുംബ്ലൈയുടെ ചില ഇടപെടലുകളില്‍ ബിസിസിഐയ്ക്കും എതിര്‍പ്പുണ്ടായിരുന്നു. ഐസിസിയുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ കുംബ്ലൈ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിഫല വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇടക്കാല ഭരണസമിതിയെ സമീപിച്ചതും ബോര്‍ഡിന് കോച്ചിനോട് അതൃപ്തിയുണ്ടാകാന്‍ കാരണമായി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലൈ ടീം ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. തുടര്‍ന്ന് അഞ്ച് ടെസ്റ്റ് പരമ്പരകളും രണ്ട് ഏകദിന പരമ്പരകളും ഇന്ത്യ ജയിക്കുകയും ചെയ്തു. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതും ഈ കാലഘട്ടത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍